നിങ്ങളുടെ മുൻകഴിഞ്ഞ സമൂഹങ്ങൾക്ക് നോമ്പ് നിർബന്ധമാക്കിയതുപോലെ നിങ്ങളുടെ മേലും ഞാൻ നോമ്പ് നിർബന്ധമാക്കിയിട്ടുണ്ട് എന്ന വിശുദ്ധ വചനം ചിന്തക്ക് തിരി തെളിക്കുന്ന ഒന്നാണ്.
മനുഷ്യൻ കൂടുതൽ ദൈവഭക്തി ഉള്ളവരാകാൻ വേണ്ടിയും പാവപ്പെട്ടവൻ്റെതും അല്ലാത്തവൻ്റെതുമായ വിശപ്പിൻ്റെ നോവ് മനസ്സിലാക്കുന്നതിനും കൂടി വേണ്ടിയുള്ളതാണ് റമദാൻവ്രതം അല്ലങ്കിൽ നോമ്പ്.
ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തിൽ നോമ്പ് നിർബന്ധിത ദൈവിക ആരാധനയിൽപെട്ട ഒരു കർമ്മമാണ്. ബുദ്ധിയും തിരിച്ചറിവും ആരോഗ്യവുമുള്ളവർക്കാണ് നോമ്പ് നിർബന്ധം. രോഗികൾ യാത്രക്കാർ തുടങ്ങിയവർക്ക് നോമ്പെടുക്കേണ്ടതില്ല മറിച്ച് ആ നോമ്പിനെ പിന്നീട് അവർ നോറ്റു വീട്ടിയാൽ മതി.
നോമ്പ് കേവലം അന്നപാനീയങ്ങൾ വർജ്ജിക്കൽ മാത്രമല്ല എന്ന് വിശുദ്ധ ഖുർആനിൽ പലയിടത്തായി പരാമർശിക്കുന്നുണ്ട്.
അങ്ങനെ സ്വയം സംസ്കരണത്തിന് പ്രാധാന്യം നൽകാത്തവൻറെ നോമ്പ് എനിക്ക് ആവശ്യമില്ലെന്ന് ദൈവം പറയുന്നു. അങ്ങനെയുള്ളവരുടെ പട്ടിണിയും ദാഹവും എനിക്കാവശ്യമില്ലെന്ന് പടച്ചോൻ ഗൗരവത്തിൽ പറഞ്ഞുവെക്കുന്നു മനുഷ്യശരീരത്തിനും ആത്മാവിനുമെല്ലാം നോമ്പുണ്ട്. നോമ്പുകാരനെ പ്രകോപിപ്പിക്കുന്ന വല്ല സംസാരാമോ പ്രവർത്തനമോ വന്നാൽപോലും ഒരാളോടും ശണ്ഡകൂടാതെ ഞാൻ നോമ്പുകാരനാണെന്ന് പറഞ്ഞ് മാറി ഒഴിയണമെന്നാണ് വിശുദ്ധ വചനങ്ങൾ പഠിപ്പിക്കുന്നത്. മറ്റുള്ളവരെ ചീത്തപറയൽ, ശരിയല്ലാത്ത കാര്യങ്ങൾക്ക് ധൈഷണികമായോ അല്ലാതെയോ നേതൃത്വം നൽകൽ അല്ലങ്കിൽ പിന്തുണ നൽകൽ. വ്യക്തികളുടെ ന്യൂനതകൾ പറഞ്ഞു നടക്കൽ, അവ ആളുകൾക്കിടയിൽ പ്രചരിപ്പിക്കൽ, വ്യക്തികളെ കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ അവൻ്റെ ഇഷ്ടമൊ സമ്മതമൊ ഇല്ലാതെ പറഞ്ഞു നടക്കൽ തുടങ്ങിയവയെ വളരെ ഗൗരവത്തോടെയാണ് ഇസ്ലാമിക പ്രത്യയ ശാസ്ത്രം നോക്കിക്കാണുന്നത്.
മനുഷ്യർ ഇത്തം ദുർപ്രവണതകളിൽ നിന്നും സമ്പൂർണ്ണമായി മാറി നിൽക്കാനുള്ള അവസരം കൂടിയാണ് ഓരോ റമദാൻ കാലവും. മനുഷ്യൻ്റെ അകവും പുറവും ശുദ്ധീകരിക്കാനും കൂടിയുള്ളതാണ് നോമ്പ്. കേവലം ഒരു മാസത്തെ പട്ടിണി എന്നതിനപ്പുറത്ത് മനുഷ്യൻ്റെ ജീവിതത്തെ സംസ്ക്കരിച്ചെടുത്ത് വിശുദ്ധിയുള്ളതാക്കാനും കൂടിയുള്ളതാണ് വ്രതം. മനുഷ്യൻറെ ദേഹേച്ചകളിൽ നിന്ന് മാറി ദേഹത്തേയും ദേഹിയേയും സംസ്ക്കരിച്ചെടുക്കാനുള്ളതാണ് നോമ്പ്.
എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ.