Image

മൈക്കിന് മുന്നിൽ (വിപരീത ചിന്ത: രാജൻ കിണറ്റിങ്കര)

Published on 08 March, 2024
മൈക്കിന് മുന്നിൽ (വിപരീത ചിന്ത: രാജൻ കിണറ്റിങ്കര)

നഗരത്തിലെ ഒരു പ്രധാന വനിതാ ദിന ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു അയാൾ,  അയാൾക്ക് ധരിക്കാനുള്ള ഡ്രസ്സ് ഇസ്തിരി ഇടുകയായിരുന്നു ഭാര്യ, അതിനിടയിൽ താൻ വനിതാ ദിന ചടങ്ങിൽ പ്രസംഗിക്കാൻ  തയ്യാറാക്കിയ കുറിപ്പ്  ഭാര്യക്ക് നേരെ നീട്ടി അയാൾ പറഞ്ഞു, "ഇതൊന്ന് വായിച്ച് നോക്ക്"

ഭാര്യ ഇസ്തിരിയിട്ട ഷർട്ട് മടക്കുന്നതിനിടയിൽ ഭർത്താവിന്റെ കൈയിൽ നിന്നും പേപ്പർ തുണ്ട് വാങ്ങി വായിച്ചു "സ്ത്രീ അടുക്കളയിൽ തളക്കപ്പെടേണ്ടവളല്ല, അവൾക്കുമുണ്ട് സ്വപ്നങ്ങളും, മോഹങ്ങളും.  അവളും പുരുഷനെപ്പോലെ കഴിവുകൾ ഉള്ളവളാണ്.   ഭക്ഷണം ഉണ്ടാക്കിയും കുട്ടികളെ നോക്കിയും അവൾ ജീവിതം പാഴാക്കേണ്ടതില്ല,  കുടുംബം നോക്കുന്നതിൽ ഭാര്യയെപ്പോലെ തന്നെ ഭർത്താവിനും തുല്യ ഉത്തരവാദിത്തമുണ്ട്"  അങ്ങനെ പോകുന്ന ഭർത്താവിന്റെ വരികൾ വായിച്ച് അവൾ കോൾമയിർ കൊണ്ടു.   അവളും  ആ ചടങ്ങിൽ പങ്കെടുക്കാനും കാണികൾക്കിടയിൽ ഇരുന്ന് ഭർത്താവിന്റെ പ്രസംഗത്തിന് കൈയടിക്കാനും കൊതിച്ചു.

"ഞാനും വരുന്നു, നിങ്ങളുടെ കൂടെ, എനിക്കും കേൾക്കണം നിങ്ങൾ വേദിയിൽ നിന്ന് പ്രസംഗിക്കുന്നത്, എന്നിട്ട് എനിക്ക് അഭിമാനിക്കണം."  ഭാര്യ പെട്ടെന്ന്  സാരിയുടുത്ത് തയ്യാറാകാൻ അകത്തേക്കോടി.

"ഹേയ്,  നീയൊന്നും വന്നാൽ ശരിയാവില്ല,  ഞാൻ ചടങ്ങ് കഴിഞ്ഞ് ഉച്ചയാകുമ്പോഴേക്കും വീട്ടിലെത്തും, നീ വന്നാൽ എനിക്കുള്ള ഭക്ഷണം ആരുണ്ടാക്കും?  കുട്ടികളെ ട്യൂഷ്യൻ സെന്ററിൽ നിന്ന് ആര് കൊണ്ടുവരും.  നീയൊന്നും വരണ്ട,  എനിക്ക് ലേറ്റ് ആവുന്നു, ഞാൻ പോകട്ടെ,  ഹാപ്പി വിമൻസ് ഡേ."  ഇത്രയും പറഞ്ഞ് വാതിലടച്ച് ഭർത്താവ് പടി കടന്നു.  അവൾ പതിവുപോലെ അടുക്കളയിലേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക