Image

പോക്കുവെയിൽ: കവിത, ബിന്ദുബാബു

Published on 21 March, 2024
പോക്കുവെയിൽ: കവിത, ബിന്ദുബാബു
 
 
ഏതോ ഇരുണ്ടയിടവഴിയിൽ 
എന്റെ കവിത ഞെരുങ്ങിപ്പോയിരിക്കുന്നു
 
ആകാശമുത്തങ്ങൾ കൊതിച്ച
അടിവേരുകൾ മണ്ണിൽ ചീഞ്ഞു പോയിരിക്കുന്നു
 
അക്ഷരങ്ങൾ വിണ്ടുകീറിയ
ചുവന്ന സന്ധ്യകളിൽ
കാർമുകിലുകൾ മഴവില്ല് വിരിച്ചു
തോറ്റുപോകുന്നു....
 
നിനക്കെന്തുപറ്റിയെന്നൊരു
രാപ്പാടി ചോദിക്കുന്നു...
രാവ് പോരായെന്നും
ഉദയമേറെക്കഴിഞ്ഞു മതിയെന്നും
ഞാനതിനോട് പറയുന്നു..
 
കെട്ടുപിണഞ്ഞുപോയതും 
അറുത്തുമാറ്റാൻ പറ്റാത്തതുമായ വേരുകളിൽ
എന്റെ അക്ഷരങ്ങൾ എവിടെയോ
തേങ്ങുന്നുണ്ടാവാം...
 
ദേശാടനപ്പക്ഷികളുടെ സത്രങ്ങളിൽ
പേടിച്ചരണ്ട ഇരുട്ടുകൂണുകൾ മുളയ്ക്കുന്നു
വിടരുമ്പോൾ വിഷം നിറയുന്ന കൂണുകൾ...
ആർക്കാണതിനെ തടുക്കാൻ കഴിയുക..
 
ഒരു പോക്കുവെയിൽ കാത്ത്
നനഞ്ഞൊട്ടിയ ചിറകു തുന്നിക്കൊണ്ട്
ഒരു ശലഭം പിടയുന്നത്
നിങ്ങൾ കാണുന്നുണ്ടെന്ന് ഞാൻ കരുതട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക