Image

എന്റെ കുറിപ്പുകൾ 2024 (ഭാഗം-12: സോയ നായര്‍) 

Published on 04 March, 2024
എന്റെ കുറിപ്പുകൾ 2024 (ഭാഗം-12: സോയ നായര്‍) 

27. Life has ups and downs, it’s normal..! 

ഒത്തിരിയേറെ സങ്കടങ്ങൾ വരുമ്പോൾ നമ്മളെ ക്ഷമയോടെ കേൾക്കാൻ, നമ്മൾക്ക്‌ ആശ്വാസം പകരാൻ, സങ്കടക്കുത്തൊഴുക്കിൽ നിന്നും നമ്മളെ ജീവിതത്തിലേക്ക്‌ കര കയറ്റാൻ, വീണ്ടും ശക്തയായ്‌ അതിജീവനത്തിന്റെ പാതയിലൂടെ ഉയർത്തെണീക്കാൻ പ്രചോദനം നൽകുന്ന  ഒരാൾ ഉണ്ടെങ്കിൽ വിഷാദത്തിനും വിരഹത്തിനും വിയോഗത്തിനുമൊന്നും അടിമകളാകാതെ നമ്മൾക്ക്‌ നമ്മളെ തന്നെ നിയന്ത്രിക്കാൻ ആകും. ഈ സത്യം തിരിച്ചറിയാൻ, കണ്ടെത്താൻ വൈകുന്തോറുമാണു സ്വയം നഷ്ടങ്ങൾ നമ്മൾക്കരികിലെത്തുക. 

എല്ലാ ദുഖത്തിനും കീഴടങ്ങി, ഭീരുവിനെപ്പോലെ പതറി, ആത്മഹത്യയുടെ മുനമ്പിൽ കയ്യറി നിൽക്കുന്ന ഓരോരുത്തരും എപ്പോഴും ഒന്നു ചിന്തിക്കണം. യഥാസമയം നമ്മൾ നിയന്ത്രിക്കേണ്ടിയിരുന്ന സാഹചര്യങ്ങളെ തള്ളിക്കളഞ്ഞ്‌ നമ്മൾതന്നെയല്ലേ ഇത്തരമൊരു സാഹചര്യത്തിൽ എത്തി നിൽക്കുവാനുള്ള അവസരങ്ങൾ ഉണ്ടാക്കിയതെന്ന്.. ഒരു ആത്മഹത്യ കൊണ്ട്‌ എല്ലാ പ്രശ്നങ്ങളും തീരും എന്ന് കരുതുന്നിടത്തല്ലേ പ്രശ്നങ്ങളുടെ ആരംഭം. നിങ്ങളുടെ കാലശേഷം നിങ്ങൾവരുത്തിവച്ച തെറ്റുകൾക്ക്‌ പിന്നാലെ പോകേണ്ടി വരുന്ന സ്വന്തം കുടുംബങ്ങളെ കുറിച്ച്‌ ഓർത്തിട്ടുണ്ടോ? ആ ഒരു നിമിഷത്തിന്റെ ചാഞ്ചാട്ടത്തിനു  ഒരായുസ്സിന്റെ കണ്ണീർ എന്തിനു നമ്മളെ സ്നേഹിക്കുന്നവർക്ക്‌ നൽകുന്നു. ആ ഇല്ലാതാക്കലിലൂടെ എന്തിനു നാം നമ്മളെ തന്നെ സമൂഹത്തിനു മുന്നിൽ ഭീരുവായി തരം താഴ്ത്തുന്നു?
ആർക്ക്‌ വേണ്ടി? എന്തിനായ്‌ എല്ലാം ഒരു നിമിഷം കൊണ്ട്‌ ഇല്ലാതാക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? എല്ലാം ഇട്ടെറിഞ്ഞ്‌ പോകുമ്പോഴും ജീവിച്ചിരിക്കുമ്പോഴും നിങ്ങൾ എന്താണു കുടുംബത്തിനു നൽകുന്നത്‌.. തീ പോലെ വെന്ത മനസ്സ്‌. 

കുടുംബത്തിലെ കാര്യങ്ങളെക്കാൾ കൂടുതൽ പ്രാധാന്യം കൊടുത്ത്‌ പലിശയ്ക്ക്‌ പലരുടെ കൈയിൽ നിന്ന് കടവും ഇടവുംവാങ്ങി കൊറേ കൂട്ടുകാരെ സഹായിക്കാൻ പോയ ചങ്ങാതി. എന്നിട്ട്‌ പണം അവന്റെ കൈയിൽ നിന്നും ഓസിനു വാങ്ങി സ്വന്തം കാര്യംസാധിച്ച്‌ കഴിഞ്ഞ്‌ഈ കൂട്ടുകാരെ കാണാനേ ഇല്ല. ആടു കിടന്നിടത്ത്‌ പൂട പോലും ഇല്ല എന്ന അതേ അവസ്ഥ. അവരെ ഫോൺവിളിച്ചാൽ എടുക്കില്ല, പണം തിരികെ ചോദിച്ചാൽ കൊറേന്യായങ്ങൾ പറഞ്ഞ്‌ കൈയൊഴിയൽ, പണം ഇല്ല എന്നു പറഞ്ഞ്‌ കാലാവധി ദീർഘിപ്പിക്കൽ... എന്തൊക്കെ കള്ളത്തരം പറയാൻ പറ്റുമോ അത്രയും പറയും, കൈയിൽ ഉണ്ടെങ്കിലും കൊടുക്കില്ല. ദാനശീലം കൂടി സഹായിക്കാൻ പോയവരോ കൈയിലുള്ളത്‌ ഒക്കെ നുള്ളിപ്പെറുക്കി കൊടുത്താലും വാങ്ങിയ കടംവീട്ടാൻ ആകാതെ അവസാനം കുടുംബം സഹിതം പെരുവഴി.  നാണക്കേടും മാനഹാനിയും താങ്ങാനാകാതെ അവർ ആത്മഹത്യാ വക്കിലേക്ക്‌ എത്തുമ്പോൾ ആർക്കാണു ജീവിതം ഇല്ലാതാകുക ? പലരും എത്ര അനുഭവം വന്നാലും വീണ്ടും അതേ വഴി പോകുന്നത്‌ ബുദ്ധിയില്ലായ്മ ആണോ അഹങ്കാരമാണോ എന്നാലോചിച്ചാൽ ശുദ്ധമണ്ടത്തരം എന്നേ പറയാനാകൂ. കടം വാങ്ങി പണം ദാനം ചെയ്ത്‌ ചെയ്ത്‌ കൂട്ടുകാരെ സഹായിക്കാൻ പോയി വീട്ടിനുള്ളിലെ മനസമാധാനം എന്നന്നേക്കുമായി ഇല്ലാണ്ടാക്കിയ ഒരു ചങ്ങാതിയുടെ കഥയാണു  ഇത്‌. 

എന്ത്‌ കാര്യത്തിലേക്കുമെടുത്തു ചാടും മുൻപ്‌ വരുംവരായ്കളെ കുറിച്ച്‌ ചിന്തിക്കാൻ ശ്രമിക്കുക. ഭീരുവാകാനും ധൈര്യമുള്ളവൻ ആകാനും അവസരങൾ മുന്നിലുള്ളപ്പോൾ ചങ്കുറപ്പോടെ ധൈര്യശാലി ആകാൻ നമ്മൾ തയാറാകണം.. ഈ ജീവിതം സുഖകരമായി ജീവിക്കുക എന്നത് ആർക്കും ‌ അത്ര എളുപ്പമല്ല. എളുപ്പമല്ലാത്തതിനെ നമ്മൾ ചിരിച്ച്‌ കൊണ്ട്‌ അനായേസേന കീഴ്പ്പെടുത്തുമ്പോൾ കിട്ടുന്ന ആ എനർജി മതി   ബാക്കി ജീവിതം സന്തുഷ്ടമായി ജീവിക്കാൻ. നമ്മൾ ആദ്യം നമ്മളെ സ്നേഹിക്കുക, പിന്നെ വിശാലമായി ചിന്തിക്കുക, പോസിറ്റിവ്‌ ആയി എല്ലാ കാര്യങ്ങളെയും സമീപിക്കുക. പുറമേ ചിരിച്ച്‌ കൊണ്ട്‌ നടക്കുന്ന എല്ലാവർക്കുമുള്ളിലുണ്ട്‌ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ പാകത്തിനുള്ള അഗ്നിപർവ്വതങ്ങൾ. ആ വിഷമങ്ങളെ നമ്മളെ കേൾക്കുന്ന, വിശ്വസിക്കാൻ പറ്റുന്ന  ചങ്ങാതി/ മാർക്കൊപ്പം പങ്കിടുക..  ഒന്നിനും നമ്മളെ അടിമപ്പെടുത്താൻ ഉള്ള സ്വാതന്ത്ര്യം നൽകരുത്‌. അങ്ങനെ ചെയ്യുകയാണെങ്കിൽ മാത്രമേ വിഷാദവും വിരഹവും വിയോഗവും ഒക്കെ നമ്മളെ പെട്ടെന്ന്കീഴ്പ്പെടുത്തുകയുള്ളു. മരണം കൊണ്ട്‌ എല്ലാവരുടെയും എല്ലാ പ്രശ്നങ്ങളും തീരും എന്ന് ഉണ്ടായിരുന്നെങ്കിൽ നമ്മളാരും ജീവിച്ചിരിക്കുവാനേ പാടില്ലല്ലോ. പ്രശ്നങ്ങൾ എല്ലാവർക്കുമുണ്ട്‌. ആ പ്രശ്നങ്ങളെ നേരിടാനുള്ള മനോധൈര്യം ഒരിക്കലും വെടിയരുത്‌. ജീവിക്കുവാൻ ആണു ഏറ്റവും പാട്‌. ആ വെല്ലുവിളിയാണു അതിന്റെ സൗന്ദര്യവും..!


28. Learn from your mistakes!! 

എന്റെ ഹ്യദയം ചെറുതാണു. അതിനു ആവശ്യത്തിലധികം സംഘർഷം വീട്‌, ജോലി, എഴുത്ത്‌, സമൂഹം എന്നിവിടങ്ങളിൽ നിന്നും കിട്ടുന്നുമുണ്ട്‌.. അത്‌ കൊണ്ട്‌ തന്നെ അനാവശ്യമായ സംഘർഷങ്ങളെ ഹ്യദയത്തിലോട്ട്‌ ക്ഷണിക്കാറില്ല. ഉള്ള സമയം അവസരോചിതമായി വിനിയോഗിക്കാതെ ചുമ്മാ ചുറ്റുമുള്ള നിസ്സാരമായ കാര്യങൾക്ക്‌ വേണ്ടി എന്തിനു നമ്മൾ സമയം പാഴാക്കണം  എന്നങ്ങു ഹ്യദയത്തിനെ പറഞ്ഞ്‌ മനസ്സിലാക്കും.😊

ഭൂമിയിൽ നമുക്കായ്‌ ഉള്ള ഓരോ സമയവും വിലപ്പെട്ടതാണു. ആ സമയങ്ങളിൽ നമ്മളോരുത്തർക്കും ചെയ്ത്‌ തീർക്കാൻ എന്തെല്ലാം നല്ല കാര്യങ്ങൾ ഉണ്ട്‌. അതിനു പകരം മറ്റുള്ളവർ നമുക്ക്‌ നേരെ ചെയ്യുന്ന, അല്ലെങ്കിൽ  കാണിച്ചു കൂട്ടുന്ന മോശം കാര്യങ്ങളെപറ്റി ഓർത്ത്‌ നമ്മൾ എന്തിനു സങ്കടപ്പെടണം? നമ്മൾ എന്തിനു സമയം കളയണം..തെറ്റുകൾ ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാകില്ല.. കുട്ടിക്കാലത്ത്‌ ക്ലാസിൽ താമസിച്ച്‌ വന്നാൽ റ്റീച്ചറിന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരങ്ങളായി ചെറിയ കള്ളം പറഞ്ഞു ആദ്യതെറ്റ്‌ ചെയ്യുന്നു. പിന്നീട്‌ ഓരോ സന്ദർഭങ്ങളിൽ ചിലപ്പോൾ കൂട്ടുകാരോടും വീട്ടുകാരോടും കള്ളം പറയുന്നു. ഇങ്ങനെയുള്ള അനേകം തെറ്റുകളെ അറിഞ്ഞു കൊണ്ടു ചെയ്യുന്ന തെറ്റ്‌, അറിയാതെ ചെയ്ത  തെറ്റ്‌  എന്നൊക്കെ എത്ര തരം തിരിച്ച്‌ പറഞ്ഞാലും നാം ചെയ്യുന്ന എല്ലാ തെറ്റുകളും തെറ്റ്‌ തന്നെയാണു എന്നത്‌ സത്യം.. 

ചെയ്ത, ചെയ്തു കൊണ്ടിരിക്കുന്ന തെറ്റുകൾ ഒരിക്കലും തിരുത്താൻ ശ്രമിക്കാതെ, ഒന്നിലധികം തെറ്റുകളിലേക്ക്‌ നമ്മൾ വീണ്ടും ചെന്ന് മനപൂർവ്വം വീഴുമ്പോൾ ഒന്ന് ഓർക്കണം ചെറുതും വലുതുമായ അനേകം തെറ്റുകൾ ചെയ്ത്‌ ‌ മുന്നേറുന്നവർ ആരായാലും ഒരിക്കൽ ക്രൂശിക്കപ്പെടുമെന്ന്. ന്യായം എത്ര നിരത്തിയാലും ഒരു തെറ്റിൽ നിന്നും മറ്റൊരു തെറ്റിലേക്ക്‌ നാം ഓരോരുത്തരും യാത്ര ചെയ്യുമ്പോൾ ആ തെറ്റുകളുടെ കാഠിന്യം നാം അറിയാതെ പോകുന്നു അല്ലെങ്കിൽ മനപ്പൂർവ്വം അവഗണിക്കുന്നു എന്നതാണു ശരി. അത്‌ നമ്മുടെ മാത്രം ശരികളായ്‌ നാം വിലയിരുത്തുമ്പോൾ നാം നമ്മുടെ വ്യക്തിത്വത്തിനോട്‌, നമ്മുടെ സ്നേഹബന്ധങ്ങളോട്‌ ചെയ്യുന്ന അവിശ്വാസം, അതിനു നൽകേണ്ടി വരുന്ന നഷ്ടങ്ങൾ ഇതൊക്കെ മുങ്കൂട്ടി ഓർക്കണം..ആത്മാർത്ഥതയിൽ ചേർക്കുന്ന മായം  മൂലം ബന്ധങ്ങളിൽ ഉണ്ടാക്കുന്ന മുറിവുകളെപ്പറ്റി ആലോചിക്കണം.
സ്നേഹമുള്ളവർ നമ്മുടെ തെറ്റ്‌ ചൂണ്ടിക്കാട്ടിയാൽ അവരെ വെറുക്കാതെ, ആ ചൂണ്ടിക്കാട്ടുന്നവരെ മനസ്സിലാക്കാനും അതിൽ നിന്നും ശരികളിലേക്ക്‌ സഞ്ചരിക്കാനും നാം പഠിക്കണം..

നമ്മളുടെസ്നേഹവും കരുതലും ആഗ്രഹിക്കുന്നവരെ, നമ്മളെ ആവശ്യമുള്ളവരെ എപ്പോഴും പിന്തുണയ്ക്കുക. ചെയ്യുന്ന ശരികളുടെ പോസിറ്റീവ്‌ ഊർജ്ജം കൊണ്ട്‌ ജീവിതം ആസ്വദിക്കുക. നമ്മളെ ആവശ്യമില്ലാത്ത, നിരന്തരം തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന, സങ്കുചിതമനോഭാവക്കാരെ എപ്പോഴും അകറ്റി നിർത്തുക. അതാണു എപ്പോഴും നല്ല ചിന്താഗതിക്കാർ എടുക്കേണ്ട നല്ല തീരുമാനം.. നല്ല വ്യക്തിത്വം നമ്മുടെ പ്രവ്യത്തിയിൽ നിന്നാണു ഉണ്ടാകേണ്ടത്‌.. നമ്മൾ നമ്മളായിരിക്കുക. ആ വ്യക്തിത്വത്തിനുള്ളിലെ  കുഞ്ഞ്‌ ഹ്യദയം കൊണ്ട്‌ ഇനിയും ചെയ്യുവാൻ കുറെയധികം നല്ല പ്രവ്യത്തികൾ ഭൂമിയിൽ നമുക്കെല്ലാവർക്കും ബാക്കി ഉണ്ട്‌.. ധീരർ എപ്പോഴും അതിൽ മുഴുകും. അപ്പോൾ ധീരന്മാരാരും ചുമ്മാ നിസ്സാരകാര്യങ്ങളെക്കുറിച്ചോർത്തുഅധികം സംഘർഷിക്കണ്ട.. സംഭവിക്കുന്നതെല്ലാം നല്ലതിനു, സംഭവിച്ച്‌ കൊണ്ടിരിക്കുന്നതും നല്ലതിനു, ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിനു...!!

Read also: https://emalayalee.com/writer/75

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക