ഡാലസ്: റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ആകാൻ ശ്രമിക്കുന്ന മുൻ യു എൻ അംബാസഡർ നിക്കി ഹേലിയുടെ അവസാനത്തെ പ്രതീക്ഷ ചൊവ്വാഴ്ച (സൂപ്പർ ട്യുസ്‌ഡേ) നടക്കുന്ന 16 സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ പ്രൈമറികളാണ്.
ഇതു വരെ നടന്ന പ്രൈമറികളിലും കോക്കസുകളിലും നിന്ന് അവർക്കു നേടാൻ കഴിഞ്ഞത് 24 ഡെലിഗേറ്റുകളെയാണ്. സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞ മുൻ പ്രസിഡന്റ് ട്രംപിനു 244 പ്രതിനിധികളെ നേടാൻ കഴിഞ്ഞു. നോമിനേഷൻ ലഭിക്കുവാൻ വേണ്ടത് 1215 പ്രതിനിധികളുടെ പിന്തുണ ആണ്.
സൂപ്പർ ടുസ്‌ഡേയിൽ ടെക്സസും ഉൾപ്പെടുന്നുണ്ട്.
ടെക്സസ് ഇപ്പോൾ പൂർണമായും ട്രംപിനെ പിന്താങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. ഗവർണ്ണർ ഗ്രെഗ് ആബട് ട്രംപിന്റെ ഉറ്റ ചെങ്ങാതി ആയി മാറിക്കഴിഞ്ഞു. ആബട്ടിനെ ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. 2028 ഇൽ യു എസ പ്രസിഡന്റ് സ്ഥാനത്തേക്ക് ആബട് മത്സരിക്കും എന്ന് നിരീക്ഷകർ കരുതുന്നു.
മിഷിഗണിൽ കഴിഞ്ഞ ദിവസം നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ആകെയുള്ള 39 ഡെലിഗേറ്റുകളെയും റിപ്പബ്ലിക്കൻ കൺവെൻഷൻ ട്രംപിന് നൽകുകയായിരുന്നു. കാരണം ഹേലിക്കു ഡെലിഗേറ്റ് നേടാൻ പിന്തുണ ഉണ്ടായിരുന്നില്ല. ഹേലി വളരെ വീറോടെ ഒരു മത്സര മുന്നേറ്റം നടത്തി. ആത്മാർത്ഥമായി രാവും പകലും ഒരു പറ്റം പ്രവർത്തകർ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തിച്ചു. ഇത് ഹേലിക്കു വലിയ പ്രതീക്ഷ നൽകി. എന്നാൽ നിലവിലെ രാഷ്ട്രീയ, സാമൂഹ്യ സംവിധാനത്തിൽ ഉന്നത പദവിയിലേക്ക് മത്സരിക്കുവാൻ ഒരു വലിയ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് നോമിനേഷൻ ലഭിക്കുക അസാധ്യം ആണെന്ന യാഥാർഥ്യം ഹേലി തിരിച്ചറിഞ്ഞത് വളരെ വൈകി ആണ്.
യൂണിവേഴ്സിറ്റി ഓഫ് ടെക്സസിന്റെ ടെക്സാസ് പൊളിറ്റിക്സ് പോർജെക്ട കഴിഞ്ഞ മാസം നടത്തിയ വോട്ടെടുപ്പിൽ ട്രംപിന് 80 % വും ഹേലിക്കു ശേഷിച്ച 20 % വും ആണ് ലഭിച്ചത്. ഹേലി ഈ സർവ്വേ ഫലം തള്ളിക്കളഞ്ഞു.
ചില സർവ്വേകൾ ഹേലിയെയും പ്രസിഡന്റ് ബൈഡനെയും ഒരു തുലനം നടത്തുന്നു. ഈ സർവ്വേകൾ ഹേലി ബൈഡനെ പരാജയപ്പെടുത്തും എന്ന് പറയുന്നു. ഇത് ഹേലിക്കുഉം അനുയായികൾക്കും വീര്യം നൽകുന്നു.
ഹേലി റിപ്പബ്ലിക്കൻ പാർട്ടിക്ക് പുറത്തു വന്നു ഒരു മൂന്നാം പാർട്ടി സ്ഥാനാർഥി ആയി മത്സരിക്കണം എന്ന ആശയം ഇവർ മുന്നോട്ടു വയ്ക്കുന്നു. പക്ഷെ നിലവിലെ സാഹചര്യത്തിൽ ഇത് അത്ര എളുപ്പമല്ല.
സൂപ്പർ ടുസ്‌ഡേ ഫലങ്ങൾ കാത്തിരിക്കാം. ഇവയോട് ഹേലി എങ്ങനെ പ്രതികരിക്കും എന്ന് നോക്കാം.