Image

അയൽബന്ധങ്ങൾ ഊഷ്മളമാക്കണം (ഷുക്കൂർ ഉഗ്രപുരം)

Published on 17 March, 2024
അയൽബന്ധങ്ങൾ ഊഷ്മളമാക്കണം (ഷുക്കൂർ ഉഗ്രപുരം)

വൈക്കം മുഹമ്മദ് ബഷീർ നാട്ടിൽ നിന്നും മാറി ഒരിടത്ത് വീട് വാടകയ്ക്കെടുത്ത് താമസിച്ചു കൊണ്ടിരിക്കുന്നു. അയൽ വീട്ടിൽ നിന്നും നേരം സന്ധ്യയായാൽ എന്നും അടിയുടേയും തൊഴിയുടെയും ശബ്ദം കേൾക്കാം. അതോടൊപ്പം ഒരു സ്ത്രീ അട്ടഹസിക്കുന്ന ശബ്ദവും കേൾക്കാം. ഇത് സ്ഥിരമായപ്പോൾ ഒരു ദിവസം ബഷീർ ടോർച്ചുമെടുത്ത് അയൽ വീട്ടിലേക്ക് നടന്നു. അവരുടെ വാതിലിൽ കൊട്ടിവിളിച്ചു. ഒരു പുരുഷൻ വന്ന് വാതിൽ തുറന്നു.

 അപ്പോൾ ബഷീർ ചോദിച്ചു - "താങ്കൾ ഇവിടുത്തെ ഗൃഹനാഥനാണൊ?"

     വീട്ടുകാരൻ -"അതെ സർ, ഞാൻ വീട്ടുകാരനാണ്"

ബഷീർ - "ഞാൻ അപ്പുറത്തെ വാടക വീട്ടിലെ പുതിയ താമസക്കാരനാണ്. താങ്കൾ മദ്യപിച്ചു വന്ന് ഭാര്യയെ തല്ലുകയും കുത്തുകയും ചെയ്യുന്നതും അവൾ കരയുന്ന ശബ്ദവും സ്ഥിരമായി കേൾക്കുന്നുണ്ട്. താങ്കൾക്ക് അൽപം മാന്യമായി പെരുമാറിക്കൂടെ?" ബഷീർ ഗൗരവത്തിൽ ചോദിച്ചു. 

വീട്ടുകാരൻ അയാളുടെ ഭാര്യയെ വിളിച്ചു. ബഷീർ പറഞ്ഞ വിഷയം അയാൾ ഭാര്യയോട് പറഞ്ഞു. അതുകേട്ട് അവൾ ചിരിച്ചു. എന്നിട്ട് ബഷീറിനോട് അവർ ഇങ്ങനെ പറഞ്ഞു - "അത് ഭർത്താവ് എന്നെ തല്ലുന്നതല്ല. അദ്ദേഹം അൽപം അന്തിക്കള്ള് മോന്തി വരുമ്പോൾ ഒരു മടലെടുത്ത് നിലത്തടിക്കുകയും അതിനൊത്ത് ഞാൻ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നതാണ്. അതിലൂടെ ഒരു ആസ്വാദനം കണ്ടെത്തുന്നു എന്ന് മാത്രം". 

മനുഷ്യൻ്റെ സ്വഭാവ വൈജാത്യത്തെ ഓർത്തു കൊണ്ട് ബഷീർ തിരിച്ചു നടന്നു. പിന്നീടൊരിക്കലും അയൽവാസിയുടെ ഈ ശബ്ദം കേട്ട് അവർ അങ്ങോട്ട് പോയില്ല. പറഞ്ഞുവരുന്നത് സത്യവിശ്വാസിക്ക് അയൽവാസികളോടുള്ള ബാധ്യതയെ കുറിച്ചാണ്. വിശുദ്ധ ഖുർആനിനേയും പ്രവാചക വചനങ്ങളേയും മുൻനിർത്തി ഇസ്ലാമിക ഗ്രന്ഥങ്ങൾ മുന്നോട്ടു വെക്കുന്ന അയൽവാസിയോടുള്ള ബാധ്യതകൾ വളരെ വലുതാണ്. നിങ്ങൾ വീട്ടിൽ കറി പാചകം ചെയ്യുകയാണെങ്കിൽ അതിൽ സ്വൽപം കൂടി അളവ് നീട്ടി അയൽക്കാരന് കൂടി അയൽക്കാരന് ദാനം നൽകുക എന്ന് പ്രവാചകൻ പറയുന്നു. അയൽക്കാരനോടുള്ള ബാധ്യത പൂർത്തീകരിക്കാതെ ഒരാളും പരിപൂർണ്ണ സത്യവിശ്വാസിയാവില്ല എന്ന് ഇസ്ലാമിക പ്രമാണങ്ങൾ പറയുന്നു. അയൽവാസികളെ ഉപദ്രവിക്കുന്നവന്ന് രൂക്ഷമായ കഠിനമായ സിക്ഷകളാണ് അള്ളാഹു കരുതിവെച്ചിരിക്കുന്നത്. 

സ്വന്തം വീട് വലിപ്പം കൂട്ടി അയൽക്കാനുള്ള കാറ്റ് തടസ്സപ്പെടുത്തിയാൽ വരെ അള്ളാഹുവിൻ്റെ മുമ്പിൽ മറുപടി പറയേണ്ടി വരുമെന്ന് പ്രവാചക വചനങ്ങൾ പഠിപ്പിക്കുന്നു. പ്രവാചകൻ്റെ ജൂത വിശ്വാസിയായ അയൽക്കാരൻ്റെ വീട് വിൽപ്പനക്ക് വെച്ചിട്ടുണ്ട്. നിലവിലെ മാർക്കെറ്റ് റെയ്റ്റ് കിട്ടിയിട്ടും വീടിൻ്റെ വില ആയിട്ടില്ല എന്ന് അയാൾ പറയുന്നു. കച്ചവടക്കാർ ചോദിച്ചു - "നിലവിലെ മാർക്കെറ്റ് റെയ്റ്റ് ആയിട്ടും നിങ്ങൾ എന്താണ് വിൽക്കാത്തത്"?

ആ ജൂത സഹോദരൻ മറുപടി പറഞ്ഞത് ഇങ്ങനെ - "എൻ്റെ അയൽക്കാരൻ ഏറ്റവും വലിയ സത്യസന്ധനാണ്. നല്ല അയൽക്കാരൻ്റെയടുത്തുള്ള ഈ വീട് വിൽക്കണമെങ്കിൽ നല്ല വില കിട്ടിയാൽ മാത്രമെ വിൽക്കൂ!" 

ഗബ്രിയേൽ മാലാഖ ഓരോ ദിവ്യസന്ദേശവുമായി വന്ന് അയൽവാസിയോടുള്ള ബാധ്യതയെ കുറിച്ച് പറയുമ്പോൾ ഞാൻ വിചാരിച്ചു അയൽവാസിക്ക് സ്വത്തിൽ പിന്തുടർച്ച അവകാശം വരെ നൽകാൻ അല്ലാഹു കല്പിക്കുമായിരിക്കും എന്ന്. അപ്പോൾ അയൽവാസിയുടെ പ്രാധാന്യം എത്രയാണ് ഇസ്ലാം കൽപ്പിച്ചു നൽകുന്നത് എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഒരു നല്ല അയൽവാസിക്ക് മാത്രമേ നല്ല സത്യവിശ്വാസിയാകാൻ കഴിയൂ എന്നാണ് ഇതിൽ നിന്നും നാം ഗ്രഹിക്കേണ്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക