അന്ന ബെന്നിന്റെ ഏറ്റവും പുതിയ ചിത്രം ‘കൊട്ടുകാലിക്ക് അന്താരാഷ്‌ട്ര അംഗീകാരം. ബെർലിൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദർശിപ്പിക്കുന്നതിന്റെയും അന്നയ്‌ക്ക് സിനിമാസ്വാദകർ അഭിനന്ദനമറിയിക്കുന്നതിന്റെയും വീഡിയോ നിർമ്മാതാവായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് തങ്ങളുടെ എക്സ് പേജിലൂടെ പുറത്തുവിട്ടു.
കൊട്ടുകാലിയുടെ ആദ്യത്തെ ഇന്റർനാഷണല്‍ സ്റ്റേജ് ബെർലിനേലില്‍ ലഭിച്ചത് നന്ദിയോടെ ഓർക്കുന്നു. പ്രേക്ഷകരില്‍ നിന്ന് ലഭിച്ച അവിശ്വസനീയമായ മികച്ച പ്രതികരണങ്ങള്‍ ഞങ്ങളുടെ ഹൃദയത്തില്‍ എക്കാലവും നിലനില്‍ക്കുന്നതായിരിക്കും. മറക്കാനാകാത്ത നിമിഷങ്ങള്‍ നല്‍കിയതിന് നന്ദി, എന്നാണ് പോസ്റ്റിന്റെ കുറിപ്പ്.
ഫെസ്റ്റിവലില്‍ ലോക സിനിമ വിഭാഗത്തിലാണ് കൊട്ടുകാലി പ്രദർശിപ്പിച്ചത്. ബെർലിനേലിലെത്തുന്ന ആദ്യ തമിഴ് ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്. അടുത്ത മാസമാണ് ചിത്രം റിലീസിനെത്തുന്നത്. നടൻ ശിവകാർത്തികേയന്റെ പ്രൊഡക്ഷൻ കമ്ബനിയായ എസ് കെ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
പി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂരിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനോദ് രാജിന്റെ ആദ്യ ചിത്രമായ കൂഴാങ്കല്‍ ഇന്ത്യയില്‍ നിന്ന് 94-ാമത് ഓസ്കറില്‍ പ്രവേശനം നേടിയിരുന്നു.