ന്യൂഡല്‍ഹി: പിഎംഎല്‍എ നിയമപ്രകാരം (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാമെന്ന് സുപ്രീം കോടതി. ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിയമപ്രകാരം നിരപരാധിയെങ്കില്‍ തെളിവുകള്‍ നല്‍കണം. സമന്‍സ് ലഭിച്ചാല്‍ നിയമപരമായി പ്രതികരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ മണല്‍ഖനന കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
പിഎംഎല്‍എ നിയമപ്രകാരം ഇഡിക്ക് ആരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാം നിയമം അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇഡി പുറപ്പെടുവിച്ച സമന്‍സുകളെ മാനിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ജസ്റ്റിസ് ബേല എം ത്രിവേദിയുടെയും ജസ്റ്റിസ് പങ്കജ് മിത്തലിന്റെയും ബെഞ്ച് വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളില്‍ പലരും ഇഡി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ലെന്ന ആരോപണം നിലനില്‍ക്കെയാണ് കോടതി നിരീക്ഷണം. മണല്‍ ഖനന അഴിമതി കേസില്‍ ഇഡി നടപടികള്‍ തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കി. പത്ത് കലക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയ ഇഡി നടപടി തുടരാമെന്നും ഇവരെ ചോദ്യം ചെയ്യാന്‍ ഏജന്‍സി വിളിപ്പിച്ചാല്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സമന്‍സ് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവും കോടതി സ്‌റ്റേ ചെയ്തു.