Image

നോമ്പ് തുറവി (റമദാൻ ഡയറി: ഷുക്കൂർ ഉഗ്രപുരം)

Published on 16 March, 2024
നോമ്പ് തുറവി (റമദാൻ ഡയറി: ഷുക്കൂർ ഉഗ്രപുരം)

ത്രിസന്ധ്യയിൽ മഗ്‌രിബ് ബാങ്ക് മുഴങ്ങുമ്പോൾ നോമ്പ് തുറക്കുന്ന വിശ്വാസിക്ക് പ്രധാനമായും രണ്ട് സന്തോഷങ്ങളാണെന്ന് ഇസ്ലാമിക മത ഗ്രന്ഥങ്ങളിൽ കാണാം. ഒന്ന് നോമ്പ് പൂർത്തീകരിച്ച് ഭക്ഷണവും വെള്ളവും കഴിക്കാമല്ലൊ എന്ന സന്തോഷം, മറ്റൊന്ന് സർവ്വേശ്വരന്റെ പക്കൽ നിന്നുമുള്ള ദൈവിക പ്രതിഫലം ആഗ്രഹിച്ചുള്ള നിർവൃതി.  വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത ഭക്ഷണരീതിയും സംസ്ക്കാരവുമാണെന്ന പോലെ നോമ്പുതുറവിയുടെ കാര്യവും വ്യത്യസ്തത നിറഞ്ഞ ഭക്ഷ്യ സംസ്ക്കാ രങ്ങൾ ഉൾക്കൊള്ളുന്നതാണ്.

Cultural Difference Theory യെ കുറിച്ച് വിശാലമായി എഴുതിയിട്ടുണ്ട് Fredrick Erickson. ഓരോ സ്ഥലങ്ങളിലും അതാതിടങ്ങളിലെ സാംസ്കാരിക രൂപങ്ങളേയും സാംസ്കാരിക വ്യത്യാസങ്ങളെയും കാണാനാകും. മസ്ലിംകൾക്കിടയിലെ റമദാൻ നോമ്പിന് ചെറിയ രീതിയിലെങ്കിലും ഒരു Universal സ്വഭാവം കാണുന്നുണ്ട്. മിക്കവാറും സ്ഥലങ്ങളിൽ 13 ഉം 14 ഉം മണിക്കൂർ കഴിഞ്ഞ് സമ്പൂർണ്ണ വ്രതത്തിന് ശേഷം നോമ്പ് തുറക്കുന്നത് അവരുടെ നാടിന്റെ സാംസ്ക്കാരിക പശ്ചാലത്തിന്റെ കൂടി പിൻബലത്തിലാണ്. ഇസ്ലാമിക പ്രത്യയ ശാസ്ത്ര അധ്യാപനമനുസരിച്ച് നോമ്പ് തുറക്കേണ്ടത് കാരക്ക / ഈത്തപ്പഴം ഉപയോഗിച്ചാണ്. അതില്ലെങ്കിൽ വെള്ളം. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അനുവർത്തിച്ചു പോരുന്നതും അങ്ങിനെത്തന്നെയാണ്.

നമ്മുടെ മലബാറിൽ / ഏറനാട്ടിൽ നോമ്പ് തുറവി എന്നത് ഒരു ഗംഭീര സൽക്കാരം പോലെയാണ്. ആദ്യം നബി തിരുമേനി പഠിപ്പിച്ച പോലെ വളരെ സിമ്പിളായി ഈന്തപ്പഴവും  / ശുദ്ധജലവും ഉപയോഗിച്ച് നോമ്പ് തുറക്കും. ദൈവിക സ്തുതി കീർത്തനമർപ്പിച്ച് നമ്മുടെ തനതായ നോമ്പ് ഭക്ഷണമുപയോഗിക്ക് വിശപ്പ് മാറ്റും, ചൂട് കാലമല്ലെ- ജ്യൂസുകൾക്ക് മുന്തിയ ഇടമാണ് ഡൈനിംഗ് ടേബിളുകളിൽ ലഭിക്കുന്നത്. വത്തക്ക ജ്യൂസ് ആണെങ്കിൽ പഞ്ചസാരയുടെ ചിലവ് കുറയ്ക്കാം. 

നൈസ് പത്തിരി കറികൾ കൂട്ടാനുകൾ എന്നിവയും പ്രധാനപ്പെട്ടതാണ്. ചിക്കൻ ഫ്രൈ ബീഫ് ഫ്രൈ അല്ലങ്കിൽ മട്ടൺ ഇങ്ങനെ എന്തുമാവാം. അതുമല്ലങ്കിൽ പത്തിരിയും കടലക്കറിയും മാത്രവുമാകാം. 

അതിന്റെയൊക്കെ മുമ്പായി ഫ്രൂട്സ് ഇനങ്ങളാണ് റമദാൻ കാലത്തെ സുൽത്താൻമാർ - വളരെ ലളിതമായിട്ടാണെങ്കിൽ ഈന്തപ്പഴം തണ്ണി മത്തൻ/വത്തക്ക മുന്തിരി മാങ്ങ പൈനാപ്പിൾ ഓറഞ്ച് ആപ്പിൾ etc... കുറച്ച് കൂടി ലക്ഷ്യൂറിയസ് ആണെങ്കിൽ സംഗതി പൊളിക്കും. പഴത്തിന്റെ ഗന്ധമാണ് വിശക്കുമ്പോൾ ഏറെ സ്വാദിഷ്ടമായത്. ഇസ്ലാം എല്ലായിപ്പോഴും ലാളിത്യത്തിനെയാണ് പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. 

വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ ധാരാളമുണ്ട്. ഈന്തപ്പഴം പൊരിച്ചെടുക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. സമൂസ പക്കവട എന്നിവയൊക്കെ ക്ലാസിക്ക് ഐറ്റങ്ങളാണ്. തരിക്കഞ്ഞിയും പാൽവാഴക്കയും ഫ്രൂട്സലാഡുമൊക്കെ സ്ഥാന ചലനങ്ങളില്ലാതെ അതേ ബൗളിയിൽ ഇരിപ്പാണ്. എല്ലാം കഴിഞ്ഞ് പ്രാർത്ഥനക്ക് ശേഷം നീണ്ട നിശാ പ്രാർത്ഥനയായ തറാവീഹ് നമസ്ക്കാരം കൂടി കഴിഞ്ഞ് വെള്ളം കുടിയും ജീരകക്കഞ്ഞി കുടിയും കഴിഞ്ഞാൽ നമ്മുടെ ഒരു നോമ്പ് ദിനം ഏതാണ്ട് ഉശാറായി.

എന്നാൽ അതൊന്നുമില്ലാത്ത നോമ്പ് കാലമുള്ള നാട്ടിൽ നിന്ന് കുറച്ച് നോമ്പെടുക്കാൻ കഴിഞ്ഞത് അവിടുത്തെ നോമ്പിന്റെ സാമൂഹിക ശാസ്ത്രം മനസ്സിലാക്കാൻ സഹായിച്ചു. കഴുകാത്ത ഈന്തപ്പഴം നോമ്പു കഞ്ഞി വട ലൈം അല്ലങ്കിൽ സർബത്ത്. അത്ര തന്നെ സംഗതി കഴിഞ്ഞു. 

പക്ഷേ ആ കൊടും ചൂടിലെ പതിമൂന്ന് മണിക്കൂറിന് ശേഷം ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുമ്പോഴുള്ള അനുഭൂതി എഴുതിത്തീർക്കാൻ കഴിയാത്തതാണ്. നിശാപ്രാർത്ഥനയായ തറാവീഹിന് മുമ്പായി ഞാൻ ഏറ്റവും ചുരുങ്ങിയത് മൂന്ന് ലിറ്ററെങ്കിലും ആ അമൃത് കുടിച്ച് തീർക്കും. ആ നോമ്പ് കാലത്തെ കുറിച്ച് പിന്നീട്  എഴുതാം.

ഒരു നാല് കൊല്ലം മുമ്പ് നോമ്പ് തുറക്കാൻ കയറിയ റെയിൽവേ ജംഗ്ഷൻ മസ്ജിദിലാണ് ഇഫ്ത്താറിനായി ഈയടുത്ത ദിവസം കയറിയത്. ഈന്തപ്പഴവും വെള്ളവും നോമ്പു കഞ്ഞിയും നാരങ്ങ വെള്ളവും സമൂസയോ വടയോ ലഭിക്കും. അന്ന് നല്ല പൊരിഞ്ഞ വെയിലായിരുന്നു. ഒരാൾ വലിയ ഉയരം കൂടിയ പാത്രത്തിൽ നിന്നും നാരങ്ങ വെള്ളം മുക്കി കപ്പുകളിൽ ഒഴിച്ചു വെക്കുന്നു. ഇടക്ക് അദ്ദേഹത്തിൻെ കയ്യിലെ കോരാനുള്ള കപ്പ് ആ വലിയ പാത്രത്തിൽ വീണു. അയാൾ പല വഴിയും നോക്കി അത് കിട്ടുന്നില്ല. അവസാനം അയാൾ കൈ വെള്ളത്തിലിട്ട് അതെടുത്തു. കൈമുട്ട് മുഴുവൻ വെള്ളത്തിൽ മുങ്ങിയിട്ടുണ്ടാകും. കപ്പെടുത്ത് വീണ്ടും അയാൾ തന്റെ ജോലി തുടർന്നു. സ്വാഭാവികമായും എനിക്ക് അറപ്പ് തോന്നി. നാരങ്ങ വെള്ളം വേണ്ട എന്ന് വെച്ചാൽ തീരുന്ന പ്രശ്നമേ ഒള്ളൂ.
പക്ഷേ ആ കൊടിയ ചൂടിൽ നാരങ്ങാ വെള്ളം വേണ്ട എന്ന് വെക്കാൻ കഴിയണം. ഞാൻ സൈദ്ധാന്തികമായി ആലോചിക്കാൻ തുടങ്ങി. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യൻ ഗത്യന്തരമില്ലാതെ വന്നപ്പോൾ പാത്രത്തിൽ കയ്യിട്ട് കപ്പെടുത്തത് ഇത്ര വലിയ പാതകമാണോ? ഒരിക്കലുമല്ല. ഏറി വന്നാൽ ചിലപ്പോൾ ബയോ വെയ്സ്റ്റിന്റെ അംശമുണ്ടാകും അതിൽ. ഒരു കപ്പ് ആ നാരങ്ങ വെള്ളം കുടിച്ചാൽ ഒരു പ്രശ്നവുമില്ല. അങ്ങനെയൊക്കെ ആലോചിച്ചെങ്കിലും ആ വെള്ളം കുടിച്ചില്ല. 

ഇന്ന് അവിടെ കാര്യങ്ങൾ ഗ്രാന്റായി നടക്കുന്നു. സൗകര്യങ്ങളും ഹൈജിനിക്ക് സംവിധാനങ്ങളും ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. 

ഉള്ളവർ ഇല്ലാത്തവർക്ക് തന്റെ ഓഹരിയിൽ നിന്നും പങ്കുവെച്ച് നൽകുന്ന കാഴ്ച്ച മനോഹരമാണ്. പടച്ചോൻ പറഞ്ഞ നോമ്പിന്റെ ആത്മ വിശുദ്ധി തേടിയുള്ള മനുഷ്യന്റെ തീർത്ഥയാത്ര.

നോമ്പ് കാലത്ത് മനുഷ്യന്റെ ഉള്ളകത്ത് വരുന്ന മാറ്റങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്. അതിലും ഒരുപാട് സമാനതകളുണ്ട്. 

നട്ടുച്ച നേരത്താണ് അങ്ങാടിപ്പുറത്ത് തീവണ്ടിയിറങ്ങിയത്. ബസ് കയറാൻ കയ്യിൽ പണമില്ല. ATM ൽ കയറിയെങ്കിലും പൈസ കിട്ടുന്നില്ല. വേറെ ഒരുത്തനും പണം കിട്ടാതെ വിഷമിച്ചിരിക്കുന്നു. അവനെ നോക്കി കിട്ടിയില്ലെ എന്ന് ചോദിച്ചു - 'ഇല്ല ഏട്ടാ, പൈസ ഉണ്ടേൽ വീട്ടിലെത്താമായിരുന്നു, പെട്ട് പോയി'. ഉപകാരമില്ലാതെ പോക്കറ്റിൽ കിടന്ന പൈസയെടുത്ത് അവന് കൊടുത്തു. അവൻ ഉടനെ താങ്ക്സ് പറഞ്ഞ് ജി-പെ നമ്പർ ചോദിച്ചു. 

ഇത് മലപ്പുറമല്ലെ, നിങ്ങൾക്ക് സഹായം ആവശ്യമായപ്പോൾ ഞാൻ നിങ്ങളെ സഹായിച്ചു. അതിലെന്തിരിക്കുന്നു? റമദാൻ മാസമല്ലെ, എന്റെ ഹദിയയായി അതിരിക്കട്ടെ നിങ്ങൾ പോയി വരിൻ. 

ഒരു തവണ കൂടി ATM ൽ ശ്രമിച്ചു, പണം കിട്ടിയില്ല. നേരെ നമ്മുടെ ആര്യഭവനിൽ ചെന്നു. അവിടെ കൗണ്ടറിൽ ഇരിക്കുന്ന ഏട്ടനോട് കാര്യം പറഞ്ഞു. ഞാൻ ജി- പെ ചെയ്തു കൊടുത്ത് ചില്ലറ വാങ്ങി നാട്ടിലേക്ക് വണ്ടി കയറി. മനുഷ്യത്വമുണ്ടാകുമ്പോൾ മനുഷ്യൻ എന്ന പദം അതി മനോഹരമായി മാറുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക