Image

അവധിക്കാലത്തെ നോമ്പോർമ്മകൾ (റമദാൻ ഡയറി: ഷുക്കൂർ ഉഗ്രപുരം)

Published on 18 March, 2024
അവധിക്കാലത്തെ നോമ്പോർമ്മകൾ (റമദാൻ ഡയറി: ഷുക്കൂർ ഉഗ്രപുരം)

"ഓരോ അവധിക്കാലത്തും നഗരത്തിൽ (കൊൽക്കത്തയിൽ)നിന്നും ഞങ്ങൾ നാലപ്പാട്ടെ ഗ്രാമീണ സൗന്ദര്യത്തിലേക്ക് വരാറുണ്ടായിരുന്നു. അവധിക്കാലത്ത് സഹോദരന്റെ കൂടെ കുളത്തിൽ ചാടിയും മുങ്ങിക്കുളിച്ചും മുഴുസമയവും ആർത്തുല്ലസിച്ച് നടക്കലായിരുന്നു ഇഷ്ടം. ഏതാണ്ട് അവധിക്കാലം തീരാറാകുമ്പോഴേക്കും അച്ഛൻ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ വീട്ടിലെത്തിയിട്ടുണ്ടാകും. കളിച്ചും രസിച്ചും നടന്നിരുന്ന ഞാനൊക്കെ ഒരു ഫ്രോഡിനെ പോലെ ആയിട്ടുണ്ടാകും ശരീര രൂപങ്ങൾ" (കമലാസുരയ്യ) 

ഉപരിസൂചിത വരികളുടെ ഉള്ളടക്കം എവിടെയോ മുമ്പ് കമലാദാസ് എഴുതിയത് വായിച്ചതായി ഓർക്കുന്നു. കുട്ടിക്കാല അവധി ഓർമ്മകളെ കുറിച്ചാണ് അവർ പറയുന്നത്. നമുക്കും അങ്ങനെ ഒരുപാട് അവധിക്കാല ഓർമ്മകളുണ്ട്. ഞങ്ങൾക്ക് റമദാൻ നോമ്പിന് സ്കൂളും മദ്റസയും അവധിയായിരുന്നു. അങ്ങനെ ഒരു നോമ്പുകാലത്ത് ഒരുപാട് നോമ്പോർമ്മകൾ നൽകിയ ഇടമാണ് കായംകുളം. 1990 കളിലാണിത്. അന്ന് അവധിക്ക് ഞങ്ങൾ അവിടെ മൂത്താപ്പയുടെ വീട്ടിലേക്ക് പോയി. ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലഘട്ടത്തിലായിരുന്നു അത്. ജീവിതത്തിൽ ആദ്യമായി നോമ്പിൻ്റെ ബാലപാഠങ്ങൾ മനസ്സിലാക്കി തുടങ്ങുന്നത് അവിടെ വെച്ചാണ്. നോമ്പെടുക്കാൻ ഒരുപാട് ആഗ്രമുണ്ടെങ്കിലും ഞങ്ങളുടെ പ്രിയപ്പെട്ട മൂത്തമ്മയും ഉമ്മയുമൊന്നും നോമ്പെടുക്കാൻ അനുവദിച്ചിരുന്നില്ല. അങ്ങനെ ഒരു നോമ്പെങ്കിലും നോൽക്കാനുള്ള പൂതിയിൽ പുലർച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. 

അങ്ങനെ നോമ്പിന് നിയ്യത്ത് വെക്കണം - നിയ്യത്ത് എന്നു പറഞ്ഞാൽ ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തിൽ ഏത് പ്രവർത്തനം ചെയ്യുകയാണെങ്കിൽ ഭൗതികമായ ഒരു കർമ്മം എന്നതിനപ്പുറത്ത് മനസ്സിൽ വ്യക്തമായി അത് പറയണം/ കരുതണം. അങ്ങനെയാണ് നിയ്യത്തിന്റെ കാര്യം. ഇക്കാക്കാന്റെ അടുത്ത് ചെന്ന് നിയ്യത്ത് വെച്ച് തരാൻ പറഞ്ഞു. "അത്താഴം പത്തായം; ഇന്ന് പൂട്ടും നാളെതുറക്കും". അവൻ പറയുന്നതുപോലെ ഞങ്ങളും ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നുഅവൻ പറയുന്നതുപോലെ ഞങ്ങളും ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരുന്നു. ആ നിയ്യത്ത് കേട്ട് ബാക്കിയുള്ളവരെല്ലാം വലിയ ചിരിയായി.നേരം വെളുത്തപ്പോൾ ഉമ്മയും മൂത്തമ്മയും ഞങ്ങളെ കഴിക്കാൻ നിർബന്ധിച്ചു. ഞങ്ങൾക്ക് നോമ്പാണ് ഭക്ഷണം വേണ്ട എന്ന് ഞങ്ങൾ പറഞ്ഞു. കുട്ടികൾ അങ്ങനെ ഒരു ദിവസം മുഴുവനായി അല്ല നോമ്പ് നോൽക്കുക എന്ന് പറഞ്ഞു ഉമ്മ. ഭക്ഷണം കഴിക്കാൻ മൂത്തമ്മയും ഞങ്ങളെ നിർബന്ധിപ്പിച്ചു കൊണ്ടേയിരുന്നുഭക്ഷണം കഴിക്കാൻ മൂത്തമ്മയും ഞങ്ങളെ നിർബന്ധിപ്പിച്ചു കൊണ്ടേയിരുന്നു. 

അവസാനം ഗതികെട്ട് മൂത്തമ്മ വടിയ വടിയെടുത്ത് ഇരുന്ന് ഞങ്ങളെ ഭക്ഷണം കഴിപ്പിച്ചു ഗതികെട്ട് മൂത്തമ്മ വടിയ വടിയെടുത്ത് ഇരുന്ന് ഞങ്ങളെ ഭക്ഷണം കഴിപ്പിച്ചു. പിന്നെയും വർഷങ്ങൾ ഒരുപാട് കഴിഞ്ഞ് മദ്രസയിൽ അടിച്ചതിനുശേഷമാണ് മനസ്സിലായത് ഇക്കാക്ക അന്ന് പറഞ്ഞു തന്ന രീതിയിൽ ഉള്ള കാര്യമേ അല്ല എന്ന് . 

അന്ന് മൂത്താപ്പ ഗൾഫിൽ ആയിരുന്നു. വളരെ സുഭിക്ഷമായ ഭക്ഷണങ്ങളും വസ്ത്രങ്ങളുമായിരുന്നു ആ അവധിക്കാലത്ത് ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങൾ കുട്ടികൾക്ക് ഏറ്റവും മുന്തിയ ഇനം വസ്ത്രങ്ങളും ഭക്ഷണങ്ങളും തന്നെയാണ് അന്ന് പ്രിയപ്പെട്ട മൂത്തമ്മ ഞങ്ങൾക്ക് വാങ്ങിച്ചു തന്നിരുന്നത്. ഞാൻ ആദ്യമായി ടെലഫോൺ കാണുന്നത് കായംകുളത്ത് വെച്ചാണ്. 1990 കളിലാണ് ഇതെന്ന് ഓർക്കണം. അന്ന് ഓരോ നോമ്പിൻറെ സായാഹ്നത്തിലും ആ ചൂടുകാലത്ത് തണുപ്പുള്ള നാരങ്ങ വെള്ളം കുടിക്കാൻ വേണ്ടി മൂത്താപ്പയുടെ വീടിൻറെ അടുത്തുള്ള ഫ്രിഡ്ജുള്ള അയൽവാസിയുടെ വീട്ടിലേക്ക് ഐസ് തേടിപ്പോകുന്ന തണുത്ത ഓർമ്മകൾ ഇന്നും മനസ്സിൽ കിടക്കുന്നു. ആ ഗ്രാമത്തിലെ ഒട്ടുമിക്ക വീട്ടിലെ കുട്ടികളും ഞാൻ വരുന്നതുപോലെതന്നെ ഒരു തൂക്കുപാത്രവും കയ്യിൽ തൂക്കി ഐസ് മേടിക്കാൻ വേണ്ടി വരുമായിരുന്നു. ഉള്ള ഐസ് അവർ എല്ലാവർക്കും വീതം വെച്ച് നൽകുന്ന പതിവ് ഇന്നും ഓർമ്മയുണ്ട്. സുകൃതം നിറഞ്ഞ നമ്മുടെ ഭൂതകാലം എത്ര മനോഹരം. അവധി കഴിഞ്ഞ്  തിരിച്ചു പോരുന്നത് സങ്കടകരമായ ഒരു കാര്യം തന്നെയായിരുന്നു.

സാധാരണ കുട്ടികൾ ഉമ്മാൻറെ വീട്ടിൽ നിന്ന് / അമ്മയുടെ വീട്ടിൽനിന്ന് ബാഗും പന്തും കളിക്കോപ്പുകളും  വസ്ത്രക്കവറുകളുമൊക്കെ എടുത്ത് സ്കൂൾ തുറക്കും മുമ്പ് അവരുടെ വീട്ടിലേക്ക് പോകുന്ന കാഴ്ച്ചകൾ കണ്ടാൽ അറിയാതെ നമ്മുടെയൊക്കെ കണ്ണുനിറഞ്ഞു പോകും. മുമ്പ് ഒരുകാലത്ത് നമ്മളും അങ്ങനെയായിരുന്നല്ലൊ. 

മുമ്പ് ഞങ്ങളുടെ കുട്ടിക്കാലത്ത് മൂത്താപ്പയും മൂത്തമ്മയും കുട്ടികളുമൊക്കെ വരുന്നത് ഓണക്കാലത്തൊ ക്രിസ്മസിനൊ അല്ലെങ്കിൽ മധ്യവേനൽ അവധിക്കൊ ഒക്കെ ആയിരുന്നു. 

മൂത്താപ്പ വീടും ജോലിയും കുടുംബവുമെല്ലാമായി കായംകുളത്താണ് Settled ആയത്. അവധിക്കാലത്ത് വർഷത്തിൽ ഒരു തവണയാണ് അന്നൊക്കെ വരവ്. അന്നത്തെ കാലത്ത് ഇന്നത്തെ പോലെ വ്യാപകമായി മൊബൈൽ ഫോണൊ എന്തിന് ലാന്റ് ഫോണോ വ്യാപകമായി ഇല്ലാത്ത കാലം. ഇന്റർനെറ്റിന്റെ കാര്യം പിന്നെ പറയുകയും വേണ്ടല്ലൊ. കത്തുകൾ അയക്കലായിരുന്നു ഏക ആശ്വാസം. ഇന്നത്തെ പോലെ അത്ര സുഭിക്ഷതയില്ലാത്ത ദാരിദ്ര്യം പിടിച്ച ആ കാലത്ത് പുസ്തകമോ ബേഗോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സാധനാ സാമഗ്രികളൊ ബന്ധുക്കളിലെ സുഹൃത്തുക്കളായ കുട്ടികൾക്ക് കൊടുക്കാനായി കൊണ്ടുവരികയും തിരിച്ച് കൊണ്ടു പോവുകയും ചെയ്യുന്ന ഒരു രീതിയുണ്ടായിരുന്നു നമ്മുടെ സമൂഹത്തിൽ. 

ഒരു കുട്ടി (വിദ്യാർത്ഥി) ഒരു വർഷം പഠിച്ച പുസ്തകം നേരെ താഴെയുള്ള ക്ലാസിലെ ആളിന് പഠിക്കാൻ വേണ്ടി ടെക്സ്റ്റ് പുസ്തകം മധ്യവേനൽ അവധിക്കാലത്ത്      വിരുന്നു സംഘങ്ങൾ കൊണ്ടുവരുന്നതും പോകുന്നതും അന്ന് വ്യാപകമായിരുന്നു. ഇങ്ങനെ കൈമാറി കൈമാറി ഓരോ ആളുകൾ ഉപയോഗിച്ച് അഞ്ചും എട്ടും   വർഷം പഠിച്ച എത്രയോ ടെക്സ്റ്റ് പുസ്തകങ്ങൾ നമുക്കുണ്ടായിരുന്നു. അന്നത്തെ കാലത്ത് പണം മാത്രമേ ഇല്ലാതിരുന്നിട്ടുള്ളൂ. സ്നേഹവും സന്തോഷവും ഒരുമയും പെരുമയും ഒക്കെ വേണ്ടതിലധികം ഉണ്ടായിരുന്ന നല്ലകാലം. 

അന്നൊക്കെ അവർ കായംകുളത്ത് നിന്നും  വരുന്ന കാലത്ത് അവിടുത്തെ കുട്ടികൾക്കും വലിയ രസമായിരുന്നു. ബാപ്പാന്റെ നാട്ടിലേക്ക് പോകുന്നത്; പ്രത്യേകിച്ച് മലബാറിലേക്ക് വെക്കേഷന് പോയി എന്ന് പറയുന്നത് അവർക്ക് സ്കൂളിലും മദ്റസയിലും ഒരു ഗമയായിരുന്നു. മണിക്കൂറുകളോളം ട്രെയിനിൽ ഇരുന്ന് കായംകുളത്ത് നിന്നും കോഴിക്കോട് ഇറങ്ങി ബസ് വഴി ഇവിടെ അരീക്കോട് എത്തുമ്പോൾ  വലിയൊരു ലോകത്തേക്ക് എത്തിയതുപോലെയായിരുന്നു അവർ. എത്രനേരം വേണമെങ്കിലും പന്ത് കളിക്കാനുള്ള സ്വാതന്ത്ര്യം , എത്ര നേരം വേണമെങ്കിലും പുഴയിൽ നീന്താനും മുങ്ങാനും ചാടാനും കുളിക്കാനും ഉള്ള സ്വാതന്ത്ര്യം, ഏത് സമയത്തും പുറത്തിറങ്ങിയാൽ കൂട്ടുകാരെ ഇഷ്ടംപോലെ കിട്ടുന്ന ഒരു സ്വർഗീയ ലോകം ആയിരിക്കണം അവർക്ക് അന്നത്തെ മലബാർ . പുഴയിൽ ചെന്ന് മീൻ പിടിക്കാനും മുകളിലെ കശുമാവിൻ തോട്ടത്തിൽ കയറി കശുവണ്ടിയെടുത്ത് ഇഷ്ടമുള്ള മിഠായി വാങ്ങാനും ആരും കാണാതെ മാറിനിന്ന് സിഗരറ്റ് വലിക്കാനും വീട്ടുകാർ അറിയാതെ സിനിമയ്ക്ക് പോകാനുമുള്ള ഒരു സ്വാതന്ത്ര്യം പടച്ചോൻ തന്നെ അക്കാലത്ത് അവർക്ക് നൽകിയത് പോലെയാണ്. അത് വേണ്ടതുപോലെ ആസ്വദിച്ച ഇക്കാക്കമാരുമുണ്ടായിരുന്നു അന്ന്. അതൊക്കെ അവർ സന്തോഷത്തോ പ അനുഭവിച്ചിട്ടുണ്ടാകണം.  

30 വർഷം മുമ്പാണ്, ഇന്നത്തെ പോലെ വൈദ്യുതിയുടെ സൗകര്യം നാട്ടുമ്പുറത്ത് അത്ര വ്യാപകമായിട്ടില്ല. കുട്ടികൾ രാത്രിയിൽ സൊറ പറയാൻ വേണ്ടി വിളക്ക് കത്തിച്ച് ദൂരെവെച്ച് മുറ്റത്ത് ഓലമടൽ വിരിച്ച് അതിൽ മലർന്നുകിടന്ന് ഉച്ഛത്തിൽ ചിരിച്ചും ശബ്ദിച്ചും ഉറക്കെ സംസാരിച്ചും സമയം ചിലവഴിച്ച ഒരു മനോഹര കാലം.

അന്നൊക്കെ ആകാശം ഒരുപാട് അടുത്തായിരുന്നു. ആകാശത്തിലെ നക്ഷത്രങ്ങൾ കുട്ടികളായ ഞങ്ങളോട് അന്ന് ഒരുപാട് കഥകൾ പറയാറുണ്ടായിരുന്നു. ഇപ്പോൾ ഓർക്കുമ്പോൾ നക്ഷത്രത്തെ കാണാൻ വേണ്ടി എന്നാണ് അവസാനമായി ആകാശത്തേക്ക് സന്തോഷത്തോടെ ഒന്ന് നോക്കിയത് എന്ന് പോലും ഓർമ്മയില്ല.  

കുട്ടികൾ അവധി കഴിഞ്ഞ് പോകുന്ന ദിവസം ഒരു കൂട്ടക്കരച്ചിൽ ആയിരിക്കും ഉണ്ടാവുക. പലപ്പോഴും മൂത്തമ്മയും ഉമ്മയും കുട്ടികളും ഒക്കെ കരയുന്നുണ്ടാവും, പലപ്പോഴും കുട്ടികളൊക്കെ പിടിച്ചുനിൽക്കാൻ ആവാതെ പൊട്ടിപ്പൊട്ടി കരയുന്നതും കാണാം. അവിടെ എത്തിയിട്ട് മൂത്താപ്പയോ മൂത്തമ്മയോ കത്ത് അയക്കുന്നത് മാത്രമായിരുന്നു ഏക ആശ്വാസം.  കുട്ടികളിൽ ആരെങ്കിലും ഒരാൾ മിക്കപ്പോഴും ബേബിത്ത കത്ത് ഉറക്കെ വായിക്കും, ബാക്കിയുള്ളവരൊക്കെ വട്ടം കൂടി അത് കേൾക്കും. ഇന്ന് മൊബൈൽഫോണും ഇൻറർനെറ്റുമെല്ലാം വ്യാപകമായെങ്കിലും പഴയ രീതിയിലുള്ള Intimacy സമൂഹത്തിൽ കാണാനില്ല.കുട്ടികൾ അവധി കഴിഞ്ഞ് തിരിച്ചു പോകുന്നത് കാണുമ്പോൾ പലപ്പോഴും കുട്ടിക്കാലത്തെ കുറിച്ചാണ് ഓർക്കാറുള്ളത്. അങ്ങനെയൊക്കെയാണെങ്കിലും ജീവിതത്തിരക്കുകളുടെ ഓട്ടങ്ങൾക്കിടയിൽ കഴിഞ്ഞു പോയ ബാല്ല്യത്തെ അല്ലെങ്കിൽ കുട്ടിക്കാലത്തെ അധികമൊന്നും തിരയാൻ ആരും  മെനക്കെടാറില്ല എന്നതാണ് വസ്തുത

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക