Image

എന്റെ കുറിപ്പുകൾ 2024 (ഭാഗം-10: സോയ നായര്‍) 

Published on 29 February, 2024
എന്റെ കുറിപ്പുകൾ 2024 (ഭാഗം-10: സോയ നായര്‍) 

23. One word can Brighten somebody’s Life 😊

2018 ഇലെ പ്രളയത്തെപ്പറ്റി ഓർക്കുമ്പോൾ ഇന്നും ഞടുക്കം വിട്ടു മാറാത്ത പലരും കാണും. വീടും വസ്‌തുക്കളും വിലപിടിപ്പുള്ള പലതും പ്രീയപ്പെട്ടവരും ഒക്കെ വെള്ളത്തിലൂടെ ഒലിച്ച്‌ പോകുന്നതും നോക്കി നിസ്സഹായരായി നിൽക്കേണ്ടി വന്ന കാഴ്ചകൾ റ്റീവിയിലൂടെ ഇങ്ങ്‌ അമേരിക്കയിൽ കാണുമ്പോൾ നാട്ടിലെ പ്രിയപ്പെട്ടവർ സേഫ്‌ ആയിരിക്കുമോ എന്ന വെപ്രാളം ഏറ്റവും കൂടുതൽ അനുഭവിച്ചതും പ്രവാസികൾ ആകും. ഉറങ്ങാതെ ഇരുന്ന് നാട്ടിൽ ഒറ്റയ്ക്ക്‌ താമസിക്കുന്ന അമ്മയെയും അപ്പനെയും സേഫായ ഒരിടത്തേക്ക്‌ മാറ്റണമെന്ന് ഹെൽപ്പ്ലൈനിൽ കൂടി വിളിച്ച്‌ പറയേണ്ടി വരുന്ന അവസ്‌ഥയിലൂടെ കടന്നു പോയവരുണ്ടാകാം. പണമുള്ളവൻ മുതൽ പാവത്തുങ്ങൾ വരെ പ്രളയത്തിനു മുന്നിൽ ഒന്നുമല്ല എന്ന് മനസ്സിലാക്കിച്ച കാലം. ഉടുതുണി മുതൽ ആഹാരം വരെ മറ്റുള്ളവരുടെ കനിവിനാൽ ഉപയോഗിക്കേണ്ടി വന്ന കാലം. ജീവനു അത്യാവശ്യമായി വേണ്ട വെള്ളം കൊണ്ട്‌ തന്നെ ജീവിതമെടുത്ത കാലം.. ആ കാലത്തെ ഒരു അനുഭവമാണു ഇന്ന് എഴുതുന്നത്‌..

പിറന്ന നാടും അവിടുത്തെ ഒരുകൂട്ടം ജനതയും പ്രളയത്തിൽ കഷ്ടപ്പെടുന്നത്‌ കാണുമ്പോൾ അതിനായുള്ള സഹായങ്ങൾചോദിച്ച്‌ പലരും വിളിക്കുമ്പോൾ സഹായിക്കണമെന്നുണ്ടെങ്കിലും സാമ്പത്തിക പരിധികൾ മൂലം എല്ലാ പേരെയും സഹായിക്കാൻ പറ്റില്ലല്ലോ. എന്നിരുന്നാലും നമ്മളെ കൊണ്ട്‌ പറ്റുന്ന സഹായങ്ങൾ ചെയ്ത്‌ കൊടുക്കാനും അത്‌ മൂലം ഒരാളെങ്കിലും രക്ഷപ്പെടുന്നെങ്കിൽ പെട്ടോട്ടെ എന്ന് ചിന്തിക്കുന്നതും ഈ കാര്യം സംഭവിച്ചതും എല്ലാം വളരെ പെട്ടെന്നായിരുന്നു. 

പ്രളയം അങ്ങേയറ്റം മോശമായി നിൽക്കുന്ന ദിവസം നാട്ടിലെ റ്റീവിയിലെ ന്യൂസിൽ വന്നതിന്റെ കുറച്ചു ഭാഗങ്ങൾ ഇവിടുത്തെ ഒരു ചാനലിൽ ന്യൂസായി വന്നിരുന്നു. കൂടാതെ റേഡിയോയിലും.. ആ ന്യൂസുകൾ ഇവിടെ ഉള്ള വിദേശി സുഹ്യത്തുക്കൾ കണ്ടിട്ടും കേട്ടിട്ടുമുള്ളത്‌ കൊണ്ട്‌ ജോലിയിൽ ചെന്നാലുടൻ അവർ ചോദിക്കും " വീട്ടുകാർ സേഫ്‌ ആണോ", നീ ഓക്കെ ആണോ എന്നൊക്കെ.. എല്ലാവരും കുഴപ്പമില്ലാതെ ഇരിക്കുന്നു എന്ന് മറുപടി പറഞ്ഞ്‌ ഞാൻ എന്റെ ജോലി ചെയ്യാനും പോകും. അങ്ങനെ ഒരു ദിവസം വീട്ടിലെ കുടുംബചർച്ചയ്ക്കിടയിൽ ആണു ഭർത്താവ്‌ പറഞ്ഞത്‌ ഇങ്ങനെ പ്രക്യതിദുരന്തങ്ങൾ ഒക്കെ ഉണ്ടാകുമ്പോൾ ചില കമ്പനിക്കാർ സഹായധനമായി ഡൊണേഷൻ കൊടുത്ത്‌ സഹായിക്കാറുണ്ടെന്ന്.. അത്‌ കേട്ടപ്പോൾ മുതൽ മനസ്സിൽ ഒരു ചിന്ത കടന്നു കൂടി. എന്റെ ജോലി സ്ഥാപനത്തിൽ ഒന്നു ചോദിച്ച്‌ നോക്കിയാലോ എന്ന്. അതിനെ കുറിച്ച്‌ ഒരു കൂട്ടുകാരിയോട്‌ ചോദിച്ചപ്പോൾ അവൾ നിരുത്സാഹപ്പെടുത്തി; ഓഹ്‌! അങ്ങനെയൊന്നും അവർ സഹായിക്കില്ല എന്ന് പറഞ്ഞ്‌.. അത്‌ കേട്ട്‌ ഞാൻ എന്നാൽ ചോദിക്കണ്ട, വെറുതേ നാണം കെടണ്ടല്ലോ എന്ന് വിചാരിച്ച്‌ ആ കേസ്‌ വിട്ടു. വിട്ടു കളയാൻ നോക്കിയിട്ടും ഭർത്താവ്‌ പറഞ്ഞ കാര്യം  മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. കമ്പനിയിൽ പോയി ചോദിക്കണോ വേണ്ടായോ എന്ന് ആശയകുഴപ്പത്തിലാക്കി ഒരാഴ്ച അങ്ങനെ കടന്നു പോയി. 

അന്നും പതിവ്‌ പോലെ ജോലിക്ക്‌ പോയി. ജോലിത്തിരക്കുകളിൽ തക്യതിയായി മുഴുകിയിരുന്ന ശേഷം ഉച്ചസമയം ലഞ്ച് റ്റൈം ആഹാരംകഴിച്ചു കൊണ്ടിരുന്നപ്പോൾ ആ പ്രളയന്യൂസ്‌ അടങ്ങിയ ഇംഗ്ലീഷ്‌ ന്യൂസ്‌ മെസ്സേജായി ഫോണിൽ വന്നു. അത്‌ കണ്ടതും സങ്കടം കൊണ്ട്‌ മനസ്സിനു വല്ലാത്ത കുറ്റബോധം. ഉച്ച ഭക്ഷണം കഴിച്ചു നേരെ പോയി ഇമെയിൽ ഓപ്പൺചെയ്ത്‌ കമ്പനിയിലെ ഓഫീസ്‌ അഡ്മിനിസ്ട്രേറ്റിനു ഒരു കത്തെഴുതി. "കമ്പനിയുടെ എന്തെങ്കിലും ഒരു സഹായം ഈ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക്‌ നൽകാനാകുമോ" എന്ന് ഉള്ളടക്കം വെച്ച്‌ അന്നെനിക്ക്‌ ഫോൺ മെസ്സേജിലൂടെ കിട്ടിയ വീഡിയോ ലിങ്ക്‌ സഹിതം അയച്ചു. "പോയാൽ ഒരു വാക്ക്‌, കിട്ടിയാൽ സഹായം"  മനസ്സിൽ അങ്ങനെ കരുതി വീണ്ടും എന്റെ പണികളിലേക്ക്‌..മറുപടിയൊന്നും വന്നില്ല. 

 പിറ്റേദിവസം ഉച്ചകഴിഞ്ഞ്‌ എന്റെ ജോലിറൂമിലേക്ക്‌ "സോയയെ CEO വിളിക്കുന്നു എന്ന് പറഞ്ഞ്‌ കൂടെ ജോലി ചെയ്യുന്ന കുട്ടി  വന്നപ്പോൾ ഞാൻ ശരിക്കും ഞെട്ടി. ദൈവമേ! എന്റെ ജോലി പോകുമോ? എന്നെ ഫയർ ചെയ്യാനാണോ എന്നൊക്കെയുള്ള ആധി കേറി ഞാൻ പേടിച്ച്‌ വിറച്ചാണു CEO യുടെ മുറിയിലേക്ക്‌ പോയത്‌. പൊതുവേ CEO ഒന്നും അങ്ങനെ തൊഴിലാളികളോട്‌ നേരിട്ട്‌ മിണ്ടൽ ഇല്ലാ. CEO യുടെ മുറിയുടെ മുന്നിൽചെന്ന് പരുങ്ങി നിൽക്കണ നിൽപ്പ്‌ കണ്ടിട്ടാകാം അകത്തേക്ക്‌ വരൂ എന്ന് പറഞ്ഞു. ഹായ്‌, ഹൗ ആർ യൂ? എന്ന് ചോദിച്ച്‌ ധൈര്യംസംഭരിച്ച്‌ അങ്ങ്‌ കയറിച്ചെന്നു. കസേരയിലിരിക്കാൻ പറഞ്ഞു. എന്താണെന്നറിയാതെ വെപ്രാളപ്പെട്ട്‌ ഇരിക്കുന്ന എന്നെ നോക്കി " ഫാമിലി സേഫ്‌ ആണോ? എന്ന് ചോദിച്ചു. അപ്പോഴാണു എനിക്ക്‌ ശ്വാസം നേരേ വീണത്‌. അതേ. അദ്ദേഹം ഞാൻ അയച്ച വീഡിയോ കണ്ടു, ഇമെയിൽ കിട്ടി അതിനെക്കുറിച്ച്‌ പറയാനാണു വിളിച്ചത്‌. ആ പ്രളയാവസ്ഥയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ ചോദിച്ചതിനു ശേഷം ഒരു ചെറിയ സഹായം കമ്പനി ചെയ്യാം എന്ന് പറഞ്ഞ്‌ അയാൾ എന്നെ നോക്കി ഒന്നു ചിരിച്ചു. താങ്ക്യൂ എന്ന് പറഞ്ഞ്‌ ഞാൻ ആ മുറി വിടുമ്പോഴും വീട്ടുകാർക്ക്‌ എന്തേലും ഹെൽപ്‌ വേണമെങ്കിൽ ചോദിക്കണം എന്ന് ഒന്നുടെ ഓർമ്മിപ്പിച്ചു. 

അങ്ങനെ അവർ കമ്പനി മീറ്റിംങ്ങ്‌ കൂടി എനിക്ക്‌ $5000 ഡോളർ സംഭാവന നൽകി. ഏകദേശം മൂന്ന് ലക്ഷം രൂപ. കമ്പനിയുടെ നിയമവശങ്ങളും അവരുടെ ആവശ്യപ്രകാരവുമത്‌ ഒരു സംഘടന വഴി ചെയ്യണമെന്ന് പറഞ്ഞത്‌ കൊണ്ട്‌ ഞാൻ ഇക്കാര്യം മാപ്പ്‌ എന്ന സംഘടനയുടെ അന്നത്തെ പ്രസിഡന്റുമായി സംസാരിച്ചു. പ്രളയത്തിൽ വീടു നഷ്ടപ്പെട്ട ഒരാൾക്ക്‌ വീടു വെയ്ക്കാനുള്ള  ചാരിറ്റി സഹായധനമായി അത്‌ ഉപയോഗിക്കാം എന്ന് പറഞ്ഞ്‌ ആ പണം അവർക്ക്‌ കൈമാറി. വീടു വയ്ക്കുന്നതിനു മുൻപ്‌ റാന്നിയിലുള്ള ആ പയ്യന്റെ വീടിന്റെ അവസ്ഥ ഞാൻ പോയി കണ്ടു. സഹായം എപ്പോഴും അർഹിക്കുന്നവനു ലഭിക്കുംമ്പോഴാണു ആ പുണ്യപ്രവർത്തി കൊണ്ട്‌ ഫലം ലഭിക്കുക. തികച്ചും അർഹനായ ആ വ്യക്തിക്ക്‌ എന്റെ ഒരാളുടെ പരിശ്രമം കൊണ്ട്‌ കിട്ടിയ തുക കൊണ്ട്‌ വീട്‌ വെച്ചപ്പോൾ അതിൽ ആ പണം നൽകി സഹായിച്ച എന്റെ  കമ്പനിയൂടെ പേരു കൂടി ചേർത്ത്‌ വയ്ക്കാൻ മാപ്പ്‌ സംഘടന മനസ്സ്‌ കാണിച്ചു. ആ പയ്യനും ഭാര്യയുംകുഞ്ഞും ആ വീട്ടിൽ സന്തോഷമായി കഴിയുന്നുണ്ടാകും. 

പത്രത്തിൽ പരസ്യം കൊടുത്തും ഫോട്ടോ ഇട്ടും നാടടങ്കം അറിയിച്ചും ഒക്കെ ആളാകാൻ വേണ്ടി പലരും നന്മകൾ ചെയ്യുന്നതും ആ നന്മകളിൽ നിന്ന് കൈയിട്ട്‌ വാരി കോടീശ്വരന്മാരാകുന്നതുമൊക്കെ വാർത്തകളിൽ വായിക്കാറുണ്ട്‌.ഒരു നല്ല പ്രവ്യത്തി ചെയ്യുമ്പോൾ ഒന്നും പ്രതീക്ഷിക്കാതെ അതിൽ മുഴു മനസ്സ്‌ അർപ്പിച്ച്‌ വേണം അത്‌ ചെയ്യാൻ . എന്നാൽ ആ പ്രവ്യത്തിയിൽ തട്ടിപ്പും വെട്ടിപ്പും സ്വാർത്ഥതയുമൊക്കെ വരുമ്പോഴാണു അർഹതപ്പെട്ട പലരുടെയും ജീവിതം ഇരുട്ടിലാകുന്നത്‌.ചിലപ്പോൾ നമ്മളുടെ ഒരു വാക്ക്‌ കൊണ്ടാകാം മറ്റൊരാളുടെ ജീവിതത്തിൽ പ്രകാശമുണ്ടാകുക. സഹായം ചോദിച്ചെത്തുന്നവരെ എല്ലാവരെയും എനിക്ക്‌ ചിലപ്പോൾ സഹായിക്കാൻ പറ്റിയെന്നുംവരില്ല. എന്നാലും ഇങ്ങനെ ചില ചെറിയ മാർഗ്ഗങ്ങളിലൂടെ നമ്മളുടെ ഒരു വാക്കിനാൽ സഹായം കണ്ടെത്താൻ കഴിയും എന്നോർമിപ്പിക്കാൻ വേണ്ടി ആണു എഴുത്ത്‌.  പേടിച്ച്‌ ഞാൻ അന്ന് ചോദിക്കാതിരുന്നെങ്കിൽ അത്‌ എന്ത്‌ നഷ്ടമായേനെ..പണം കൊണ്ട്‌ മാത്രമല്ല നമുക്ക്‌ ഒരാളെ സഹായിക്കാനാകുക. നമ്മളുടെ ഒരു വാക്ക്‌ കൊണ്ടുമത്‌ സാധിക്കും. എന്റെ ഈ അനുഭവം എന്നെ പഠിപ്പിച്ചതതാണു. നമ്മളൂടെ ഒരു വാക്ക്‌, അതിനുമുണ്ട്‌ ചിലപ്പോൾ പവർ..!


24.Hold that Hand and Lift yourself Up!!

എന്തെങ്കിലും ഒക്കെ ആയിത്തീരണം എന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ ഈ ഭൂമിയിൽ.. മനുഷ്യനായി ജനിച്ച നമ്മൾക്കോരോരുത്തർക്കും കാണും ചെറിയ ചെറിയ ആഗ്രഹങ്ങൾ.. കുട്ടിയായിരിക്കുമ്പോൾ കളിപ്പാട്ടത്തിനോടും, ഇത്തിരി മുതിർന്നു കഴിഞ്ഞാൽ നല്ല ജോലി വേണമെന്നോ, അല്ലെങ്കിൽ കലാപരമായി (നർത്തകി, ഗായിക, എഴുത്തുകാരൻ, പെയിന്റിംഗ്‌..etc) ഉയരങ്ങളിൽ എത്തണമെന്നോ എന്നൊക്കെ.. ആദ്യം നമ്മളൊക്കെ അതിനു വേണ്ടി പരിശ്രമിക്കും..പിന്നെയോ??

 കലാപരമായും സാഹിത്യപരമായും ഒക്കെ അധികം കഴിവുകൾ ഉള്ള എത്രയോ പേർ അവരുടെ ആഗ്രഹങ്ങളെ സാധിക്കാൻ ആകാതെ വീടുകൾക്കുള്ളിൽ കഴിയുന്നു. കുടുംബം, കുട്ടികൾ ഇതൊക്കെ അവരെ വേറെയൊരു തലത്തിലേക്ക്‌ കൊണ്ട്‌ പോകുന്നു. ചില വീടുകളിൽ ആണെങ്കിലോ ആഗ്രഹംതോന്നി എന്തെങ്കിലും ചെയ്താലോ വീട്ടിലുള്ളവർ പോലും അതിനെ ഒന്ന് അഭിനന്ദിക്കാൻ മുതിരില്ല. അതിനെഎത്രത്തോളം നെഗറ്റീവ്‌ ആക്കാമോ അത്രയും നെഗറ്റീവ്‌ ആക്കി നിനക്ക്‌ വേറെ പണിയില്ലേ" എന്ന്പറഞ്ഞങ്ങു ആക്ഷേപിക്കും..
പിന്നെയോ അവർ  മനസ്സ്‌ പതറി വിഷമിച്ച് പിന്നീട്‌ ആ വഴിക്ക്‌ തിരിഞ്ഞു നോക്കുക പോലുമില്ല..മറ്റ്‌ ചിലർ ആരെന്തു പറഞ്ഞാലും (നെഗറ്റീവ്‌/ പോസിറ്റീവ്‌)അതിനെ വളരെ പക്വതയോടെ സ്വീകരിച്ച്‌ വീണ്ടും വീണ്ടും മുന്നേറാൻ ശ്രമിക്കും. ഒന്നിനും സ്റ്റോപ്പ്‌ ഇടാതെ മുന്നേറാൻ തന്നെയാകണം നമ്മളോരോരുത്തരും ശ്രമിക്കേണ്ടത്‌..

നാട്ടിൽ ഉള്ളപ്പോൾ കുത്തിക്കുറിക്കലുകളും ഡയറിക്കുറിപ്പുകളും എഴുതുമായിരുന്നു എന്നതല്ലാതെ സാഹിത്യമേഖല എന്നത്‌ ഒരിക്കൽപ്പോലും ഞാൻ ആഗ്രഹിച്ച ഒന്നല്ല. പക്ഷെ, അമേരിക്ക എന്ന നഗരമാണു എന്നെ  ഇത്രയുമാക്കിയെടുത്തത്‌. എഴുത്തിലേക്ക്‌ എത്തിപ്പെടണമെന്ന ഒരു മോഹം ഉണ്ടാക്കിയതും ഇവിടം ആണു. ആദ്യമായിട്ട്‌ എന്റെ ഒരു കവിത അച്ചടിച്ച്‌ കാണണമെന്ന ആഗ്രഹത്താൽ അക്കാലത്ത്‌ ഇവിടെയുള്ള ഒരു പത്രത്തിന്റെ എഡിറ്ററോട്‌ അതേപ്പറ്റി ചോദിച്ചപ്പോൾ മറ്റൊരാളെ പുകഴ്ത്തിപ്പറഞ്ഞ്‌  താരതമ്യംചെയ്യലും കൂടാതെ എന്റെ ചോദ്യത്തിന് അയാളുടെ കളിയാക്കിയുള്ള മറുപടിയും ആയിരുന്നു എനിക്ക്‌ കിട്ടിയത്‌. നെഗറ്റീവ്‌ ആയുള്ള അയാളുടെ കമന്റാണു ശരിക്കും പറഞ്ഞാലെന്റെ പ്രചോദനം. അത്ര ഡിമാന്റുള്ള ആ മേഖലയിൽ എന്റേതായ അടയാളപ്പെടുത്തലുകൾ ചെയ്യണമെന്ന ഒരു തരം മോഹം.. അന്നയാളുടെ ആ വാക്കും കേട്ട്‌ ഞാൻ സങ്കടപ്പെട്ട്‌ എഴുത്ത്‌ നിർത്തിയിരുന്നെങ്കിൽ ഇന്ന് എനിക്ക്‌  എന്റെ നാലു പുസ്തകങ്ങൾ ചെയ്യാൻ പറ്റില്ലായിരുന്നു, അനേകം മാഗസിനുകളിലും ന്യൂസ്പേപ്പറുകളിലും കവിതകൾ എഴുതാൻ പറ്റില്ലായിരുന്നു, ഇന്ന് ഇത്‌ എഴുതാനുള്ള അവസരം ചിലപ്പോൾ ഉണ്ടാകുമായിരുന്നില്ല.  അയാൾക്ക്‌ നന്ദി. എന്റെ വീട്ടുകാർ, കൂട്ടുകാർ ഇവരിലൊക്കെ അധികവും തളർത്താൻ ആണു എപ്പോഴും ശ്രമിക്കുക. വളരെ അപൂർവ്വമായി കുറച്ച്‌ പേർ മാത്രം കാണും നമ്മളെ കൈപിടിച്ചുയർത്താൻ. ആ കൈകളെ എപ്പോഴും ചേർത്ത്‌ പിടിക്കുക. ആഗ്രഹങ്ങളിലേക്ക്‌ എത്തിച്ചേരാനുള്ള ഏണിപ്പടികളാണത്‌.. 

ജീവിതത്തിൽ മുന്നേറാനുള്ള ആഗ്രഹങ്ങളൊന്നും തന്നെ അടക്കിവെയ്ക്കാനുള്ളതല്ല. സാധിക്കാൻ കഴിയുന്ന ആഗ്രഹങ്ങൾ പരമാവധി സാധ്യമാക്കാൻ നോക്കുക.. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടിട്ട്‌ വാർദ്ധക്യത്തിലോ അല്ലെങ്കിൽ അതിനു മുന്നെയോ ഇഹലോകവാസം പൂകാറാകുമ്പോൾ ജീവിതത്തിൽ ആഗ്രഹിച്ചതൊന്നും നടന്നില്ല അല്ലെങ്കിൽ നേടിയില്ല എന്ന പരാതിയും സങ്കടവും പറയുന്നവർ ഒന്ന്  അറിയുക, അതിനു കാരണക്കാർ നമ്മൾ തന്നെയാണെന്ന്..  നമുക്ക്‌ സാധ്യമാകുന്നതും, മറ്റുള്ളവർക്ക്‌ ബുദ്‌ധിമുട്ട്‌ ഉണ്ടാക്കാത്തതുമായ എന്താഗ്രഹങ്ങളും പിന്നത്തേക്ക്‌ മാറ്റി വെയ്ക്കാതെ നേടാൻ ആയി ശ്രമിക്കുക.. മരണവും ജീവിതവും ഒന്നേയുള്ളൂ.. ഇതിന്റിടയിലെ ഓരോ സമയങ്ങളും വിലപ്പെട്ടതാണു.. മുഹൂർത്തം നോക്കി എല്ലാം കൂടി അവസാനം ചെയ്യാനിരുന്നാൽ നിരാശ മാത്രേ ബാക്കി കാണു.. അപ്പോൾ മടി പിടിച്ചിരിക്കാതെ എല്ലാവരും അവരവരുടെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ തയാറായിക്കൊള്ളുക.. അവരവരുടെ ആഗ്രഹങ്ങൾ സാധ്യമാക്കാൻ  അവരവർ തന്നെ മുന്നിട്ടിറങ്ങൂ..! 

read more: https://emalayalee.com/writer/75

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക