Image

നിയോഗം പോലൊരു രണ്ടാംജന്മം; ആത്മീയ നിറവിൽ മാത്യു വി. സഖറിയ

Published on 28 February, 2024
നിയോഗം പോലൊരു രണ്ടാംജന്മം; ആത്മീയ നിറവിൽ മാത്യു വി. സഖറിയ

see also: https://mag.emalayalee.com/weekly/15-jan-2024/#page=7

ചില നിയോഗങ്ങളുണ്ട്. എത്രകാലമെടുത്താലും ഏതുദേശത്താണെങ്കിലും അവ പൂർണമാക്കപ്പെടുക തന്നെ ചെയ്യും. ആലപ്പുഴ എടത്വ വരിക്കളത്തിൽ കുടുംബത്തിൽ ജനിച്ച് കാതങ്ങൾക്ക് അകലെ അമേരിക്കയിലെ ന്യൂയോർക്കിൽ പതിറ്റാണ്ടുകളായി ജീവിക്കുന്ന മാത്യു വി. സഖറിയയുടെ ജീവിതം പ്രചോദിതവും അതേ സമയം തന്നെ വ്യത്യസ്തമാകുന്നതും സ്വന്തം ജീവിതത്തിൽ നിന്നും മറ്റുള്ളവരിലേക്ക് പ്രസരിപ്പിച്ച പ്രകാശം കൊണ്ടു തന്നെയാണ്. ആ ജീവിതകഥ കേട്ടിരിക്കുക തന്നെ രസമാണ്. ന്യൂയോർക്കിലെ മാത്യു വി. സഖറിയയുടെ വീട് അവിടെയെത്തുന്ന അതിഥികൾ തിരിച്ചറിയുന്നത് തനതുകേരളത്തിന്റെ അടയാളമായ കെട്ടുവള്ളം പണിതുവച്ചിരിക്കുന്നത് നോക്കിയാണ്. വരിക്കളത്തിൽ എന്നെഴുതിയ വള്ളം കേരളത്തിന്റെ സകലപ്രൗഢിയോടും പാരമ്പര്യത്തിൽ കാലുചേർന്നു നിന്നും അമേരിക്കയിലെ സഖറിയയുടെ വീടിനെ അതിശയമാക്കുന്നു. ജീവിതയാത്രയിൽ പ്രതിസന്ധികൾ ഉണ്ടായിട്ടെന്നല്ല, എന്നാൽ ആത്മാവ് ഉൾചേർത്ത പ്രവർത്തനങ്ങളും ലാളിത്യവും അനുഭവങ്ങളും ആ തടസങ്ങളെ ഭംഗിയായി മറികടന്നു. 1969 ലാണ് മാത്യു വി. സഖറിയ അമേരിക്കയിലെത്തിയത്. അന്ന് കഷ്ടി 21 വയസ് പ്രായം. ആ പ്രായത്തിൽ മറുകര താണ്ടിയവർ തന്നെ വളരെ അപൂർവമാണ്. പെർമനന്റ് റസിഡന്റ് വിസയും ജോബ് ഓഫറുമായിട്ടായിരുന്നു യാത്ര.

എടത്വ വരിക്കളത്തിൽ പരേതനായ വി. എം. സഖറിയയുടെ മകനാണ് മാത്യു വി. സഖറിയ. അമേരിക്കയിലെത്തിയ ശേഷമാണ് മൻഹാട്ടൻ കോളേജിൽ നിന്ന് ബി എസും ലോംഗ് ഐലൻഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്‌ളിക്ക് അഡ്മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദവും നേടിയത്. തുടർന്ന് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടറായും കോളേജ് അധ്യാപകനായും പ്രവർത്തിച്ചു. ഓറഞ്ച് കൺട്രി കമ്മ്യൂണിറ്റി കോളേജിലെ മുൻ എഡ്യുക്കേറ്ററും ന്യൂയോർക്കിലെ പോർട്ട് ജർവിസിലെ മേഴ്‌സി കമ്മ്യൂണിറ്റി ഹൊസ്പിറ്റലിലെ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടറുമായിരുന്നു. ഓറഞ്ച് കൺട്രിയിലെ തന്നെ ഡിയർപാർക്ക് ടൗണിലെ ലയൺസ് കളബ് സ്ഥാപകരിൽ ഒരാളായിരുന്നു. പോർട്ട് ജർവിസിലെ ക്രോസ് ബോർഡ് ബുക്‌സ് ആന്റ് ഗിഫ്റ്റ്‌സ ്‌ഷോപ്പി ഉടമയായുമായിരുന്നു മാത്യു സഖറിയ. ആദ്യത്തെ ഇൻഡോ അമേരിക്കൻ മർത്തോമൈറ്റ് ക്രിസ്ത്യൻ ബുക്ക് സ്റ്റോർ  ഉടമയുമായിരുന്നു.
ഇന്ത്യയിലെയും ഇസ്രായേലിലെയും കുവൈറ്റിലെയും പ്രാദേശിക പള്ളികളിൽ ഇവാഞ്ചിലിസ്റ്റായും പ്രഭാഷകനായും അദ്ദേഹം ഇരുൾ മൂടിയ അനേകം മനസുകളിേലക്ക്  വെളിച്ചം വിതറി. അമേരിക്കയിലെ ഓറഞ്ച് കൺട്രി ന്യൂസ് പേപ്പർ, മലയാളം മാധ്യമങ്ങൾ, വിദേശപത്രങ്ങൾ, ഓഡിയോ റെക്കാർഡുകൾ, യൂണിയൻ ഗസറ്റ് എന്നിങ്ങനെ വിവിധ മാധ്യമങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ഉത്തരവാദപ്പെട്ട ഒട്ടേറെ പദവികളിൽ അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ന്യൂയോർക്കിലെ ഓറഞ്ച് കൺട്രി ദി റിപ്പബ്‌ളിക്കൻ കമ്മിറ്റി അംഗമായതും അനിതരസാധാരണമായ നേതൃത്വഗുണം കൊണ്ടാണ്.

അദ്ദേഹത്തിന്റെ ജീവിതത്തിലെ അത്യുജ്ജ്വല അധ്യായമായിരുന്നു ന്യൂയോർക്കിലെ സ്റ്റേറ്റ് പബ്‌ളിക്ക് സ്‌കൂളിലെ ബോർഡ് അംഗം എന്ന നിലയിലെ പ്രവർത്തനം. ദീർഘകാലമാണ് ചുമതലയേറെയുള്ള ഈ പദവിയിൽ അദ്ദേഹം പ്രവർത്തിച്ചതും നടപ്പിലാക്കിയ പദ്ധതികളുടെ പേരിൽ അഭിനന്ദനങ്ങൾ സ്വന്തമാക്കിയതും. വിദ്യാർത്ഥികളുടെ നന്മയും ഉയർച്ചയും മാത്രമായിരുന്നു അദ്ദേഹം ശ്രദ്ധിച്ചത്. കൃത്യമായ അവബോധത്തോടെ തന്നെ ഈ പദവിയിൽ ഇടപെടാനും മികച്ച എഡ്യുക്കേറ്ററായ സക്കറിയാസിന് സാധിച്ചു. ആശയങ്ങളും അതു നടപ്പിലാക്കാനുള്ള ആർജ്ജവവും അദ്ദേഹത്തിനുണ്ടായിരുന്നു. 1993-2002 വരെയുള്ള കാലയളവിലായിരുന്നു ചുമതല. വളരെ ചുമതലാബോധത്തോടെയും ഉത്തരവാദിത്തോടെയുമാണ് അദ്ദേഹം തന്നെ ഏൽപ്പിച്ച പദവിയോട് വിശ്വാസ്യത പുലർത്തിയത്. ഒരിക്കലും സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തന രീതി. സ്വന്തം അഭിപ്രായം ആരെയും ഭയക്കാതെ രേഖപ്പെടുത്തുകയും അതിൽ മറ്റു താത്പര്യങ്ങളില്ലെന്ന് ബോദ്ധ്യപ്പെടുത്താനും അദ്ദേഹം കഴിഞ്ഞു. 2000 ൽ സ്‌കൂൾ ബോർഡ് യോഗങ്ങൾക്ക് മുമ്പ് മൗനപ്രാർത്ഥന നടത്തണമെന്ന ആശയത്തിന് പിന്നിലും അദ്ദേഹമുണ്ടായിരുന്നു. നിതാന്തമായ സത്യസന്ധതയാണ് അദ്ദേഹം ജീവിതത്തിലുടനീളം അദ്ദേഹം പിന്തുടർന്നത്. ചുറ്റിലുമുള്ളവരിലേക്കും ആ ഊർജ്ജം എത്തിക്കാൻ സാധിച്ചതാണ് ഏറ്റവും പ്രധാനമായ കാര്യം. വർഷങ്ങൾക്ക് മുമ്പ് യോങ്കേഴ്സിൽ മാർച്ച് ഫോർ ജീസസ് സംഘടിപ്പിച്ചതും സഖറിയയുടെ മനസിൽ വലിയൊരു ആത്മീയനേട്ടമാണ്. അന്ന് 3500 ലധികം പേർ പങ്കെടുത്ത പരിപാടി സഖറിയയുടെ സംഘാടനത്തിന്റെ ഉദാത്തമാതൃകയാണ്. ൽ നടന്ന മത് ഫാമിലി കോൺഫറൻസ് സെക്രട്ടറിയായിരുന്നു. യോങ്കേഴ്സ്, ലോംഗ് ഐലൻഡ്, സ്റ്റാറ്റൻ ഐലൻഡ് എന്നിവിടങ്ങളിലെ ഫസ്റ്റ് വേൾഡ് സൺഡേ സ്‌കൂൾ റാലികൾക്ക് നേതൃത്വം നൽകി. ഭദ്രാസന അസംബ്ലി അംഗവും നോർത്ത് അമേരിക്കൻ മാർത്തോമ്മാ ചർച്ചിന്റെ നേതൃത്വത്തിലും പ്രവർത്തിക്കുന്നു.2004 ലെ  22 മത് മർത്തോമ ഫാമിലി കോൺഫറൻസ് സെക്രട്ടറിയായിരുന്നു.

സ്‌കൂളുകളിൽ ലൈംഗികതയെക്കുറിച്ച് പഠിപ്പിക്കണമെന്ന ആവശ്യം ശക്തപ്പെട്ടപ്പോൾ അതിനെതിരെ ധാർമ്മികതാവാദവുമായാണ് അദ്ദേഹം 1993 ൽ ആദ്യമായി സ്‌കൂൾ ബോർഡിലേക്ക് മത്സരിച്ചത്. ലെംഗിക വിദ്യാഭ്യാസം സ്‌കൂളുകളിൽ ആരംഭിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളുണ്ടായപ്പോൾ തന്നെ കൃത്യമായ രീതിയിൽ തന്റെ നിരീക്ഷണം അവതരിപ്പിക്കാനും വിദ്യാർത്ഥികളുടെയും രക്ഷിതക്കാളുടെയും കമ്മ്യൂണിറ്റിയുടെയും മികച്ച അഭിപ്രായം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. വലിയ ജനപിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.  ന്യൂയോർക്ക് സ്റ്റേറ്റ് പബ്ളിക്ക് സ്‌കൂളിലെ ബോർഡ് അംഗമായി പ്രവർത്തിക്കുന്ന കാലത്തെ ഒരനുഭവം അദ്ദേഹം ഇപ്പോഴും മറക്കാതെ ഉള്ളിൽ സൂക്ഷിക്കുകയും ഇടയ്ക്കിടെ ഓർമ്മച്ചെപ്പിൽ നിന്ന് പുറത്തെടുത്ത് സന്തോഷിക്കുകയും ചെയ്യാറുണ്ട്. ഒരിക്കൽ സ്‌കൂളിൽ ഒരു മത്സരത്തിൽ പങ്കെടുക്കാൻ മറ്റൊരു സ്‌കൂളിലെ കുറേ വിദ്യാർത്ഥികൾ വന്നു. അതിനിടെയിൽ അതിഥികളായി എത്തിയ സ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ ബാഗ് കാണാതെ പോയി. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ അന്വേഷണം നടത്തി കുറ്റക്കാരായ വിദ്യാർത്ഥികളെ സസ്പെൻഡും ചെയ്തു. അതിലൊരു വിദ്യാർത്ഥിയുടെ പിതാവ് സ്‌കൂൾ ബോർഡ് അംഗമായിരുന്നു. അദ്ദേഹം സംഭവത്തിൽ ഇടപെടുകയും സസ്പെൻഷൻ എടുത്തുകളയുന്നതിന് വേണ്ടി പരമാവധി പ്രയത്നിക്കുകയും ചെയ്തു. എന്നാൽ സക്കറിയാസ് ഒരുതരത്തിലും അത്തരമൊരു നടപടിക്ക് വഴങ്ങിയില്ല. വിദ്യാർത്ഥികൾക്ക് സ്വന്തം തെറ്റ് തിരിച്ചറിയാനും അത് തിരുത്താനുമുള്ള അവസരം നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതിനൊപ്പമായിരുന്നു ഭൂരിപക്ഷം ബോർഡ് അംഗങ്ങളും. അതേ പോലെ സ്‌കൂളിൽ നിന്നും 15 മൈലിൽ കൂടുതൽ ദൂരത്ത് നിന്നും വരുന്ന കുട്ടികൾക്ക് സ്‌കൂൾ ബസ് സൗകര്യം ഇല്ലാത്തതും മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വളരെയധികം അഭിനന്ദിക്കപ്പെട്ട ഒരു തീരുമാനമായിരുന്നു ഇത്. ഒട്ടേറെ രക്ഷിതാക്കൾ സഖറിയക്കൊപ്പം നിന്നു. സാധാരണ ഗതിയിൽ ബോർഡ് അംഗമായി വളരെ അപൂർവമായി മാത്രമേ മൂന്നാം തവണയൊക്കെ തിരഞ്ഞെടുക്കപ്പെടാറുള്ളൂ. സഖറിയയുടെ കാര്യം നേരെ തിരിച്ചായിരുന്നു. മൂന്നാമത്തെ ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കാലത്ത് ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ആരോടും തന്നെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടുപോലുമില്ല. പക്ഷേ, മികച്ച വോട്ട് നേടി സക്കറിയാസ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തോടുള്ള വിശ്വാസം അത്ര വലുതായിരുന്നു.

ജീവിതത്തിൽ ഒരു കാലഘട്ടം വരെ ദൈവത്തിനോട് അത്ര അടുപ്പമില്ലാത്ത, ആഘോഷമാണ് ജീവിതം എന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു സഖറിയ. പ്രാദേശിക പള്ളികളിൽ ബൈബിൾ വായിക്കാൻ പോകുമായിരുന്നു,  അവയോട് ചേർന്നു പ്രവർത്തിച്ചിരുന്നു. ഇതൊക്കെയായിരുന്നു ആത്മീയതയുമായുള്ള ബന്ധം. എന്നാൽ ഇതിനെല്ലാമപ്പുറം ജീവിതം ആഘോഷിക്കേണ്ടത് എന്ന മനോഭാവമായിരുന്നു പൊതുവേ കാത്തുസൂക്ഷിച്ചിരുന്നത്. ജീവിതത്തിൽ നിറങ്ങളിൽ അലിഞ്ഞുചേരാനായിരുന്നു അന്നത്തെ താത്പര്യം. 1972 ൽ സഖറിയയുടെ വീട്ടിൽ 1900 സ്‌പോർട്‌സ് കാർ ആന്റ് Curtis mathe കളർ ടി.വി  ഉണ്ടായിരുന്നു. അന്നത് അപൂർവമായിരുന്നു. സർവോപരി ലക്ഷ്വറി ജീവിതം. മറ്റൊന്നും തന്നെ മനസിലില്ല. സമാധാനമുണ്ടായിരുന്നോ എന്ന് ചോദിച്ചാൽ ഇല്ലെന്നായിരുന്നു മറുപടി. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാത്ത ജീവിതം, ഒഴുക്കിനൊത്തുള്ള ജീവിതം അങ്ങനെ മുന്നോട്ടുപോയി.

എന്നാൽ അപ്രതീക്ഷിതമായുണ്ടായ ഒരനുഭവം സഖറിയയുടെ ജീവിതത്തെ അടിമുടി മാറ്റുകയും ദൈവത്തിന്റെ കാരുണ്യത്തിന് കീഴിൽ അദ്ദേഹത്തെ ചേർത്തുനിറുത്തുകയും ആ കാൽക്കൽ ജീവിതം സമർപ്പിക്കുകയും ചെയ്ത ആത്മീയഅനുഭവമായി. 1986 ൽ 39ാം വയസിലായിരുന്നു ആ അനുഭവം. അതിനുശേഷം ജീവിതം അപ്പാടെ മാറി. യോങ്കേഴ്സിലെ സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഇടവകാംഗമാണെങ്കിലും അവിടെ എപ്പിസ്‌കോപ്പൽ പള്ളിയിലായിരുന്നു പോയിരുന്നത്. ഒരു ദിവസം കിടക്കുമ്പോഴാണ് എവിടെ നിന്നോ ആരോ പറയുന്നതുപോലെയുള്ള അനുഭവം അദ്ദേഹത്തിനുണ്ടായത്. സാത്താനേ നീ ഭർത്സിക്കുക എന്നായിരുന്നു ആ വാക്കുകൾ. സത്യമാണോ സ്വപ്നമാണോ എന്നറിയാത നിൽക്കുമ്പോഴും അതദ്ദേഹത്തിലുണ്ടാക്കിയ അനുഭൂതി വിവരിക്കാൻ ആവാത്തതായിരുന്നു. അന്നേ വരെ അങ്ങനെ ഒരു അനുഭവമോ, വൈകാരിക നിമിഷങ്ങളോ അദ്ദേഹത്തിനുണ്ടായിട്ടില്ല. പക്ഷേ, ഒരു വല്ലാത്ത ശാന്തത അദ്ദേഹത്തിനുണ്ടായി. ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത എന്തൊ ഒന്നായിരുന്നു ആ അനുഭവം. ഭാര്യയും മക്കളും ഉറങ്ങുന്ന മുറിയിൽ പോയി മുട്ടിൻമേലിരുന്നു കരഞ്ഞു. എത്ര കരഞ്ഞിട്ടും മതിയാകുന്നുണ്ടായിരുന്നില്ല. അന്നുമുതൽ അതുവരെ ഉണ്ടായിരുന്ന സഖറിയ ആയിരുന്നില്ല പിന്നീട് വീട്ടുകാരും നാട്ടുകാരും കണ്ടത്. പുതുതായി ജ്ഞാനസ്നാനം ചെയ്യപ്പെട്ടയാൾ, രണ്ടാമത്തെ ജന്മം എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. പിന്നീട് ആർഭാടങ്ങളൊന്നും തന്നെ അദ്ദേഹത്തെ സന്തോഷിപ്പിച്ചിട്ടില്ല. മദ്യം, സിഗരറ്റ് എന്നിവയെല്ലാം ജീവിതത്തിൽ നിന്നും അകന്നു. അടുത്തെത്തിയത് ദൈവമായിരുന്നു. പരമകാരുണികന്റെ ദയയിലും കാരുണ്യത്തിലും സഖറിയ വീണ്ടും വീണ്ടും നന്ദി പറഞ്ഞു.

അന്നുതൊട്ടിന്നോളം ഓരോ ശ്വാസത്തിലും ഓരോ ചുവടിലും ദൈവമുണ്ട്, അല്ലെങ്കിൽ ദൈവം മാത്രമേയുള്ളൂ. സ്നേഹം നിറഞ്ഞ കുടുംബവും ഇടപെടുന്ന കമ്മ്യൂണിറ്റിയുമെല്ലാം സഖറിയ നൽകുന്ന പ്രകാശ ചിന്തകൾ പതിൻമടങ്ങായി തിരികെ നൽകുന്നു. ജീവിതത്തിൽ ലഭിക്കാതെ പോയതിനെ കുറിച്ചല്ല അദ്ദേഹം എന്നും ഓർക്കുന്നത്, ഓരോ നിമിഷത്തിലും തനിക്കരികെ എത്തിയ നല്ലതും ചീത്തയുമായ എല്ലാം അനുഭവേെങ്ങളയും നന്ദിയോടെയാണ് സ്വീകരിക്കുന്നത്. പുതിയ ജീവിതത്തിലേക്ക് കടന്നതോടെ ജോലി വിട്ടു. ക്രിസ്തുമതത്തെക്കുറിച്ചും ക്രിസ്തുമതാദർശങ്ങൾ പ്രചരിപ്പിക്കുന്നതിനും സുവിശേഷ പ്രവർത്തനങ്ങളിലും വ്യാപൃതനായി. ക്രൈസ്തവ ഗ്രന്ഥങ്ങൾ വിൽക്കുന്ന ക്രോസ് റോഡ് ഔട്ട് റീച്ച് എന്ന ഗ്രന്ഥശാല സ്ഥാപിച്ചു. ക്രിസ്ത്യൻ കോ അലിഷനുമായി ഒത്തു ചേർന്ന് പ്രവർത്തിച്ചു. വിവിധ രാജ്യങ്ങളിൽ ആത്മീയപ്രഭാഷണവുമായി എത്തുന്ന മാത്യു വി. സഖറിയയുടെ ജീവിതം 'ഹൂ ഈസ് ഹു ഇൻ അമേരിക്കൻ എഡ്യുക്കേഷനി'ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇതിനെല്ലാമപ്പുറം ന്യൂയോർക്കിലെ സാംസ്‌കാരിക സാമൂഹിക മേഖലകളിൽ സജീവ സാന്നിദ്ധ്യമായി സഖറിയ എന്നുമുണ്ടായിരുന്നു. 1970ൽ അമേരിക്കയിൽ ആദ്യകാലമെത്തിയ മലയാളികളെല്ലാം ചേർന്ന് ഓണം ആഘോഷിച്ചപ്പോൾ നേതൃസ്ഥാനത്ത് സഖറിയയുമുണ്ടായിരുന്നു.  വി. എം. ചാക്കോയും ജോർജ് എബ്രഹാമുമായിരുന്നു പിന്തുണയുമായി കൂടെ നിന്നത്. അന്നത് അത്ര സന്തോഷമായിരുന്നു. എല്ലാവരും കൂടെ നിന്നപ്പോൾ ഓണം നിറപ്പകിട്ടുള്ളതായി. നല്ലൊരു ഓണസദ്യയും ഒരുക്കി. കേരള സമാജം സംഘടനയുടെ സ്ഥാപകരിലൊരാളുമായിരുന്നു സഖറിയ.
1972  ൽ അമേരിക്കയിൽ ആദ്യമായി യേശുദാസിന്റെ ഗാനമേള സംഘടിപ്പിച്ചതും 1973 ൽ പി.ജയചന്ദ്രനെയും കൊണ്ടു വന്നതും  സഖറിയയുടെ  നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളെ തുടർന്നായിരുന്നു. അതെല്ലാം ഇന്നും സുവർണസ്മരണകളായി അദ്ദേഹത്തിന്റെ മനസിലുണ്ട്.  യേശുദാസിനെ കൊണ്ടുവരാൻ 400 ഡോളർ സ്പോൺസർ തുക കണ്ടെത്താൻ ബുദ്ധിമുട്ടിയതൊക്കെ ഇന്നും മനസിലുണ്ട്.

സഖറിയയുടെ ജീവിതയാത്രയ്ക്ക് സകലപിന്തുണയും നൽകുന്നത് പ്രിയപത്നി രജിനിയാണ്. കോഴഞ്ചേരിയിലെ പ്രശസ്തമായ രാജൻ സ്റ്റുഡിയോ ഉടമയായ കെ. എം. ചെറിയാന്റെ മകളായ രജിനി അദ്ദേഹത്തിന്റെ ജീവിതയാത്രയിലെ നിഴലാണെന്നും. 320 വർഷം പഴക്കമുള്ള അമേരിക്കയിലെ ചരിത്രപ്രാധാന്യമുള്ള മേരിലാന്റിലെ സെന്റ് ആൻസ് എപ്പിസ്‌കോപ്പൽ ചർച്ച ഒഫ് അന്നപെളീസിലെ റെക്ടർ ആണ് സഖറിയയുടെ മകൻ ഡോ. മനോജ് എം. സഖറിയ, ജോയൽ ആണ് മരുമകൾ. മൈലപ്രയിലെ കാക്കനാട്ട് ഹൗസിലെ ജോണിന്റെയും ലാലിയുടെയും മകളാണ് ജോയൽ. മകൾ മെലാനി, മരുമകൻ ജിമ്മി ഫിലിപ്പോസ്. തെങ്ങുംചേരിയിലെ പരേതനായ ജോൺ ഫിലിപ്പോസിന്റെ മകനാണ് ജിമ്മി. എ.കെ. ആന്റണിക്കും ഉമ്മൻചാണ്ടിക്കുമൊപ്പം രാഷ്ട്രീയത്തിൽ ഒന്നിച്ചുണ്ടായിരുന്ന ആളാണ് ജോൺ ഫിലിപ്പോസ്. ബാലജനസഖ്യത്തിൽ കൂടിയായിരുന്നു അവർ സുഹൃത്തുക്കളായത്. യു. എസിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ആദ്യപ്രസിഡന്റായിരുന്നു ജോൺ ഫിലിപ്പോസ്. അബിഗേൽ, യോഹൻ, ജാക്സൺ, കാമറൻ, മക്കേല എന്നിവരാണ് കൊച്ചുമക്കൾ.

സിറ്റി ഓഫ് പോർട്ട് ജെർവിസ് മേയർ റോസ് ബി. ഡെക്കർ 2002 ഓഗസ്റ്റ് 17 ന് പോർട്ട് ജെർവിസ് നഗരത്തിൽ മനോജ് എം. സഖറിയ ഡേ ആയി പ്രഖ്യാപിച്ചതും അവിസ്മരണീയമാണ്.  സഖറിയയുടെ അഭ്യർത്ഥന പരിഗണിച്ച് 2016 ജൂലൈയിൽ അന്നത്തെ പോർട്ട് ജെർവിസ് സിറ്റി മേയറായ കെല്ലി ഡെക്കർ  കിംഗ്സ്റ്റൺ ആവിനെ 'മരിയോൺ റോണർ വേ' എന്ന് പുനർനാമകരണം ചെയ്തതും ഇതേ പോലെ മറക്കാനാവാത്ത ഓർമ്മയാണ്. മനോജ് എം. സഖറിയ 2002 ഓഗസ്റ്റ് 17-നാണ് യോങ്കേഴ്‌സിലെ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ പുരോഹിതനായത്. എടത്വയിലെ കുട്ടനാട്ടുകാരൻ പയ്യനിൽ നിന്നും അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തുള്ള ചരിത്രമുറങ്ങുന്ന ആരാധനാലയത്തിൽ മകന് പ്രവർത്തിക്കാനായത് നിയോഗമെന്ന വാക്കു കൊണ്ട് തന്നെ മാത്യു വി. സഖറിയ തന്റെ ജീവിതത്തിനൊപ്പം അടയാളപ്പെടുത്തുന്നു.
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക