Image

ദൈവാനുരാഗത്തിന്റെ പുല്ലാങ്കുഴലാകാം (റമദാൻ ഡയറി: ഷുക്കൂർ ഉഗ്രപുരം)

Published on 20 March, 2024
ദൈവാനുരാഗത്തിന്റെ പുല്ലാങ്കുഴലാകാം (റമദാൻ ഡയറി: ഷുക്കൂർ ഉഗ്രപുരം)

നദീതീരത്ത് ഇല്ലിക്കൂട്ടം. ഇത്തിരിയല്ല; ഒത്തിരിയൊത്തിരിയാണ്. അതിൽ നിന്നും എന്നെ കടപുഴക്കി കൊണ്ടുപോന്നില്ലേ! അത് ഞാൻ അറിയാതെ സംഭവിച്ചതല്ല. മൂന്നാമതൊരു കൈ ചെയ്ത അന്യായവുമായിരുന്നില്ല. അന്നുമുതൽ ഞാൻ കേഴുന്നു. ആ വിതുമ്പലാണ് ഏത് സ്ത്രീയും പുരുഷനും വിങ്ങിപ്പൊട്ടിക്കരയുമ്പോൾ നിങ്ങൾ കേൾക്കുന്നത്. 

ഉറവിടം വിട്ട് വിജനതയുടെ വിദൂരതയിൽ പോകുവാൻ ഇടയാകുന്ന വരൊക്കെ കൊതിക്കും താൻ വിട്ടുപോയതിന്റെ നികടത്തിലെത്തുവാൻ. എൻറെ പുല്ലാങ്കുഴലിന്റെ നാദം ആഗ്നേയമാണ്.  അല്ലാതെ അത് വെറും പ്രാണനല്ല. ആരിലാണ് ഈ തീനാളം ഇല്ലാത്തത്! ആ തീ ഉള്ളിൽ ഉണരുന്നില്ലെങ്കിൽ പിന്നെ എന്തിന് ജീവിക്കുന്നു?

പുല്ലാങ്കുഴലിൽ വിങ്ങി വിങ്ങി നിൽക്കുന്നതും ആളിക്കത്തുന്നതും പ്രേമത്തിന്റെ തീയാണ്. വീഞ്ഞിൽ നിറഞ്ഞുനിൽക്കുന്നതും ആ ഊഷ്മളത തന്നെ. 

മജ്നുവിൻ്റെ ഹൃദയം നുറുങ്ങുന്ന അനുരാഗകദനം ഇതിനേക്കാൾ വാചാലമായി ആർക്കു പാടുവാൻ കഴിയും? വേറെ ആരിൽ ഉണ്ട് ഇത്രയ്ക്ക് ആഴത്തിൽ പുൽകുവാനുള്ള ഭാവുകത്വം? ആരുടെ അനുരാഗ വായ്പ്പിലാണ് ഇങ്ങനെ ഒരു ആവേശം? ബോധാതീതമായ ഇതിൻറെ ചക്രവാളത്തിന്നപ്പുറത്താണല്ലോ സംവേഗതീവ്രത തിരതല്ലുന്നത്. നാവിൽ നിന്നും ഉതിരുന്ന ധ്വനി മുത്തുകൾ വാരിക്കൂട്ടി അതിൽ ആഹ്ലാദിക്കുവാൻ കാതുകളല്ലേ ഉള്ളൂ. 

മത്സ്യമല്ലാതെ പിറന്നവർക്കൊക്കെയും അവൻറെ ആഴത്തിൽ നിന്ന് ഒരു കവിൾ ജീവജലം കുടിച്ചാൽ മതി ദാഹം എന്നേക്കുമായി അടങ്ങിപ്പോകും. 

അല്ലയോ പരിശുദ്ധ പ്രേമമേ, നീയാണ് ഞങ്ങളുടെ ഒരേയൊരു ധനം. മനുഷ്യഹൃദയത്തെ ബാധിക്കാവുന്ന എല്ലാ തിന്മകൾക്കും മറുമരുന്ന് നീ മാത്രമാണ്. മാന്യത നടിച്ച് ശുംഭനായി നടക്കുന്നവരുടെ ദുരഭിമാനത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കാൻ നീ മാത്രമേ ഉള്ളൂ.

ദിവ്യാനുരാകത്തിൻ്റെ ഒരു സ്പർശമുണ്ടായാൽ മതി ഭാരമുള്ള മനുഷ്യശരീരം ഭാനമായിത്തീരും ആയിരം വർഷങ്ങളായി ചേഷ്ടയില്ലാതെ നിൽക്കുന്ന ഗിരിശൃംഗം ഒരു നർത്തകനെപ്പോലെ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടും. 

അല്ലയോ അനുരാഗി, നീ കേട്ടിട്ടില്ലേ- സീനായ് മല പ്രചോദിതമായ കഥ. സീനായ് മല ഒരിക്കൽ ഉൻമത്തനായ് പോലും! അവിടെയെത്തിയ മോശ ബോധരഹിതനായി താഴെ വീണുപോലും! അതുപോലെ ഞാൻ പ്രേമാതുരനാചയിരിക്കുമ്പോൾ എൻ്റെ ചുണ്ടിൽ ആരെങ്കിലും മധുര ചുംബനം നൽകുമെങ്കിൽ ഞാനും ഒരു പുല്ലാങ്കുഴലായിത്തീരും. പിന്നീട് തരളിതമായ എൻ്റെ ഹൃദയത്തിൽ നിന്ന് നീല വിണ്ണിലേക്ക് ഒഴുകിവരുന്ന സംഗീതമൊക്കെയും എൻ്റെ ആത്മകഥനമായിത്തീരും.  

(റൂമി പറഞ്ഞ കഥകൾ - നിത്യ ചൈതന്യ യതി)  

അന്ന് രാത്രി ഹോസ്റ്റൽ മുറിയിലെ എൻ്റെ വാതിലിൽ ആരോ ശക്തിയായി എന്നെ മുട്ടി  വിളിച്ചു. ഞാനെഴുന്നേറ്റ് കതക് തുറന്നു നോക്കിയെങ്കിലും ആരെയും കാണാനില്ല. വെറുതെ കോറിഡോറിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു നോക്കി. അവിടേയും ആരുമില്ല. സമയം പാതിരാവും കഴിഞ്ഞിട്ടുണ്ട്. പുറത്ത് സാധാരണ ഒരുപാടു പേരുണ്ടാകാറുണ്ട്. പക്ഷെ ഇന്ന് ആരേയും കാണുന്നില്ല. ദൂരെ മൈതാനത്തിൻ്റെ ഭാഗത്തു നിന്നും ഒരു തെരുവ് നായ കരയുന്ന ശബ്ദം മാത്രം. രാവിൻ്റെ ശോകത്തെ മുഴുവൻ നെഞ്ചേറ്റിയാണ് അത് കരയുന്നതെന്ന് ആ ശബ്ദം കേട്ടാലറിയാം. വെറുതെ ഒരു ഭ്രാന്തിൽ നിലാവുള്ള ആ രാത്രിയിൽ ഞാൻ നായയുടെ ശബ്ദം കേട്ട മൈതാനത്തിലേക്ക് നടന്നു. എല്ലാവരും ഉറങ്ങിയിട്ടുണ്ട് എങ്ങും ശാന്തത. ഞാൻ ഗ്രൗണ്ടിൻ്റെ പടിഞ്ഞാറു ഭാഗത്തുള്ള പോസ്റ്റിൻ്റെയടുത്തേക്ക് നടന്നു. വലതുഭാഗത്ത് ഗ്യാലറിയിൽ ഇരുന്ന് ഒരു മനുഷ്യൻ വിങ്ങിപ്പൊട്ടി കരയുന്നു! 

 ഞാൻ അയാളുടെ അടുത്തേക്ക് നടന്നു. "ബ്രൊ...,  മെ ഐ നൊ ഹു ആർ യൂ?" (സുഹൃത്തെ ആരാണ് താങ്കൾ)എന്ന് ചോദിച്ചു ഞാൻ. അയാൾ ഒന്നും മിണ്ടിയില്ല, മാത്രമല്ല എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അയാൾ ഗ്യാലറിയിലിരുന്ന് കയരുകയാണ് - നെഞ്ചുപൊട്ടി കരയുകയാണ് എന്ന് ആ കരച്ചിലിൻ്റെ ശബ്ദം കേട്ടാൽ മനസ്സിലാകും. ഞാൻ അവൻ്റെ അടുത്തേക്ക് ചെന്നു. ("വാട്ട് ഈസ് ദി മാറ്റർ? ഇൻ ദിസ് മിഡ്നൈറ്റ് യൂ ആർ എ ലോൺ ഹിയർ? ടെൽ മി ബ്രൊ വാട്ട് കേൻ ഐ ഡു ഫോർ യു?") എന്തിനാണ് സുഹൃത്തെ നീ കരയുന്നത്? ഈ പാതിരാത്രി നീ തനിച്ചിരുന്ന് കരയുന്നതെന്താണ്? എന്താണ് കാര്യം? എന്ന് ഞാൻ ചോദിച്ചു. ഇപ്പോഴും അവൻ ഉത്തരം ഒന്നും പറഞ്ഞില്ല. എന്തോ കടുത്ത നോവ് അവൻ അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലായി. ആ രാത്രിയിൽ ഞാൻ അവനെ ചേർത്തുപിടിച്ചു. സാരമില്ല എല്ലാത്തിനും പരിഹാരമുണ്ടാകും എന്നു പറഞ്ഞു. മലയാളം കേട്ട് അവൻ എൻ്റെ കണ്ണുകളിലേക്ക് നോക്കി. 

"ചേട്ടാ.... ഞാൻ എൻ്റെ ക്ലാസിലെ ആലീസുയുമായി ഗാഢ പ്രണയത്തിലായിരുന്നു. ഏതാണ്ട് അഞ്ച് വർഷത്തോളമായി, അവളെ പിരിയാൻ എനിക്കാവില്ല. പക്ഷേ അവൾക്ക് ഇപ്പോൾ എന്നോട് പ്രണയമില്ല. പിരിഞ്ഞു ജീവിക്കാം എന്ന് പറഞ്ഞു."

അതും പറഞ്ഞു കൊണ്ട് അവൻ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു, കരച്ചിലിനിടയിൽ ചുമച്ച് ചുമച്ച് അവൻ ഛർദ്ധിച്ചു. ദൂരെ നിന്നും ഏതോ ഒരു രാക്കിളി ദുഃഖഭാരം താങ്ങാനാകാതെ തനിച്ചുകരയുന്നുണ്ട്. ആ ശബ്ദത്തിൽ എന്തോ ഒരു വൈപരീദ്യം തോന്നി. അവൻ പോക്കറ്റിൽ നിന്നും എന്തോ പെറുക്കി വായിലിട്ട് വെള്ളം കുടിക്കുന്നുണ്ട്. ഇത് രണ്ടു മൂന്ന് തവണ ആവർത്തിച്ചപ്പോൾ ഞാൻ അവനോട് ചോദിച്ചു എന്താണിത്? ഒന്നുമില്ല - അവൻ പറഞ്ഞു. 

അവൻ അങ്ങനെ പറഞ്ഞപ്പോഴാണ് എൻ്റെ മനസ്സ് സന്ദേഹത്തിൻ്റെ വഴിയിലേക്ക് ചാടിയത്. ഞാൻ അവൻ്റെ പോക്കറ്റിൽ കയ്യിട്ടു. അവൻ എന്റെ കൈ തട്ടിമാറ്റി, ആ നിലാവിൽ അവൻ ഛർദ്ധിച്ചതിൽ അഞ്ച് ആറ് വെള്ള നിറത്തിലുള്ള ഗുളികകൾ. എൻ്റെ മനസ്സിലേക്ക് കൃത്യമായി അവൻ ചെയ്യാൻ പോകുന്ന കടുംകൈ ഓടിയെത്തി. 

നഷ്ടപ്രണയത്തെ ഓർത്ത് ഉള്ളം നീറി ആത്മഹത്യ ചെയ്യാനായി ആരും കാണാതെ സ്റ്റേഡിയത്തിൽ വന്നിരുന്ന് ഗുളികകൾ അമിതമായ അളവിൽ കഴിച്ചുകൊണ്ടിരിക്കുകയാണ് അവൻ. ശക്തമായി ബലം പ്രയോഗിച്ച് അവൻ്റെ പോക്കറ്റിൽ നിന്നും ഞാൻ ഗുളികകൾ വാരിയെടുത്തു. അവൻ്റെ വായിലൂടെ തൊണ്ട വരെ എൻ്റെ കൈ കടത്തി അവനെ നാലോ അഞ്ചോ തവണ ബലമായി ഛർച്ചിപ്പിച്ചു. അവൻ ആകെ ക്ഷീണിച്ചു തളന്നു. എൻ്റെ സുഹൃത്തും പ്രഫസറുമായ അർജുൻ സ്റ്റാഫ് കോട്ടേഴ്സിലാണ് താമസം. ഞാൻ അവനെ ഫോൺ ചെയ്തു. വളരെ അർജൻ്റായി സ്റ്റേഡിയത്തിലേക്ക് വണ്ടിയുമായി വരാൻ പറഞ്ഞു. ആ പയ്യനെ തൂക്കിപ്പിടിച്ച് വണ്ടിയിൽ കയറ്റി ഡോറുകൾ ലോക്ക് ചെയ്തു. അടുത്ത ഹോസ്പിറ്റലിലേക്ക് വണ്ടിയോടിക്കാൻ പറഞ്ഞു. യാത്രക്കിടയിൽ ഞാൻ രണ്ട് കാര്യങ്ങൾ ചെയ്തു. ഒന്ന്, എൻ്റെ റൂം മേറ്റിനെ ഫോണിൽ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. അവൻ ഉറക്കമുണർന്ന് അവൻ്റെ മറ്റു  മൂന്ന് സുഹൃത്തുക്കളേയും കൂട്ടി ഹോസ്പിറ്റലിലേക്ക് വന്നു. കാർ ഓടിക്കുന്ന പ്രൊഫ. അർജുനിൻ്റെ അടുത്തും ഞാൻ കാര്യം പറഞ്ഞു. അവരിലാരും മലയാളികളുണ്ടായിരുന്നില്ല. ആ ചെക്കൻ്റെ ഫോൺ വാങ്ങി അവൻ്റെ വീട്ടിലേക്കും വിളിച്ചു ഞാൻ. ഒരു സ്ത്രീയാണ് ഫോണെടുത്തത്. ചോദിച്ചപ്പോൾ അവൻ്റെ അമ്മയാണ് എന്ന് പറഞ്ഞു. 

അവൻ്റെ പ്രണയവും കാര്യങ്ങളുമൊക്കെ അവൻ വീട്ടിൽ പറഞ്ഞിരുന്നു. അവൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് അമ്മയാണ്. ഒരാഴ്ച്ചയായി അവൻ പ്രണയത്തെ പ്രതി കടുത്ത നിരാശയിലായിരുന്നു എന്നും അവർ പറഞ്ഞു. എൻ്റെ മോൻ ആത്മഹത്യയുടെ തിരഞ്ഞെടുക്കുമെന്ന് ഞാൻ ഓർത്തില്ല എന്നും പറഞ്ഞ് ആ അമ്മ കരച്ചിലായി. 

"കരയേണ്ട, ഇപ്പോൾ ഒന്നും സംഭവിച്ചിട്ടില്ല. സമാധാനത്തോടെയിരിക്കൂ " എന്നു മാത്രം പറഞ്ഞു ഞാൻ. അവൻ ഒരു കുട്ടി മാത്രമാണ് അവർക്കുള്ളത്. അച്ഛൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രഫസറാണ്. അമ്മ ബാങ്ക് മാനേജരും. എം.ടെക് ഇൻ്റഗ്രേറ്റഡ് കോഴ്സാണ് അവൻ പഠിച്ചു കൊണ്ടിരിക്കുന്നത്. 

നോക്കൂ, ഇവിടെ അവൻ പ്രണയിച്ചിരുന്നത് അള്ളാഹുവിനെ / ജഗദീശ്വരനെ ആയിരുന്നെങ്കിൽ അവന് ഒരിക്കലും നിരാശപ്പെടേണ്ടി വരുമായിരുന്നില്ല. പ്രണയ നോവിനാൽ മനുഷ്യൻ്റെ ഹൃത്തടത്തിൽ രൂപപ്പെടുന്ന നിരാശ അവനെ നോവിൻ്റെ സ്വയം തടവിലാക്കി ഇഞ്ച്ഞ്ചായി കൊലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച് അർഷിനു മുകളിൽ അള്ളാഹു വിശ്രമിച്ചു എന്നല്ലെ? ലൗഹുൽ മഹ്ഫൂളിൽ ഉടയതമ്പുരാൻ ആദ്യമെഴുതിയത് رحمة റഹ്മ - കാരുണ്യമെന്നാണ്. നിങ്ങൾക്കാവശ്യമുള്ളതൊക്കെ നിങ്ങൾ അള്ളാഹുവിനോട് ചോദിച്ചു നോക്കൂ. അവൻ തരാതിരിക്കില്ല. പക്ഷേ ഒരു കാര്യമുണ്ട്. നിങ്ങൾ ഒരു കാര്യത്തിന് ആദ്യം ചോദിക്കുന്നത് അവനോടായിരിക്കണം. നോക്കൂ, അന്ന് രാത്രി ആ പയ്യൻ ആരും കാണാതെ ഇരുട്ടിൽ സ്റ്റേഡിയത്തിൽ പോയിരുന്ന് ആത്മാഹുതിക്കായി ശ്രമിച്ചപ്പോൾ ആരാണ് എൻ്റെ വാതിലിന് തട്ടിവിളിച്ച് എന്നെ ഉണർത്തിയത്? 

അവൻ്റെ അമ്മയുടെ പ്രാർത്ഥന എന്നല്ലാതെ മറ്റെന്ത് ഉത്തരമാണ് അതിനുള്ളത്? 

\അതേ ക്യാംപസിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ദരിദ്ര സാമ്പത്തി പശ്ചാത്തലത്തിൽ നിന്നും വന്നുകൊണ്ടിരുന്ന ഒരു രാജസ്ഥാനി പയ്യനുണ്ടായിരുന്നു MA ക്ലാസിൽ. നാലുദിവസം കഴിഞ്ഞാൽ യൂനിവാഴ്സിറ്റി അവധി തുടങ്ങുകയാണ്. എല്ലാവരും നാട്ടിൽ പോകണം, സെമസ്റ്റർ ഫീസും എക്സാം ഫീസുമുൾപ്പെടെ മുഴുവൻ ഫീസും അടച്ചു തീർക്കണമെന്ന് സർക്കുലർ വന്നിട്ടുണ്ട്. അവൻ വലിയ സങ്കടത്തിലായി. ചുരുങ്ങിയത് നാലായിരം രൂപയെങ്കിലും ഈ ആവശ്യങ്ങൾക്ക് വേണം. നാലായിരം പോയിട്ട് ഒരു നാലുരൂപ പോലും അവൻ്റെ കയ്യിൽ എടുക്കാനില്ല. അവൻ ക്യാമ്പസിൽ അറിയാവുന്നവരോടൊക്കെ പണം കടം ചോദിച്ചു നോക്കി. എവിടുന്നും കിട്ടിയിട്ടില്ല. അവൻ്റെ ഉള്ളിൽ നോവിൻ്റെ സങ്കടത്തീ പടരാൻ തുടങ്ങി.  കെ.എം.സി.സി പ്രവർത്തകൻ ഷാഫിക്കയോട് സംസാരിച്ചപ്പോൾ മറ്റൊരു സുഹൃത്ത് പാവപ്പെട്ട ഈ വിദ്യാർത്ഥിയുടെ വിഷയം അയാളുടെ ശ്രദ്ധയിൽ പെടുത്തി. 

അങ്ങനെ ഒന്നുരണ്ട് ദിവസങ്ങൾ കഴിഞ്ഞു. അവൻ ഡിപ്പാർട്ട്മെൻ്റിൽ ചെന്നപ്പോൾ എച്ച്.ഒ.ഡി അവനെ ക്യാബിനിലേക്ക്  വിളിപ്പിച്ചു. ഒരു തുണിബാഗ് അവനു നൽകി. അത് തുറന്ന് നോക്കുമ്പോൾ ഡോ. കലാം സാറിൻ്റെ അഗ്നിച്ചിറകുകൾ ഉൾപ്പെടെയുള്ള മൂന്ന് പുസ്തകങ്ങൾ, ഒരു പെട്ടി ഈത്തപ്പഴം, റോയൽ മിറേജിൻ്റെ രണ്ട് കുപ്പി സ്പ്രേ, ലൂയിസ് ഫിലിപ്പിൻ്റെ രണ്ട് ജോഡി വസ്ത്രം പിന്നെ മെയിൽ കവറിൽ പതിനായിരം രൂപയും. 

അവൻ സാറിൻ്റെ അടുത്ത് ചെന്നു ചോദിച്ചു - "സർ ഇത് എനിക്ക് ആരാണ് തന്നത്?" 

 നിന്നെ ചോദിച്ച് ഇന്നലെ വൈകുന്നേരം ഡോ. നസീം അക്തർ എന്നു പേരുള്ള ഒരാളും അയാളുടെ മകനും ഇവിടെ വന്നിരുന്നു. അവർ നിൻ്റെ സുഹൃത്തുക്കളാണെന്ന് പറഞ്ഞു. നിൻ്റെ മെയിൽ അഡ്രസും മൊബൈൽ നമ്പറും ചോദിച്ചപ്പോൾ അറ്റൻ്റർ കൊടുത്തിട്ടുണ്ട്. 

സത്യത്തിൽ അത് ആരായിരുന്നെന്ന് അവനറിയില്ല. ആ മനുഷ്യനെ കണ്ടെത്താൻ ഞങ്ങൾ പല വഴിക്കും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ആ പതിനായിരം രൂപയിൽ നിന്നും അവൻ്റെ ഫീസിനും ചിലവിനുമുള്ള പൈസയെടുത്ത് ബാക്കി വന്ന പണം കൊണ്ട് രജ്ഞിത്തിൻ്റെ ഫീസും കൂടി അടച്ച് അവൻ അള്ളാഹുവിനോട് നന്ദി പ്രകടിപ്പിച്ചു.

ആ സംഭവത്തിനു ശേഷം എല്ലാ മാസവും അഞ്ചാം തിയ്യതി ആകുമ്പോൾ രണ്ടായിരം രൂപ അവൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് വരാറുണ്ടായിരുന്നു. ആ പണം ഉപയോഗിച്ച് അവൻ്റെ പിതാവിന് മരുന്ന് വാങ്ങാനുള്ള ചിലവ് അവൻ കണ്ടെത്തുമായിരുന്നു.

അങ്ങനെ അവൻ കോഴ്സ് പൂർത്തീകരിച്ച് പോകുമ്പോൾ യൂനിവാഴ്സിറ്റി സെക്കൻ്റ് റാങ്കുകാരനായാണ് പോയത്. അവൻ പടച്ചോനെ സ്നേഹിച്ച് ദിവ്യാനുരാഗത്തിൻ്റെ ഒരു പുല്ലാങ്കുഴലായി മാറി!

ഇപ്പോൾ അവൻ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന പൊസിഷനിൽ യു.കെയിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നു. എത്രയോ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സാ ചിലവിനും അവൻ സഹായിക്കുന്നുണ്ട്. പടച്ചോനെ പ്രണയിക്കുന്ന ദിവ്യാനുരാഗത്തിൻ്റെ മധുവറിഞ്ഞാൽ ഒരാൾക്കും അവനെ പ്രണയിക്കാതിരിക്കാനാവില്ല. സഹജീവികളോട് മനുഷ്യൻ കരുണയുള്ളവനാകുക എന്നതാണ് ദിവ്യാനുരാഗത്തിലേക്കുള്ള പടച്ചോൻ്റെ നോട്ടത്തിനുള്ള മാർഗ്ഗം. 

ഒരു മനുഷ്യൻ്റെ പ്രയാസം ദൂരീകരിക്കുന്നതിനായി നിങ്ങൾ ഇറങ്ങിത്തിരിച്ചാൽ വർഷങ്ങളോളം മസ്ജിദിൽ ഭജമിരുന്ന് അള്ളാഹുവിൻ്റെ മുന്നിൽ എത്രയോ സുജൂദ് ചെയ്യുന്നതിലേറെ പ്രതിഫലം ലഭിക്കുമെന്ന് വിശുദ്ധ വചനങ്ങൾ പറയുന്നു. അന്യൻ്റെ ന്യൂനതകൾ മറച്ചുവെച്ചാൽ നിങ്ങളുടെ ന്യൂനതകൾ അള്ളാഹുവും മറച്ചു വെക്കുന്നതാണ്. രഹസ്യമായി മനുഷ്യരെ സഹായിച്ച് ഉടയ തമ്പുരാനെ പ്രണയിച്ച് ദിവ്യാനുരാഗത്തിൻ്റെ ഒരു പുല്ലാങ്കുഴലായി നമുക്കും മാറാം.  

 

Join WhatsApp News
Joseph Abraham 2024-03-21 01:16:46
Excellent write-up.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക