Image

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി

ദുര്‍ഗ മനോജ് Published on 02 March, 2024
 ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി

നിരപരാധിയായ സ്ത്രീയെ എഴുപത്തിരണ്ടു ദിവസം തടവറയില്‍ ഇട്ട കേസില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഹൈക്കോടതി. ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരെ ലഹരിമരുന്ന് കൈവശം സൂക്ഷിച്ചു എന്നു പറഞ്ഞു കേസ് എടുത്ത സംഭവത്തില്‍ അവരുടെ ബാഗില്‍ നിന്നും കണ്ടെടുത്ത എല്‍എസ് ഡി സ്റ്റാമ്പ് വ്യാജമാണെന്ന പരിശോധനാ ഫലം വരുവരെ  എഴുപത്തിരണ്ടു ദിവസമാണവര്‍ക്കു ജയിലില്‍ കഴിയേണ്ടിവന്നത്. ഷീല സണ്ണിയെ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ എക്‌സൈസിനെ വഴിതെറ്റിച്ച ആള്‍ തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി നാരായണ ദാസ് ആണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഷീലയുടെ അടുത്ത ബന്ധുവിന്റെ സുഹൃത്താണ് നാരായണ ദാസ്. കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ലഹരി സ്റ്റാമ്പ് അല്ലെന്നു തെളിഞ്ഞു. ഷീലയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നിലവില്‍ ഈ കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല സണ്ണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ വിധി പറയവേ ആണ് വ്യാജ ലഹരിക്കേസ് വളരെ ഗൗരവതരമായ കേസാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സമഗ്രമായ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ആരോപണ വിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് അയച്ചു.72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക