Image

പ്രണതോസ്മി ഗുരുവായു പുരേശം ( വനിതാ ദിനം സ്പെഷ്യൽ : പി. സീമ )

Published on 08 March, 2024
പ്രണതോസ്മി ഗുരുവായു പുരേശം ( വനിതാ ദിനം സ്പെഷ്യൽ : പി. സീമ )

ഇന്ന് വനിതാദിനം.. ഞങ്ങൾ 12 വനിതകൾ ഗുരുവായൂർ പോയ വിശേഷങ്ങൾ പങ്കു വെക്കാം...ഭക്തി സാന്ദ്രമായ ഗാനങ്ങളോടൊപ്പം ആയിരുന്നു ഞങ്ങളുടെ യാത്ര.
ആരംഭിച്ചത്..

ഗുരുവായൂർ കാത്തിരിക്കുന്ന കൃഷ്ണനെ കാണാൻ ഇവിടുത്തെ കണ്ണനോട് ഞങ്ങളെ കാത്തോളണേ എന്ന് അപേക്ഷിച്ചു. കൊണ്ടു യാത്ര തുടങ്ങി. ഇടയ്ക്കിടെ വന്ന   പുലരിപ്പൂമണം മീൻ മണത്തിൽ നിന്ന് വേർതിരിച്ചറിയാൻ പറ്റിയില്ല എന്നതൊഴിച്ചാൽ അങ്ങോട്ട് യാത്ര സുഖകരമായിരുന്നു.

ഞാൻ ഉൾപ്പെടെ സീനിയർ സിറ്റിസൺസ് ആയുള്ള നാലഞ്ച് പേര് കൃത്യമായി ആധാർ കാർഡ് കൊണ്ടു വന്നിരുന്നു എങ്കിലും അതിനെ പറ്റി കൂടുതൽ അന്വേഷിക്കാഞ്ഞത് കൊണ്ടു   അവിടെത്തിയതിന് ശേഷം എല്ലാരും ഒരു ക്യൂവിൽ ആയി.  ഇടയ്ക്ക് എപ്പോഴെങ്കിലും "അറുപതു വയസ്സ് കഴിഞ്ഞവരുണ്ടോ ഇതിലെ വരൂ" എന്ന് ആരെങ്കിലും വിളിച്ചു  വേറൊരു ക്യൂവിൽ കയറ്റി വിടുമായിരിക്കും  എന്ന് ഞാനും ധരിച്ചു.

അതൊന്നും സാധിച്ചില്ല എങ്കിലും കണ്ണൻ കാത്തു. ഉദയാസ്തമായ പൂജ ആയതിനാൽ ഇടവേള ഇട്ടായിരുന്നു അകത്തേക്ക് കയറ്റി വിട്ടത്. ക്യൂ വിൽ ഇരുന്നു ഒരു ചേച്ചിക്ക് ബ്ലഡ്‌ ഷുഗർ താഴ്ന്നത് ഒരു ഏത്തപ്പഴത്താൽ ഉയർത്തി ഊർജ്ജസ്വലയാക്കി  അകത്തേക്ക് കയറി  സുദീർഘമായ കാത്തിരിപ്പിന് ശേഷം ഞങ്ങൾ എല്ലാരും തൊഴുതു. അഭിമാനത്തോടെ പറയട്ടെ 50 കഴിഞ്ഞവരും 60 കഴിഞ്ഞവരും ഒക്കെ ആണെങ്കിലും 12.30 വരെ ഒന്നും കഴിക്കാഞ്ഞിട്ടും  എല്ലാരും തൊഴുതിറങ്ങി അന്നദാനം കഴിക്കും വരെ ആർക്കും ഒരു പ്രശ്നവും ഉണ്ടായില്ല.

മടക്കത്തിൽ പാർക്കിംഗ് വരെ  ഒരു മുട്ട പൊട്ടിച്ചൊഴിച്ചാൽ എത്രയും പെട്ടെന്ന് ഓംലെറ്റ് റെഡി ആകാൻ പാകത്തിന്   തിളച്ചു കിടന്ന റോഡിൽ കാലുകൾ  ചുട്ടു പൊള്ളി. ചെരിപ്പ് വണ്ടിയ്ക്കകത്തായിരുന്നു. ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് ചെരുപ്പ് ആണെന്ന് തോന്നിപ്പോയ നിമിഷങ്ങൾ... കാലുകൾ കനലിൽ എരിഞ്ഞൊരു തോന്നലിൽ ഞങ്ങൾ തണൽ തേടി തിടുക്കത്തിൽ ഓടി.

വണ്ടിയിൽ കയറി എത്രയും പെട്ടെന്ന് മടങ്ങണം എന്ന ചിന്തയും വേനൽച്ചൂടും ആനക്കൊട്ടിലും ചെറായി ബീച്ചും  സന്ദർശിക്കണം എന്ന മോഹത്തെ എരിച്ചു കളഞ്ഞു. ആക്രമിക്കല്ലേ എന്ന് ടോൺസിൽസ് ഭഗവാനോട് പ്രാർത്ഥിച്ചു  ഒരു ice ക്രീം വാങ്ങി തിന്നു....മടക്കയാത്രയിൽ 2013 ലെ ഒരു ഗുരുവായൂർ സന്ദർശനം അപ്പോൾ ഓർമ്മയിൽ തിളങ്ങി

അല്പം സീരിയസ് ആയ ഒരു ഹൃദയസ്ത്രക്രിയ   അദ്ദേഹത്തിന്  2013 ൽ വേണ്ടി വന്നിരുന്നു.. അതിനു ശേഷം ഗുരുവായൂരപ്പനെ ദർശിക്കാൻ ഞങ്ങൾ ഷോപ്പിലെ രണ്ടു സ്റ്റാഫുമായി പോയി .. മടങ്ങാൻ കാറിൽ ഇരിക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ ഷോപ്പിലെ സ്റ്റാഫ്‌ ചോദിച്ചു 

"ഇപ്പോള്   ചേച്ചിയുടെ കഥ ഒന്നും വരാറില്ലേ "

"അയച്ചിട്ടുണ്ട്...സമയം ആയി കാണില്ല.  പിന്നെ എഡിറ്ററെ വിളിക്കുന്ന സ്വഭാവം ഒന്നും എനിക്കില്ല..വന്നാൽ വന്നു,പോയാൽ പോയി..അയച്ചിടും...ചിലത് ചിലപ്പോൾ വരും അത്രേ ഉള്ളൂ "

എന്ന് ഞാൻ നിസ്സാരമായി മറുപടി പറഞ്ഞു. എങ്കിലും തൊട്ടടുത്ത നിമിഷത്തിൽ എന്റെ മൊബൈലിലേക്ക് ഒരു വിളിവന്നു.

"സീമ അല്ലേ... നിങ്ങളുടെ "ആഗ്നേയം" എന്ന  കഥ ഈ ആഴ്ച ദേശാഭിമാനിയിൽ വരുന്നുണ്ട്...ഞാൻ ആണ് വര "

ഞങ്ങൾ അത്ഭുതസ്തബ്ധരായി പരസ്പരം നോക്കി. (ഗോവിന്ദച്ചാമിയോടുള്ള എന്റെ ദേഷ്യം തീർക്കാൻ കഥാനായിക ആയ ഇസബെല്ല ഒരാളുടെ ലിംഗം മുറിച്ചെറിഞ്ഞിരുന്നു.. ആ ലിംഗത്തിന്റെ പടം ആണ് വീക്കിലിയിൽ ഭംഗിയായി വരച്ചു ചേർത്തിരുന്നത്).അവിടെ വെച്ചു തന്നെ ഒരു പക്ഷെ ആ നല്ല വാർത്ത കേൾക്കാൻ ആകണം മറന്നു കാറിൽ ഇരുന്ന നാണയത്തുട്ടുകൾ ഇടാൻ  ഓർമ്മിച്ച്‌ ഷോപ്പിലെ  ഒരു സ്റ്റാഫ്‌ തിരികെ   ഭണ്ഡാരത്തിന്റെ അടുത്തേക്ക്   ഓടി പോയത്..കൃഷ്ണാ നമിക്കുന്നു...അന്ന് ആ നിമിഷത്തിൽ ആ തിരുനടയിൽ വെച്ച് നീ  എന്നെ അനുഗ്രഹിച്ചു...(ഇപ്പോൾ ഒരു കഥ ലാപ്ടോപ്പിൽ നിന്ന് മെയിൽ അയക്കും. കുറെ കഴിഞ്ഞു qued എന്നോ failed എന്നോ പോയിട്ടില്ല എന്ന് ഫോണിൽ മെയിൽ കാണും.. അത്ര തന്നെ.. നീ ഒന്നും അറിയുന്നില്ലല്ലോ അല്ലേ...

മോന്റെ   പെണ്ണിനുള്ള കല്യാണസാരി മറന്നു വെച്ചിട്ടും കാർ യാത്രയിലെ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ  അത് കൃത്യമായി ഓർമ്മിപ്പിച്ചു കുട്ടികളെ അനുഗ്രഹിച്ച കൃഷ്ണാ   ഇത്തവണ എനിക്ക് നിന്നോടു ഒന്നും പ്രാർത്ഥിക്കാൻ ഇല്ലായിരുന്നു.  നിനക്ക് എന്നോട് ഇപ്പോള് അത്ര ഇഷ്ടം ഒന്നും ല്ല്യല്ലോ...അത് കൊണ്ടു "രക്ഷിക്കണേ "എന്ന ഒരേ ഒരു പദം മാത്രം... അതിൽ എല്ലാമുണ്ട്...തിരക്കിൽ പെട്ടു വാടി പോയ എന്റെ തുളസിമാല നിനക്ക് ഇഷ്ടായോ ആവോ....ആ ഇരുണ്ട ശ്രീകോവിലിൽ ആ നേരത്ത് തെളിഞ്ഞു നിന്നിരുന്ന ഏതാനും ദീപങ്ങളുടെ പ്രഭയിൽ എവിടെയോ നീ അപ്പോൾ മറഞ്ഞിരുന്നുവൊ.?"എന്തെങ്കിലും കണ്ടോ "ന്ന് അപ്പോൾ അരികിൽ നിന്ന ആരൊക്കെയോ പരസ്പരം ചോദിക്കുന്നത് കേട്ടപ്പോൾ ആശ്വാസം ആയി. എന്നിൽ നിന്ന് മാത്രം അല്ലല്ലോ നീ മറഞ്ഞത്...ഇത്ര നേരവും മണിക്കൂറുകൾ ക്യൂ നിന്നത് ആ കറുപ്പ് മാത്രം കാണാൻ ആയിരുന്നില്ലല്ലോ.

ഞൊടിനേരം കൊണ്ടു കൈ കൂപ്പി മാറുമ്പോൾ നീ നേരത്തെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും മനസ്സാൽ നന്ദി പറഞ്ഞു.  പുരുഷന്മാരുടെ ശയനപ്രദക്ഷിണം, സ്ത്രീകളുടെ കാലടി പ്രദക്ഷിണം ഒക്കെ കാണുമ്പോൾ കൃഷ്ണാ നിന്നെ എത്രമേൽ ആഴത്തിൽ മനുഷ്യർ വിശ്വസിക്കുന്നു എന്നും ബോധ്യമായി.

മനുഷ്യർക്ക്‌ എല്ലാം കൈവിട്ടു പോകുമ്പോൾ ആശ്രയിക്കാനുള്ള ഒരേ ഒരു പിടി വള്ളി ഈശ്വരൻ മാത്രമാണല്ലോ.. നമ്മൾ അവർക്കു പല പേരുകൾ ഇടുന്നു.. നാം അവരെ പല ദേവാലയങ്ങളിൽ ദർശിക്കുന്നു എന്ന് മാത്രം...ക്രിസ്തുവായി, കൃഷ്ണനായി,  രാമനായി, യേശുവായി, നബിയായി.. അങ്ങനെ പല രൂപങ്ങളിൽ...പല നാമങ്ങളിൽ..

ഇന്ന് നാവിൽ നിന്ന് വീഴുന്ന ഒരു വാക്കും നാളെ തിരിച്ചെടു ക്കാവുന്നതല്ല എന്നതിനാൽ ക്ഷേത്രദർശനശേഷം ഉരുവിടേണ്ടത്
ഈ ഒരു വാക്ക് മാത്രം.." "അനായാസേന മരണം "

കാരണം അത്രത്തോളം ഭാഗ്യം മറ്റൊന്നിനുമില്ല.പ്രാർഥനയിൽ ഏറ്റവും അവസാന വാക്ക് അത് മാത്രമായിരിക്കട്ടെ... നല്ല വാക്ക് മാത്രം ചൊല്ലാനാകട്ടെ.. നന്മയേകി വാഴാനാകട്ടെ.. വേദനിക്കുന്നവർക്ക് സാന്ത്വനമാകാൻ, നോവുന്നവർക്ക് ഒരു തലോടലാകാൻ മാത്രമാകട്ടെ  മുന്നോട്ടുള്ള ഓരോ ചുവട് വെയ്പ്പും...

ഇടയ്ക്ക് എപ്പോഴോ "വഴി വഴി വഴി" എന്ന് പറഞ്ഞു പൂജാരിമാരെ   ഭക്തരെ തൊട്ടു മുട്ടാതെ കൊണ്ടു പോകുന്നവരെ കണ്ടു... "തേൻമാവിൻ കൊമ്പത്തു" മോഹൻലാൽ ശ്രീഹള്ളിയിലേക്കുള്ള വഴി ചോദിച്ചപ്പോൾ "ഴ" "ള" ആക്കിയതോർത്തു അപ്പോൾ ചിരി വന്നു   വഴികാട്ടി മലയാളി ആയതു ഭാഗ്യം... അല്ലേൽ കുളം ആയേനെ കര... അല്ല വഴി..

മടക്കയാത്രയിൽ സുഭദ്രമായി ആധാർ കാർഡ് എടുത്ത്‌ ബാഗിൽ വെക്കുമ്പോൾ അതിലിരുന്ന് ഒരു പ്രേതരൂപി എന്നോട് ചോദിച്ചു "നീ എനിക്ക് വേണ്ടി എന്താ പ്രാർഥിച്ചത് "എന്ന്..."നീ നീണാൾ വാഴാൻ കൃഷ്ണൻ അനുഗ്രഹിച്ചിട്ടുണ്ട് "എന്ന മറുപടി അവൾക്കു തൃപ്തികരമായോ? ആർക്കറിയാം ...അത് ഈ അറുപതു കഴിഞ്ഞ ഞാൻ കണ്ണാടിയിൽ നോക്കി എന്നോട് തന്നെ ചോദിക്കേണ്ടതല്ലേ... .. നീണാൾ വാഴണം എന്ന് എനിക്ക് വല്യ മോഹം ഒന്നുമില്ല ട്ടൊ. വയസ്സായി.. മോന്റെ ദുബൈ ഫോൺ കവിളിനെ പെരുപ്പിച്ചു കാണിക്കുന്നതാ... അനായാസേന അങ്ങ് പോകാൻ പറ്റിയാൽ അതാകും ഇനി ഏറ്റവും ഉത്തമം .

"കണ്ണാടി കാണ്മോളവും
തന്നുടെ മുഖമേറ്റം നന്നെന്നു
നിരൂപിക്കും എത്രയും വിരൂപന്മാർ "എന്ന് ഒരു അശരീരി കേട്ടുവല്ലോ.. കൃഷ്ണാ നീ ആണോ അത് പാടിയത്.. അതോ ഞാനോ.?നീ എന്നെ കളിയാക്കിയത് ആയിരിക്കും ല്ലേ.. നിയ്ക്കു അല്ലേലും ന്റെ ഈ ഹനുമാൻ മുഖം,  ശബ്ദം ഒന്നും അത്ര ഇഷ്ടം ഇല്ല്യ ട്ടൊ.. ഞാൻ ഒരു സൗന്ദര്യ ആരാധിക മാത്രമാ..നിയ്ക്കു സൗന്ദര്യം ഒന്നും ഉണ്ടെന്നു നിയ്ക്കു   ഇതു വരെ തോന്നീട്ടില്യ .. നൂറിൽ പത്തു മാർക്ക് പോലും ഇല്ല  നിയ്ക്ക് പക്ഷെ  നല്ല കണ്ണുകൾ,,മുഖഭംഗി ഒക്കെ ഉള്ളവരെ കണ്ടാൽ അവരെ  വായിൽ നോക്കും .ആണുങ്ങൾ ആണേൽ പ്രത്യേകിച്ച് ഒരു ദാസേട്ടൻ സ്റ്റൈൽ കണ്ടാൽ അവർ കാണാതെ ഓട്ടകണ്ണിട്ട്‌ നോക്കും   മിണ്ടാൻ ഒന്നും പോകൂല്ല ട്ടൊ..അതൊക്കെ മോശമല്ലേ പെണ്ണുങ്ങൾ ആണേൽ രേവതി സ്റ്റൈൽ ആണേൽ ഇമ വെട്ടാതെ നോക്കും.. ന്റെ അമ്മ രേവതിയെ പോലെ ആണ് ഇരുന്നേ... ആ അമ്മേടെ മോൾ ആണെന്ന് ആരേലും പറയുവോ  എന്നെ കണ്ടാൽ... ആകെ 50kg..ഉള്ളു...ഇറച്ചി കുറവാ... ഇനി കൂട്ടാനും ആഗ്രഹം ല്ല്യ... ഉള്ളതൊക്കെ മതി... നീ കളിയാക്കണ്ട ട്ടൊ... നീ സുന്ദരൻ അല്ലേ... അത് കൊണ്ടാകും ല്ലേ കളിയാക്കുന്നെ.. നിയ്ക്കു   സൗന്ദര്യം ഒന്നും വേണ്ട..ഇതു മതി.ആരെ കാണിക്കാനാ ഇനി ചന്തം...ഇനി എത്ര കാലം  എന്ന് ആരറിഞ്ഞു....."ഒരു നിശ്ചയമില്ലയൊന്നിനും....."ബാക്കി വായിക്കുന്നവർ  പൂരിപ്പിച്ചോ.

എന്നാലും ."ഞാനേ കണ്ടുള്ളു ഞാൻ മാത്രേ കണ്ടുള്ളു ന്നു പറയാൻ" ഇന്നലെ ഒന്നൂടെ തിരിഞ്ഞു നോക്കാൻ  പോലും മറന്നു...സോറി ട്ടൊ....നാരായണീയം എഴുതിയ ആളിന്റെ തളർച്ച മാറ്റിയ ആൾ അല്ലേ നീ.   ക്യൂ നിന്ന് എന്റെ കാൽമുട്ടിനു നല്ല നോവുണ്ടാരുന്നു... നീ അറിയാത്ത നോവല്ലല്ലോ അത്. ആളെയും കൊണ്ടു പോയിട്ട് തന്ന  പുതിയ സമ്മാനം അല്ലേ   ഈ കാൽമുട്ട് വേദന... അകത്തും പുറത്തും ഉള്ള നോവ് ഒക്കെ ഉൾക്കണ്ണാൽ നീ കാണുന്നുണ്ടല്ലോ എന്നിട്ടും കണ്ടില്ലെന്നു നടിക്കുവല്ലേ. മറ്റാർക്കും നിന്നോളം അത് കാണാനും ആകില്ലല്ലോ.  അത് കൊണ്ടു വീണ്ടും നിന്നെ  തന്നെ വിളിക്കുന്നു

"കരുണ ചെയ്‌വാൻ എന്ത് താമസം കൃഷ്ണാ കഴലിണ കൈ തൊഴുന്നേൻ"

ഇന്നലെ ആ റോഡ് കടന്ന നേരത്തെ കനലാട്ടത്തിൽ അതൊന്നു മാറ്റി പിടിച്ചായിരുന്നു ട്ടൊ... "കഴലിണ പൊള്ളിടുന്നേൻ..". എന്ന് അതിനും ഒരു സോറി ട്ടൊ..  ഞങ്ങൾ മണ്ടികൾ ചെരുപ്പ് എടുക്കാത്തതിന് നീ എന്ത് പിഴച്ചു?  

പാവം ന്റെ ഭഗവാൻ... ഹരേ രാമ .ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...ഈ പെണ്ണുങ്ങളെയും നാട്ടിലുള്ള മറ്റെല്ലാ പെണ്ണുങ്ങളെയും വനിതാദിനം ആയിട്ട് ഒന്ന് അനുഗ്രഹിച്ചേക്കു കേട്ടോ...

പ്രണതോസ്മി ഗുരുവായു പുരേശം ( വനിതാ ദിനം സ്പെഷ്യൽ : പി. സീമ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക