എല്ലാ നോമ്പിനും പടച്ചോൻ നൽകുന്നത് ഒരേ പ്രതിഫലമല്ല. നോമ്പിൻ്റെ ആത്മാർത്ഥതക്കും തീക്ഷ്ണതയ്ക്കും അനുസരിച്ച് അതിൽ മാറ്റമുണ്ട്. മനുഷ്യ ശരീരത്തിലെ ഓരോ അവയവത്തിനും നോമ്പുണ്ട് എന്നാണല്ലൊ പ്രമാണങ്ങൾ പറയുന്നത്. ഉദാഹരണത്തിന് നല്ല കാർപെറ്റിൻ്റെ മിനുസമുള്ള പ്രതലത്തിൽ തടവുമ്പോൾ എന്തോ ഒരു സുഖം നമ്മുടെ കരങ്ങൾക്ക് ലഭിക്കുന്നു. അറിയാതെ വീണ്ടും വീണ്ടും നാം ആ തടവൽ തുടരുന്നു. ഇത് വളരെ നിസ്സാരമായ ഒരു പ്രവർത്തനമാണ്. പക്ഷെ നോമ്പിൻ്റെ ദൃഷ്ടിയിൽ ഇത് ഗൗരവുള്ള ഒരു കാര്യമാണ്. ഇത്രയും സൂക്ഷമമായി വേണം നോമ്പുകാരൻ്റെ ഇടപെടൽ.
ഇസ്ലാമിക പ്രത്യയ ശാസ്ത്രങ്ങളിൽ സുഗന്ധങ്ങൾക്കും അവ ഉപയോഗിക്കുന്നതിന്നും വലിയ പ്രാധാന്യമുണ്ട്. പ്രവാചക തിരുമേനി ഭക്ഷണം വാങ്ങാൻ ചിലവഴിച്ച പണത്തേക്കാൾ കൂടുതൽ പണം ചിലവഴിച്ചത് സുഗന്ധം വാങ്ങാനാണെന്ന് കാണാം. സുഗന്ധം പൂശൽ അള്ളാഹുവിൽ നിന്നും വളരെ പ്രതിഫലാർഹമായ കാര്യമാണെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ നിന്നും വായിച്ചെടുക്കാനുമാകും; എന്നിട്ടും നോമ്പിന്റെ പകലുകളിൽ നിങ്ങൾ സുഗന്ധം പൂശരുതെ എന്നാണ് ഇസ്ലാമിക പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. ഒരു പക്ഷേ നാസികയുടെയും മനസ്സിൻ്റേയും സമ്പൂർണ്ണ വ്രതം നഷ്ടപ്പെടാതിരിക്കാനാവണം ഇങ്ങനെ പറഞ്ഞ്.
മുമ്പ് ഒരു റമദാൻ മാസത്തിൽ ഒരിക്കൽ കശ്മീരിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ആർമിയിലെ ഒരു മിലിറ്ററി ഓഫീസറെ കണ്ടു. ഞാൻ നോമ്പെടുക്കന്നത് അറിഞ്ഞപ്പോൾ അയാളും സ്ഥിരം എല്ലാ റമദാനിലും നോമ്പെടുക്കാറുണ്ടെന്ന് പറഞ്ഞു. ജോലിയുടെ തീക്ഷ്ണത കാരണം അതിൻ്റെ പ്രായോഗികതയിൽ സന്ദേഹിച്ച എന്നോട് അദ്ദേഹം പറഞ്ഞു - നോമ്പുകാരൻ്റെ ദൈവിക സമർപ്പണമാണ് അതിൽ പ്രധാനമെന്ന്. അവിടെ അദ്ദേഹം എല്ലാ ദിവസവും നോമ്പുകാരനായിക്കൊണ്ട് തന്നെ ചുരുങ്ങിയത് 40 കിലോമീറ്ററെങ്കിലും നടക്കാറുണ്ടെന്നും ഡ്യൂട്ടിയുടെ ഭാഗമായി വരുന്ന ബാക്കി അദ്ധ്വാനങ്ങളും ജോലികളുമൊക്കെ ചെയ്യാറുണ്ടെന്നും വളരെ സൗമ്യദയോടെ ഭക്തനായ ആ മനുഷ്യൻ എൻ്റെ ചിന്തക്കായി ഇട്ടുതന്നു. ചില ദിവസങ്ങളിൽ നോമ്പ് തുറവിക്കായി അദ്ദേഹത്തിന് ഒരു ചീന്ത് കാരക്ക പോലും ലഭിക്കാറില്ല. നോമ്പുതുറവി സമയം കഴിഞ്ഞ് രണ്ടും മൂന്നും മണിക്കൂർ കഴിഞ്ഞാവും പലപ്പോഴും എന്തെങ്കിലും കഴിക്കാൻ കഴിയുന്നത്. ആളും മനുഷ്യനുമില്ലാത്ത ഏതെങ്കിലും കുന്നിനും മലക്കും മീതെ ഡ്യൂട്ടിയിലാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. സഹപ്രവർത്തകരും കൂട്ടുകാരുമൊക്കെ എന്നും ആത്മീയ ജീവിതത്തിനും വ്രതത്തിനുമൊക്കെ കട്ടസപ്പോർട്ടാണെന്നും ലഫ്റ്റനൻ്റ് സാബ് പറയുന്നു. രാജ്യത്തേയും അവിടുത്തെ കോടിക്കണക്കിന് മനുഷ്യരേയും സംരക്ഷിക്കാൻ വേണ്ടി ജോലിചെയ്യുന്നത് തന്നെ വിശുദ്ധമായ ഒരു കാര്യമാണ്. അതിനും പുറമെ തഖ് വയുള്ള ഒരു മനുഷ്യനായി ജോലിയെടുക്കുന്നത് ഒരു സുകൃതം തന്നെയാണ്. ആരോരുമില്ലാത്ത മഞ്ഞുമലയ്ക്ക് മുകളിൽ കയറി നമസ്ക്കരിക്കാനായി "ജഗദീശ്വരാ നീയാണ് സമുന്നതൻ(അല്ലാഹു അക്ബർ)" എന്ന് പറഞ്ഞു കൊണ്ട് തക്ബീർ കെട്ടി പ്രാർത്ഥിക്കുമ്പോൾ മനുഷ്യൻ്റെ അഹംബോധത്തിൻ്റെ ഏത് ജീർണതയും ഉരുകിയൊലിച്ച് അവൻ യഥാർത്ഥ മനുഷ്യനായി പരിണമിക്കുമെന്നും അയാൾ സാക്ഷ്യപ്പെടുത്തുന്നു.
'നോമ്പ് എനിക്കുള്ളതാണ്, അതിന് പ്രതിഫലം നൽകുന്നത് ഞാനാണ്' എന്ന വിശുദ്ധ വചനം നോമ്പിൽ അള്ളാഹുവും മനുഷ്യനും തമ്മിലുള്ള തീക്ഷ്ണ ബന്ധത്തെ സൂചിപ്പിക്കുന്നു.