ആരാണ് 2024 അമേരിക്കന്‍ പ്രസിഡന്റ് അകാന്‍ സാധ്യതയുള്ളവര്‍ എന്ന കാര്യത്തില്‍ ഇനിയും സംശയമില്ല.
ഈ നാലു വര്‍ഷത്തെ ജോ ബൈഡന്‍ ഭരണവും അതിനു മുന്‍പ് ട്രമ്പിന്റെ നാലു വര്‍ഷങ്ങളും അമേരിക്കന്‍ വോട്ടര്‍മാര്‍ നേരിട്ട് ബോധ്യപ്പെട്ടാല്‍ ഒരു അവകാശവാദത്തിനും മാധ്യമപ്രചാരണത്തിന്റെയോ പ്രസക്തിയില്ല. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അനിതര സാധാരണമായ ഒരു കാലമാണ് കടന്നുപോകുന്നത്. ഒരു സിറ്റിംഗ് പ്രെസിഡന്റിനെതീരെ തിരഞ്ഞെടുപ്പില്‍ തോറ്റ മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നു എന്നത് മാത്രമല്ല; ഇരുവരും അവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകളില്‍ ഉറച്ചു നില്‍ക്കുകയും അമേരിക്കയുടെ ഫെഡറല്‍ സംവിധാനം വലിയ വെല്ലുവിളി നേരിടുകയും ചെയ്യുന്നു എന്നതാണ്. എന്തായാലും അമേരിക്കന്‍ വോട്ടേഴ്സ് ഈ രണ്ടുപേരിലും തൃപ്തരല്ല, 'ബഗേര്‌സ് ആര്‍ നോ ചൂസേര്‍സ്' എന്ന പ്രയോഗമാണ് ഇപ്പോള്‍ അവര്‍ നേരിടുന്ന പ്രതിസന്ധി.
സൂപ്പര്‍ ട്യൂസ്‌ഡേയും സ്റ്റേറ്റ് ഓഫ് ദി യൂണിയനും കഴിഞ്ഞു. ട്രമ്പും
ബൈഡനും നേര്‍ക്കുനേര്‍ നിന്നു ആക്രോശിക്കുന്ന രംഗങ്ങളാണ് ചൂടുപിടിക്കുന്നത്. 77 വയസ്സുള്ള ട്രമ്പ് 81 വയസ്സുള്ള ബൈഡനെ ഉറക്കക്കാരന്‍ കിഴവനെന്നു വിളിക്കുന്നു, പ്രായം വെറും ഒരു നമ്പര്‍ മാത്രമാണ്, അയ്യാള്‍ എന്നേക്കാള്‍ 4 വയസു മാത്രം എളപ്പമാണ് എന്നാണ് ബൈഡനും പറയുന്നത്.
ട്രമ്പിന്റെ ധര്‍മ്മപുരാണം കേട്ടു രോമംഞ്ചം കൊള്ളുന്നവര്‍ വിചാരിക്കുന്നത്, നാലു വര്‍ഷത്തെ ട്രമ്പ് വാഴ്ചയില്‍ കെട്ടിപ്പൊക്കിയ അതിര്‍ത്തി മതിലുകള്‍ അതിനു ശേഷം വന്ന ബൈഡന്‍ പൊളിച്ചു കളഞ്ഞു, ആ വിടവിലൂടെ ആളുകള്‍ കുതിച്ചു കയറുകയാണ്, ആ കയറിവന്ന ചട്ടമ്പികളെ സംരക്ഷിക്കുകയാണ് നമ്മുടെ നികുതിപ്പണം. ഈ തിരഞ്ഞെടുപ്പില്‍ ട്രമ്പ് ഉയര്‍ത്തുന്ന പ്രധാന വാദം അതുമാത്രമാണ്. എന്നാല്‍ ട്രമ്പിന്റെയും ബൈഡന്റെയും ഇമ്മിഗ്രേഷന്‍ പോളിസികളിലുള്ള വ്യത്യാസം എന്താണ്? ഇമ്മിഗ്രേഷന്‍ നിയമത്തില്‍ ആരാണ് പാളിച്ചകള്‍ വരുത്തിയത്? എന്താണ് ചെയ്യേണ്ടത്? ഇത്തരം ചോദ്യങ്ങള്‍ക്കാണ് നമുക്ക് ഉത്തരം ലഭിക്കേണ്ടത്.
ഈ രണ്ടു സ്ഥാനാത്ഥികളിലും ഒരു അമേരിക്കക്കാരനും തൃപ്തനല്ല. പക്ഷെ തിരഞ്ഞെടുപ്പ് സംവിധാനങ്ങള്‍, പ്രൈമറി മത്സരങ്ങള്‍ എങ്ങനെ പാര്‍ട്ടിമാറികുത്തി ഒക്കെ പിടിച്ചെടുക്കാം എന്നത് മനസ്സിലാക്കുമ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിയൂ. ജോ ബൈഡന്‍ 'അമേരിക്കയെ അട്ടിമറിക്കാനുള്ള ഗൂഢാലോചന' നടത്തിയെന്ന് ട്രമ്പ് ആരോപിച്ചു. 'എല്ലാ ദിവസവും ജോ ബൈഡന്‍ അമേരിക്കയുടെ വിദേശ ശത്രുക്കള്‍ക്ക് സഹായവും ആശ്വാസവും നല്‍കുന്നു. ബൈഡനും കൂട്ടാളികളും അമേരിക്കന്‍ വ്യവസ്ഥിതിയെ തകര്‍ക്കാനും യഥാര്‍ത്ഥ അമേരിക്കന്‍ വോട്ടര്‍മാരുടെ തലമുറകള്‍ക്ക് നിയന്ത്രണം നല്‍കുന്ന പുതിയ അധികാര അടിത്തറ സ്ഥാപിക്കാനും വിഭാഗീകതക്ക് ആക്കം കൂട്ടുകയുമാണ്. വെള്ളക്കാരായ വോട്ടര്‍മാരുടെ ശക്തി ദുര്‍ബലപ്പെടുത്താന്‍ ഡെമോക്രാറ്റുകള്‍ അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിക്കുന്ന ആളുകള്‍ സമാനമായ വാദങ്ങള്‍ പണ്ടേ ഉന്നയിക്കുന്നുണ്ട്. ഒരിക്കല്‍ തീവ്ര വലതുപക്ഷത്ത് ഒതുങ്ങിനില്‍ക്കുന്ന വംശീയ ഗൂഢാലോചനയുടെ ഭാഗമാണ് യു.എസ് ലിബറല്‍ സ്ഥാപനം വ്യവസ്ഥാപിതമായി വെള്ളക്കാരുടെ സ്വാധീനം കുറയ്ക്കാന്‍ മനഃപൂര്‍വമായ പ്രേരണയുണ്ടെന്ന വാദം. അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പുതിയ കുടിയേറ്റക്കാരെ സൈന്‍ അപ്പ് ചെയ്യാന്‍ ലിബറലുകള്‍ ശ്രമിക്കുന്നു എന്ന് ട്രമ്പ് വീണ്ടും ആരോപിക്കുന്നു. ഇമോഷണലായി ഈ വാദം ഏറ്റെടുക്കാതെ ഇതിലെ വസ്തുതകള്‍ അവലോകനം ചെയ്യപ്പെടണം.
2020ലെ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനുള്ള മുന്‍ പ്രസിഡന്റിന്റെ ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി ബൈഡന്‍, ട്രമ്പിനെ ജനാധിപത്യത്തിന് ഭീഷണിയായി കാട്ടി. അദ്ദേഹത്തിന്റെ അനുയായികള്‍ സമാധാനപരമായ അധികാര കൈമാറ്റം തടയാന്‍ ശ്രമിച്ചതിനാല്‍, 2021 ജനുവരി 6-ന് യു.എസ്. ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തില്‍ ആ ശ്രമങ്ങള്‍ കലാശിച്ചു.
ബൈഡന്റെ നാളിതുവരെയുള്ള ഏറ്റവും വലിയ ഇമിഗ്രേഷന്‍ നിര്‍ദ്ദേശം യുഎസിലേക്ക് കൂടുതല്‍ പുതിയ കുടിയേറ്റക്കാരെ അനുവദിക്കും, അതേസമയം രാജ്യത്ത് ഇതിനകം തന്നെ ഉള്ള ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് നിയമപരമായ പദവിയിലേക്കുള്ള പാത നല്‍കുന്നു. രാജ്യത്തെ കണക്കാക്കിയിട്ടുള്ള 10.5 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിലേക്കുള്ള എട്ട് വര്‍ഷത്തെ പാത സൃഷ്ടിക്കുന്നതാണ് വിപുലമായ നിയമനിര്‍മ്മാണം, നിലവിലുള്ള കുടുംബാധിഷ്ഠിത ഇമിഗ്രേഷന്‍ സംവിധാനം പരിഷ്‌കരിക്കുക, തൊഴില്‍ അടിസ്ഥാനമാക്കിയുള്ള വിസ നിയമങ്ങള്‍ പരിഷ്‌കരിക്കുക, വൈവിധ്യ വിസകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. ഇതിനു വിപരീതമായി, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണകൂടം നിയമപരമായ കുടിയേറ്റം നിയന്ത്രിക്കാന്‍ ശ്രമിച്ചു, നിയമനിര്‍മ്മാണത്തിലൂടെ ഉള്‍പ്പെടെ, കുടുംബാധിഷ്ഠിത കുടിയേറ്റം കുത്തനെ കുറച്ചുകൊണ്ട് രാജ്യത്തിന്റെ നിയമപരമായ ഇമിഗ്രേഷന്‍ സംവിധാനത്തെ മാറ്റിമറിക്കുന്നതാണ്.
ബൈഡന്‍ ഭരണം രാജ്യത്തുള്ള ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ വിജയം നേടിയിട്ടുണ്ടെങ്കിലും, വര്‍ദ്ധിച്ചുവരുന്ന അതിര്‍ത്തി വെല്ലുവിളികള്‍ കൈകാര്യം ചെയ്യാനുള്ള അതിന്റെ കഴിവ് പരീക്ഷിക്കപ്പെട്ടിരിക്കുന്നു. 2023-ല്‍ അതു അഭൂതപൂര്‍വമായ എണ്ണത്തില്‍ പ്രതിഫലിച്ചു. കുടിയേറ്റക്കാരുടെ യാത്രയും കള്ളക്കടത്ത് ഓര്‍ഗനൈസേഷനുകളുടെ അത്യാധുനിക പ്രവര്‍ത്തനങ്ങളും,സോഷ്യല്‍ മീഡിയയുടെ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള കഴിവും ശക്തമായ വെല്ലുവിളികളാണ്.
ട്രമ്പ് ഭരണകൂടം 2017 ഓഗസ്റ്റില്‍ റിഫോര്‍മിംഗ് അമേരിക്കന്‍ ഇമിഗ്രേഷന്‍ ഫോര്‍ എ സ്‌ട്രോങ്ങ് ഇക്കണോമി (RAISE) നിയമം സ്വീകരിച്ചു. ഇഷ്യൂ ചെയ്ത ഗ്രീന്‍ കാര്‍ഡുകളുടെ എണ്ണം പകുതിയായി കുറച്ചുകൊണ്ട് അമേരിക്കയിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിന്റെ തോത് 50% കുറയ്ക്കാനാണ് RAISE നിയമം. നാല് വര്‍ഷത്തിനിടയില്‍, ട്രമ്പ്് ഭരണകൂടം ഇമിഗ്രേഷന്‍ സംബന്ധിച്ച എക്‌സിക്യൂട്ടീവ് നടപടിക്ക് അഭൂതപൂര്‍വമായ വേഗത നല്‍കി, 472 അഡ്മിനിസ്‌ട്രേറ്റീവ് മാറ്റങ്ങള്‍ വരുത്തി, അത് യു.എസ് ഇമിഗ്രേഷന്‍ സിസ്റ്റത്തിന്റെ പല ഘടകങ്ങളും പൊളിച്ച് പുനര്‍നിര്‍മ്മിച്ചു. മാനുഷിക സംരക്ഷണം ഗണ്യമായി കുറഞ്ഞു. 2020 ജൂണ്‍ 20-ന്, H-1B, L-1, മറ്റ് താത്കാലിക വിസ ഉടമകള്‍ എന്നിവരുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ഒരു പ്രഖ്യാപനം പുറപ്പെടുവിക്കാന്‍ ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 212(f) പ്രകാരം ട്രമ്പ് തന്റെ അധികാരം ഉപയോഗിച്ചു. യുഎസ്-മെക്‌സിക്കോ അതിര്‍ത്തി കൂടുതല്‍ അടച്ചു. ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് കൂടുതല്‍ ക്രമരഹിതമായി കാണപ്പെട്ടു. നിയമപരമായ കുടിയേറ്റം പലര്‍ക്കും ലഭ്യമല്ലാതായി. കോവിഡ് 19 കാലത്തെ നിയന്ത്രണങ്ങള്‍ക്കൊപ്പം ഇമ്മിഗ്രേഷന്‍ നിയമങ്ങളും കഠിനമായി. പലതും ഇനിയും മാറ്റമില്ലാതെ വര്‍ഷങ്ങളോളം അതു തുടരും.
2017-ല്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രമ്പിന്റെ ആദ്യ പ്രവൃത്തികളിലൊന്ന് സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അഭയാര്‍ത്ഥി പ്രവേശനം മരവിപ്പിക്കുകയായിരുന്നു. മിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള അഡ്മിഷനുകള്‍ ഒടുവില്‍ പുനരാരംഭിച്ചു, എന്നിരുന്നാലും 11 രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകരെ അഡ്മിനിസ്‌ട്രേഷന്‍ 'ഉയര്‍ന്ന അപകടസാധ്യത' എന്ന് കണക്കാക്കി ഓരോ കേസിന്റെ അടിസ്ഥാനത്തില്‍ അഡ്മിറ്റ് ചെയ്തു. 2018 ജനുവരിയില്‍ എല്ലാ രാജ്യങ്ങള്‍ക്കും അഭയാര്‍ത്ഥി പ്രവേശനം പുനരാരംഭിച്ചു.
ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ 535 ഇമിഗ്രേഷന്‍ നടപടികള്‍ കൈക്കൊള്ളുന്നതിലൂടെ, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ കാലയളവിന്റെ നാല് വര്‍ഷങ്ങളിലും നടത്തിയ 472 ഇമിഗ്രേഷനുമായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് നടപടികളെ ബൈഡന്‍ ഭരണകൂടം ഇതിനകം മറികടന്നു. ഈ മാറ്റങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന്റെ ചില പ്രചാരണ വാഗ്ദാനങ്ങള്‍ നിറവേറ്റി, യുഎസ് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിച്ചു, കൂടാതെ പൗരന്മാരല്ലാത്തവര്‍ക്കെതിരെ ഏകപക്ഷീയമായി ഉള്ളനീക്കം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ഭയം കുറയ്ക്കുകയും ചെയ്തു. 2022 സാമ്പത്തിക വര്‍ഷത്തില്‍, ബൈഡന്‍ ഭരണകൂടം യുഎസ് അഭയാര്‍ത്ഥി പ്രവേശന പദ്ധതിയിലൂടെ 25,465 പേരെ പുനരധിവസിപ്പിച്ചു. മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (എംപിഐ) കണക്കാക്കിയ പ്രകാരം ജനുവരി 17 വരെയുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പശ്ചിമ അര്‍ദ്ധഗോളത്തിനുള്ളിലെ ഏറ്റവും പ്രക്ഷുബ്ധമായ മൈഗ്രേഷന്‍ കാലഘട്ടങ്ങളിലൊന്നാണ്. ഒരു ദിവസം മാത്രം - ഡിസംബര്‍ 19 - ഒരു റെക്കോര്‍ഡ് 12,000 കുടിയേറ്റക്കാര്‍ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ പ്രവേശിക്കാനുള്ള അനുമതിയില്ലാതെ എത്തി.
യു.എസ് രാഷ്ട്രീയത്തില്‍ കുടിയേറ്റം ഒരു ധ്രുവീകരണ പ്രശ്‌നമാണ്, നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത് മിക്കവാറും പ്രധാന പങ്ക് വഹിക്കും. 2021 മുതല്‍ പ്രതിവര്‍ഷം ശരാശരി 2 ദശലക്ഷം അനധികൃത അതിര്‍ത്തി ക്രോസിംഗുകള്‍ ഉണ്ടായിട്ടുണ്ട്, ഇത് എക്കാലത്തെയും ഉയര്‍ന്ന നിലയാണ്
2021 നവംബറില്‍ സഭ പാസാക്കിയ ബില്‍ഡ് ബാക്ക് ബെറ്റര്‍ ആക്ട് എന്ന ചെലവിടല്‍ ബില്ലിലെ നിരവധി ഇമിഗ്രേഷന്‍ വ്യവസ്ഥകള്‍ സെനറ്റ് പരിഗണിക്കുന്നുണ്ട്. ബില്ല് പാസ്സാക്കുന്നത്ത് അനിശ്ചിതത്വത്തിലാണെങ്കിലും - ബില്ലിന്റെ അന്തിമ പതിപ്പില്‍ ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പോലെ - നിയമനിര്‍മ്മാണം നടത്തും. നാടുകടത്തല്‍, വര്‍ക്ക് പെര്‍മിറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ നിന്നുള്ള സംരക്ഷണത്തിനായി അപേക്ഷിക്കാന്‍ ഏകദേശം 7 ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ യോഗ്യരാക്കുന്നു.
ഇമ്മിഗ്രേഷന്‍ കടുപ്പിച്ചാല്‍ ഉണ്ടാകാവുന്ന ദൂരവ്യാപകമായ വിപത്തുകള്‍ ഇതിന്റെ മറുവാദം വെളിവാക്കുന്നു കുടിയേറ്റക്കാര്‍ അമേരിക്കന്‍ തൊഴിലാളികളില്‍ നിന്ന് ജോലി എടുത്തുകളയുന്നില്ല. പകരം, അവര്‍ പുതിയ ബിസിനസ്സുകള്‍ രൂപീകരിച്ച് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു, അവരുടെ വരുമാനം അമേരിക്കന്‍ ചരക്കുകളിലും സേവനങ്ങളിലും ചെലവഴിച്ചു, നികുതി അടച്ച് യുഎസ് ബിസിനസുകളുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുന്നു. കുടിയേറ്റക്കാര്‍ സമ്പദ്വ്യവസ്ഥയ്ക്ക് നല്ലതാണ്.
കുടിയേറ്റക്കാരുടെ രാജ്യമെന്നാണ് അമേരിക്കയെ വിശേഷിപ്പിക്കുന്നത്. തദ്ദേശീയരായ അമേരിക്കക്കാര്‍ ഒഴികെ, ഭൂരിഭാഗം അമേരിക്കക്കാരും കുടിയേറ്റക്കാരോ കുടിയേറ്റക്കാരുടെയോ അടിമകളോ ആയ ആളുകളുടെ പിന്‍ഗാമികളോ ആണ്.
തിരഞ്ഞെടുപ്പുനുശേഷം അട്ടിമറിയിലൂടെ തന്റെ വിജയം ബൈഡന്‍ തട്ടിയെടുത്തു, യാഥാര്‍ഥ്യ വിജയി താനാണ് എന്നു ഏകപക്ഷീയമായി പ്രഖ്യാപിക്കാനും, ആളുകളെ അത്തരം പൊള്ളത്തരങ്ങള്‍ നിരന്തരം പറഞ്ഞു ഇളക്കിവിട്ടു, തനിക്കു ശേഷം പ്രളയം സൃഷ്ട്ടിക്കാനുമുള്ള ട്രംപിന്റെ ശ്രമം പലരും മറന്നു. അക്രമത്തിലൂടെ ഭരണം പിടിച്ചെടുക്കല്‍, കോടതികളെയും മാധ്യമങ്ങളെയും ഭരണസംവിധാങ്ങളെയും തിരസ്‌കരിക്കാന്‍ ആഹ്വാനം നല്‍കുക, നികുതി അടക്കാതെ എങ്ങനെ കുല്‌സിത മാര്‍ഗ്ഗത്തിലൂടെ ബിസിനസ് ചെയ്യാം, ഊതിപ്പെരുപ്പിച്ച ആസ്തിയില്‍ പരമാവധി വായ്പ്പ എടുക്കുക, ജോലിക്കാര്‍ക്കും കരാറുകാര്‍ക്കും പണം കൊടുക്കാതെ തട്ടിയെടുക്കുക എന്നതിനൊക്കെ കുറ്റവാളിയായി രേഖപ്പെടുത്തിയിട്ടും, 'വക്രത നിറഞ്ഞ ഉറക്കംതൂങ്ങി ബൈഡന്‍' എന്നു ട്രമ്പ്് ബൈഡനെ ആക്ഷേപിക്കുമ്പോള്‍ കൈകൊട്ടുന്നവര്‍ ശ്രദ്ധിക്കുക.
അമേരിക്കക്കയുടെ നിലനില്‍പ്പിനു സഹായിക്കുന്ന നയം ആരുടേതാണ് എന്ന് കൂലംകഷമായി ചിന്തിക്കേണ്ട സമയമാണ്. വികാരമല്ല നമ്മെ നിയന്ത്രിക്കേണ്ടത്.നമ്മള്‍ ഒക്കെ കുടിയേറ്റക്കാരാണ്. പലരും ഇവിടെ ജനിച്ച വെള്ളക്കാരാണ് എന്ന നിലയിലാണ് അഭിപ്രായങ്ങള്‍ മെനയുന്നത്. നമ്മളില്‍ പലരും വെള്ളക്കാരുടെ ഇടയില്‍ നമ്മുടെ കുട്ടികളെ വളര്‍ത്തുവാണ് താല്‍പര്യപ്പെടുന്നത്. അതില്‍ നാം അഭിമാനിക്കുകയും മറ്റു സാമൂഹിക ബന്ധങ്ങളെ തരംതാഴ്ത്തി കാണുകയും ചെയ്യുന്നു. എന്നാല്‍ കറുത്തവരും ഇസ്ലാമികളും സ്പാനിഷ് വംശജരും അടുത്തുജീവിക്കാന്‍ താല്പര്യപ്പെടുന്നു. ഒരു സന്നിഗ്ദ്ധ അവസ്ഥ വരുമ്പോള്‍ നമ്മള്‍ തിരഞ്ഞെടുത്ത നിലം വളരെ ഒറ്റപ്പെട്ട ഇടമാണെന്ന തിരിച്ചറിയല്‍ ഉണ്ടാവും.
അരക്ഷിതമായിരുന്ന കോളനിക്കാലംമുതല്‍ അമേരിക്കക്കാര്‍ അവകാശമായി തോക്കു കൈവശം വയ്ക്കുന്നത് രണ്ടു കാര്യങ്ങള്‍ക്കാണ്. ഒന്നു സ്വയംസംരക്ഷണം. രണ്ട്, അവര്‍ക്കു ബോധിക്കാത്ത ഭരണത്തെ നിഷ്‌കാസനം ചെയ്യുക. നാലു വര്‍ഷം മുന്‍പു നടന്ന നിരവധി ട്രമ്പ് റാലികളില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍, അവര്‍ രഹസ്യമായി കൈമാറിയ സന്ദേശങ്ങള്‍ ഒന്നും നമ്മള്‍ അറിഞ്ഞിരുന്നില്ല. ഭയം ജനിപ്പിക്കുന്ന ട്രക്കുകളില്‍ അവര്‍ ഏറ്റവും വലിയ ട്രമ്പ് പതാകയുമായി നിരനിരയായി നീങ്ങുന്നത് ഒരു സാധാരണ സംഭവമായിരുന്നു എന്ന് ഓര്‍ത്തെടുക്കുക. ഇനിയും ഒരു പരാജയം അവര്‍ താങ്ങുകയില്ല. അവര്‍ നമ്മുടെ വീടുകള്‍ ഒക്കെ മാര്‍ക്ക് ചെയ്തു കൂട്ടമായി വരുമ്പോള്‍, ഉടുതുണിയില്‍ നിസ്സഹായരായി പലായനം ചെയ്യപ്പെടുന്ന അവസ്ഥ ചിലരെങ്കിലും ഭയത്തോടെ ഓര്‍ത്തു. അങ്ങനെ ചരിത്രത്തില്‍ നിരവധി അദ്ധ്യായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഒരു ഈറ്റുനോവിന്റെ ആരംഭം ആയിരിക്കാം. അങ്ങനെയൊന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കാം. ഓടിപ്പോകാനുള്ള സങ്കേത നഗരങ്ങള്‍ പോലും തകര്‍ണമെന്നു വാശിപിടിക്കുന്ന ചില വെള്ള-മലയാളി മനോഭാവങ്ങളോട് എന്താ പ്രതികരിക്കുക?. കറുത്തവര്‍ അവരുടെ ജീവന്‍ കൊടുത്തു പോരാടിയ അവകാശങ്ങള്‍ക്കു പുറത്തിരുന്നാണ് നമ്മള്‍ ഈ വീമ്പ് പറയുന്നത്. ആരും നമുക്കു വെറുതേ വച്ചുനീട്ടിയതല്ല ഈ സൗഭാഗ്യകാലം.