Image

ന്യായവിധി ( കഥ: ജോണ്‍ വേറ്റം )

ജോണ്‍ വേറ്റം Published on 09 March, 2024
ന്യായവിധി ( കഥ: ജോണ്‍ വേറ്റം )
 
         ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയാകണമെന്ന ഉദ്ദേശത്തോടെയായിരുന്നു   ''എലീന ലൂക്കാ''യുടെ വിദ്യാഭ്യാസം. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമെടുത്തപ്പോള്‍ പഠനം നിര്‍ത്തി. ജോലിക്കുവേണ്ടി ശ്രമിച്ചെങ്കിലും  അപ്രതീക്ഷിതമായി വന്ന വിവാഹാലോചനയുടെ മുമ്പില്‍ പകച്ചുനിന്നു. ദൈവം തരുന്ന മഹാഭാഗ്യമാണ് തട്ടിക്കളയരുതെന്നു പലരും ഉപദേശിച്ചു. മനസ്സിനും ജീവിതത്തിനും ചേരുന്ന പുരുഷനെന്നറിയാതെ, മറ്റുള്ളവരെ മാത്രം വിശ്വസിച്ച് വിവാഹിതയാകുവാന്‍ മടിച്ചു. എന്നിട്ടും ''പെണ്ണ്കാണ ല്‍'' ചടങ്ങിനു സമ്മതിച്ചു.         
 
   ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ''സുനില്‍ ജോസ്'' സുമുഖനും മെഡിക്കല്‍ ഡോക്ടറുമായിരുന്നു. ആ ചടങ്ങില്‍ സംബന്ധിക്കുന്നതിനുമുമ്പ്, എലീനയെ ക്കുറിച്ച് അന്വേഷിച്ചറിഞ്ഞ അയാള്‍ ''വിവാഹത്തിന് ഇഷ്ടമാണോ'' എന്നുമാ ത്രമേ ചോദിച്ചുള്ളു. സുനിലിന്റെ കണ്ണില്‍ നോക്കി സമ്മതമാണ് എന്ന് പറഞ്ഞപ്പോള്‍ അവളുടെ ഹൃദയമിടിപ്പ് വേഗത്തിലായിരുന്നു. ആദ്യമായി ഒരു പുരുഷന്റെ മുഖം ആത്മാവില്‍ പതിഞ്ഞത് അന്നായിരുന്നു. 
 
   പിറ്റേ ആഴ്ചയില്‍, ഡോ. സുനില്‍ ജോസും എലീന ലൂക്കായും തമ്മിലുള്ള വിവാഹം മംഗളമായി നടന്നു. നവവധുവിന്റെ നാണവുമായി എലീന മണിയറയില്‍ കയറി. വാതിലടച്ചു. ആദ്യമായി പുരുഷനെ വികാരവായ്്‌പോടെ ചുംബിച്ചു. തന്നിലേക്കു പ്രവേശിക്കാന്‍ അനുവദിച്ചു. 
 
   സഞ്ചാരസുഖംനിറഞ്ഞ, പുളകംപുതച്ച മധുവിധുവിന്റെ രാപകലുകള്‍ കൊഴിഞ്ഞപ്പോള്‍, സുനില്‍ ന്യൂയോര്‍ക്കിലേക്കുമടങ്ങി. ഇരുവരുടേയും മനസ്സുകളില്‍ വേര്‍പാടിന്റെ വേദന നിറഞ്ഞുവെങ്കിലും, അന്യോന്യം സംസാരിക്കാത്തവേളകള്‍ വിരളമായിരുന്നു. വിവാഹിതയായതോടെ, ഉദ്യോഗസ്ഥയാകണമെന്ന ആഗ്രഹം എലീനയുടെ ഭാവിപരിപാടികളില്‍ ഇല്ലായിരുന്നു. അവളെ നയിച്ചത്, ഇണയുടെയരികില്‍ ഓടിയെത്താനുള്ള ആവേശമായിരുന്നു. കാത്തിരുപ്പ് അവസാനിപ്പിച്ചു ഭര്‍ത്താവിന്റെ അരികിലെത്തിയതോടെ, പുതുജീവിതത്തിനു തുടക്കമായി.
 
സമ്പന്നവും സുഖദവും സ്വതന്ത്രവുമായ ദാമ്പത്യജീവിതം. പൂര്‍ണ്ണമായി സ്‌നേഹിക്കുകയും ഇഷ്ടാനുസരണം സഹകരിക്കുകയും ചെയ്ത ഭര്‍ത്താവ് ദൈവികദാനമെന്നുകരുതി നന്ദിയോടെ പ്രാര്‍ത്ഥിച്ചു!    
   മികച്ച ധാര്‍മ്മികനിലവാരം പുലര്‍ത്തിയ ഭാര്യാഭര്‍ത്തൃുബന്ധത്തില്‍ പെട്ടെന്ന് മക്കള്‍ ഉണ്ടാവരുതെന്ന ഉദ്ദേശം ഫലിച്ചില്ല. വിവാഹശേഷം, നാല് വര്‍ഷത്തിനുള്ളില്‍ രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചു.
 
വീട്ടുജോലികള്‍ക്ക് വേലക്കാരി. സാമ്പത്തികഭദ്രതയുള്ള കുടുംബം. അര്‍ഹതയുള്ളവരെ സഹായിക്കുന്ന, ഭാര്യയോടും മക്കളോടുമൊത്തു സന്തോഷിക്കാന്‍ സമയം കണ്ടെത്തുന്ന  ഭര്‍ത്താവ്. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ താല്‍പര്യമില്ലാത്ത, അന്ധ വിശ്വാസങ്ങളും അനാചാരങ്ങളുമില്ലാത്ത അയാള്‍ ദാമ്പത്യബന്ധത്തിന്റെ മഹത്വം ശ്രദ്ധയോടെ സൂക്ഷിച്ചു. ഇരുണ്ടമനസ്സും ഇരുളടഞ്ഞ ജീവിതവും ഭവനജീവിതത്തില്‍ കടന്നുവരുന്നത് ആത്മനിയന്ത്രണത്തിന്റെ അഭാവത്തിലൂടെയാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. രോഗികളുമായുള്ള സംഭാഷണങ്ങളിലൂടെ മനുഷ്യജീവിതത്തിലെ ഗഹനയാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിയിട്ടുമുണ്ട്.   
    
   മക്കള്‍ വിദ്യാലയത്തില്‍പോകാന്‍ തുടങ്ങിയതോടെ, പകല്‍ വേളകളില്‍ എലീനയുടെ വിശ്രമസമയം വര്‍ദ്ധിച്ചു. വേലക്കാരി ''തെരേസ''യുമായി വര്‍ത്തമാനം പറഞ്ഞിരിക്കുകയും, കടകംബോളങ്ങളില്‍ പോവുകയും ചെയ്യുമായിരുന്നു. ധാരാളം പുസ്തകങ്ങളുള്ള ''ഹോം ലൈബ്രറിയും'' വിട്ടില്‍ ഉണ്ടായിരുന്നു. എന്നിട്ടും, മനസ്സില്‍ അനിയന്ത്രിതമായആലസ്യം. ഉദ്യോഗസ്ഥകളായ സ്തീകളെ കാണുകയും അവരോട് സംസാരിക്കുകയും ചെയ്തപ്പോള്‍, വിവാഹത്തോടെ അടര്‍ന്നുപോയ, ഉദ്യോഗസ്ഥയാകണമെന്ന ആഗ്രഹം മുളച്ചുവന്നു. അവളുടെ മനസ്സിലെ മോഹം എന്തെന്ന് തെരേസ അറിഞ്ഞു. വലിയ പഠിത്തമുള്ള പെണ്ണുങ്ങള്‍ വെറുതേ വീട്ടിലിരുന്നു ജീവിതം പാഴാക്കുന്നത് പോരായ്മയാണെന്ന് അവളും പറഞ്ഞു. ഭര്‍ത്താവിനു ജോലി തുടരാനാവാത്തൊരാവസ്ഥ ഉണ്ടായാല്‍ എന്ത് ചെയ്യുമെന്നും ചോദിച്ചു. വേലക്കാരി പറഞ്ഞത് അര്‍ത്ഥമുള്ളകാര്യമെന്ന് എലീനക്കു തോന്നി. അവള്‍ ആലോചനയില്‍ മുഴുകി.    
 
അത്താഴം കഴിഞ്ഞ്, കിടക്കയില്‍ പരസ്പരം പറ്റിച്ചേര്‍ന്നു കിടന്നപ്പോള്‍ എലീന തന്റെ ആഗ്രഹം സുനിലിനെ അറിയിച്ചു. ശ്രദ്ധിച്ചുകേട്ടെങ്കിലും, ഒന്നും പറയാതെ അയാള്‍ ഉറങ്ങി. പിറ്റേന്ന് രാവിലെ ജോലിക്ക് പോവുകയും ചെയ്തു. എന്ത് ചോദിച്ചാലും പറഞ്ഞാലും, ആലോചിച്ചശേഷം ഉത്തരം പറയുന്ന സ്വഭാവക്കാരനാണെന്നറിഞ്ഞിട്ടും മറുപടി നല്കാതെപോയത് എലീനയെ നോവിച്ചു. അക്കാര്യം വിശ്വസ്തയായ തെരേസയോടും പറഞ്ഞു. ശയനമുറിയില്‍ സന്തോഷിക്കുന്ന നേരത്തല്ല ഇമ്മാതിരിയുള്ള വിരസ  കാര്യങ്ങള്‍ പറയേണ്ടതെന്നായിരുന്നു അവളുടെ അഭിപ്രായം. ഉദ്യോഗത്തിനുവിടാന്‍ നിര്‍ബന്ധിക്കണമെന്നും ഉപദേശിച്ചു. 
        
ജോലിസ്ഥലത്തുനിന്നും മടങ്ങിവന്നു സ്വസ്ഥനായിരുന്നപ്പോള്‍ സുനില്‍ ഭാര്യയോടു പറഞ്ഞു: ' ജോലിക്കുപോകണമെന്ന നിന്റെ ആഗ്രഹത്തെക്കുറിച്ചു ചിന്തിച്ചു. ഇന്നത്തെ ജീവിതസാഹചര്യങ്ങളും തൊഴില്‍ സ്ഥാപനങ്ങളിലെ ദുരവസ്ഥകളും സുഗമജീവിതത്തെ ബാധിക്കുന്ന ഘടകങ്ങളും നിഴലുകളല്ല. പരുപരുത്ത യാഥാര്‍ഥ്യങ്ങളാണ്. ലാഭങ്ങള്‍ കൊയ്യുന്ന ഇടങ്ങളില്‍ നീതി നിയമങ്ങള്‍ കണ്ണടക്കുന്നതും സാധാരണമായി. കുടുംബത്തെ പോറ്റേണ്ട പാവപ്പെട്ട സ്ത്രീകളുടെ അനുഭവങ്ങള്‍ക്കും, എല്ലാ ജീവിതസൗകാര്യങ്ങളുമുള്ള വീട്ടമ്മമാരുടെ സുഖാനുഭാങ്ങള്‍ക്കും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിന്റെ ആഗ്രഹത്തിന് ഞാന്‍ എതിരല്ല, എന്നാലും, ഉദ്യോഗം ആവശ്യമാണോയെന്നു നീതന്നെ ചിന്തിച്ചുതീരുമാനിക്കണം.''   
     
   ഭര്‍ത്താവിന്റെ ബുദ്ധിയുപദേശം നല്ല മാര്‍ഗ്ഗദര്‍ശനമായിട്ടു എലീനക്കു തോന്നിയില്ല. ''ജീവിതത്തിനൊരുമാറ്റം വേണം. എനിക്കും പൊതുലോകത്തിന്റെ മാറുന്ന രംഗങ്ങള്‍ നേരില്‍കാണണം. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സുഖദുഖങ്ങള്‍ അനുഭവിക്കണം. വെല്ലുവിളിനിറഞ്ഞ വിരുദ്ധസാഹചര്യം ഉണ്ടാകുമ്പോള്‍ പിന്മാറാം'' അങ്ങനെയായിരുന്നു അവളുടെ തീരുമാനം.  
 
   ഭാര്യയുടെ അവകാശവും ആഗ്രഹവും നിര്‍ബന്ധവും നിറവേറട്ടെയെന്നു ഡോ. സുനില്‍ തീരുമാനിച്ചു. തന്റെ ആത്മസുഹൃത്തിന്റെ ശുപാര്‍ശമുഖാന്തിരം, ഒരു കമ്പനിയില്‍ എലീനക്ക് ജോലി വാങ്ങിക്കൊടുത്തു.  
 
   പുതുജീവിതത്തില്‍ പാളിച്ചകള്‍ ഉണ്ടാകാതിരിക്കുവാന്‍ എലീന കരുതലോടെ പ്രവര്‍ത്തിച്ചു. കാലാനുസൃതം നവീകരിക്കുന്ന തൊഴില്‍രംഗത്ത് വി ജയിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ അവള്‍ അഭ്യസിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, മറ്റൊരു കമ്പനിയില്‍, ഉയര്‍ന്ന ശമ്പളത്തില്‍, ജോലികിട്ടി. പൂര്‍വ്വാധികം സന്തുഷ്ടയായി. അവളുടെ കൃത്യനിഷ്ടയും, വ്യാപാരഅറിവും, അച്ചടക്കമുള്ള ഭരണരീതിയും മേലധികാരികളെ സ്വാധീനിച്ചു. ജോലിയില്‍  മൂന്ന് വര്‍ഷം തികച്ചപ്പോള്‍ ''അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്'' എന്ന സ്ഥാനത്തേക്ക് കയറ്റം കിട്ടി. അതോടെ, ജോലിഭാരവും വര്‍ദ്ധിച്ചു. ഓരോ ദിവസവും ചെയ്തുതീര്‍ക്കാനാവാത്ത ഔദ്യോഗികരേഖകള്‍ വീട്ടില്‍ കൊണ്ടുവന്നു  പൂര്‍ത്തിയാക്കുമായിരുന്നു. അതിനായി ഒരു മുറി ഉപയോഗിച്ചു. അതില്‍ കയറുവാന്‍ മക്കളെയും അനുവദിച്ചില്ല. 
 
   ഉദ്യോഗജീവിതത്തിനു മുമ്പ്. എലീനക്ക് ഉണ്ടായിരുന്ന, സ്വഭാവത്തിനു ക്രമേണ മാറ്റംവന്നു. പരിചയിച്ച ദാമ്പത്യധര്‍മ്മങ്ങളില്‍ ചിലത് അരുതാത്തതെന്നുതോന്നി. ജോലിസ്ഥലത്ത് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യ ങ്ങള്‍ ഭര്‍ത്താവിനോടും പറയുന്ന പതിവ് തുടര്‍ന്നില്ല. വ്യപാരരഹസ്യങ്ങള്‍ ഭദ്രമായി സൂക്ഷിച്ചു. അപ്പോഴും, സാരി ഉടുത്ത്, സമൃദ്ധമായമുടിയുടെ തുമ്പ്‌കെട്ടി നീട്ടിയിട്ട്, കണ്ണെഴുതി, പൊട്ടുംതൊട്ടായിരുന്നു ഓഫീസില്‍ പൊയ് ക്കൊണ്ടിരുന്നത്. അവ മാറ്റി. ജാക്കറ്റും പാവാടയും ധരിച്ചു അതിന് ഭര്‍ത്താവിന്റെ അനുമതി ചോദിച്ചില്ല.       
 
   മേലധികാരികളുടെയും സഹപ്രവര്‍ത്തകരുടേയും പ്രീതി നേടാന്‍ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചു. ഭരണസംബന്ധമായ നിയമതത്വങ്ങള്‍ പഠിച്ചു. കമ്പനിയുടെ വികസിതപുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ കണ്ടെത്തി. അക്കാരണങ്ങളാല്‍, കമ്പനിയുടെ ''ശാഖ മാനേജരായി'' എലീന തിരഞ്ഞെടുക്കപ്പെട്ടു.    
 
   മക്കള്‍ക്ക് മാതാവിന്റെ സ്‌നേഹവാത്സല്യങ്ങള്‍ വേണ്ടത്രകിട്ടാതായി. ഭര്‍ത്താവിന്റെ ശരീരമനസ്സുകളുടെ സുഖത്തിനും സംതൃപ്തിക്കും വേണ്ടി അവള്‍ നല്‍കിയ സഹകരണം അപൂര്‍വമായി. വീട്ടില്‍ ഉള്ളപ്പോഴും ഓഫിസ്‌കാര്യങ്ങളില്‍ മുഴുകിയതിനാല്‍, ഭര്‍ത്താവിനോടും മക്കളോടുമൊത്തു സന്തോഷിക്കുന്ന സമയവും നന്നേ കുറഞ്ഞു. എലീനയുടെ സൌന്ദര്യം വര്‍ദ്ധിപ്പിച്ചതായിരുന്നു മറ്റൊരു പ്രത്യേകത. തലക്കും മുഖത്തിനും വസ്ത്രധാരണത്തി നും ചേരുന്നരീതിയില്‍ കേശഭംഗി വേണമെന്ന ബ്യുട്ടീഷ്യന്റെ ഉപദേശം അവള്‍ സ്വീകരിച്ചു. നിതംബംവരെ നീണ്ടുകിടന്ന, സമൃദ്ധമായമുടി മുറിപ്പിച്ചു. ''പിക്സി'' രീതിയിലുള്ള മുടിവെട്ട് സ്വീകരിച്ചു.   
    
   ഡോ. സുനില്‍ ജോലികഴിഞ്ഞു വന്നപ്പോള്‍, എലീന വീട്ടില്‍ ഉണ്ടായിരുന്നു. അപരിചിതമായൊരു രൂപംപോലെ, മുന്നില്‍വന്ന സഹധര്‍മ്മിണിയെ  കണ്ടപ്പോള്‍തന്നെ അയാള്‍ ഞെട്ടിപ്പോയി. തന്നോട് ചോദിക്കാതെ തലമുടി മുറിപ്പിച്ചത് അവഗണനയും ധിക്കാരവും ഉള്ളതുകൊണ്ടാണെന്ന് വിചാരിച്ചു. കരണത്തടിക്കാന്‍ തോന്നിയെങ്കിലും, വെറുപ്പോടെ നോക്കിയതെയുള്ളു. ഒരു പൂമരത്തിന് ഭംഗിയുള്ളത് അത് ഇലകളോടും പൂക്കളോടുംകൂടി നില്ക്കുമ്പോളാണെണും ശാഖകള്‍ ഛേദിക്കുമ്പോളല്ലെന്നും പറയണമെന്നുതോന്നി. മനസ്സ് തണുക്കുന്നതുവരെ മിണ്ടാതിരുന്നു. മൗഢൃതര്‍ക്കങ്ങള്‍ക്ക് ഇടംകൊടുക്കരുതെന്നു കരുതി അവളെ ശകാരിച്ചുമില്ല. ദാമ്പതൃജീവിതത്തില്‍ സമാധാനവും പരസ്പരസ്‌നേഹവും നിലനിര്‍ത്തുന്നത് ഹൃദയംഗമമായ സഹകരണത്തിലൂടെയാണെന്ന് അയാള്‍ക്കറിയമായിരുന്നു. ദമ്പതികള്‍ ഒന്നിച്ചു വസിക്കുമ്പോള്‍, ഭര്‍ത്താവിന്റെ അനുവാദംകൂടാതെ, തന്റെ ശരീരത്തില്‍ എന്ത് മാറ്റവുംവരുത്താനുള്ള അവകാശം ഭാര്യക്കുണ്ടോ?     
                                      
   സുനിലിന്റെ വ്യാകുലചിന്തകളില്‍ പരാതികളും സംശയങ്ങളും ഉയര്‍ന്നു വന്നു. എലീനയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും കണ്ട മാറ്റങ്ങള്‍ക്കു കാരണമായി മറ്റ് വൈകാരികമായ ബന്ധങ്ങള്‍ ഉണ്ടായോ എന്നും, മനശാസ്ത്രം അഭ്യസിച്ച അയാള്‍ സംശയിച്ചു. 
 
   മിക്കവാറും ജോലിസ്ഥലത്തുനിന്നും എലീന മടങ്ങിയെത്തുമ്പോള്‍  രാത്രിയാകുമായിരുന്നു. അപ്പോള്‍, വീട്ടിനുള്ളില്‍ മക്കള്‍ മാത്രമുണ്ടായിരിക്കും. 
 
   മറ്റൊരു സംസ്ഥാനത്തുകൂടി കമ്പനി, വാണിജ്യസ്ഥാപനം തുറന്നു. പരി ശോധനക്കും സമ്മേളനത്തിനും മറ്റുമായി, അവിടയും മേലധികാരികളോടൊപ്പം എലീനക്കു പോകണമായിരുന്നു. ആ സമയങ്ങളില്‍, ഹോട്ടലുകളില്‍  താമസിക്കണമായിരുന്നു. അതും കുടുംബത്തില്‍ പ്രശ്‌നമായി.   
 
ഭര്‍ത്താവിന്റെ വിശ്വാസങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിരുദ്ധമായിരുന്നു എലീനയുടെ ധാരണകള്‍. തന്റെ സ്ത്രീത്വവും ഭാര്യാധര്‍മ്മവും മാതൃത്വവും വിശുദ്ധമായിരിക്കണമെന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത് സുനില്‍ മനസ്സിലാക്കുമെന്നുകരുതി ജീവിച്ചു. തെമ്മാടികളും, ദുഷ്ടന്മാരും, മദ്യപാനികളും, സ്ത്രീലമ്പടന്മാരും പുരുഷവര്‍ഗ്ഗത്തിലുണ്ടല്ലോ. കാര്യസാധ്യത്തിനായി സ്ത്രീത്വം വില്‍ക്കുന്നവരെയും കണ്ടിട്ടുണ്ട്. എപ്പഴും എവിടെയും ജാഗ്രതയോടെ സഞ്ചരിച്ചു. ഇണയുടെ സംശയദൃഷ്ടികള്‍ക്ക് ആ വാസ്തവം മനസ്സിലായില്ല. ആദരവ് ലഭിക്കുന്ന ഔദ്യോഗികസ്ഥാനത്തെത്തിയ ഭാര്യയെ അഭിനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യേണ്ട ജീവിതപങ്കാളി, അസ്വ സ്ഥനും അസംതൃപ്തനുമായതെന്തിന്? അയാളില്‍ അസൂയ നിറഞ്ഞുവോ? 
   ''ആചാരങ്ങള്‍ സൃഷ്ടിച്ച അടിമത്വത്തിന്റെ ഇരകളായിരുന്നല്ലോ പണ്ടത്തെ സ്ത്രീകള്‍. ഇന്നും സ്വാതന്ത്ര്യത്തിന്റെ സന്തോഷമനുഭവിക്കാത്തവരുണ്ട്. കളങ്കംകൂടാതെ അദ്ധ്വാനിച്ചു ജീവിക്കുന്നത് കുറ്റമാണോ? ഭര്‍ത്താവിനെ സന്തോ ഷിപ്പിക്കുമ്പോഴും കാമുകനെ ഹൃദയത്തില്‍സുക്ഷിക്കുന്നവരേയും കാണാറുണ്ട്.'' അങ്ങനെയൂം എലീന വിചാരിച്ചു.  
 
   ഭര്‍ത്താവിന്റെ നിശ്ശബ്ദതയും നിസംഗതയും നിത്യവും നിരാശപ്പെടുത്തി. അന്യപുരുഷന്മാര്‍ക്ക് തുറന്നുകൊടുക്കാത്ത ഹൃദയമാണ് തനിക്കുള്ളതെന്നും, ആത്മനിയന്ത്രണത്തിന്റെ ശക്തി കെട്ടുപോയിട്ടില്ലെന്നും പറയണമെന്നും പല പ്പോഴും തോന്നി. കൊതിയും വികാരവും ഉള്ളിലൊതുക്കി കുടെകിടക്കു ബോള്‍, ഭര്‍ത്താവ് ഉറക്കം നടിക്കുന്നതും വെറുപ്പുകൊണ്ടാണെന്നും അറിയാമായിരുന്നു. എന്നിട്ടും, ഭാര്യക്കുവേണ്ടത് സഹനമാണെന്ന നല്ല മനസാ ക്ഷിയുടെ ഉപദേശമനുസരിച്ചു മിണ്ടാതിരുന്നു. എന്ത് ചെയ്താലും പറ ഞ്ഞാലും, പ്രതികരിക്കാത്തത് അയാളുടെ ശിക്ഷയാണെന്നും തോന്നിയിട്ടുണ്ട്. എന്നിട്ടും, മനസ്സില്‍ ഏറിവന്ന മൗനദുഃഖം മറ്റാരെയും അറിയിച്ചില്ല. ഒരിക്കലും ഒരു മൂടാപ്പണിഞ്ഞ ജീവിതം ഉണ്ടാവരുതെന്നു മോഹിച്ചു. പക്ഷെ, കിട്ടിയത് മനസ്സിനുള്ളില്‍ നീറുന്നൊരു നെരുപ്പോടാണ്. ''സുനിലിന്റെ പ്രകോപനത്തിന്റെ പ്രധാന കാരണം,  എന്റെ പ്രവര്‍ത്തിദോഷമാണെങ്കില്‍, അത് എന്താണെന്ന് തെളിച്ചുപറയണം. എന്റെ ഉദ്യോഗമാണെങ്കില്‍ അത് ഉപേക്ഷിക്കണമെന്ന് എന്തുകൊണ്ട് എന്നോട് പറയുന്നില്ല?'' .   
   ''ജോലിസംബന്ധമായ യാത്രകളും മറ്റ് ജോലിത്തിരക്കുകളുമുണ്ടെങ്കിലും, ഭര്‍ത്താവിനെയും മക്കളെയും മറന്നുജീവിക്കുന്നവള്‍ എന്നുവിധിക്കരുത്. അവരാണ് എന്റെ ജീവനില്‍ നിറഞ്ഞിരിക്കുന്നത്. അതാണ് സത്യം. എന്നാലും. അവഗണനയും, കുത്തിനോവിക്കുന്ന തിക്താനുഭവങ്ങളും, നിത്യവും വര്‍ദ്ധിക്കുന്നു. അഭിമുഖമായിരുന്ന്, പൂര്‍ണ്ണഹൃദയത്തോടെ, അന്യോന്യം സംസാരിക്കുമ്പോള്‍ ഇറ്റുനില്‍ക്കുന്ന കണ്ണുനീര്‍ വറ്റിപ്പോകുമെന്നും വിശ്വ സിച്ചു. എന്നിട്ടും, പറഞ്ഞുജയിക്കാന്‍ ആത്മബലം ലഭിക്കുന്നില്ല.'' അങ്ങനെ യും എലീന സ്വയം ചോദിക്കുകയും പറയുകയും ചെയ്തു.       
 
   മറ്റുള്ളവര്‍ അഭിപ്രായങ്ങള്‍ ചോദിക്കുമ്പോഴും, സ്വകാര്യങ്ങള്‍ പറയു മ്പോഴും, കുടുംബരഹസ്യങ്ങള്‍ ചോര്‍ന്നുപോകരുതെന്നു സുനിലിന് നിര്‍ബ ന്ധമുണ്ടായിരുന്നു. ഭാവിജീവിതം സന്തുഷ്ടമായില്ലെങ്കിലും, കഷ്ടനഷ്ടങ്ങളുടെ കയ്പ്നീര്‍ കുടിക്കേണ്ടിവരരുതെന്ന നിച്ഛയമുണ്ടായിരുന്നു. ഗുരുതരമായ മു റിവുകള്‍ക്ക് ചികിത്സിക്കുമ്പോള്‍, രോഗിയുടെ താല്‍ക്കാലികവേദനയെക്കാള്‍ ഗൌരവത്തോടെ കാണേണ്ടതും കരുതേണ്ടതും ജീവനെയായിരിക്കണമെന്നു പഠിച്ച ഡോ. സുനില്‍, മക്കളെ രണ്ടുപേരേയും ബോര്‍ഡിംഗില്‍ ചേര്‍ത്തു. ദമ്പതികള്‍ നിസ്സഹകരിച്ചു വാശിയോടെ ചെയ്യുന്ന പല കാര്യങ്ങളും, അവരുടെ ശിക്ഷയോ പ്രതികാരമോ ആയിത്തീരാറുണ്ട്. ഭാര്യയേയും മക്കളേയും  യഥാര്‍ത്ഥമായി സ്‌നേഹിച്ച സുനിലിന്റെ പ്രവൃത്തി അത്തരത്തിലു ള്ളതൊ ന്നും അല്ലായിരുന്നു.     
 
   ജോലിസംബന്ധിച്ച വിദേശയാത്രക്കുശേഷം വീട്ടില്‍വന്ന എലീന, മക്കളെ  മാറ്റിപ്പാര്‍പ്പിച്ചതറിഞ്ഞു. കോപിച്ചു. ''പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ കാര്യങ്ങളില്‍ തീരുമാനമേടുക്കുന്നത് മാതാവും പിതാവും ചേര്‍ന്നാണ്. അവരുടെ ഉഭയസമ്മതപ്രകാരമാണ്. പിതാവിന്റെമാത്രം ഇഷ്ടപ്രകാരമല്ല. സുനില്‍ ചെയ്തത് വലിയ തെറ്റാണ്. മക്കളെ പെറ്റുവളര്‍ത്തിയത് ഞാനാണ്. എനിക്കാണ് കൂടുതല്‍ അവകാശം.'' അങ്ങനെ എലീന വിചാരിച്ചു. അത് സുനിലിനോട് ഉറക്കെപ്പറയണമെന്നു തീരുമാനിച്ചു. അവള്‍ കാത്തിരുന്നു. പക്ഷേ. അയാള്‍ വന്നില്ല. അക്ഷമയോടെ അനവധി പ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. അയാളുടെ ആഫീസില്‍ അന്വേഷിച്ചു. ഡോ. സുനില്‍ ജോസ് രാജിവച്ചു പോയെന്ന് അറിഞ്ഞു!   
      
   വിവാഹമോചനം നല്‍കാതെ അകന്നുപോയ ഡോ.സുനില്‍ ജോസ്  മടങ്ങിവരുമെന്ന എലീനയുടെ പ്രതീക്ഷ, ഇരുളില്‍ അലിഞ്ഞു ചേരുന്ന അരണ്ടനിലാവ്‌പോലെയായിരുന്നു!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക