കോട്ടയം: കേരളത്തെ ചുട്ടുപ്പൊള്ളിച്ച് താപനില ഉയരുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ശരാശരി ഉയര്‍ന്ന താപനിലയാണുള്ളത്. ഈ ജില്ലകളില്‍ രാത്രിയും ചൂട് ഉയര്‍ന്ന തോതിലാണ്.
കോട്ടയത്ത് 38.5 ഡിഗ്രി സെല്‍ഷ്യസ് എന്ന സാധാരണ താപനിലയെക്കാള്‍ 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. സീസണില്‍ സംസ്ഥാനത്ത് രേഖപെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട് കൂടിയാണിത്. ഫെബ്രുവരി പതിനാറിന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇതേ താപനില രേഖപ്പെടുത്തിയിരുന്നു.
ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ജില്ലയായ ആലപ്പുഴയില്‍ ചൂടിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. ആലപ്പുഴയില്‍ ( 37.6 ഡിഗ്രി സെല്‍ഷ്യസ്, 4.4ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) തുടര്‍ച്ചയായ ഏഴാമത്തെ ദിവസവും സാധാരണയിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ രേഖപ്പെടുത്തി. എന്നാല്‍ പാലക്കാട് ( 35.1°c, 0.5°c കുറവ് ) തുടര്‍ച്ചയായി രണ്ടാം ദിവസവും സാധാരണയില്‍ കുറവ് താപനിലയാണ്.
അതേസമയം, 2024 ഫെബ്രുവരി 29 വരെ കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.