Image

നൂറ്റാണ്ടോർമ്മയിൽ വൈക്കം-തിളയ്ക്കുന്നു ചോര പെൺ ഞരമ്പുകളിൽ (കുര്യൻ പാമ്പാടി)

Published on 03 March, 2024
നൂറ്റാണ്ടോർമ്മയിൽ വൈക്കം-തിളയ്ക്കുന്നു ചോര പെൺ ഞരമ്പുകളിൽ (കുര്യൻ പാമ്പാടി)

തീണ്ടലിനും തൊടീലിനുമെതിരെ  വഴിനടക്കാൻ സ്വാതന്ത്ര്യം തേടി നടത്തിയ ഐതിഹാസികമായ   വൈക്കം സത്യാഗ്രഹത്തിന് ഒരുനൂറ്റാണ്ടു പൂർത്തിയാകുമ്പോൾ ഓര്മവയ്‌ക്കേണ്ട വൈക്കത്തെ ചില വീരാംഗനമാരുണ്ട്--വീരവിപ്ലവകാരി ഇ മാധവന്റെ ഭാര്യ സികെ കൗസല്യ, മക്കളായ  സികെ തുളസി, സികെ ഓമന, സികെ ലിലി, സികെ സാലി.

മണിമുഴങ്ങുന്നതു ആർക്കുവേണ്ടി? വൈക്കം ജെട്ടിയിൽ ജോജി സ്‌കറിയ സ്ഥാപിച്ച 15 ടൺ ഭാരമുള്ള  മണി

സികെ കൗസല്യയും പെണ്മക്കളുമെല്ലാം കടന്നു പോയെങ്കിലും ആ പരമ്പര  എത്തിനിൽക്കുന്നത് അവരുടെ ആശയസംഹിതകളോട് ഒട്ടിച്ചെർന്നു നിൽക്കുന്ന വൈക്കം ജനപ്രതിനിധി സികെ  ആശയിൽ. ആശക്കും  വിപ്ലവവീര്യം ഒട്ടും കുറവല്ല. ആ സമരചരിത്രം ഓർത്താൽ 'തിളക്കണം ചോര ഞരമ്പുകളിൽ' (വള്ളത്തോൾ, സാഹിത്യ മഞ്ജരി)

സവർണരുടെ അടിച്ചമർത്തലിൽ നരക ജീവിതം നയിക്കുന്ന ഈഴവർ ചങ്ങലകൾ വലിച്ചെറിഞ്ഞു ഹിന്ദുമതം വെടിഞ്ഞു സ്വാതന്ത്രസമുദായമെന്നു പ്രസംഗിച്ചതിനും പുസ്തകം രചിച്ചതിനും ഗളഹസ്തം ചയ്യപ്പെട്ട ധീരദേശാഭിമാനിയായിരുന്നു വൈക്കം താലൂക്കിലെ വെള്ളൂരിൽ  അയ്യൻകുഞ്ഞിന്റെയും ഇച്ചിരയുടെയും മകനായി 1903ൽ ജനിച്ച  ഇ. മാധവൻ.
 
സികെ സഹോദരിമാരുടെ പിതാവ് മാധവൻ എസ്എസ്എൽസി ജയിച്ചു എസ്എൻഡിപി സംഘടനാ സെക്രട്ടറിയായി. സാമൂഹ്യ  അനാചാരങ്ങൾക്കെതിരെ തീപ്പൊരിപ്രസംഗങ്ങൾ നടത്തിയ വാഗ്മിയായിരുന്നു. പ്രസംഗങ്ങൾ ക്രോഡീകരിച്ച് മുപ്പത്തൊന്നാം വയസിൽ ഇറക്കിയ 'സ്വതന്ത്ര സമുദായം' എന്ന ഗ്രന്ഥം തിരുവിതാംകൂറിലും കൊച്ചിയിയിലും ബ്രിട്ടീഷ് മലബാറിലും  നിരോധിക്കപ്പെട്ടു.

ജെട്ടി പാർക്കിൽ സ്വാതന്ത്ര്യ ശിൽപ്പങ്ങൾക്കൊപ്പം സികെ സഹോദരിമാർ

പക്ഷെ പുസ്തകത്തിന്റെ പ്രചാരം ആളിക്കത്തി. രണ്ടും മൂന്നും പതിപ്പുകൾ ഇറങ്ങി.  മാധവന്റെ മരണം നടന്നശേഷം പുതിയൊരുപതിപ്പിറക്കാൻ  45 വർഷം  എടുത്തു. 1979ൽ പ്രഭാത് ബുക്ക് ഹൗസ് ആണതിനു മുൻകൈഎടുത്തത്.  2015ൽ വർക്കല കലാപൂർണയുടെ ആദ്യപതിപ്പും 2023ൽ രണ്ടാം പതിപ്പും ഇറങ്ങി. മാധവന്റെ ആശയങ്ങൾക്ക് അന്നും ഇന്നും എന്നും പ്രസക്തിയുണ്ടെന്നാണ് ഈ പ്രചാരം തെളിയിക്കുന്നത്.

മിതവാദിപത്രാധിപർ സി കൃഷ്ണൻ, ഡോ. പി. പല്പു, അഖില കേരള തീയ യുവജന സംഘം  പ്രസിഡന്റും പിന്നീട്  തിരുകൊച്ചി മുഖ്യമന്ത്രിയുമായ  സി കേശവൻ, സഹോദരൻ കെ അയ്യപ്പൻ,  യുക്തിവാദി  പത്രാധിപർ എംസി ജോസഫ്, എം. രാമവർമ്മ തമ്പാൻ എന്നിവരുടെ അഭിപ്രായങ്ങളോടെയാണ്  പുസ്തകം ആരംഭിക്കുന്നത്.

പികെ മേദിനിയുടെ കൂടെ സികെ ആശ എംഎൽഎ

'മത വിശ്വാസത്തെ പാടെ എതിർത്തുകൊണ്ടുള്ള ഒരു ഗ്രന്ഥത്തിന്റെ ആവിർഭാവം കേരളത്തിൽ ഇതാദ്യമായിരിക്കണം,' മാധവൻ തന്നെ മുഖവുരയിൽ പറയുന്നു. 'വേദങ്ങൾ പുരാണങ്ങളെക്കാൾ അപരിഷ്കൃത നികൃഷ്ടവും അജ്ഞത്വം നിറഞ്ഞവയുമാകുന്നു. ഈ തോന്ന്യാസങ്ങൾ  എഴുതിവച്ച ഋഷികളാകട്ടെ, ഒരുവക മൂക്കുടിയൻമ്മാരും വേണ്ടാതീനക്കാരും ആയിരുന്നു.

'മദ്യമാംസാദികൾ മൂക്കയറ്റം അടിക്കുന്നവർക്കു മനുഷ്യ സഹജമായ മറ്റു വികല സ്വഭാവങ്ങളും ഉണ്ടായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. വസിഷ്ട്ടന്റെ കുശുമ്പും വിശ്വാമിത്രന്റെ ഡംഭും ദുർവാസാവിന്റെ ശുണ്ഠിയും പരാശരന്റെ കാമവും നാരദന്റെ ഏഷണിയും അല്പമെങ്കിലും ശമദമാദികൾ ഉള്ള ഒരുവന് ഉണ്ടാകുന്നതാണോ? ഇത്തരക്കാരെയാണ് ഹിന്ദുക്കൾ വേദവേദാന്ത വേദ്യന്മാരായും മറ്റും കീർത്തിക്കുന്നത്.  

ഇ. മാധവന്റെ പുസ്തകവുമായി  മകൻ സിഎം ബേബി; നാടകക്കാലത്തെ  മുഖം

'ഇവർ മദ്യവും സേവിച്ച് മാംസവും തിന്നു മത്തുപിടിച്ചു മതിമറന്നു കിടക്കുമ്പോൾ എഴുതിയുണ്ടാക്കിയതാണ് വേദശാസ്ത്രാദികൾ  എന്നു പറഞ്ഞാൽ അവയുടെ  ഉള്ളടക്കങ്ങളെപ്പറ്റി   ഊഹിക്കരുതോ?' ചോദിക്കുന്നു മാധവൻ.

'പുരാണകാലത്തെ സെൻസസിൻ  പടി മുപ്പത്തിമൂന്നു കോടിയാണ്  ഹിന്ദു ദൈവങ്ങൾ. അവ പെറ്റുപെരുകിയ പുതിയ കാലത്തു ആളോഹരി കണക്കു പറഞ്ഞു വാങ്ങുമ്പോൾ ഒരു ഹിനുവിന്‌ ഒന്നര ദൈവം വീതം അവകാശപ്പെട്ടതാണെ'ന്ന് മാധവൻ പരിഹസിക്കുന്നു. 'ഇക്കാലത്തുപോലും അതിസാഹസികനും ധീരനുമായ ഒരാൾക്ക് പറയുവാൻ കഴിയാത്ത കാര്യങ്ങളാണ് എഴുപത്തഞ്ചു വർഷം മുമ്പ് ഇ മാധവൻ പറഞ്ഞത്,' പുസ്തകത്തിന്റെ 2023ലെപതിപ്പിൽ വിശ്വമംഗലം സുന്ദരേശൻ എഴുതുന്നു.

സാലിയുടെ തഴപ്പാ നെയ്ത്തുസംഘത്തിലെ രത്നവല്ലി, ഇണ്ടംതുരുത്തിമനയിൽ  ഗാന്ധിജി ഇരുന്ന പൂമുഖത്ത്

മാധവൻ തന്നെ ഇറക്കിയ രണ്ടാംപതിപ്പിൽ ശ്രീ നാരായണ ഗുരു, ഗാന്ധിജി, നെഹ്‌റു, ഡോ..അംബേദ്കർ, ഇ.വി.  രാമസ്വാമി നായ്ക്കർ തുടങ്ങിയവർക്കൊപ്പം ലെനിന്റേയും ചിത്രം നൽകിയിരുന്നു. ചുവന്ന നിറത്തിൽ നൽകി ലെനിന്റെ ചിത്രം. ഒരുപക്ഷെ ഒരു മലയാള പുസ്തകത്തിൽ വരുന്ന ആദ്യത്തെ ലെനിൻ ചിത്രം.

'നിരീശ്വര റഷ്യാ സാമ്രാജ്യത്തിന്റെ സ്ഥാപകൻ. കൃഷ്ണനും ബുദ്ധനും ക്രിസ്‌തുവിനും മുഹമ്മദിനും നൽകുവാൻ കഴിയാത്ത സംതൃപ്തിയും സമാധാനവും മർദ്ദിത ലക്ഷങ്ങൾക്ക് നൽകിയ ദീനദയാലു' എന്നായി
രുന്നു അടിക്കുറിപ്പ്.

പുസ്തകത്തിന്റെ പ്രഭാത് ബുക്ക് ഹൗസ് പതിപ്പിൽ   എംകെ കുമാരൻ എംപി, പി.ഗോവിന്ദപിള്ള, പവനൻ എന്നിവരുടെ കുറിപ്പുകൾ അനു ബന്ധമായി ചേർത്തിരുന്നു. ഇ മാധവന്റെ സതീർഥ്യൻ ആയിരുന്ന കുമാരന്റെ ലേഖനം അവതാരികയായി ഉൾപ്പെടുത്തി.  

കണ്ണാടി കോവിലകത്തെ  അജിത് വർമ്മ, ഭാര്യ ശ്രീലത, കോമളൻ-പന്ന്യൻ  രവീന്ദ്രനുമൊത്ത്

കേരളനവോഥാനം' എന്ന ശീർഷകത്തിൽ പി ഗോവിന്ദപിള്ള എഴുതിയ കുറിപ്പിൽ ഇങ്ങിനെ കാണുന്നു:

'കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ ഘടകം രൂപീകരിക്കുന്നതിന് മൂന്നു കൊല്ലം മുമ്പ് 1934ൽ ആണ് മാധവൻ, അദ്ദേഹത്തിന്റെ പ്രക്ഷോഭജനകമായ 'സ്വതന്ത്ര സമുദായം' എഴുതി പ്രസിദ്ധീകരിച്ചത്. മാധവൻ വെറുമൊരു ചിന്തകനോ എഴുത്തുകാരനോ ആയിരുന്നില്ല. താൻ ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാമൂഹ്യ, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അദ്ദേഹം ഊർജസ്വലമായ പങ്കു വഹിച്ചു.

'കമ്മ്യുണിസ്റ് പാർട്ടിയിൽ അംഗത്വമൊന്നും എടുത്തിരുന്നില്ലെങ്കിലും മാധവൻ സോഷ്യലിസത്തിന്റെയും സോവിയറ്റ് യൂണിയന്റെയും ആരാധകൻ ആയിരുന്നു എന്ന് സ്വന്ത്ര സമുദായത്തിലെ പല പരാമർശനങ്ങളും വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ മക്കളും മരുമക്കളും എല്ലാം കമ്മ്യൂണിസ്റ്കാരോ കമ്മ്യൂണിസ്റ്റ് അനുഭാവികളോ ആണെന്നതും മാധവന്റെ മനോഭാവങ്ങൾക്കു തെളിവാണ്.

'അദ്ദേഹത്തിന്റെ ഭാര്യ  വടക്കൻ പറവൂർ  പാലിയത്ത് കുടുംബത്തിലെ സികെ കൗസല്യ ഒരു അദ്ധ്യാപികയാ
യിരുന്നു. മകൾ സികെ തുളസിയെ ജാതിവിലക്കുകൾ ലംഘിച്ച് കണ്ണാടി കോവിലകത്തെ രാമവർമ്മ തമ്പാൻ വിവാഹം ചെയ് തത്  അക്കാലത്തു വാർത്താപ്രാധാന്യം ഉള്ള ഒരു സംഭവം ആയിരുന്നു.

സികെ സാലി, രവീന്ദ്രൻ; ദുബായിലെ മകൻ രജി, ഭാര്യ രഞ്ജി

'മറ്റൊരുമകളും അധ്യാപികയും എഴുത്തുകാരിയുമായ സികെ ലില്ലി വിവാഹം ചെയ്തത് പ്രശസ്ത കവിയും സിപിഐ നേതാവും ആയ പെരുമ്പുഴ ഗോപാലകൃഷ്ണനെയാണ്. മറ്റൊരു മകൾ സികെ ഓമനയെ വിവാഹം ചെയ്തത് സിപിഐ നേതാവും ത്യാഗോജ്വലമായ വിപ്ലവ ജീവിതത്തിന്റെ ഉടമയായും ആയിരുന്ന മുൻ എംഎൽഎ സികെ വിശ്വനാഥൻ ആയിരുന്നു. അവരുടെ മകനാണ് എഴുത്തുകാരനും സിപിഐ നേതാവും എംഎൽഎയുമായ ബിനോയ് വിശ്വം

'ആകെ ഏഴുമക്കളിൽ മറ്റുള്ളവരെപ്പറ്റിയും എഴുതാമെങ്കിലും ചുരുക്കുന്നു. 'സ്വതന്ത്ര സമുദായം' മാധവന്റെ ഊർജസ്വലമായ  വ്യകതി പ്രഭാവം രാജ്യത്തെങ്ങും എന്ന പോലെ കുടുംബത്തിലും പിൻ മുറക്കാരിലും പ്രസരിക്കുന്ന എന്ന് ചൂണ്ടിക്കാട്ടാനാണ്‌ ഇത്രയും കുറിച്ചത് ' എന്ന് ഗോവിന്ദപിള്ള അവസാനിപ്പിക്കുന്നു.

ഇടതുസൈദ്ധാന്തികനെന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും ഞാൻ ബഹുമാനിക്കുന്ന ആളാണ്‌ പിജി. അദ്ദേഹം ഇറ്റാലിയൻ മാർക്സിസ്റ് സൈദ്ധാന്തികനായ അന്റോണിയോ ഗ്രാംസിയെക്കുറിച്ച് എഴുതിയ പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുത്ത ആളാണ് ഞാൻ. പുസ്തകത്തിൽ ഞാൻ ചൂണ്ടിക്കാട്ടിയ ഒരു നിസാര പിശക് അംഗീകരിച്ചു നന്ദി പറഞ്ഞ ആൾ. തന്മൂലം മാധവനെക്കുറിച്ചു അദ്ദേഹം എഴുതിയ കുറിപ്പ്  പ്രവാചകന്റെ വാക്കുകൾ പോലെ മാനിക്കുന്നു.

കൗസല്യയുടെ ഇളയ മകൻ സിഎം ജോയി,  ഭാര്യ അഡ്വ. സേതു

പിജി അർദ്ധ വിരാമത്തിൽ   പറഞ്ഞു നിർത്തിയിടത്ത്  തുടങ്ങാം. മാധവന്റെ കുടുംബത്തിൽ ഭാര്യ സികെ കൗസല്യയും  സികെ  പെൺമക്കളും അന്തരിച്ചിട്ടു നാളുകളായി. കൗസല്യ എന്റെ പിതാവ് എം വർഗീസിന്റെ  കൂടെ പഠിപ്പിച്ചയാൾ. മകൾ സികെ സാലി എന്റെ ക്ലാസ്സ്മേറ്റും. മൂന്നു ആണ്മക്കളിൽ സിഎം തങ്കപ്പനും കടന്നു പോയി. സിഎം ബേബിയും സിഎം ജോയിയും ഉണ്ട്.

മുപ്പതു  വർഷം കൊല്ലം യുണൈറ്റഡ് ഇലക്ട്രിക് കമ്പനിയിൽ ജോലിചെയ്തു വിരമിച്ച ആളാണ്‌ ബേബി (81). 25 വർഷത്തോളം കൊല്ലം അസിസി,  കാളിദാസകലാകേന്ദ്രം, കെപിഎസി ഉൾപ്പെടെയുള്ള സമിതികളുടെ നാടകങ്ങളിൽ നായകനായും പ്രമുഖ കഥാപാത്രമായും   അഭിനയിച്ചു.1970ൽ  കൊല്ലത്ത് നടന്ന അഖിലേന്ത്യ വ്യവസായ വാണിജ്യ  പ്രദര്ശനത്തോട് അനുബന്ധമായി നടന്ന ഏകാങ്ക നാടക മത്സരത്തിൽ മികച്ച നടനുള്ള പുരസ്കാരം നേടിയതോടെയാണ് തുടക്കം.

സികെ വിശ്വനാഥൻ, സികെ ഓമന, മക്കൾ; മുൻനിര ഇടത്ത് ബിനോയ് വിശ്വം

കൊല്ലം അസിസിയുടെ നാടകങ്ങളിലാണ് കൂടുതലായും പങ്കെടുത്തത്. സമിതിയെ നയിച്ച. ഫാ. ഫൗസിൻ കപ്പുച്ചിനിൽനിന്നു ആദ്യ പ്രതിഫലം ലഭിച്ചു-15 രൂപ. കൊല്ലം ദൃശ്യകലാഞ്ജലി, കൈനകരി തീയേറ്റേഴ്‌സ്, വിശ്വശ്രീ, സൃഷ്ട്ടി തുടങ്ങിയ സമിതികളുടെ നാടകങ്ങളിലും അരങ്ങു വാണു.  

കെ.ടി. മുഹമ്മദിന്റെ 'അച്ഛനും ബാപ്പയും' നാടകം സിനിമയായി ഇറങ്ങി 25 വർഷങ്ങൾക്കു ശേഷം 'സംഗമം' എന്ന പേരിൽ  കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ചു.  ഒ.മാധവനും മകൻ മുകേശും ഭാര്യ വിജയകുമാരിയും അഭിനയിച്ച  ആ നാടകത്തിൽ വിജയകുമാരിയുടെ ഭർത്താവിന്റെ റോൾ ബേബിയാണ് കൈകാര്യം ചെയ്തത്.    

വൈക്കം സത്യാഗ്രഹത്തിന് എത്തിയ ഗാന്ധിജിയെ പുറത്തിരുത്തി കുപ്രസിദ്ധിയാർജിച്ച ഇണ്ടന്തുരുത്തി മനയിൽ  (ഇന്നത് വൈക്കം ചെത്തുതൊഴിലാളി യൂണിയന്റെ ആസ്ഥാനം) നടന്ന ഒരു ചടങ്ങിൽ വച്ച് ബിനോയ് വിശ്വവുമായി ഞാൻ  കണ്ടുമുട്ടി. ചെത്തു തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച  വിശ്വത്തിന്റെ അച്ഛൻ സികെ വിശ്വനാഥൻ എംഎൽഎയെ   സംസ്കരിച്ചതും മനയുടെ മുന്നിലാണ്.

ബിനോയിയുടെ അമ്മാവൻ- അമ്മ സികെ ഓമനയുടെ സഹോദരൻ- ബേബിയേയും അവിടെ വച്ച്‌ ഞാൻ സന്ധിച്ചു. എന്റെ പിതാവ് വർഗീസ് സാർ പഠിപ്പിച്ചിട്ടുണ്ടെന്നും അക്കാലത്തു ഞങ്ങളുടെ  വീട്ടിൽ വന്നിട്ടുണ്ടെന്നും സാലി അവിടെ ചോറ്റുപാത്രം വച്ച് ഊണുകഴിക്കാറുണ്ടായിരുന്നുവെന്നും ബേബി ഓർമ്മിച്ചെടുത്തപ്പോൾ പൊയ്പോയ ആ  നാളുകൾ ഓർത്തു എന്റെ ശബ്ദം ഇടറി, കണ്ണുകൾ നനഞ്ഞു.

സികെ കൗസല്യയും മക്കളും മരുമക്കളൂം-ജീവിക്കുന്ന ഇതിഹാസം

ബേബി എന്നെ മേവെളളൂരിൽ  ന്യൂസ്‌പ്രിന്റ് ഫാക്ടറിക്ക് സമീപമുള്ള 'കോസലം' വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. അമ്മ കൗസല്യയുടെ ഓർമ്മക്കാണ് വീടിനു കോസലം എന്ന് പേരിട്ടത്. കോസലരാജാവിന്റെ മകൾ ആയിരുന്നു കൗസല്യ എന്നാണല്ലോ രാമായണവും മഹാഭാരതവും പറയുന്നത്.

അച്ഛന്റെ വീട്ടുപേര് ചെറുകാട്ടിൽ, അമ്മയുടേത് ചേലക്കാട്ട്. അങ്ങിനെ അമ്മയും പെൺമക്കളും സികെ എന്ന ഇനിഷ്യലിന്റെ ഉടമകളായി. അച്ഛന്റെ കാലത്തു മേവെള്ളൂരിൽ മൂവാറ്റുപുഴയോരത്ത് ഒരു മാളിക പണിതു. അങ്ങിനെ ആണുങ്ങളേവരും  ചെറുകാട്ടിൽ  മാളികയിൽ മാധവന്റെ മക്കൾ എന്ന നിലയിൽ സിഎം എന്ന ഇനിഷ്യൽ സ്വീകരിച്ചു.

ബേബിയുടെ ഭാര്യ റിട്ട. അധ്യാപിക ഭുവനേശ്വരി ഞങ്ങൾക്ക് ചായയും പലഹാരവും നൽകി. ഇളയമകൻ ബിജിൽ ബിസിനസ് കാരൻ. ചേട്ടൻ ബിമൽ ഖത്തറിൽ. കോട്ടയത്തെ അനുജൻ സിഎം ജോയിയെയും ഞങ്ങളൊന്നിച്ച് സന്ദർശിച്ചു. ഇലക്ട്രിസിറ്റി ബോർഡിൽ സൂപ്രണ്ട് ആയിരുന്നു ജോയി (79). അഡ്വ.സേതുലക്ഷ്മി ഭാര്യ.

വൈക്കത്തെ സാലിയുടെ   വീട്ടിലും ഞങ്ങൾ എത്തി. സാലിയുടെ ഏക മകൻ റെജി അബുദാബിയിലാണ്. ഭാര്യ രഞ്ജിയും മക്കളും നാട്ടിൽ. സാലി സംഘടിപ്പിച്ച വൈക്കം തഴപ്പാ നെയ്തു സഹകരണ സംഘത്തെ ഇപ്പോൾ നയിക്കുന്നത് രഞ്ജിയാണ്.

ഇണ്ടംതുരുത്തി മനയിൽ അതിരാവിലെ എത്തിയപ്പോൾ അടിച്ചു തളിച്ച് എല്ലാം ഒരുക്കുന്ന തഴപ്പാ നെയ്ത്തുകാരി രത്നവല്ലിയുമായി കൂട്ടിമുട്ടി. സികെ സഹോദരിമാരുടെ രാഷ്ട്രീയ സാമൂഹ്യ ഇടപെടലുകൾ നേരിട്ടറിയാവുന്ന രത്നവല്ലിയുടെ വിവരണങ്ങൾ ആരെയും പിടിച്ചു നിർത്തും.സാലി നയിച്ച വൈക്കം താലൂക്ക് തഴപ്പാ സംഘത്തിൽ ഒരുകാലത്ത് 500 അംഗങ്ങൾ ഉണ്ടായിരുന്നുവെന്ന് രത്നവല്ലി പറഞ്ഞു.  

വൈക്കത്തെ പെണ്മക്കളുടെ മനക്കരുത്ത് എംഎൽഎ സികെ ആശയിലേക്കു നീളുന്നു.  

ആശയേയും ഞാൻ കണ്ടു. ഇണ്ടംതുരുത്തി മനയിൽ സംഗീത സംവിധായകൻ ജയചന്ദ്രൻ ഗായകി പി,കെ മേദിനിക്ക് സികെവിശ്വനാഥൻ  പുരസ്ക്കാരം നൽകുന്ന ചടങ്ങിൽ. ചെവിടടപ്പിക്കുന്ന സ്വരത്തിൽ ബലികുടീരങ്ങളേ  മുഴങ്ങുന്നതിനിടയിൽ ഞാൻ സ്റ്റേജിൽ കയറിച്ചെന്നു പിന്നിൽ ഇരുന്നിരുന്ന ആശയോട് സംസാരിച്ചു.

'ഞാൻ കോട്ടയത്തെ പത്ര പ്രവർത്തകനാണ്. നാം തമ്മിൽ  ഇമെയിൽ ബന്ധമുണ്ട്. സംസാരിച്ചിട്ടുമുണ്ട്.' ആശ സവിനയം എണീറ്റ് 'അറിയാം' എന്നു പറഞ്ഞു ചിരിയോടെ ചോദിച്ചു 'എന്ത് വേണം?' 'മേദിനിചേച്ചിയോടൊപ്പം ആശയുടെ ഒരു പടം വേണം. അവരുടെ പിന്നിൽ വന്നു ഒരു നിമിഷം നിന്ന് തരുമോ?'

ആശ കൈയോടെ മേദിനിചേച്ചിയുടെ പിന്നിൽ വന്നു എന്നു  മാത്രമല്ല ആ മുഖം  ചേർത്ത് പിടിച്ച് ഒരു മകളെപ്പോലെ ചുംബിച്ചു. ചേച്ചിയുടെ മുഖം സന്തോഷം കൊണ്ട് പൊട്ടി വിരിഞ്ഞു. ഒരു നിമിഷം കൊണ്ട് എനിക്ക് അപൂർവമായ ചിത്രവും കിട്ടി. ആശയുടെ സ്നേഹത്തിന്റെ നിറകുടമായ മുഖം.

ആശക്കു സികെ എന്ന ഇനിഷ്യൽ എങ്ങിനെ വന്നു? വൈക്കത്തടുത്ത് ഉദയനാപുരം കാണാക്കേരിൽ  കെ.ചെല്ലപ്പന്റെയും വി. ബി. ഭാസുരാംഗിയുടെയും മകളാണ്. സികെ എന്നാൽ ചെല്ലപ്പൻ കാണാക്കേരിൽ.  ബിരുദത്തിനു പഠിച്ച കൊതവറ സെന്റ് സേവിയേഴ്‌സ് കോളജിൽ രണ്ടു തവണ സ്റ്റുഡന്റസ് യൂണിയന്റെ വൈസ് ചെയർപേഴ്സൻ  ആയിരുന്നു.

വാട്ടർ ട്രാൻസ്‌പോർട് വകുപ്പിലെ കെ ആർ രാജേഷ് ആണ് ഭർത്താവ്. പ്ലസ് ൨ കഴിഞ്ഞ കിരൺ രാജ് മകൻ. ഒമ്പതിൽ എത്തിയ കീർത്തി നന്ദന  മകൾ.

Join WhatsApp News
Vaikom madhu 2024-03-04 13:18:09
Very good story. Written in an inimitable style. Thanks my close friend kurien pampady.
EK Somasekharan 2024-03-05 10:33:27
'ധീരനായ ഇ മാധവന്റെ 'സ്വതന്ത്ര സമുദായം' കൃതിയെ ഓർമ്മിപ്പിച്ച രചന ഗംഭീരവും സമയയോചിതമായിരുന്നു. 1934ൽ സാഹസികബുധ്ധിയോടെ അങ്ങിനെയൊരു പുസ്തകം എഴുതാൻ കാട്ടിയ വിപദി ധൈര്യം കാലം എത്ര കഴിഞ്ഞിട്ടും മറ്റാർക്കും ലഭിച്ചിട്ടില്ല. ആ ഓർമ്മയ്ക്ക് മുമ്പിൽ ഞാൻ സവിനയം തലകുനിക്കുന്നു. -ഇ.കെ. സോമശേഖരൻ. കോട്ടയം
വൈക്കം മധു 2024-03-06 07:46:07
വളരെ നല്ല സ്റ്റോറി. താങ്ക്സ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക