Image

ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം11 - സാംസി കൊടുമണ്‍) 

Published on 18 March, 2024
ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം11 - സാംസി കൊടുമണ്‍) 

കുടുംബ വേരുകള്‍ അറ്റവര്‍

റീന! ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ കുടുംബജീവിതത്തിലെ അപാകതകള്‍ അന്നേതുടങ്ങിയതാണ്.അച്ഛനില്ലാത്ത കുട്ടികള്‍ ആരുടെയും ഉറക്കം കെടുത്തുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസമോ സംരക്ഷണമോ എങ്ങനെ എന്നാരും ചിന്തിക്കുന്നില്ല. പണം മാത്രമല്ല ഒരു സമൂഹത്തെ കെട്ടുറപ്പുള്ളാതാക്കുന്നത്. കുടുംബത്തിലെ അച്ചടക്കവും ചിട്ടയുള്ള ജീവിതവും ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് ആവശ്യമാണ്. നമുക്ക് തലമുറകളായി അതു നഷ്ടമായി. എല്ലാവരും നമ്മെ നോക്കി പരിഹസിക്കുന്നു. അവന്‍ മയക്കുമരുന്നിന്റെ അടിമയാണ്. മോഷ്ടാവാണ്, സമൂഹത്തിലെ കരടാണ്. ജീവിതത്തില്‍ വ്യവസ്ഥകളില്ലാത്തവരാണ്. കുറ്റവാളികളൂം, കുറ്റവാസനയും ഉള്ളവരാണ്. സ്ഥിരം ജയില്‍ തറവാടാക്കിയവരാണ്... ഇതൊക്കെ ഒരു പരുധിവരെ ശരിതന്നെയാണ്. പക്ഷേ ഇവരെ ഇങ്ങനെ ആക്കിയവര്‍ ആരാണ് എന്ന ചോദ്യം ചോദിക്കുന്നതാര്‍ക്കും ഇഷ്ടമല്ല. അവരാണല്ലോ എന്നും നമ്മെ ഭരിക്കുന്നത്. എന്റെ മനസില്‍ ഇപ്പോള്‍ അടുക്കും ചിട്ടയുമായി കാര്യങ്ങള്‍ വരുന്നില്ല. കാട്ടിലെ വള്ളികള്‍ മരത്തില്‍ ചുറ്റിക്കയറുന്നപോലെയാണു ചിന്തകള്‍. അതെങ്ങോട്ടെങ്കിലും ഒക്കെ പടര്‍ന്നു കയറുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ അതു കാലക്രമത്തില്‍ മനസിലാക്കാം.

ഞയറാഴ്ചത്തെ ഒഴിവ് ഒരു അടിമയുടെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തി എന്നാണല്ലോ ഞാന്‍ നേരത്തെ പറഞ്ഞു വന്നത്. ഒരടിമയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി കിട്ടുന്നത് വലിയ മാറ്റങ്ങളുടെ പെരുമ്പറകൊട്ടലായിരുന്നു. റീനയ്ക്കും, നിങ്ങളുടെ തലമുറയ്ക്കും അതിന്റെ പ്രാധാന്യം എത്രമാത്രം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നെനിക്കറിയില്ല. കാരണം നിങ്ങള്‍ ശരിക്കുമുള്ള സ്ലേവറി എന്തെന്നറിഞ്ഞിട്ടില്ല. ആ കാലത്തു ജീവിച്ചിട്ടില്ല. കുട്ടി അതു സഹനത്തിന്റെയും, സമരത്തിന്റേയും കാലവും, ജീവിതവും ആയിരുന്നു. അങ്കിള്‍ ടോമില്‍ നിന്നും ഒരു നീണ്ട നെടുവീര്‍പ്പുയര്‍ന്നു.

റീനയും, സാമും അങ്കിള്‍ ടോമിന്റെ കഥയും കേട്ട് ഫൂണറല്‍ ഹോമില്‍ നിന്നും സാമിന്റെ കാറില്‍ റീനയുടെ അപ്പാര്‍ട്ടുമെന്റിലേക്കുള്ള യാത്രയില്‍ ആയിരുന്നു. ആന്‍ഡ്രു സ്വന്തം കാറില്‍ മറ്റൊരു വഴി നടന്നു. കഥ റീനയുടെ ഞരമ്പുകളില്‍ ഉടക്കി. അവള്‍ ആരോടെന്നില്ലാതെ ചോദിച്ചു;

“ഞയറാഴ്ചകളിലെ ഒഴിവ് ആര്‍ക്കെന്തു ഗുണമാണാവോ ചെയ്തത്. ക്രിസ്ത്യന്‍ പാതിരിമാര്‍ക്ക് അവരുടെ ആരാധനാലയങ്ങളില്‍ പങ്കെടുക്കാന്‍ വിശ്വാസികളെ വേണമായിരുന്നു. സാം നീ എന്തു പറയുന്നു. അതായിരിക്കില്ലെ ശരി.”

“റീന പറഞ്ഞതില്‍ കുറെ ശരികള്‍ ഉണ്ട്. പക്ഷേ അത് ഒരു അടിമയുടെ ജീവിതക്രമത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറച്ചു കാണണ്ട. വേണമെങ്കില്‍ കത്തോലിക്ക സഭയിലെ നവോത്ഥാനത്തിന്റെയും, വിപ്ലവചിന്തയുടെയും ഭാഗമായി പിറന്ന, മാര്‍ട്ടിന്‍ ലൂഥറിന്റെ പ്രൊട്ടസ്റ്റന്റ്, അല്ലെങ്കില്‍ ഇവാഞ്ജലിക്കന്‍ വിഭാഗങ്ങള്‍ സ്വന്തമായി വേരുകള്‍ പിടിപ്പിക്കാന്‍ പുതിയ കുടിയേറ്റഭൂമിലേക്കു വന്നതിന്റെ പരിണിതഫലം കൂടിയാകാം.” സാം തന്റെ നിരീക്ഷണം പറഞ്ഞ് റീനയെ നോക്കി.

‘റീന നീ ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനത്തെ അങ്ങനെ നിസാരവല്‍ക്കരുത്. അവര്‍ സുവുശേഷിച്ചതത്രയും അടിമയും ഉടമയും ഇല്ലാത്ത ഒരു സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചാണ്. ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ചാണ്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നതിന്റെ സുവിശേഷമാണ്. ഇത് അടിമയായ നീഗ്രോയെ മാത്രമല്ല, ഉടമയായ വെളുത്തവനേയും ചലിപ്പിച്ചു. ഉടമയുടെ ഉള്ളില്‍ ഭയത്തിന്റെ ചലനമായിരുന്നു എങ്കില്‍ അടിമയുടെ ഉള്ളിലെ ചലനം മാറ്റങ്ങളുടേതായിരുന്നു. ഉടമ ഭയപ്പെട്ടതത്രയും, അടിമകള്‍ കലാപത്തിന്റെ വാളെടുക്കുമോ എന്നായിരുന്നു. അതിനുള്ള പരിഹാരമായിരുന്നു മിഷനറിമാരുടെ ഈ ഞായറാഴ്ചകളിലെ അവധി എന്ന ഒത്തുതീര്‍പ്പ്.പലമുതലാളിമാരും അതു സമ്മതിച്ചില്ല. സമ്മതിച്ചവര്‍ തന്നെ നഷ്ടപ്പെട്ട ദിവസത്തിനെ വീണ്ടെടുക്കാന്‍ അധിക ജോലി എന്ന ഉപാധി വെച്ചു. ഒരടിമക്ക് സ്വന്തമായ തീരുമാനങ്ങള്‍ ഇല്ല. ഒരോ മുതലാളിയുടേയും, തോക്കിന്‍ കുഴലും, ചാട്ടവാറും അവനുവേണ്ടി നിയമങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, അവര്‍ക്കു പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കാനെ കഴിയുമായിരുന്നുള്ളുവെങ്കിലും, ആ നോട്ടത്തിലെ പകയില്‍ നിന്നും ചിലതെല്ലാം രൂപപ്പെടുന്നുണ്ടായിരുന്നു. പല തോട്ടങ്ങളിലും കലാപങ്ങള്‍ ഉണ്ടായി. കാര്യവിചാരകര്‍ കൊല്ലപ്പെട്ടു. വെളുത്തവന്റെ വീടുകള്‍ തീവെയ്ക്കപ്പെട്ടു. നീഗ്രോകള്‍ ഒളിച്ചോടാന്‍ ശ്രമിച്ച് പരാജിതരായി പിടിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ടു. ഇത്തരം കലാപത്തിന്റെ കഥകള്‍ ഒരു തോട്ടത്തില്‍ നിന്നും അടുത്തതിലേക്ക് കാറ്റും, മഴയും കൈമാറി.’ അങ്കിള്‍ ടോം കഥ ഏറ്റെടുത്തു പറഞ്ഞു.

‘മുതലാളിമാരുടെ ഉറക്കം കെടുത്തിയ ഒരു സംഭവം മിസ്സസിപ്പിയില്‍ ഉണ്ടായി. ഒരുരാത്രിയില്‍ പത്തുപേര്‍ ഒരു വള്ളത്തില്‍ രക്ഷപെടാന്‍ ശ്രമിച്ചു. അവരുടെ ലക്ഷ്യം തങ്ങളുടെ പിത്യുഭൂമിയായ ആഫ്രിക്കയായിരുന്നു. എങ്ങനെ ഒരു വള്ളത്തില്‍ അവിടെ എത്തുമെന്നോ, വഴിയേതെന്നോ അവര്‍ക്കറിയില്ലായിരുന്നു. എങ്കിലും കപ്പലില്‍ കടലില്‍ക്കൂടിയാണിവിടെഎത്തിയതെന്ന പൂര്‍വ്വികരുടെ പഴങ്കഥകളില്‍ നിന്നും അവര്‍ കേട്ടറിഞ്ഞിരുന്നു. എങ്ങനെയും കടലില്‍ എത്തിയാല്‍ പിന്നെ കടല്‍ അവരെ തീരത്തെത്തിക്കും എന്നവര്‍ സ്വപ്നം കണ്ടിരുന്നു. പക്ഷേ നേരം പുലരുന്നതിനു മുമ്പേ അവര്‍ പിടിക്കപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ശിക്ഷകളാല്‍ അവര്‍ പീഡിപ്പിക്കപ്പെടുകയും, കഴുവിലേറ്റപ്പെടുകയും ചെയ്തതു കൊണ്ടുമാത്രം മുതലാളിയുടെ മനസടങ്ങിയില്ല. ഒളിച്ചോടുന്ന സ്ലേവുകളെ പിടിക്കാന്‍ സ്ലേവ് ഹണ്ടേഷ്‌സിനെ നിയമിച്ചു. അതു നിയമമായി. അതിരുകളില്ലാത്ത അധികാരമുള്ള ഇവര്‍ക്ക് ഒളിച്ചോടുന്ന അടിമയെ എത്രം കാലം കഴിഞ്ഞും എവിടെ നിന്നും പിടിക്കാം എന്ന നിയമം നടപ്പില്‍ വരുത്തിയതിനൊപ്പം, പിടിക്കപ്പെടുന്നവരുടെ തലയെണ്ണി കൂലിയും നിശ്ചയിച്ചു.

എന്നിട്ടും കലാപകങ്ങള്‍ അവസാനിച്ചോ...? അടിമകള്‍ പലതലമുറകള്‍ കഴിഞ്ഞിട്ടും, തങ്ങളുടെ വിധിയില്‍ സ്വയം പഴിച്ചു ജീവിച്ചുവെങ്കിലും, കലാപങ്ങള്‍ അവിടെയും ഇവിടെയും ഉണ്ടായിക്കൊണ്ടിരുന്നു. അതില്‍ എടുത്തു പറയേണ്ട ഒന്നാണ് ആയിരത്തി എഴുനൂറ്റി നാല്പത്തി ഒന്നില്‍ (1741) ന്യൂയോര്‍ക്കില്‍ നടന്ന കലാപം. നിങ്ങള്‍ നില്‍ക്കുന്ന ഈ ഭൂമിയുടെ തൊട്ടരുകില്‍ മണ്‍ഹാട്ടന്‍ എന്ന ഐലന്റില്‍. ഒരു ചെറിയ ഭൂപ്രദേശത്തില്‍ ജനസംഖ്യ വളെരെ കുറവായിരുന്നു. പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ മാത്രം വരുന്ന ജനങ്ങളില്‍ രണ്ടായിരമെങ്കിലും അടിമകള്‍ ഉണ്ടായിരുന്നു. അവര്‍ പലപ്പോഴും യജമാനന്മാര്‍ക്കെതിരെ കപാപങ്ങള്‍ ഉയര്‍ത്തികൊണ്ടിരുന്നു. ഇന്നത്തെ കനാല്‍ സ്ടിറ്റിനടിവശമോ, ചൈനാ ടൗണോ ആകാം. ഒളിവില്‍ പോയ അടിമകളെ അവിടെ നിന്നാണു പിടിച്ചതെന്നു പറയുന്നു. ചിലരെങ്കിലും ഹഡസന്‍ നദി നീന്തിക്കടന്ന് ബ്രൂക്കിളിന്‍ കാടുകളിലേക്കും, പിന്നെ ഈസ്റ്റ് ന്യൂയോര്‍ക്കെന്നറിയപ്പെടുന്ന ഭാഗത്തേക്കും പോന്നിട്ടുണ്ടാകാം. ഇതെല്ലാം എന്റെ ഊഹങ്ങളാണ്. ചരിത്രം ഞാന്‍ പഠിച്ചിട്ടില്ല. മാത്രമല്ല ഇന്നത്തെ ചരിത്രത്തിലെ വിട്ടുപോയ കണ്ണികളാകാം ആ കലാപത്തിന്റെ ബാക്കിപത്രം. ആ കലാപത്തിന്റെ മൂല കാരണം ഇന്നും അജ്ഞാതമാണ്. പക്ഷേ പാവങ്ങളായ വെളുത്തവരും ആ കലാപത്തില്‍ പങ്കെടുത്തതായി പറയുന്നു. രണ്ടു വെളുത്തവരും മുപ്പതിനുമേല്‍ കറുത്തവരും അന്നു കൊല്ലപ്പെട്ടു.

അമ്മയില്‍ നിന്നും മൂന്നോ നാലോ വയസില്‍ പറിച്ചു മാറ്റപ്പെടുന്ന ഒരടിമ, ജീവിതത്തില്‍ പിന്നെ എന്നെങ്കിലും അമ്മയെ കണ്ടുമുട്ടിയാലും അവര്‍ പരസ്പരം തിരിച്ചറിയുന്നില്ല. . ഒരടിമ തൊഴുത്തിലെ ഒരു പശുക്കിടാവിനെക്കാള്‍ മെച്ചമല്ലാതിരുന്ന ഒരു കാലത്തു വന്ന മിഷ്യനറിമാര്‍ നമ്മുടെ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങളെയാണു കൊണ്ടുവന്നെതെന്നതുകൊണ്ടാണു ഞാന്‍ പറഞ്ഞത്, നമ്മള്‍ അതിനെ നിസാരവല്ക്കരിക്കെരുതെന്ന്. ഒരു സ്ഥാപനം എന്ന നിലയില്‍ ക്രിസ്തീയമതത്തിനൊത്തിരി പോരാഴ്മകള്‍ ഉണ്ടെങ്കിലും, നമ്മെ സമ്പന്തിച്ചിടത്തോളം അതു വിമോചനത്തിന്റെ പാതയായിരുന്നു.

പീറ്റര്‍ ബെഞ്ചമനെയും കൂട്ടി മെറിലാന്റിലേക്കു പോയത് ആ പാതയോരത്തു കൂടിയായിരുന്നു. പീറ്ററിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടെങ്കിലും, ആ തുടക്കം മറ്റനേകം വിജങ്ങളുടെ തുടക്കം കൂടിയായിരുന്നു. കാലത്തിന്റെ അനിവാര്യമായ മാറ്റങ്ങളും അതില്‍ പങ്കാളിയായി. അബോളിഷ്‌നിസ്റ്റ് അല്ലെങ്കില്‍ അടിമനിര്‍മ്മാര്‍ജന പ്രസ്ഥാനം എന്ന ഒരു പുത്തന്‍ ആശയത്തിനതു തുടക്കമായി. .പതിമൂന്നു കോളനികള്‍ യുണേറ്റഡ് സ്റ്റെയിറ്റ് ഓഫ് അമേരിക്ക സ്ഥാപിച്ച്, ബ്ര്ട്ടനോട് സ്വാതന്ത്ര്യ സമരം പ്രഖ്യാപിച്ചതുംപലമാറ്റങ്ങളുടേയും തുടക്കമായിരുന്നു.’ സാമിന്റെ കാര്‍ ന്യൂയോര്‍ക്ക് അവന്യുവില്‍ മാര്‍ക്കസ് ഗാവി റോഡിലേക്ക് തിരിയാനുള്ള റെഡ്‌ലൈറ്റില്‍ നിന്നു. അവിടംഈസ്റ്റ് ന്യൂയോര്‍ക്കാണ്. നീഗ്രോകളുടെ കുടിയേറ്റഭൂമി എന്നു പറഞ്ഞാല്‍ അവിടെ എല്ലാം ഉണ്ട്, എന്നാല്‍ ഒന്നും ഇല്ല. സാം ഓര്‍ത്തു. റീനയെ അപ്പാര്‍ട്ട്‌മെന്റില്‍ ഇറക്കി തിരികെ പോകുമ്പോള്‍ സാം അമേരിക്കയുടെ സ്വാതന്ത്ര്യ സമര കാലത്തെക്കുറിച്ചുള്ള വായിച്ചറിവുകളില്‍ സഞ്ചരിക്കുന്നതിനൊപ്പം പീറ്ററിന്റെ വിമോചന മനസിന്റെ നൊമ്പരങ്ങളിലും ഉടക്കി..

Read: https://emalayalee.com/writer/119

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക