വഴികളിൽ ചിതറിയ
കണ്ണീർ തുള്ളികളിൽ -
നിന്നാണ്
ചിരിയുടെ വേരുകൾ
ജലം തേടിയലഞ്ഞത്..
മൺപാതകളിൽ,
മണൽക്കാടുകളിൽ
ഇലയില്ലാത്തൊരു ചെടി
ഉയിരിൻ്റെ
ഉടലുലഞ്ഞ് നിന്നു..
വേരറുത്ത
വേനൽ മരങ്ങൾ
ഇലപൊഴിഞ്ഞ
രാത്രികളിൽ
ദാഹമടക്കാനാവാതെ
പിടഞ്ഞു..
ഓരോ മരവും
പൂക്കുന്നത്
ആത്മസുഖത്തിനല്ല..
ഇലകളിൽ, പൂക്കളിൽ,
കായ്കളിൽ
ലിഖിതം ചെയ്യാത്ത
അതിജീവനത്തിൻ്റെ
അടയാളങ്ങളുണ്ട്. .
അന്നം തേടിപ്പോയ
ഒരു അമ്മക്കിളിയുടെ
കിതക്കുന്ന ചിറകടിയുണ്ട്.
തായ് വേരുകളിൽ
കാത്തിരിപ്പിൻ്റെ
നിശ്വാസങ്ങളുണ്ട്..
കരിഞ്ഞുണങ്ങിയ
ചില്ലകളിൽ
ജീവിതം ദാനം നൽകിയ
പ്രാണൻ്റെ
മരിക്കാത്ത മിടിപ്പുകളുണ്ട്...
മുഖങ്ങളിൽ
ചിരികൾ പൂക്കുന്നത്
മഴ നനഞ്ഞല്ല
വിയർപ്പണിഞ്ഞാണ്.