Image

വീണ്ടും പൂക്കാലം ; കെ പി എ സി ലീല : ആൻസി സാജൻ

Published on 21 March, 2024
വീണ്ടും പൂക്കാലം ; കെ പി എ സി ലീല  : ആൻസി സാജൻ

മൂവാറ്റുപുഴ പാമ്പാക്കുടയിൽ നിന്നും 12 വയസ്സിൽ നൃത്തം പഠിക്കാൻ കലാമണ്ഡലത്തിയ ലീല പിന്നീട് കെ.പി.എ.സി ലീലയായ് മികച്ച നാടക നടിയായി വളർന്നു.

സിനിമാപ്പാട്ടിനൊപ്പിച്ച് വീട്ടിലാകെ ഡാൻസ് കളിച്ച് കിലുകിലുങ്ങി നടക്കുന്ന മകളെ അച്ഛനാണ് കലാമണ്ഡലത്തിലെത്തിച്ചത്.
തന്റെ പിതാവ് പാർട്ടിക്കാരനും പുരോഗമന വാദിയുമായതു കൊണ്ടാണ് അന്നങ്ങനെ സംഭവിച്ചതെന്ന് ലീല പറയുന്നു.

ഭരതനാട്യത്തിൽ പ്രശസ്തനായ നർത്തകൻ രാജരത്നം പിള്ളൈയാണ് അന്ന് ഗുരു.  കലാമണ്ഡലം വിട്ട് അദ്ദേഹം മാറിപ്പോയെങ്കിലും ഗുരുകുല സമ്പ്രദായത്തിൽ  ലീലയ്ക്ക് പാഠങ്ങൾ പകർന്നു. അന്ന് നടി ബിയാട്രിസ് നൃത്തം പഠിക്കാൻ രാജരത്നം പിള്ളൈയുടെ അടുത്തെത്തിയ അവർക്ക് നൃത്ത പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ അദ്ദേഹം തന്നെ ചുമതലപ്പെടുത്തിയത് ലീല അഭിമാനത്തോടെ ഓർക്കുന്നു 

13 - 14 വയസ്സായപ്പോഴേക്കും ലീല പി.ജെ.ആന്റണിയുടെ ട്രൂപ്പിലെത്തി. നായിക വേഷത്തിലും അഭിനയിച്ചു.

നൃത്തവും അഭിനയവുമായി പിന്നെ കൊല്ലം കെ.പി. എ സി യായി ലീലയുടെ തട്ടകം.
അവിടെ ഒ മാധവൻ സെക്രട്ടറിയായിരുന്ന കാലം. അദ്ദേഹത്തിന്റെ ഭാര്യ വിജയകുമാരി രണ്ടാമത് ഗർഭം ധരിച്ച് പ്രസവത്തിന് പോയ ഒഴിവിൽ അവർ ചെയ്തിരുന്ന വേഷമാണ്  ലീലയെ കാത്തിരുന്നത്.

പിന്നെയങ്ങോട്ട് കേരളക്കരയെയാകെ നാടകങ്ങളിലാറാടിച്ച കെ. പി. എ.സി യുടെ പ്രശസ്തമായ എല്ലാ നാടകങ്ങളിലും ലീല നായികയായി .

അശ്വമേധം , പുതിയ ആകാശം  പുതിയ ഭൂമി, കൂട്ടുകുടുംബം, ശരശയ്യ, മൂലധനം, യുദ്ധകാണ്ഡം തുടങ്ങി കേരളത്തിന്റെ സാമൂഹിക രംഗത്തും നാടക ചരിത്രത്തിലും രക്ത ലിപികളാൽ പതിച്ചു വെക്കപ്പെട്ട വിപ്ലവ നാടകങ്ങളിലെല്ലാം നായികയായി ആസ്വാദക ഹൃദയങ്ങളിൽ ചേക്കേറുകയായിരുന്നു കെ.പി.എ. സി ലീല .

ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ കെ.പി. എ. സി യുടെ നാടകങ്ങൾ അവതരിപ്പിച്ചു വന്നു. ലീലയുടെ പ്രശസ്തിയും ഏറി.
ഇന്ത്യയുടെ ചരിത്ര നായകൻ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൽ നിന്നു വരെ ലീല അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

ദൃശ്യ മാധ്യമങ്ങളോ ഫോൺ സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് പത്ര മാസികകൾ ഭാവിയുടെ വാഗ്ദാനമെന്ന് ലീലയെ വാഴ്ത്തിയെഴുതി.

ഇതിനിടയിൽ 4 കെ. പി.എ.സി നാടകങ്ങൾ സിനിമയായി . ജനപ്രീതിയും പ്രശസ്തിയും നേടിയ ആ സിനിമകളിലും ലീലയ്ക്ക് അവസരം ലഭിച്ചു.

യഥാർത്ഥത്തിൽ നാടകത്തിരക്ക് മൂലം സിനിമയിലേയ്ക്ക് തുടർന്ന് പോകാനും അന്നവർക്ക് കഴിഞ്ഞില്ല എന്നതായിരുന്നു നേര് . കെ.പി.എ.സി നിയമങ്ങൾ അത്ര കർക്കശവുമായിരുന്നു.

പ്രശസ്ത അഭിനേതാക്കളായ കെ.പി. ഉമ്മർ , തിലകൻ തുടങ്ങിയവർക്കൊപ്പം ലീല അഭിനയിച്ചു.

അഭിനേത്രി കെ.പി.എ.സി ലളിത സമിതിയിലെത്തുമ്പോൾ , ലീല നായികയായി അഭിനയ ജ്വാലകൾ ഉതിർക്കുന്ന സമയമാണ്.7 വർഷം അവർ ഒരുമിച്ചുണ്ടായിരുന്നു.

ഇതിനിടയിലാണ് കെ.പി.എ.സി. നാടകങ്ങൾക്ക് ഉപകരണ സംഗീതം ഒരുക്കുന്ന സംഘത്തിലെ ഡേവിഡ് പീറ്ററുമായുള്ള വിവാഹം.
തുടർന്ന് അദ്ദേഹത്തിന്റെ നാടായ കോഴിക്കോട്ടേയ്ക്ക്.

സ്ത്രീകൾ അഭിമുഖീകരിക്കേണ്ട വലിയ വെല്ലുവിളിയായ കുടുംബ പരിപാലനത്തിനിടെ ലീലയ്ക്കും അഭിനയമുപേക്ഷിക്കേണ്ടി വന്നത് ചരിത്രം. 1970-ൽ അവർ നാടകമുപേക്ഷിച്ചു. മൂന്നു മക്കളായി കുടുംബസ്ഥയായി.

കുഞ്ഞുങ്ങളുടെ പഠനസൗകര്യത്തിനാണ് തുടർന്ന് കൊല്ലത്തെത്തിയത്. കൊല്ലം കടപ്പാക്കടയിൽ സ്ഥിര താമസമാക്കി മൂവാറ്റുപുഴ പാമ്പാക്കുടക്കാരി.

പിന്നീട് ആരുമറിഞ്ഞില്ല ലീലയെ . ഉറങ്ങാത്ത അഭിനയ നൃത്ത മോഹങ്ങൾ ഉള്ളിലുറക്കിയിട്ടു നടന്നു വളരെ നീണ്ട കാലം.

ലളിതം 50 എന്ന പേരിൽ കെ.പി. എ.സി ലളിതയുടെ അഭിനയ മികവിന്റെ 50 വർഷ ആഘോഷ വേളയായിരുന്നു അടുത്ത ദൈവ വിളിയുമായെത്തിയത്.

അഭിനയത്തിനായി ഒന്നിച്ച് ഉണ്ടുമുറങ്ങിയും പരസ്പരം സ്നേഹത്തിൽ കഴിഞ്ഞ ലീലയെ ആഘോഷ വേളയുടെ മധ്യത്തിൽ തന്നോട് ചേർത്ത് നിർത്തി ലളിത പറഞ്ഞ വാക്കുകൾ.' യഥാർത്ഥത്തിൽ ഇന്നിവിടെ നിൽക്കേണ്ടത് ഞാനല്ല ലീലയായിരുന്നു..'

സദസ്സിലിരുന്ന് ഇത് കേട്ട സംവിധായകൻ ജയരാജ് കുറച്ച് നാളുകൾക്ക് ശേഷം ലീലയെ വിളിച്ചു.

ഒറ്റപ്പെട്ട ഏകാന്ത വാസത്തിനിടയിൽ അത്ഭുതമായി ആ വിളി.
നല്ല റോളാണ് , അഭിനയിക്കാമോ ചേച്ചീ എന്നാണദ്ദേഹം ചോദിച്ചത്.
2019- ൽ രൗദ്രം എന്ന ആ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരം നേടാനായി.

പിന്നീട് എം.ടി. യുടെ സ്വർഗ്ഗം തുറക്കുന്ന സമയം,ജ്വാലാമുഖി, ഡിവോഴ്സ്,ജയരാജിന്റെ തന്നെ ചില ചിത്രങ്ങൾ തുടങ്ങിയവയിലും അഭിനയിക്കാനായി .

ഇനിയാണ് പൂക്കാലമെത്തുന്നത്.
നൂറ് വയസ്സിലെത്തി നിൽക്കുന്ന ദമ്പതിമാർക്കിടയിലെ അസ്വാരസ്യങ്ങളാണ് പൂക്കാലമെന്ന ചിത്രം. മക്കളും പേരമക്കളുമുള്ള വയസ്സായ നായകനായി വിജയ രാഘവൻ. നായകനൊപ്പമോ അതിലധികമോ ശ്രദ്ധയാകർഷിച്ച അഭിനയത്തികവുമായി മുഴുനീള പ്രകടനത്തോടെ നായികയാവാൻ കെ.പി. എ. സി ലീലയും.

പല പ്രശസ്ത നായികമാരെയും കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഒഴിവാക്കി തന്നെ ആ കഥാപാത്രമാക്കിയ ഗണേശ് രാജ് എന്ന സംവിധായകനാണ് ലീല നന്ദിയർപ്പിക്കുന്നത്.

പ്രേക്ഷകർ കണ്ടു
പരിചയിച്ച നടീ നടൻമാരായിരുന്നു തനിക്കു ചുറ്റുമെങ്കിലും വാർദ്ധക്യത്തിന്റെ ഈ നായികയാണ് ചിത്രത്തിലുടനീളം പ്രേക്ഷക പ്രശംസ നേടിയത്.

ഏതാണീ നടി എന്ന് കണ്ടവരൊക്കെ അതിശയിച്ചു. ഏതോ അന്യഭാഷാ അഭിനേത്രി എന്നു വിചാരിച്ചവർ ധാരാളം.

പൂക്കാലത്തിൽ അഭിനയിയത്തോടൊപ്പം കഥാപാത്രത്തിന് സ്വന്തം ശബ്ദം പകരാനും ഭാഗ്യമുണ്ടായി .

പൂക്കാലം സിനിമ കഴിഞ്ഞ് ചീനാ ട്രോഫി , ലൗലി , set get baby തുടങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കി.

മൂന്നാൺ മക്കളാണ് ലീലയ്ക്ക്. ഭർത്താവ് നേരത്തെ മരിച്ചു.
ഇളയ മകന്റെ കുടുംബത്തോടൊപ്പം കൊല്ലം കടപ്പാക്കടയിലെ വീട്ടിലുണ്ട് കെ. പി. എ. സി ലീല . അഭിനയത്തിന്റെ പുതിയ പൂക്കാലങ്ങൾ തേടിവരുന്നതും കാത്ത്.

വീണ്ടും പൂക്കാലം ; കെ പി എ സി ലീല  : ആൻസി സാജൻ
വീണ്ടും പൂക്കാലം ; കെ പി എ സി ലീല  : ആൻസി സാജൻ

Join WhatsApp News
Kp sudheera 2024-03-21 14:06:04
ലീലച്ചേച്ചി സിനിമയിലേക്ക് വരാൻ വൈകിയത് മലയാളിയുടെ നഷ്ടം - എത്ര അനുഗൃഹീതയായ നടി ! രൗദ്രം 2018 നാലഞ്ച് തവണ തിയേറ്ററിൽ ചെന്ന് കണ്ടു - അത്ര ഗംഭീരമാണ് അഭിനയം -ചേച്ചിക്ക് സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചത് ഏറെ ആഹ്ളാദമുളവാക്കി
ആൻസി സാജൻ 2024-03-21 15:17:44
വിലയേറിയ അഭിപ്രായത്തിന് നന്ദിയും സ്നേഹവും...🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക