Image

രാജ്യത്തിൻ്റെ പാരസ്പര്യം സംരക്ഷിക്കണം (ഷുക്കൂർ ഉഗ്രപുരം)

Published on 19 March, 2024
രാജ്യത്തിൻ്റെ പാരസ്പര്യം സംരക്ഷിക്കണം (ഷുക്കൂർ ഉഗ്രപുരം)

"രാത്രിയിൽ ശ്രീധരനെ അച്ഛൻ ഉത്സവ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകും. എന്തൊരു ആൾക്കൂട്ടമാണ്! ഈ ആളുകളെല്ലാം എവിടുന്നു വന്നു? കാഴ്ച്ചകൾ നോക്കി ആശ്ചര്യങ്ങളിൽ മുഴുകി അച്ഛൻറെ കൈയും മുറുകെ പിടിച്ചു കൊണ്ട് ജനക്കൂട്ടത്തിലൂടെ തിക്കിത്തിരക്കി ഷെയ്ഖിന്റെ ജാറത്തിന് മുമ്പിലെത്തും. അപ്പോൾ കൃഷ്ണൻ മാസ്റ്റർ കീശയിൽ നിന്നും ഒരു കാലുറുപ്പിക എടുത്ത് ശ്രീധരന്റെ കയ്യിൽ കൊടുത്ത് നേർച്ചപ്പെട്ടിയിൽ പൊലിക്കാൻ പറയും. ശ്രീധരൻ ശങ്കയോടെ പരുങ്ങിക്കൊണ്ട് അച്ഛൻ്റെ മുഖത്തേക്ക് നോക്കി മെല്ലെ  ചോദിക്കും: ഇതു മാപ്പിളമാരുടെ പള്ളിയല്ലെ?- നമ്മളെ അമ്പലമല്ലല്ലൊ "

പറഞ്ഞത് അനുസരിക്ക് എന്ന ശാസന ഭാവത്തിൽ അച്ഛൻ ശ്രീധരന്റെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കും. ശ്രീധരൻ ഉടനെ പണം നേർച്ചപ്പെട്ടിയിലിടും. (അവിടെനിന്ന് മടങ്ങുമ്പോൾ കൃഷ്ണൻ മാസ്റ്റർ ശ്രീധരനെ ഉപദേശിക്കും : മോനെ ഇതൊരു സിദ്ധന്റെ സ്ഥലമാണ്. സിദ്ധന്മാർക്ക് മാപ്പിളയെന്നൊ ഹിന്ദുവെന്നൊ ഒന്നുമില്ല. സിദ്ധന്മാർക്ക് എല്ലാ മനുഷ്യരും ഒരുപോലെയാണ്. എല്ലാ മനുഷ്യരും പുണ്യപുരുഷനെവന്ദിക്കണം.)"

[ഒരു ദേശത്തിൻ്റെ കഥ, എസ്. കെ പൊറ്റക്കാട്.]

നമ്മൾ നമ്മുടെ ബഹുസ്വര സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്ന് കൃത്യമായി വരഞ്ഞു കാണിക്കുന്നുണ്ട് എസ്.കെ പൊറ്റക്കാടിന്റെ ഈ കൃതി. ഇന്നത്തെ ഉത്തരാധുനിക സോഷ്യൽ മീഡിയ യുഗത്തിൽ ആളുകൾ മതത്തിന്റെയും ജാതിയുടെയും വർഗ്ഗത്തിൻ്റേയും കേവല ആരോപണങ്ങളുടേയും പേരിൽ ചേരിതിരിഞ്ഞ് തമ്മിൽ തല്ലുന്ന കാഴ്ച്ചയാണുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് വളരെ വലിയ സന്ദേശം നൽകുന്നുണ്ട് ഈ കൃതി. 

സ്നേഹവും ബഹുമാനവും കൊണ്ടും കൊടുത്തും പാരസ്പര്യത്തിൽ കഴിയേണ്ട സമൂഹം വെറുപ്പും വിദ്വേഷവും വെച്ച് ജീവിച്ചു തുടങ്ങിയാൽ അത് ദുരന്തത്തിൽ ചെന്നാണ് അവസാനിക്കുക. ഇരു സമൂഹത്തിൻ്റെയും നാശത്തിനാണ് അത് നിദാനമാവുക. അത് ദുരന്തത്തിൽ ചെന്നാണ് അവസാനിക്കുക.

കേരളത്തിലെ മുസ്ലിം വിഭാഗത്തിന്റെ ഇസ്ലാമിക മതപണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാക്കയ്ക്ക് ഒരു നൂറ്റാണ്ടിലേറെ പ്രായമുണ്ട്. അതിൻറെ മുൻകാല നേതാക്കളിൽ പ്രമുഖനും അതിൻറെ മുഷാവറ മെമ്പറുമായിരുന്ന പ്രമുഖ സൂഫിവര്യൻ വരക്കൽ മുല്ലക്കോയ തങ്ങൾ അന്നൊരിക്കൽ സമസ്തയുടെ മീറ്റിംഗിന് പോവുകയായിരുന്നു. പഴയ കാലമാണ്, വാഹനങ്ങളൊന്നും അധികമില്ല. വരക്കൽ തങ്ങൾ റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന ഒരു വാഹനത്തിന് കൈ കാണിച്ചു, വണ്ടി നിർത്തി. ശബരി മലയിലേക്ക് പോകുന്ന അയ്യപ്പ തീർത്ഥാടകരുടെ വാഹനമായിരുന്നു അത്. തങ്ങൾ അതിൽ കയറി, യാത്ര തുടർന്നു. തങ്ങൾ പതിവായി യാത്രയിൽ പ്രവാചകസ്തുതി കീർത്തനങ്ങളും ദൈവിക കീർത്തനങ്ങളും ആലപിക്കാറുണ്ട്. പതിവുപോലെ തങ്ങൾ അദ്ദേഹത്തിൻ്റെ ബാഗിൽ നിന്നും ഏടുകളെടുത്ത് പ്രവാചക കീർത്തനങ്ങൾ ആലപിച്ചു തുടങ്ങി. തങ്ങളോടുള്ള ആദരവ് പ്രകടിപ്പിച്ചു കൊണ്ട് അയ്യപ്പ ഭക്തർ ശരണം വിളികൾ നിർത്തി. അപ്പോൾ വരക്കൽ തങ്ങൾ പറഞ്ഞു. ഞാൻ എന്റെ സ്വലാത്ത് ചൊല്ലുന്നു. നിങ്ങൾ നിങ്ങളുടെ സ്വലാത്തും ചൊല്ലിക്കൊള്ളൂ, നമുക്ക് രണ്ടു കൂട്ടർക്കും ഇതിനൊന്നും മുടക്കം വരരുത്. ഇന്നത്തെ കാലത്ത് അത് മനസ്സിലാക്കാൻ ഇവിടുത്തെ മുസ്ലിമിനും ഹിന്ദുവിനും കഴിയേണ്ടതുണ്ട്. അതിനെ പുനർവായനക്കും ജീവിതത്തിൽ പകർത്താനും വേണ്ടി നാം വീണ്ടും സ്മരിക്കേണ്ടതുണ്ട്.  

ഒരിക്കൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീച്ചിരിക്കുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിൻറെ മുമ്പിലേക്ക് ഒരു പ്രശ്നവുമായി രണ്ട് കക്ഷികൾ എത്തി.  കക്ഷികളിൽ ഒരു വിഭാഗക്കാർ മുസ്ലീങ്ങളും  മറുവിഭാഗക്കാർ ഹിന്ദുക്കളും ആയിരുന്നു. അവരുടെ നാട്ടിലെ മസ്ജിദിനടുത്ത് ഒരു തെങ്ങുണ്ട്. അതിൻറെ ഉടമസ്ഥർ ഹിന്ദു വിഭാഗക്കാരാണ്. മിക്കവാറും തെങ്ങിൽ നിന്നും വീഴുന്ന നാളികേരമെല്ലാം പള്ളിയുടെ മുകളിലേക്കാണ്. അങ്ങനെ പള്ളിയുടെ ഓടുകളൊക്കെ പൊട്ടി നശിക്കുന്നത് വിഷയമായി. പള്ളിക്കമ്മിറ്റി പ്രശ്നം  ഉടമസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയതനുസരിച്ച് വീട്ടുകാർ അത് മുറിച്ചുമാറ്റാൻ തീരുമാനിച്ചെങ്കിലും വീട്ടിലെ ഒരംഗം ശക്തമായി അതിനെ വിമർശിച്ചു. അങ്ങനെ അതിൽ തീർപ്പ് കൽപ്പിക്കാനാണ് രണ്ടു കക്ഷികളും പാണക്കാട്ടെത്തിയത്. തങ്ങളുടെ അടുത്ത് പ്രശ്നം എത്തിയപ്പോൾ തങ്ങൾ സവിസ്തരം ഇരു കക്ഷികളുടെയും വാദങ്ങൾ കേട്ടു. തെങ്ങ് ഒരു കല്പ വൃക്ഷമല്ലെ. എന്തിനാണ്   അത് മുറിച്ചു കളയുന്നത്. നമുക്ക്  ആ പള്ളി വാർപ്പാക്കാം;തങ്ങൾ പറഞ്ഞു. അങ്ങിനെ ആ പ്രശ്നവും അനിഷ്ടവും തങ്ങൾ തീർത്തു. അത്തരം സൂക്ഷമ ദൃഷ്ടിയിലൂടെയാണ് ഇന്നത്തെ സമൂഹവും പ്രശ്നങ്ങൾ പരിഹരിക്കേണ്ട്. 

ഞങ്ങളുടെ ഗ്രാമത്തിൽ മുണ്ടമ്പ്ര ഇബ്രാഹിം മുസ്ലിയാർ എന്ന ഒരു വലിയ സുന്നി പണ്ഡിതൻ ജീവിച്ചിരുന്നു. പ്രമുഖ സൂഫിവര്യൻ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ശിഷ്യനായിരുന്നു അദ്ദേഹം. ആ മനുഷ്യന്റെ മരണ ശേഷം സ്വാഭാവികമായും അവരുടെ സമ്പത്ത് മക്കളും ബന്ധുക്കളും ഓഹരിവെച്ചു. അതിൽ ഒരു ഓഹരി അവരുടെ വീട്ടിലും പറമ്പിലും ജോലിക്ക് നിന്നിരുന്ന ഒരു അമ്മയ്ക്കായിരുന്നു! ഇസ്ലാമിനെ മുൻനിർത്തി പിന്തുടർച്ച സ്വത്തിൽ പെണ്ണിനില്ല എന്നൊക്കെ കാര്യം മനസ്സിക്കാതെ ബഹളം വെക്കുന്നവർ ഇതൊക്കെ കാണണം. ഇന്ന് ഈ സംഭവമൊക്കെ പത്രങ്ങൾക്ക് നാല് കോളം വാർത്തയായിരിക്കും. എന്നാൽ മുണ്ടമ്പ്ര ഇബ്രാഹിം മുസ്ലിയാരെ പോലുള്ള മഹാമനുഷ്യർക്ക് വാർത്തയ്ക്കപ്പുറം നബി തിരുമേനി പഠിപ്പിച്ച ചര്യയും മനുഷ്യത്വവും മാത്രമാണ് അതെല്ലാം. അങ്ങനെ ഒരുപാട് മനുഷ്യർ മനുഷ്യത്വത്തിൻ്റെ നിർവ്വചനത്തിന് ഊടുംപാവുമേകുന്നു. 

തിരുനബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്തപ്പോൾ ഹിജ്റയിൽ നബിതങ്ങൾക്ക് വഴികാട്ടിയായി കൂടെ ഉണ്ടായിരുന്നത് അബ്ദുള്ളാഹിബ്നു ഉറൈഖിദ് എന്ന അമുസ്ലിം മനുഷ്യനായിരുന്നു. നബി തിരുമേനിക്ക് അമുസ്ലിംകളുമായും തിരിച്ച് അവർക്കും ഉണ്ടായിരുന്നത് എത്ര വലിയ ഹൃദയ ബന്ധമായിരുന്നു എന്ന് ഈ ഒരൊറ്റ സംഭവത്തിലൂടെ മനസ്സിലാക്കാം. 

നബിതിരുമേനിയുടെ അമുസ്ലിമായ നാട്ടുകാരന് കുറച്ച് പണം കൊടുക്കാനുണ്ടായിരുന്നു അബൂജാഹിൽ എന്ന സവർണ്ണ കുലീന അമുസ്ലിം പൗര പ്രമുഖൻ. പറഞ്ഞ ഡെയ്റ്റ് എത്ര കഴിഞ്ഞിട്ടും അബൂജാഹിൽ പണം കൊടുക്കുന്നില്ല. ഒടുവിൽ ആ പണം തിരികെ കിട്ടാൻ നബിയുടെ നാട്ടുകാരൻ നബിയുടെ സഹായം തേടി. നബി തങ്ങൾ അബൂജാഹിലിൻ്റെ അടുക്കൽ ചെന്ന് വേണ്ട ഇടപെടൽ നടത്തി ആ പണം നാട്ടുകാരന് വാങ്ങിക്കൊടുത്തു. 

ഭാരത്തിൻ്റെ സാമൂഹിക വൈജാത്യവും പാരസ്പര്യവും സംരക്ഷിക്കലും സാമൂഹിക നൻമക്കായി നിലകൊള്ളലും സത്യവിശ്വാസിയുടെ ബാധ്യതയിൽ പെട്ടതാണ്. സാമൂതിരി രാജാവിന്റെ സൈനിക മേധാവിയായ കുഞ്ഞാലി മരയ്ക്കാരും ഈ മണ്ണ് പോർച്ചുഗീസുകാർക്കോ മറ്റേതെങ്കിലും അധിനിവേശ ശക്തികൾക്കൊ വിട്ടുനൽകരുത് ഇത് ദാറുൽഇസ്ലാമാണെന്ന് പറഞ്ഞ് അധിനിവേശ പോർച്ചുഗീസുകാർക്കെതിരെ യുദ്ധം ചെയ്യാൻ പ്രോത്സാഹനമേകി തുഹ്ഫതുൽ മുജാഹിദീൻ രചിച്ച ശൈഖ് സൈനുദ്ധീൻ മഖ്ദൂം തങ്ങളും നമ്മെ പഠിപ്പിക്കുന്നത് പാരസ്പര്യത്തിൻ്റെ പ്രാധാന്യമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക