Image

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പ്രഖ്യാപിച്ച ബി.ജെ.പി.യുടെ സമരരഥം പോര്‍ക്കളത്തില്‍ എത്തുമ്പോള്‍- (ദല്‍ഹികത്ത്:പി.വി.തോമസ് )

Published on 10 March, 2024
തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പ്രഖ്യാപിച്ച ബി.ജെ.പി.യുടെ സമരരഥം പോര്‍ക്കളത്തില്‍ എത്തുമ്പോള്‍- (ദല്‍ഹികത്ത്:പി.വി.തോമസ് )

ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ് ഒരു മഹായുദ്ധം ആണ്. രാജ്യത്തിന്റെ അഞ്ചു വര്‍ഷത്തേക്കുള്ള ഭരണസാരഥിയെ നിശ്ചയിക്കുന്ന സമരം. സമാഗതമായ ലോകസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ചൂടേറിയ തെരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. 195 സ്ഥാനാര്‍ത്ഥികളുടെ പേര് അടങ്ങിയ ബി.ജെ.പി.യുടെ സ്ഥാനാര്‍ത്ഥി പട്ടിക രാഷ്ട്രീയലക്ഷ്യം വിളംബരം ചെയ്യുന്നതാണ്. 20 ശതമാനം എം.പി.മാരെ മാത്രമാണ് വീണ്ടും മത്സരിപ്പിക്കുന്നത്. നിലവിലുള്ള എം.പി.മാരില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടും നിലപാടിനോടും കൂറുപുലര്‍ത്തുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയയുന്നവര്‍ക്കു മാത്രമാണ് വീണ്ടും സീറ്റു നല്‍കിയിരിക്കുന്നത്.

 പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്വാഭാവികമായി ആദ്യപട്ടികയില്‍ തന്നെ ഇടം പിടിച്ചിട്ടുണ്ട്. മോദി അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കാശി എന്ന വാരാണസിയില്‍ നിന്നും ആണ് വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. മോദി സ്വന്തം സംസ്ഥാനം വിട്ട് ഉത്തര്‍പ്രദേശില്‍ നിന്നും മത്‌സരിക്കുമ്പോള്‍ ്അദ്ദേഹത്തിന്റെ ചാണക്യനായ അമിത്ഷാ മാതൃസംസ്ഥാനമായ ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്നുമാണ് വീണ്ടും മത്സരിക്കുന്നത്. 57 ശതമാനം സ്ഥാനാര്‍ത്ഥികള്‍ മറ്റു പിന്നോക്ക വിഭാഗത്തില്‍ നിന്നും 50 വയസ്സില്‍ താഴെയുള്ളവരും ആണ്. ഇത് ബി.ജെ.പി.യുടെ പുതിയ സാമൂഹ്യ വൈദഗദ്ധ്യത്തിന്റെ ഭാഗമായിട്ടാണ്. രാജ്യ രക്ഷാമന്ത്രി രാജ്‌നാഥ് സിംങ്ങും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ്ങ് ചൗഹാനും സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ആദ്യപട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. രാജ്‌നാഥ് സിംങ്ങ് നല്ല പ്രകടനം കാഴ്ച വച്ചവരുടെ ലിസ്റ്റിലാണ്. ചൈനയുമായിട്ടുള്ള അതിര്‍ത്തിയില്‍ ഇന്‍ഡ്യക്ക് ഭൂമി നഷ്ടപ്പെട്ട ആരോപണങ്ങളും നിലവിലുണ്ട്. ചൗഹാന് മുഖ്യമന്ത്രി സ്ഥാനം രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമായി നഷ്ടപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തെ ലോകസഭയിലേക്ക് കൊണ്ടുവരുവാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സിന്ധ്യ കോണ്‍ഗ്രസിലെ സമുന്നതനായ ഒരു നേതാവും രാഹുല്‍ഗാന്ധിയുടെ അടുത്ത സുഹൃത്തും ആയിരിക്കവെയാണ് അദ്ദേഹം ബി.ജെ.പി.യില്‍ എത്തുന്നത്. അദ്ദേഹത്തെയും കൈവെടിഞ്ഞിട്ടില്ല പാര്‍ട്ടി. അമേഠിയില്‍ രാഹുല്‍ഗാന്ധിയെ തോല്‍പിച്ച(2019) സ്മൃതി ഇറാനി ഇപ്രാവശ്യം പട്ടികയില്‍ ഉണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനക്കാരനായ കിരണ്‍ റിജിജുവും മത്സരാര്‍ത്ഥിയായി രംഗത്തുണ്ട്. മൊത്തം 34 കേന്ദ്രമന്ത്രിമാരാണ് ആദ്യസ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത്. ഇത് വലിയ ഒരു പരീക്ഷണം ആണ്. എന്ത് ബലികഴിച്ചും തെരഞ്ഞെടുപ്പ് 370 പ്ലസ് അംഗബലത്തില്‍ ജയിക്കുവാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഇത്. സ്പീക്കര്‍  ഓ. ബിര്‍ള ഭരണകക്ഷിയുടെ കണ്ണും കാതും നാവും ആയി ലോകസഭയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പ്രതിഫലമായി അദ്ദേഹത്തിനും സീറ്റു ലഭിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത് 80 സീറ്റുകള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ ആണ്. 51 സീറ്റുകള്‍ ആദ്യപട്ടികയില്‍ ഉണ്ട്. ഉത്തര്‍പ്രദേശ് ബി.ജെ.പി.യുടെ വിജയത്തില്‍ നിര്‍ണ്ണായകം ആണ്. മുഖ്യമന്ത്രി യോഗ ആദിത്യനാഥിന്റെ കോട്ടയാണ് ഇത്. പ്രഖ്യാപിത നിയമലംഘകരെ ക്യാമറയുടെ മുമ്പില്‍ വച്ച് ലൈവായിട്ട് വെടിവെച്ചു കൊല്ലുന്ന സംസ്ഥാനം ആണ് യോഗിയുടേത്. വാരണാസിയില്‍ മേദിയുടെ മത്സരം സംസ്ഥാനമാകെ ഒരുണര്‍വ്വ് നല്‍കുവാന്‍ സാദ്ധ്യത്യയുണ്ട്. ആദ്യ ലിസ്റ്റില്‍ വന്ന മറ്റു സംസ്ഥാനങ്ങള്‍ മധ്യപ്രദേശ്(24), ഗുജറാത്ത്(14), ബംഗാള്‍(20), രാജസ്ഥാന്‍(15), കേരളം (12), ഛാത്തീസ്ഘട്ട്(11), ഝാര്‍ഖണ്ഡ്(11), ആസാം(11), തെലുങ്ക്ാന(9), ദല്‍ഹി(5), ഉത്തരാഖണ്ഡ്(5), ജമ്മു-കാശ്മീര്‍(2), അരുണാചല്‍ പ്രദേശ്(2), ഗോവ(1), ത്രിപുര(1), ആന്റമാന്‍സ്(1), ഡാമന്‍ഡ്യൂ(1). വലിയ സംസ്ഥാനങ്ങളില്‍ ചിലതായ മഹാരാഷ്ട്ര, ബീഹാര്‍, ആന്ധ്ര, പഞ്ചാബ് എന്നിവടങ്ങള്‍ ആദ്യപട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. സഖ്യത്തിലോ സഖ്യ തെരയുകയോ ചെയ്യുകയാണ്.

  ഒഡീഷ്യയിലും ബി.ജെ.പി.-ബിജു ജനതാദള്‍(ബി.ജെ.ഡി.) സഖ്യം തെളിഞ്ഞു വരുകയാണ്. ആദ്യ പട്ടിക പാര്‍ട്ടിയുടെ ആത്മവിശ്വാസവും ആത്മ ധൈര്യവും വിളിച്ചോതുന്നവയാണ്. പ്രത്യേകിച്ചും മന്ത്രിസഭയുടെ അവസാനമീറ്റിംങ്ങില്‍ മോദിയുടെ അദ്ധ്യക്ഷതയില്‍ ബി.ജെ.പി. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു കഴിയുമ്പോള്‍ ആദ്യത്തെ 100 ദിവസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കിയതും. ഇതെല്ലാം എതിരാളികളുടെ  ആത്മവീര്യം കെടുത്തുവാനുള്ള ചില വിദ്യകള്‍ ആണ്. മോദിയുടെ എതിരാളികളും ഇതേ കളിക്കളം കണ്ടിട്ടുളളവരും ഇതേ അടവുകള്‍ പയറ്റി തെളിഞ്ഞവരും ആണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ച്, എം.പി.മാരായവരെ ഇപ്രാവശ്യം ഒഴിവാക്കിയത് ഒരു സന്ദേശം ആണ് നല്‍കുന്നത്. ആരും ഇപ്പോഴത്തെ സ്ഥാനമാനങ്ങള്‍ എക്കാലത്തേക്കും ഉള്ളതാണെന്ന് കരുതരുത്. എന്നാല്‍ പാര്‍ട്ടിയോട് നിത്യകൂറ് ഉള്ളവരെ സംരക്ഷിച്ചിട്ടും ഉണ്ട്. ഒരു ചതുരംഗപ്പലകയിലെ കരുനീക്കത്തിന് തുല്യമാണ്. ഇതെല്ലാം. സ്വാധീനമുള്ളവരെയും മറ്റു പാര്‍ട്ടികളില്‍ നിന്നും കൂറുമാറിവന്നവരെയും പാര്‍ട്ടി പട്ടികയില്‍ പരിരക്ഷിച്ചിട്ടുമുണ്ട്. ദല്‍ഹി വലിയ ഒരു പരീക്ഷണത്തിന്റെ വേദിയായി മാറി. ആകെയുള്ള ഏഴു സീറ്റുകളില്‍ ആദ്യപട്ടികയില്‍ ഇടം പിടിച്ച അഞ്ച് സീറ്റുകളില്‍ നാല് എം.പി.മാരെയും മാറ്റി. മുന്‍കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധനും സീറ്റു ലഭിച്ചില്ല. ഒരു പുതുമയുള്ളത് കേരളത്തിലെ മലപ്പുറത്തുനിന്നും ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ- അബ്ദുള്‍ സലാം- നിറുത്തിയിട്ടുണ്ടെന്നാണ്. 2014-ല്‍ മോദി വന്നതിനുശേഷം ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി പോലും ബി.ജെ.പി.യുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. ഇതാണ് ബി.ജെ.പി.യുടെ എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള പുരോഗമനവും ഭരണവും. വിജയിക്കുവാനുള്ള സാദ്ധ്യതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള മാനദണ്ഡം. മലപ്പുറത്ത് ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിക്കാണ് എന്തെങ്കിലും സാദ്ധ്യത ഉണ്ടെങ്കില്‍ ഉള്ളത്. അതും ഇല്ലെന്ന് പറയാം. ബി.ജെ.പി. ആദ്യ പട്ടികയില്‍ പുതുമുഖങ്ങളെ പരീക്ഷിക്കുവാന്‍ ധൈര്യം കാണിച്ചിട്ടുണ്ട്. പുതുരക്തം പാര്‍ട്ടിയില്‍ ആവാഹിപ്പിക്കുവാനുള്ള ശ്രമം ആണ് ഇത്. ഒപ്പം സന്ദേശവും. ഓരോ സ്ഥാനാര്‍ത്ഥിയെയും കൂലങ്കക്ഷമായ പഠനത്തിനുശേഷമാണ് തെരഞ്ഞെടുത്തതെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. മോദിയുടെയും ഷായുടെയും മുദ്ര ആദ്യപട്ടികയില്‍ ഉണ്ട്.

കേരളത്തില്‍ ഏ.കെ. ആന്റണിയുടെ മകനെ പത്തനംതിട്ടയില്‍ നിറുത്തുകവഴി  പാര്‍ട്ടി കോണ്‍ഗ്രസിന്റെ മര്‍മ്മത്തിലാണ് കുത്തിയത്. വിജയമോ പരാജയമോ അല്ല ഇവിടെ വിഷയം. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറെയും (തിരുവനന്തപുരം), വി.മുരളീധരന്‍(ആറ്റിങ്ങല്‍) പരീക്ഷിക്കുക വഴി പാര്‍ട്ടി ഒരു സീറ്റിനായി കേഴുന്നതായി കാണാം. തിരുവനന്തപുരത്തു ശശി തരൂറിന് ഒരു പക്ഷെ നല്ല ഒരു മത്സരം നല്‍കുവാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞേക്കും. 2019-ല്‍ കേരളത്തില്‍ ബി.ജെ.പി. രണ്ടാമതായി നിന്ന ഒരേ ഒരു സീറ്റാണ് തിരുവനന്തപുരം. 31 ശതമാനം വോട്ട് ബി.ജെ.പി.ക്ക് ഇവിടെ ലഭിച്ചു. തൃശ്ശൂരില്‍ സിനിമനടനും രാഷ്ട്രീയക്കാരനുമായ സുരേഷ്‌ഗോപിയെ നിറുത്തിയതും മോദി രണ്ടുപ്രാവശ്യം അവിടം സന്ദര്‍ശിച്ചതും, അതും ഒരു പ്രാവശ്യം സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തില്‍ കന്യാദാനം നടത്തുന്ന കാര്‍മ്മികനായും, ബി.ജെ.പി.യുടെ കേരളത്തില്‍ ഒരു സീറ്റു തേടിയുള്ള വ്യഗ്രതയുടെ ഭാഗമാണ്. ഭോപ്പാല്‍ എം.പി. സാധ്വവി പ്രാഗ്യ സിംങ്ങ് ഠാക്കൂറിന്റെ 2019-ലെ ഒരു പ്രസ്താവന വിവാദമായി വരുന്നു. മഹാത്മജിയുടെ ഘാതകനായ നാഥൂറാം ഗോഡ്‌സെയാണത്രെ വലിയ രാജ്യസ്‌നേഹി. ഇത് രാഷ്ട്രത്തെ ഒന്നടങ്കം നടുക്കിയതാണ്. ഒപ്പം മോദിയും ഇതില്‍ അസ്വാരസ്യം പ്രകടിപ്പിച്ചിരുന്നു. ഠാക്കൂറിന് സീറ്റു നിഷേധിച്ചതുകൊണ്ട് ബി.ജെ.പി. ഇതിന്റെ നിലപാട് മാറ്റുമെന്നോ സവര്‍ക്കറെ പോലുള്ളവരെ ഒരു പുനഃപരിശോധനക്കു വിധേയമാക്കുമെന്നോ കരുതേണ്ട.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക