Image

മിഴി ചിമ്മാതിങ്ങനെ ( കവിത : പി. സീമ )

Published on 15 March, 2024
മിഴി ചിമ്മാതിങ്ങനെ ( കവിത : പി. സീമ )

പ്രിയപ്പെട്ടവനെ
നീ പെയ്തു നനച്ച
പ്രണയോന്മാദമായിരുന്നു
എന്നിൽ വറ്റി വരണ്ട 
മരുഭൂമിയിലെ
വെയിൽക്കാടുകളിൽ 
ആയിരം
ഇതളുകളുള്ള
പൂവായി വിരിഞ്ഞത്.

നിന്റെ വരവും
കാത്തായിരുന്നു
വഴിയോരത്തെ
നിഴലിൽ  ഋതുക്കൾ
പോയതറിയാതെ ഞാൻ
കാത്തു നിന്നത്.

കാറ്റിൽ എന്നിലേക്ക്
ചായുന്ന നിന്റെ
തണൽ ചില്ലകൾ
എന്നിട്ടും എന്നിൽ നിന്നും
കാതങ്ങളോളം
അകലെയായിരുന്നു.

കൈയ്യെത്തും ദൂരത്തു
നീയൊരു വസന്തമായി 
പൂക്കുന്നതും കാത്തു  ഞാൻ 
വെറുതെയീ ജീവിതത്തിന്റെ
വെളിമ്പറമ്പിൽ 
നിന്നിലേക്ക്‌ മാത്രം
ചായുന്ന നിഴലായ്
നീ തൊട്ടാൽ മാത്രമുണരുന്ന
മൗനമായ്
കാറ്റായ് 
വെളിച്ചമായ്
മധുവായ് 
മലരായ് 
രാവായ് 
പകലായ് 
മിഴി ചിമ്മാതിങ്ങനെ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക