Image

മാതു ( കഥ : അന്നാ പോൾ )

Published on 27 February, 2024
മാതു ( കഥ : അന്നാ പോൾ )
സാന്ധ്യാകാശപ്പരപ്പിലൂടെ കൂടണയാൻ പറന്നകലുന്ന പക്ഷികളുടെ കൂട്ടം ചക്രവാളത്തിൽ മറഞ്ഞു. കുറേ ദൂരം ഒരുമിച്ച് പറന്നവർക്കും തെറ്റിത്തുടങ്ങി...
വീണ്ടും മറ്റൊരു സംഘം പറന്നെത്തി.പിന്നെയാണ് ആ ഒറ്റയാൻ പക്ഷിയെ ഞാൻ കണ്ടത്.ആ സാന്ധ്യപ്പരപ്പിൽ ഒറ്റക്ക്.
ആരോടോ കോപിച്ചിട്ടെന്ന പോലെ ചിലക്കുന്നുണ്ട്. ചേക്കേറാൻ മരക്കൊമ്പുകൾക്കായി പരതിക്കൊണ്ട് മുന്നോട്ട് . ചില ശിഖരങ്ങളിൽ ചെന്നു തിരികെ പറക്കുന്നത് കണ്ടു. നേരത്തെ ഇടം പിടിച്ചവർ ആട്ടിയകറ്റുന്നതാണോ? മനുഷ്യ സ്വഭാവം അവയ്ക്കും കിട്ടിയോ ?
 
ചിന്തകളിൽ നിന്നുണർന്നപ്പോൾ ആ ഒറ്റയാൻ എവിടെയോ മറഞ്ഞു.ആകാശം ശൂന്യമായ പോലെ തോന്നി.
.ഞാൻ പെട്ടെന്നു മാതുവിനെക്കുറിച്ച് ഓർത്തു. ചെന്നണയാൻ വീട്ടില്ലാത്തെ കൊണ്ട് , ഇരുട്ടു പരന്നാലും കടത്തിണ്ണയിലോ വഴിയരികിലോ ഒക്കെ ചുറ്റിപ്പറ്റി നടക്കും.
ആളനക്കം നിലയ്ക്കുന്നതോടെ അന്നു പെറുക്കിക്കൂട്ടിയ ആക്രിസാധനങ്ങൾ കുത്തിനിറച്ച വലിയ പ്ലാസ്റ്റിക് ചാക്കും എടുത്തു പഞ്ചായത്താഫീസിന്റെ പിന്നിലെ വരാന്തയിലേക്ക്
നുഴഞ്ഞുകയറും.
 
മതിലിന്റെ പൊളിഞ്ഞു കിടക്കുന്ന ഭാഗത്തുകൂടെയുള്ള നുഴഞ്ഞു കയറ്റക്കാർ വേറേയുമുണ്ട്. കുറച്ചു നാളായി നാടോടികളുടെ ഒരു സംഘമുണ്ട്. കൂടാത ഒന്നു രണ്ടു നായ്ക്കളും
ഉടയോനില്ലാത്ത ഒരു മുട്ടനാടും രണ്ടുമൂന്ന്
കുഞ്ഞുങ്ങളുമായി ഒരമ്മപ്പൂച്ചയും .
എല്ലാവരും വളരെ സൗഹാർദ്ദത്തോടെ അന്തിയുറങ്ങുന്നു.
 
മഴക്കാലത്ത വലിയ ആശ്വാസമായിരുന്ന ഈ അന്തിക്കിടപ്പിടം ഒരു ദിവസം നഷ്ടമായി.
പരിസര മലിനീകരണം രൂക്ഷമായതോടെ അധികതർ മതിൽ കെട്ടിയടച്ചു.
 
മാതുവിനു വീടു കൊടുക്കാമെന്ന് മെംബർ പറഞ്ഞിട്ടുണ്ടായിരുന്നു. പഞ്ചായത്തിൽ മൂപ്പതോളം പേർക്ക് വീടു അനുവദിച്ചു അവർ പണിതുടങ്ങി....
 
ഉയർന്നു വരുന്ന ആ വീടുകൾ മാതുവിന്റെ രോഷവും സങ്കടവും വർദ്ധിപ്പിച്ചു...l സകല നിയന്ത്രണങ്ങളുമറ്റ മാതു ഒരു കൊടുങ്കാറ്റുപോലെ മെംബറുടെ വീട്ടുമുറ്റത്തു പാഞ്ഞുചെന്നു. ചീത്തവിളികേട്ട മെംബർ മാതുവിനോടു പറഞ്ഞ സമാധാന വാക്കുകൾക്കു  മുകളിൽ മാതുവിന്റെ തെറികൾ പറന്നു നടന്നു.
ബീഡിവലി ശീലമുള്ള മാതു അന്നു കഞ്ചാവു വലിച്ചിട്ടാണ്  മെംബറെ ചീത്തവിളിച്ചതെന്നു ആരോ പറഞ്ഞു:മെംബറെ ചീത്തവിളിച്ച കാര്യം കാട്ടുതീ പോലെ പടർന്നു മഴക്കാലരാവുകളിൽ തണുപ്പകറ്റാൻ ബീഡി പഷ്‌ട്ടാണെന്ന് മുരുകനാണു മാതുവിനോടു പറഞ്ഞതു. കുറേക്കാലം മുരുകൻ ഒരുമിച്ചുണ്ടായിരുന്നു. പിന്നെ ആക്രിക്കച്ചവടത്തിലെ കണക്ക്  പറഞ്ഞു തെറ്റിപ്പിരിഞ്ഞു. മുരുകൻ തിരുനെൽവേലിക്കാരനാണെന്നും അങ്ങോട്ടു  മടങ്ങിപ്പോയെന്നും ഒരു  ശ്രുതിയുണ്ട്. ഞങ്ങളുടെ ഗ്രാമത്തിൽ വീട് ഇല്ലാത്ത ഒരേ ഒരാൾ മാതു  ആയിരുന്നു.ഇരുനില വീടുകളും ആൾപ്പാർപ്പില്ലാത്ത വലിയ വീടുകളും പ്രവാസികൾ  പണിതിട്ടിരിക്കുന്ന ധാരാളം വീടുകളും പഴയ വിറക് പുരകളും തേങ്ങാപ്പുരകളുമൊക്കെ മാതുവിനെ നിസ്സഹായരായി നോക്കി നിന്നു.
ആരും തങ്ങളുടെ വീടുകളിൽ മാതുവിനെ പാർപ്പിയ്ക്കാൻ തയ്യാറായില്ല.
 
മെംബറെ ചിത്ത വിളിച്ചത് കാരണം വീട് എന്ന സ്വപ്നം ഒരിക്കലും നടക്കില്ലെന്ന സത്യത്തിന്റെ ഭാരവും പേറി മാതു അലഞ്ഞുതിരിഞ്ഞു നടന്നു.
 
ആക്രി സഞ്ചിയും തലയ്ക്കരികിൽ വെച്ച് ഏതെങ്കിലും കടത്തിണ്ണയിൽ മാതു അന്തിയുറങ്ങി. ഉറങ്ങിയെന്നു പറയാൻപറ്റില്ല.'' വാർദ്ധക്യത്തോടടുത്ത തന്റെ ശരീരത്തിനായ് ചിലരൊക്കെ എത്തിയിട്ടുള്ളത് അറിയാവുന്നതു കൊണ്ട് ഉറങ്ങാറില്ല.'
ചാക്കിനുള്ളിലെ ഒരു വെട്ടുകത്തി മാതുവിനെ സംരക്ഷിച്ചു പോന്നു.
 
രാവിന്റെ നിശബ്ദതയിൽ, തനിക്കു ജന്മം നൽകിയവരേയും മെംബറേയും പഞ്ചായത്തധികാരികളേയും മാതു ഉറക്കെ ചീത്ത വിളിക്കുന്നതു കേൾക്കാം... പ്രാക്കും നിലവിളിയും രാത്രി മുഴുവനും തുടരും; ഇടയ്ക്ക് അൽപ്പമൊന്നുറങ്ങിയെങ്കിലായി....
പുലരി വിരിയും മുൻപേ, ഇരുട്ടുള്ളപ്പോൾത്തന്നെ വയലിറമ്പിലോ പൊന്തക്കാടുകളിലോ പോയി പ്രാഥമികാവശ്യങ്ങൾ നിറവേറ്റും:
 
അവരുടെ യാതന നിറഞ്ഞ ഈ ജീവിതത്തോട് ആർക്കെങ്കിലും സഹതാപമോ സങ്കടമോ ഉള്ളതായി എനിയ്ക്കറിയില്ല.
 
മാതുവിനെക്കാണുമ്പോഴെല്ലാം ഒരു വ്യസനം എന്നെ വന്നു പൊതിയാറുണ്ടു്. അതുകൊണ്ടു് ആ പാവത്തിനു  ഒരുഗുണവും ഉണ്ടാകില്ലെന്ന് എനിക്കറിയാം... എന്റെ നിസ്സഹായത എന്റെ പ്രാണനു് താങ്ങാനാവുന്നതിലുമധികം ഭാരമായി എന്നിലേക്കു ചൂഴ്ന്ന് ഇറങ്ങാറുണ്ടു്....
കഴിഞ്ഞ ദിവസമാണതു സംഭവിച്ചത്...
അന്നത്തെ , മെംബറുടെ നേർക്കുള്ള ചീത്തവിളിയും മറ്റും എല്ലാവരും മറന്നു തുടങ്ങിയിരുന്നു...
 
ഒരു രാത്രി കടത്തിണ്ണയിൽ നിന്ന് മാതുവിനെ പോലീസുകാർ വന്ന് ജീപ്പിൽക്കയറ്റിക്കൊണ്ടുപോയി. ആക്രി സാധനങ്ങൾക്കിടയിൽ നിന്ന് കഞ്ചാവു പൊതി പൊക്കിയെടുത്തതു ഒരു വനിതാ പോലീസായിരുന്നു. ഉറക്കച്ചടവോടെ മാതു ആ  പൊതിയിലേക്കു നോക്കി സ്തബ്ധയായി നിന്നു.
 
ജീപ്പിന്റെ പിന്നിൽ മെംബറടെ വില കൂടിയ കാർ കിടപ്പുണ്ടായിരുന്നു. അതിൽ മുരുകനെക്കണ്ട പോലെ.
 
എല്ലാം ഒരു മിന്നായം പോലെ മാതുവിനുതോന്നി... എവിടേയ്ക്കെന്നറിയാതെ എന്തിനാണെന്നുമറിയാതെ മാതു നിശബ്ദയായി പോലീസുകാരികൾക്ക് നടുവിലിരുന്നു.
 
ദിവസങ്ങൾക്കുശേഷം മാതുവിന്റെ വിധി വന്നു... വർഷങ്ങളായിട്ടു തീരാതെ കിടക്കുന്ന അനവധി കേസുകൾക്കുമുകളിലൂടെ മാതുവിന്റെ വിധി പെട്ടെന്നു വന്നതു ആ പാവത്തിനു ഉപകാരമായെന്ന്എനിക്കു തോന്നി. കഞ്ചാവ് കൈവശം വച്ചതിന് നാർക്കോട്ടിക് ആക്,റ്റ് അനുസരിച്ചു ഏഴുവർഷം ജയിൽവാസം !!
വിധി കേട്ട മാതുവിന്റെയുള്ളിൽ ആശ്വാസത്തിന്റെ തണുപ്പ്... വിധികേട്ട് മാതു ചിരിച്ചു... ചിരി ഉച്ചത്തിലുള്ള പൊട്ടിച്ചിരിയായ് കോടതിക്കുള്ളിൽ മുഴങ്ങി...
 
മാതുവിന് ചിരിയടക്കാനായില്ല. ചിരിയുടെ അസ്ത്രങ്ങൾ കോടതി മുറിയും കടന്ന് വിധി കേൾക്കാനെത്തിയ മെംബറുടെ ചെവിയിൽത്തറച്ചു കയറി...
 
ചിരിയുടെ അസ്ത്രങ്ങൾ ഒന്നിനുപിറകേ ഒന്നൊന്നായ് പറന്നു വന്നു കൊണ്ടിരുന്നു.
മാതുവിന്റെ ചിരിയുടെ പൊരുളറിയാതെ കോടതി പിരിഞ്ഞു...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക