മുംബൈ: ക്യാൻസർ രോഗികളുടെ എണ്ണം ഇന്ത്യയിൽ ദിനം പ്രതി വര്ധിക്കുന്നതിനിടെ നിര്‍ണായക കണ്ടെത്തലുമായി ഇന്ത്യൻ ഗവേഷകര്‍. ക്യാൻസർ ചികിത്സിച്ചു മാറ്റിയാലും വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, ഒരിക്കല്‍ ഭേദമായവരില്‍ ക്യാൻസർ രണ്ടാമതും വരുന്നത് തടയാനും കീമോ , റേഡിയേഷൻ ചികിത്സയുടെ പാർശ്വഫലങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്ന മരുന്ന് ഇന്ത്യയിലെ ഡോക്ടർമാർ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ കാൻസർ ആശുപത്രിയായ, മുംബൈയിലെ ടാറ്റ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ക്യാൻസർ ചികിത്സയില്‍ നിർണായകമുന്നേറ്റമെന്ന് കരുതുന്ന ഗുളിക കണ്ടെത്തിയത്.
ഇന്ത്യയില്‍ വർധിച്ചുവരുന്ന കാൻസർ കേസുകള്‍ കണക്കിലെടുത്ത്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസർച്ചിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണമാണ് മരുന്നിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. മനുഷ്യ ക്യാൻസർ കോശങ്ങള്‍ എലികളില്‍ ചേർത്ത് നടത്തിയ പരീക്ഷണത്തിലൂടെയാണ് മരുന്നിന്റെ ഗുണഫലം ഗവേഷകർ കണ്ടെത്തിയത്.
കാൻസർ കോശങ്ങള്‍ നശിക്കുമ്ബോള്‍ അവ വളരെ ചെറിയ കണികകളായി വിഘടിക്കുകയാണ് ചെയ്യുന്നത്. ഈ കണികകളെ ക്രോമാറ്റിൻ കണികകള്‍ എന്ന് വിളിക്കുന്നു. ക്രോമാറ്റിൻ കണികകള്‍ക്ക് രക്തപ്രവാഹത്തിലൂടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളില്‍ പ്രവേശിച്ച് അവയെ ക്യാൻസർ കോശങ്ങളാക്കി മാറ്റാനും കഴിയും. ഇതാണ് രോഗം ഭേദമായ ശേഷവും ക്യാൻസർ വരാൻ ഇടയാക്കുന്നത്.
ഈ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന അന്വേഷണമാണ് പുതിയ മരുന്നിന്റെ കണ്ടുപിടുത്തത്തില്‍ എത്തിച്ചത്. ഒരു ദശാബ്ദത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് അന്തിമ വിജയത്തില്‍ മെഡിക്കല്‍ ഗവേഷകർ എത്തിയത്.
ക്യാൻസർ ചികിത്സയില്‍ ഏറ്റവും ചെലവുകുറഞ്ഞ ചികിത്സയാകും ഈ ഗുളിക . നൂറ് രൂപക്ക് ഈ ടാബ്‍ലറ്റ് വിപണിയില്‍ എത്തിക്കാനാകുമെന്നാണ് ഗവേഷകർ പറയുന്നത്. ഈ ടാബ്‍ലറ്റ് കഴിക്കുന്നതിലൂടെ തെറാപ്പിയുടെ പാർശ്വഫലങ്ങള്‍ 50% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കാൻസർ വീണ്ടും വരാതിരിക്കാനുള്ള സാധ്യത ഏകദേശം 30% ആയും കുറയും.
നിലവില്‍, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ (എഫ്‌എസ്‌എസ്‌എഐ) അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ടാബ്‍ലറ്റ്. ജൂണ്‍-ജൂലൈ മാസത്തോടെ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.