നമ്മളുടെ ആ മൂന്ന് ദിവസങ്ങൾ സന്തോഷിച്ച് കഴിച്ച് കുടിച്ച് സ്വപ്‌നങ്ങൾ കണ്ട് ഉല്ലസിച്ച് കടന്നുപോയപ്പോൾ സിദ്ധാർഥ് മുറിയിൽ ബന്ധിക്കപ്പെട്ട് പീഡനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു. അവന് ആ മൂന്ന് ദിവസങ്ങളിൽ ഭക്ഷണം ഉണ്ടായിരുന്നില്ല. സീനിയേഴ്‌സും സഹപാഠികളും ചേർന്ന് അവനെ ബെൽറ്റിനും കമ്പിക്കും അടിച്ചു. നൂറ്റിഅമ്പതു കുട്ടികളുടെ മുന്നിൽവെച്ച് വിവസ്ത്രനാക്കി തല്ലി. കാരണം അവൻ അവിടുത്തെ സംഘടനയിൽ അംഗമായില്ല. അവൻ സീനിയർസിന്റെ കൂടെ നൃത്തം വെച്ചു. അവൻ ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞു. അങ്ങനെ അവനെ വിചാരണ ചെയ്യാനുള്ള കുറ്റങ്ങൾ അവൻ ചെയ്തുകഴിഞ്ഞു!
ഒരാളെ പത്തിരുപതുപേർ ചേർന്ന് ബലമായി വിവസ്ത്രനാക്കി തല്ലുന്നതാണോ സംഘടനാ ശക്തി?
ഇതൊക്കെ കണ്ടുനിന്നവർ ഒന്നും മിണ്ടിയില്ല. തടഞ്ഞില്ല. ആരേയും അറിയിച്ചില്ല. പരാതി കൊടുത്തില്ല. കുട്ടികൾ ആരും വാർഡനോട് സഹായം തേടിയില്ല.അവിടെ ഡീൻ തന്നെയായിരുന്നു വാർഡൻ എന്നൊരു പ്രത്യേകതയുണ്ട്. ആരുംതന്നെ പ്രിൻസിപ്പാലിനോടോ ടീച്ചേഴ്സിനോടോ ഒരക്ഷരം മിണ്ടിയില്ല. കാരണം എന്താകും? പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടോ അതോ അവരുടെ മൗനസമ്മതം ഉള്ളതുകൊണ്ടോ അതോ ക്യാമ്പസ് പാർട്ടി ഓഫീസ് ആയതുകൊണ്ടോ? അങ്ങനെ കേൾക്കുന്നവർക്ക് തോന്നിയാൽ കുറ്റം പറയാൻ കഴിയുമോ? ഇങ്ങനെ ആളേക്കൊല്ലി ക്യാമ്പസ് എന്തിനാണ്?
ആൾക്കൂട്ട വിചാരണയ്ക്കൊടുവിൽ ആ മനുഷ്യനെ കെട്ടിത്തൂക്കി കൊന്നുകളഞ്ഞു.ഇതൊക്കെ ചെയ്തവർക്ക് ഇരുപതുകളുടെ തുടക്കമാണ് പ്രായം എന്നോർക്കണം. അവൻ ആത്മഹത്യ ചെയ്തതാകാം എങ്കിൽകൂടി ഇത് കൊലപാതകമായേ കാണാൻ കഴിയൂ.
ക്യാമ്പസുകളിൽ പഠിക്കാൻ വരുന്ന കുട്ടികൾ ആദ്യമായിട്ടാകും വീട്ടിൽനിന്ന് മാറിനിൽക്കുന്നത്. അവർ ചെന്നു കയറിക്കൊടുക്കുന്നത് നർകോട്ടിക്സ് ഒഴുകുന്ന ക്യാമ്പസുകളിൽ ആണെങ്കിലോ?കുട്ടികളുടെ കൈയിൽ വീട്ടുകാർ കൊടുക്കുന്ന പൈസയുണ്ട്. നിഷ്കളങ്കമായ പ്രായം. ആരേലും ചിരിച്ചുകാണിച്ചാൽ.. സീനിയേഴ്സ് അടുത്തിടപഴകിയാൽ അഭിമാനം കൊള്ളുന്ന കാലം. അവർ എന്ത് പറഞ്ഞാലും കുട്ടികൾ ചെയ്യും. നർക്കോട്ടിക് ബിസിനസ് തഴച്ചു വളരാൻ ഉള്ള മണ്ണ് ക്യാമ്പസുകളാണ്. ഇങ്ങനെയുള്ള ക്യാമ്പസുകൾ സമൂഹത്തിനു നൽകുന്നത് കൊല്ലിനും കൊലക്കും കൊള്ളാവുന്ന നാർകോട്ടിക് ഡീലേഴ്‌സിനെ, വലിച്ചും പുകച്ചും ഇരിക്കുന്ന യുവത്വത്തിനെ, ജയിലിൽ കഴിയാനുള്ള യുവജനങ്ങളെ.
ഇപ്പോൾ നമ്മൾ കാണുന്ന പ്രതികളായ ആ ആറ് പേർ...അവരെ വളർത്തിയത് ആ ക്യാമ്പസാണ്. കോളേജ് പ്രിൻസിപ്പാലിനെയും ടീച്ചേഴ്സിനെയും നോക്കുകുത്തികളാക്കി മാറ്റാൻ ഒരു സംഘടനയ്ക്കു കഴിയുന്നു എങ്കിൽ അങ്ങനെയുള്ള സംഘടനകൾ നിരോധിക്കേണ്ടുന്നതല്ലേ?സംഘടനകൾക്കും മുകളിലല്ലേ കുട്ടികൾ? പഠിക്കാനും കളിച്ചു നടക്കാനും പ്രേമിക്കാനും ഉള്ള സമയം നാഡീഞരമ്പുകളിൽ രാസപദാർത്ഥങ്ങൾ കയറ്റിത്തുടങ്ങിയാൽ! യുവത്വം നശിച്ചുപോയാൽ ഒരു നാടിന് ജീവിതമുണ്ടോ?