ഒരുപിടിയാളുകള്‍ മലയാളത്തെ
പൊക്കിക്കൊണ്ടു നടക്കുന്നു!
ഒരുപാടാളുകള്‍ മലയാളത്തെ
പൊന്നേപ്പോലെ നോക്കുന്നു;
അവരുടെ യജ്ഞം മുടക്കുന്നവരാ-
ണവരുടെ പശുവെ വേണ്ടുന്നവരാ-
ണിങ്ങനെ മലയാളത്തെ
പൊക്കിക്കൊണ്ടുനടക്കുവത്.
'വിടു,കെന്നെ വിടൂ, ഞാ-
നോടിനടന്നു കളിച്ചോട്ടെ'
എന്നു വിതുമ്പിയു,മവരുടെ
നാറുന്നുമ്മകള്‍ തൂത്തുകളഞ്ഞും,
അവരുടെ മടിയിലിരുന്നും
തോളിലിരുന്നുമനാഥം
പെണ്ണു വലഞ്ഞുവശായി.
അവരാണിങ്ങനെ നമ്മുടെ
ഭാഷയെ, സാഹിത്യത്തെ
പൊക്കിക്കൊണ്ടുനടക്കുവത്.
പണ്ടു പിതാവിന്‍ കരുതല്‍ നീളും
കരം പിടിച്ചു നടന്നു ഇവള്‍;
ഇന്നോ, തന്‍ മൃദുമേനിയിലിഴയാ-
നഴിയുന്നൂ കൈകളനേകം.
വദനമിരുണ്ടും കണ്ണുനിറഞ്ഞും കണ്ടേ-
നാ വിറയും ചുണ്ടുകളില്‍
ചെവി ചേര്‍ക്കെ കേട്ടേന്‍
പാവം പെണ്ണിന്‍ കദനകഥ.
അക്ഷരദേവിയൊരിക്കല്‍
മംഗലമാക്കിയൊരീഭാഷ,
ദേവി ചരിച്ചിടമാകെ
പൂക്കള്‍ വിരിഞ്ഞൊരീ ഭാഷ
ദുഷ്‌കരദണ്ഡകവനമായ്,
ചുഴലിക്കാറ്റുവരുന്നതു
മുന്നെയറിഞ്ഞോരിലപോല്‍
വിറയാര്‍ന്നീടുമ്പോള്‍,
അഴകിയൊരാഗന്തുകനുടെ
ധാര്‍ഷ്ട്യം, ജാഡയഹന്ത!!
ആരുള്ളൂ രാമന്‍, എന്നാ-
മവരുടെ കാലമിതല്ലോ!
ആരുള്ളൂ കൃഷ്ണന്‍ എന്നാം
ശിശുപാലന്‍ ആദി ബലിഷ്ഠര്‍
വാച്ച രസത്തില്‍ കറുത്ത
സമര്‍ത്ഥ കരങ്ങള്‍കൊണ്ട്
സേവിപ്പൂ മലയാളത്തെ-
അവളെന്താ ചെയ്യുക!
ആരെന്താ ചെയ്യുക!
അവളുടെ രക്ഷകനെങ്ങോ ദൂരാല്‍
മലകള്‍ താണ്ടി, കടലുകള്‍ താണ്ടി,
വരവായ് വിരവില്‍ വീരന്‍.
അല്ലായ്കില്‍ വരദായിക,
ഇതിമേലില്‍ സഹിയാതെ-
ന്നൊരുനിമിഷം കരുതുകയാല്‍,
മനമുരുകിശപിച്ചിവരെ
ഭസ്മീകൃതമാക്കാമൊന്നായ്.