Image

നാടോടുമ്പോൾ (സാമൂഹികം: രാജൻ കിണറ്റിങ്കര)

Published on 06 March, 2024
നാടോടുമ്പോൾ (സാമൂഹികം: രാജൻ കിണറ്റിങ്കര)

ശതകോടിശ്വരൻ മൂകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹ വാർത്തകളാണ് കുറച്ച് ദിവസമായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്.   ഗുജറാത്തിൽ നടക്കുന്ന വിവാഹത്തിൻ്റെ മുൻ ഒരുക്കങ്ങൾക്ക് മാത്രം 1250 കോടിയാണത്രെ അംബാനി കുടുംബം നീക്കി വച്ചിരിക്കുന്നത്.  കാൽ ഗ്രാം സ്വർണ്ണം വാങ്ങാൻ 1250 രൂപ തികയാതെ വരുന്ന ഇന്ത്യയിലാണ് ഇതും നടക്കുന്നത് എന്നതിനാൽ പലരും അടുത്ത ജൻമം അംബാനി കുടുംബത്തിൽ ജനിക്കാൻ വഴിപാടുകളും വ്രതങ്ങളും തുടങ്ങിയിരിക്കുന്നു..  ലോക നേതാക്കൾ ഗുജറാത്തിലേക്ക് ഒഴുകിയെത്തുന്ന അത്യപൂർവ്വ കാഴ്ചകൾക്കാണ് വരും ദിനങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.   ജനനം മുതൽ താൻ നേരിട്ട ആരോഗ്യപ്രശ്നങ്ങളും മാതാപിതാക്കളുടെ കരുതലിനെയും ശ്രദ്ധയെയും പറ്റിയും ആനന്ദ് അംബാനി സദസ്സിന് മുന്നിൽ മനസ്സ് തുറന്നപ്പോൾ അച്ഛൻ മൂകേഷ് അംബാനിയുടെ കണ്ണുകൾ നിറഞ്ഞുവത്രെ.  മാതാപിതാക്കളെ നോക്കിയതിന് കണക്കു പറയുന്ന മക്കളുള്ള ഈ കാലത്ത് ഇത്തരം അനുഭവങ്ങൾ മറ്റൊരു മറുകുറിയാകും.

പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണത്തിൻ്റെ ഞെട്ടലിൽ നിന്ന് കേരള മന:സാക്ഷി ഉണർന്നിട്ടില്ല.  മാധ്യമങ്ങൾക്കും പൊതുജനത്തിനും അതൊരു ദാരുണ സംഭവമാകുമ്പോൾ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണ്ണയത്തിൻ്റെ തിരക്കിലാണ്.  തുടർച്ചയായി നടക്കുന്ന ക്യാംപസ് ആക്രമങ്ങളും കൊലപാതകങ്ങളും കുട്ടികൾ പോകുന്നത് കോളേജിലേക്കാണോ കൊല്ലേജിലേക്കാണോ എന്ന സംശയം ജനിപ്പിക്കുന്നു.  വിദ്യാഭ്യാസ വളർച്ചക്കും സാമ്പത്തിക സാങ്കേതിക വളർച്ചക്കും മുന്നെ നമ്മൾ നേടേണ്ടത് മാനസിക വളർച്ചയാണ്, സഹജീവിയെ സ്നേഹിക്കാനുള്ള മാനസിക വളർച്ച, മറ്റുള്ളവരുടെ വേദന സ്വന്തം വേദനയാവാനുള്ള മാനസിക വളർച്ച, പകയും പ്രതികാരവും സഹനത്തിനും സഹിഷ്ണുതക്കും വഴി മാറുന്ന മാനസിക വളർച്ച.  ഈ വളർച്ചയുടെ അഭാവമാണ് സമൂഹത്തിൽ ഇന്ന് കാണുന്ന അപചയങ്ങളുടേയും ദുരന്തങ്ങളുടെയും മൂലകാരണം.

എല്ലാ കാര്യങ്ങളും തുടർ സംഭവമാകുമ്പോൾ അതൊരു 'ശീലമാകും, പിന്നെ ആർക്കും പരാതികളുണ്ടാവില്ല. വിലക്കയറ്റത്തിൻ്റെ കാര്യത്തിൽ ഇന്ത്യയിൽ സംഭവിക്കുന്നതും അതാണ്.  പണ്ട് വില ചോദിച്ചായിരുന്നു ആളുകൾ സാധനം വാങ്ങിയിരുന്നത്.  ഇപ്പോൾ സാധനം വാങ്ങിയാണ് വില ചോദിക്കുന്നത്.   വില കേട്ടുള്ള ബോധക്കേട് ഒഴിവാക്കാനാണ് ജനത്തിൻ്റെ ഈ മുൻകരുതൽ.   വില കാര്യമായി കൂടാത്തതായി കടകളിൽ തീപ്പെട്ടി മാത്രമേ ഉള്ളു എന്ന് തോന്നുന്നു. ഉള്ളിൽ കനലാണെങ്കിലും നിസ്സഹായതയോടെ ഒരു കൂടിനുള്ളിൽ ബന്ധിതരായി പരസ്പരം കെട്ടിപ്പുണർന്ന് ഈ തീപ്പെട്ടി കൊള്ളികൾ മാറിയ കാലത്തിൻ്റെ പ്രതീകങ്ങളാണ്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക