ഇരുട്ടിന്റെ ദേശങ്ങൾ
മിന്നാമിന്നികളെ
സ്വപ്നം കാണുന്നു.
വേനൽകിനാവുകൾ
നിദ്രയിൽ
ആലിപ്പഴങ്ങൾക്കായി
ദാഹിക്കുന്നു.
വനനിഗൂഢതകൾ
കാറ്റിനായും
വെളിച്ചത്തിനായും
മൂകമായി
പ്രാർത്ഥിക്കുന്നു
മിന്നാമിന്നികളെ
ആലിപ്പഴങ്ങളെ
കാറ്റേ വെളിച്ചമേ
വെറുതെ
ഇതു വഴിയും വരിക
എന്റെ ഇരുട്ടിൽ
ഇടയ്ക്കിടെ മിന്നി മായുന്ന
ആരുമറിയാത്ത
പ്രണയത്തിന്റെ
നക്ഷത്രക്കുഞ്ഞുങ്ങളെ
വാരിയെടുക്കുക
എന്റെ നിദ്രയിലെ
നീല ശലഭങ്ങളെ
മെല്ലെ മെല്ലെ
ഉമ്മ വെച്ചുണർത്തി
സൂര്യനിലേക്കു
പറത്തി വിടുക
ഞാൻ ഉറങ്ങുന്ന
ജലശയ്യയെ
ഇളം കാറ്റാൽ ഊഞ്ഞാലാട്ടുക.
ഒരു കൊടുംകാറ്റിൽ പെട്ടു
വേരറ്റ വൃക്ഷമായി
ഞാൻ നിലം പതിക്കും മുൻപ്
വെറുതെ ഇതു വഴി വന്നു പോകുക.