Image

ഡാങ്ങ് ഡാങ്ങ് ഡഡ (ചെറുകഥ: ചിഞ്ചു തോമസ്)

Published on 16 March, 2024
ഡാങ്ങ് ഡാങ്ങ് ഡഡ (ചെറുകഥ: ചിഞ്ചു തോമസ്)

ജീവിതത്തിൽ അന്നേവരെ മഞ്ഞ് നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല ഞങ്ങളാരും. അന്ന് ഒരു ജനുവരി മാസം ഒന്നാംതീയതി സെവിലിൽനിന്നും ഞങ്ങൾ സിയാറാ നവാദയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു. സിയാറാ നവാദ എന്ന് പറഞ്ഞാൽ മഞ്ഞിൽ മൂടിയ പർവ്വതനിരകൾ എന്നർദ്ധം. മൂലാസെൻ, പെനിൻസുലാർ സ്പെയിനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ ഗ്രനാടയുടെ മുസ്ലിം ഭരണാധികാരിയായിരുന്ന അബു അൽ ഹസൻ അലിയെ (മൂലെ ഹാസെൻ) ആ പർവ്വതമുകളിൽഅടക്കിയതിനുശേഷമാണ്  മൂലാസെൻ എന്ന പേര് വന്നത്. ഡിസംബർ മുതൽ ഏപ്രിൽ വരെ നീണ്ട അഞ്ചു മാസങ്ങൾ സിയാറാ നവാദയിൽ മഞ്ഞുവീഴ്ചയായിരിക്കും. സ്‌കി ചെയ്യാനുള്ള സൗകര്യം അവിടെയുണ്ട്. സ്‌കി പഠിപ്പിക്കാൻ അവിടെ ട്രൈനേഴ്സും ഉണ്ട്. സ്‌കി ചെയ്തില്ലേലും വേണ്ടിയില്ല മഞ്ഞിൽ ഒന്ന് ഇരുന്ന് നിരങ്ങിയാൽ തന്നെ ധാരാളം, ഞാൻ അക്ഷമയായി കാത്തിരുന്ന ദിവസം.

സെവിലിലെ ബാഴ്‌സ്‌ലോ ഹോട്ടലിൽനിന്നും അന്ന് രാവിലെ ഞങ്ങളെ സിയാറാ നവാദക്ക്  കൊണ്ടുപോകാൻ മേഴ്‌സിഡീസ് ബെൻസ് വാൻ എത്തി.എന്റെ ഭർത്താവ് ഡ്രൈവറിന്  കൈകൊടുത്തു പരിചയപ്പെട്ടു. എനിക്ക് ആരേയും പരിചയപ്പെടാൻ വയ്യേ രാമനാരായണാ എന്ന ഭാവത്തിൽ സീറ്റിന്റെ പുറകിലേക്ക് എന്റെ കമ്പിളി കോട്ട് തൂക്കി ഇടുകയായിരുന്നു. അയാൾ എന്റെ അടുക്കൽ വന്ന് ഒരു കാൽ പുറകോട്ട് വെച്ച് മുട്ട് അൽപ്പം വളച്ച് എന്റെ കൈ ചോദിക്കുംപോലെ നിന്നു. ഞാൻ എന്റെ കൈ അയാൾക്ക്‌ പിടിക്കാൻ നീട്ടി. അയാൾ എന്റെ കൈ അയാളുടെ നെറ്റിയിൽ തൊടീച്ചു. എന്നോട് കുശലം അന്വേഷിച്ചു. ഒരു നീണ്ട യാത്ര പോകേണ്ടതാണ് എന്തേലും ബുദ്ധിമുട്ടുണ്ടെങ്കിൽ അറിയിക്കണം എന്ന് പറയാനും മറന്നില്ല.അയാളുടെ സുഖപ്രദമായ വാക്കുകൾ  പുൽകി മാസ്മരികങ്ങളായ സുന്ദര കാഴ്ച്ചകൾ കാണാൻ ഞാൻ തയ്യാറായി. അയാളെ കാണാൻ വില്യം ഡിഫോയെപ്പോലെ  തോന്നിച്ചോ എന്ന് ഞാനിപ്പോൾ ചിന്തിക്കുന്നു. ഏകദേശം അതേപോലുള്ള ഒരു ഹോളിവുഡ് സുന്ദരൻ. അയാളുടെ പെരുമാറ്റം അതിലേറെ സുന്ദരം. 
ഞങ്ങളെല്ലാവരും സീറ്റ്ബെൽറ്റ് ഇട്ടു എന്നയാൾ ഉറപ്പുവരുത്തി. ഞാനും എന്റെ മകനും ഷൂസ് ഊരിയിട്ട്  സീറ്റിൽ ചമ്രംപടിഞ്ഞിരുന്നു. അയാൾ ജെയിംസ് ബോണ്ട്‌ മ്യൂസിക് വെച്ചു. ആ മ്യൂസിക് വെച്ചപ്പോഴേക്കും അയാളിൽ സൂക്ഷ്മത കൂർമ്മത വേഗത ഇവയെല്ലാം ഞൊടിയിടയിൽ വന്നുചേർന്നു. എതിരെ വരുന്ന വണ്ടികൾ ചിലപ്പോൾ അടുത്തു വരുമ്പോഴേക്കും ഒരു മിന്നൽ വേഗത്തിൽ അയാൾ വെട്ടിക്കാൻ തുടങ്ങി. ഏയ്‌.. അങ്ങനെ വരാൻ തരമില്ല. എനിക്ക് തോന്നിയതാകും, ഞാൻ കരുതി. അയാളുടെ കണ്ണുകൾ കൂർപ്പിച്ചു വെച്ചു. കൈകൾ സ്റ്റിയറിങ്ങിൽ വെട്ടിക്കാൻ തയ്യാറായി ഇരിക്കുന്ന മട്ട്. ഏയ് ചുമ്മാ അനാവശ്യം ചിന്തിച്ചു കൂട്ടാതെ.. അയാൾ കൈ സ്റ്റിയറിങ്ങിൽ അല്ലാതെ പിന്നെ എവിടെ വെക്കും? 

എന്റെ മകൻ ഓരോ സംശയങ്ങൾ ചോദിച്ചു തുടങ്ങി. ഞങ്ങളുടെ ഓരോ വർത്തമാനങ്ങൾക്കും അയാൾ തിരിഞ്ഞു നോക്കാനും ‘ എന്താ ഇരിക്കാൻ സുഖമല്ലേ ’എന്നും ചോദിച്ചും തുടങ്ങി. എതിരെ വരുന്ന വണ്ടികൾ ഞങ്ങളുടെ വണ്ടിയോടടുക്കാൻ എത്ര സമയം എന്ന് കണക്കുകൂട്ടിയുള്ള സംസാരമായിരുന്നു  അയാൾ നടത്തിയത്. എന്നിട്ട് വണ്ടി ഇടിക്കാതിരിക്കാൻ ഒരു വെട്ടീര്. അയാൾക്ക്‌ ഇതൊക്കെ ചെയ്യാൻ കൂട്ടിന് ജെയിംസ് ബോണ്ട് മ്യൂസിക്കും. പോരെ...!

ഒന്നും വെറും തോന്നലായിരുന്നില്ല. എന്റെ മകൻ വാ തുറക്കുമ്പോഴേ മുന്നിൽ ഇരിക്കുന്ന എന്റെ ഭർത്താവ് അവനെ നോക്കി കണ്ണുരുട്ടാൻ തുടങ്ങി. ഞാൻ അവന്റെ വാ പൊത്താനും. ഒടുവിൽ ഞങ്ങൾ ശബ്ദം ഇല്ലാതെ സംസാരിക്കാൻ തീരുമാനിച്ചു. അവൻ സീറ്റ്ബെൽറ്റ് ഊരിക്കോട്ടേ,എന്റെ മടിയിൽ കിടന്ന് ഉറങ്ങിക്കോട്ടെ എന്നൊക്കെ പലപ്രാവശ്യം ചോദിച്ചു. ഞാൻ അപ്പോഴൊക്കെ അവനെ രണ്ട് സീറ്റ്ബെൽറ്റ് ഇടിപ്പിക്കാൻ പറ്റുമോ എന്നായിരുന്നു നോക്കിയത്. 
അയാൾ അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ ക്രിസ്മസ്, ന്യൂ ഇയർ മുതലായ ഒരു ആഘോഷവും കൊണ്ടാടാറില്ല. അയാൾക്ക്‌ സഹോദരങ്ങൾ ഇല്ല. സ്വന്തക്കാരെപ്പറ്റി അയാൾ ഒന്നും പറഞ്ഞില്ല. കുറച്ചു സുഹൃത്തുക്കൾ ഉണ്ട്. താമസം റൂം ഷെയറിങ്.അയാൾ സംസാരിച്ചു തുടങ്ങിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഇടയ്ക്കിടയ്ക്ക് സംസാരങ്ങളിൽ ജീവൻ കൊടുക്കാൻ അയാൾ തല പരിഭവംകാട്ടിവെട്ടിക്കാനും ചെറുതായി കിണുങ്ങാനും ദീർഘശ്വാസം വിടാനും തുടങ്ങി. അയാൾ ഒരു ഗേ ആണ് എന്ന് ഞാൻ സംശയിച്ചു തുടങ്ങി. എന്റെ ഭർത്താവ് ദുബായിലെ കാര്യങ്ങൾ ലോക കാര്യങ്ങൾ ഒക്കെ സംസാരിച്ചു . അയാളുടെ ഡ്രൈവിംഗ് ജോലി സ്പെയിനിൽആയത്കൊണ്ടുള്ളഗുണങ്ങൾ, അത് ദുബായിൽ ആയാലുള്ള വ്യത്യാസം, അയാൾക്ക് ദുബായിൽ ഉണ്ടാക്കാൻ കഴിയുന്ന സമ്പാദ്യം,  ദുബായിലെ മറ്റു ജോലികൾ ഇവയൊക്കെയായി പിന്നെ സംസാരം. സത്യം പറയാമല്ലോ വേണ്ടാത്ത,  ഒരു ആവശ്യവുമില്ലാത്ത സംസാരങ്ങൾ.. ചിലതിലൊക്കെ  അയാൾ പിണങ്ങി ഒന്നും മിണ്ടാതെ ഇരിക്കാൻ തുടങ്ങി. പറയുന്നതൊക്കെ തന്നെപ്പറ്റിയാണ്  എന്ന് ഈ ഭൂഗോളത്തിലുള്ള  എല്ലാ പെണ്ണുങ്ങളുടെയും  വിചാരം പോലെ അയാളും വിചാരിച്ചു എന്നതാണ് കാര്യം. അയാൾ പെണ്ണുങ്ങളെപ്പോലെ പെരുമാറുന്നത് കണ്ടപ്പോൾ അയ്യേ.. പെണ്ണുങ്ങൾ ഇങ്ങനെയാണല്ലോ എന്ന് ആലോചിച്ച് എനിക്ക് നാണക്കേട് തോന്നി. എന്നാൽ അയാൾ ഈ പിണക്കവും പരിഭവവും ഒക്കെ കാണിച്ച് വണ്ടി ഓടിക്കുന്നതിൽ  എനിക്ക് പേടിയായി. ഭാഗ്യത്തിന് കുറേ സമയം എന്റെ മകൻ നല്ല ഉറക്കമായിരുന്നു. അവന് ആംഗ്യ ഭാഷയിൽ അധികം നേരം എന്നെപ്പോലെ പിടിച്ചു നിൽക്കാനുള്ള കഴിവില്ലാത്തതുകൊണ്ട് ശബ്ദം വെച്ചു തുടങ്ങിയേനേ.. 
ഞാൻ വലത്തേ ഭാഗത്തുകൂടി എന്റെ ഭർത്താവിനെ ഒന്ന്ആഞ്ഞു തോണ്ടി. അങ്ങനെയുള്ള തോണ്ടൽ ഏത് ഭർത്താക്കന്മാർക്കും ആപത്തിന്റെ സൂചനയാണ്. നിങ്ങൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതോ ചെയ്യാൻ മുതിർന്നതോ ആയ കാര്യം ഇവിടെവെച്ച് നിർത്തിക്കോ എന്നുള്ള സൂചന. 

ഒരു കാപ്പി കുടിക്കാൻ നിർത്തിയാലോ.. ഞങ്ങൾ ചോദിച്ചു.

അഞ്ച് മിനിറ്റ് നിർത്താം, അയാൾ പറഞ്ഞു.

അയാൾ അൽബെൻസെയ്ർ ഹോട്ടൽ അസഡോറിൽ നിർത്തി. അയാളോട് ഞങ്ങളുടെ കൂടെ കാപ്പി കുടിക്കാൻ വരാൻ പറഞ്ഞു. അയാൾക്ക്‌ അത്ഭുതമായി. വേണ്ട, നിങ്ങൾ പൊക്കോളൂ എന്ന് പറഞ്ഞു. ഞങ്ങൾ പിന്നെയും നിർബന്ധിച്ചു. അയാൾ വന്നു. 
എസ്‌പ്രെസ്സോ മതി, അയാൾ പറഞ്ഞു.
എന്റെ ഭർത്താവ് അകത്തു പോയി ഒരു കേക്കും ഞങ്ങൾക്കുള്ള കോഫിയും ജ്യൂസും അയാൾക്ക്‌ ബ്രുഷേറ്റയും പറഞ്ഞു. ബ്രുഷേറ്റയിൽ അവർ ടൊമാറ്റോ സോസ് ആണ് തേച്ചിരുന്നത്.  അയാൾ വെയിറ്ററോട് സ്പാനിഷിൽ എന്തോ ചോദിച്ചു. അയാൾ പിണങ്ങിയിരുന്നു. വൈറ്റർ അതിന് എന്തോ മറുപടി പറഞ്ഞു. അയാൾ ഒന്നും മിണ്ടിയില്ല. 
എന്ത് പറ്റി?  
ഓ ഒന്നുമില്ല എനിക്ക് ഇത് മതി.അയാൾ അത് പറഞ്ഞിട്ട് വീർത്തു കെട്ടിയിരുന്നു. ഞങ്ങൾ വൈറ്ററിനെ വിളിച്ചു.  ടൊമാറ്റോ മുറിച്ച് വെക്കാനാണ് അയാൾ പറഞ്ഞത് എന്ന്  ഞങ്ങൾ അറിഞ്ഞു. സോസ് തേക്കുകയല്ല അയാളുടെ ഇഷ്ട്ടം എന്ന്. ടൊമാറ്റോ മുറിച്ചുകൊണ്ട് വെക്കാൻ ഞങ്ങൾ പറഞ്ഞു. അയാൾ അത് കഴിച്ച് അവിടെയിരുന്നു ഞങ്ങളോട് സംസാരിച്ചു. സംസാരിച്ചത് അയാൾക്ക്‌ ബ്രുഷേറ്റ ഇങ്ങനെ കഴിക്കുന്നതാണ് ഇഷ്ട്ടം.. അയാൾക്ക്‌ ഇന്നതൊക്കെയാണ് ഇഷ്ട്ടം എന്നൊക്കെയാണ്. 

എന്റെ മകനോട് അയാളുടെ കൂടെ സ്പെയിനിൽ നിൽക്കാമോ എന്ന് ചോദിച്ചു.. ഞാൻ വിളറിച്ചിരിച്ചു. ഇനി കുറച്ചു സമയത്തിനുള്ളിൽ സിയാറാ നവാദയിൽ ചെല്ലാമെല്ലോ എന്ന് ആശ്വസിച്ചു. 
ഞങ്ങൾ കയറിയ ഹോട്ടൽ ഒരു ഗ്രാമത്തിലായിരുന്നു. പഴയ ഒരു ബംഗ്ലാവ് മാതിരി പ്രവുടഗംഭീര മന്ദിരം. അവിടുത്തെ ഫാനിന്റെ ചിറകുകൾ താഴേക്ക്‌ തൂക്കിട്ട് വളച്ചു വെച്ചേക്കുന്നതുപോലെയായിരുന്നു. മേൽക്കൂര തടിയിൽ അലങ്കരിച്ചിരിക്കുന്നു. തടികൊണ്ടുള്ള അനേകം തൂണുകൾ അവിടെക്കാണാം. വിലകൂടിയ മാർബിളിനാൽ നിലം ഒരുക്കിയിരിക്കുന്നു. തടികൊണ്ടുള്ള ഷെൽഫുകൾ അവിടെയുണ്ട്. പണ്ട് നിലം ഉഴാൻ ഉപയോഗിച്ചിരുന്ന പണി സാധനങ്ങൾ കൊണ്ട് ഭിത്തി അലങ്കരിച്ചിരിക്കുന്നു. അതൊന്നും പോരാഞ്ഞു ഒരു ഒത്ത മാനിനെ ടാക്സിഡർമി ചെയ്തു നിർത്തിയിരിക്കുന്നു. ഭിത്തികളിൽ അങ്ങിങ്ങായി പാറക്കല്ല് തെളിഞ്ഞുകാണാം. ആ ഡ്രൈവറിനെ കണ്ടുകൊണ്ടിരിക്കാൻ വയ്യാഞ്ഞിട്ട് ഹോട്ടലിന്റെ ഭംഗി കാണാൻ പോയതല്ല. എനിക്ക് ആകർഷണം തോന്നുന്ന ഗാംഭീര്യം ആ ഹോട്ടലിനുണ്ട്. എന്നാലും എനിക്ക് ആവശ്യത്തിനും അനാവശ്യത്തിനും വേണ്ടുന്നതിനും വേണ്ടാത്തതിനുമൊക്കെ പിണക്കങ്ങൾ പരിഭവങ്ങൾ ധാരാളമുണ്ട്. ഞാൻ എന്തിന് അതൊരു പുരുഷനിൽ കാണണം!

മറ്റെങ്ങും കണ്ടിട്ടില്ലാത്തത്രയും ഗേ കപ്പിൾസിനെ ഞാൻ സ്പെയിനിൽ കണ്ടു. സുന്ദരന്മാരായ  പുരുഷന്മാരുടെയൊപ്പം സ്ത്രയിണതയുള്ള മറ്റൊരു പുരുഷഗണങ്ങൾ. അപ്പോൾ സ്ത്രീകൾ എന്തുചെയ്യും?
പുരുഷൻ പുരുഷനെ ചുംബിക്കുന്നു. ഞാൻ എന്റെ മകന്റെ കണ്ണുകൾ മൂടി. അവൻ പലപ്പോഴും ചോദിച്ചു ,‘എന്താണ് ആണ് ആണിനെ ചുംബിക്കുന്നത്!’  ‘അയ്യേ.. എനിക്ക് പെണ്ണിനെ ചുംബിച്ചാൽ മതി‘, അവൻ പറയും. എനിക്ക് അത് കേൾക്കുമ്പോൾ കേൾക്കുമ്പോൾ കാതുകൾക്ക്  കുളിരായിരുന്നു. എന്റെ മോൻ പെണ്ണിനെ ചുംബിച്ചോ കേട്ടോ.. എന്റെ പഞ്ചാര മോൻ..ഞാൻ അങ്ങനെ പറയുന്നത് കേൾക്കുന്നത് അവനും സന്തോഷമുള്ള കാര്യംതന്നെയാണ്! ഞങ്ങളെ വേണമെങ്കിൽ  ഒരു പരസ്പര സഹായ സഹകരണ സംഘം എന്ന് വിളിച്ചോ..

എങ്കിലും എന്തുകൊണ്ട് പുരുഷന് പുരുഷൻ? ഒരു കൂട്ടം പുരുഷന്മാർ സ്ത്രീ സ്വഭാവമുള്ളവരാകുന്നോ? സ്ത്രീകൾക്ക് പൗരുഷം കൂടിവരുന്നോ? ഒരുകാലത്ത് പുരുഷന് സ്ത്രീ എന്നുള്ളത് വിചിത്രമായ കൂടിച്ചേരലാകുമോ? ഭൂമി നിലനിന്ന് പോകുമോ? ആർക്കറിയാം! 
ഞാൻ ചിന്തിച്ചു,എനിക്ക് മഞ്ഞു കാണാനും അതുവഴി ആവോളം നിരങ്ങാനും സാധിക്കുമോ?  അതിനുപോലും ഉറപ്പുപറയാൻ കഴിഞ്ഞില്ല അപ്പോൾ എനിക്ക്!

ഞങ്ങൾ മലകയറാൻ തുടങ്ങി. വലിയ മലയാണ് കയറുന്നത്. താഴ്‌വാരത്തു അനേകം മലകൾ വേറെയും കാണാം. എങ്ങും പൈൻ മരങ്ങൾ നിറഞ്ഞു നിൽക്കുന്നു. ഡ്രൈവറോട് ഞങ്ങൾ ഒരക്ഷരം മിണ്ടുന്നില്ല. താഴെ ഒരു വശത്ത് ആഴമേറിയ താഴ്‌വാരം. എതിരെ പാഞ്ഞു വരുന്ന അനേകം വണ്ടികൾ. പോരാത്തതിന് ജെയിംസ് ബോണ്ട് മ്യൂസിക്. അങ്ങ് ദൂരെ തൂവെള്ള കമ്പിളി മൂടിയ മലകൾകണ്ടു. അങ്ങോട്ടാണ് ഞങ്ങളുടെ യാത്ര. ദൈവമേ.. ഞാൻ അറിയാതെ വിളിച്ചുപോയി.
 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക