Image

മദ്യനയത്തിൽ വീണു പോയ കേജരിവാൾ, സിസോദിയ 

Published on 21 March, 2024
മദ്യനയത്തിൽ വീണു പോയ കേജരിവാൾ, സിസോദിയ 

ന്യൂഡല്‍ഹി:  മൂന്നാമതും അധികാരത്തിലേറി നാല് വര്‍ഷം പിന്നിടുമ്പോള്‍ ഡല്‍ഹിയുടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് പിന്നാലെ എ.എ.പി സ്ഥാപകന്‍ അരവിന്ദ് കെജ്‌രിവാള്‍ തന്നെ ഇ.ഡിയുടെ വലയില്‍. 

ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്നും മറ്റുള്ളവരെ കൂടെ കൂട്ടിയാല്‍ 25 കോടി തരാമെന്നും വാഗ്ദാനം ലഭിച്ചതായി നേരത്തെ തന്നെ എ.എ.പി നേതൃത്വം വെളിപ്പെടുത്തിയിരുന്നു. അല്ലാത്ത പക്ഷം ഇ.ഡി,സി.ബി.ഐ അന്വേഷണത്തെ നേരിതെണ്ടി വരുംമെന്ന  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.  

ഡല്‍ഹി സര്‍ക്കാരിന് 2000 കോടിയുടെ അധിക വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യമിട്ടായിരുന്നു പുതിയ മദ്യനയത്തിന് ആം ആദ്മി സര്‍ക്കാര്‍ 2021-21 കാലത്ത് തുടക്കമിട്ടത്. പദ്ധതിയെ നിരവധിപ്പേര്‍ എതിര്‍ത്തു.   തുടര്‍ന്നായിരുന്നു സി.ബി.ഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ജനറല്‍ ആവശ്യപ്പെട്ടത്. വെറും അന്വേഷണത്തിന് പുറമെ എക്സൈസ് മന്ത്രിയായ സിസോദിയയുടെ പങ്കിനെ കുറിച്ചും കൃത്യമായി അന്വേഷിക്കാനായിരുന്നു നിര്‍ദേശം. 

വിദഗ്ധസമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആം ആദ്മി സര്‍ക്കാര്‍ മദ്യനയം പരിഷ്‌കരിച്ചത്.   ലേലത്തിലൂടെ 849 സ്വകാര്യ കമ്പനികള്‍ക്ക് മദ്യശാലകള്‍ അനുവദിക്കപ്പെട്ടു. ഡല്‍ഹിയെ 32 സോണുകളായി വിഭജിച്ച് ഓരോ സോണിലും 27 പരമാവധി മദ്യശാലകള്‍ അനുവദിക്കപ്പെട്ടു. സോണുകള്‍ തോറും ലേലം വിളിച്ചാണ് ലൈസന്‍സ് നല്‍കിയത്.

കൊടും ചൂടിലും തണുപ്പിലും മദ്യശാലകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന രീതി അവസാനിച്ചു. വൃത്തിയുള്ള സ്വകാര്യമദ്യവില്‍പനശാലകള്‍ കളംപിടിച്ചു. വിലനിര്‍ണയാവകാശം ലൈസന്‍സികള്‍ക്ക് നല്‍കി. ഇത് വലിയ തോതില്‍ ഡിസ്‌കൗണ്ട് ലഭ്യമാക്കി. മദ്യശാലകള്‍ പുലര്‍ച്ചെ മൂന്ന് മണി വരെ തുറക്കാന്‍ അനുവദിച്ചു.  ഹോം ഡെലിവറിയടക്കം നടപ്പാക്കപ്പെട്ടു.

2021 നംവബറിലാണ് പുതിയ നയം പ്രാബല്യത്തിലായത്. നടപടി ക്രമങ്ങള്‍ പാലിച്ചല്ല ലൈസന്‍സുകള്‍ നല്‍കിയത് എന്ന ആരോപണത്തെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ വിവിധ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തി. ലഫ്.ഗവര്‍ണറുടെ അനുവാദമില്ലാതെ മദ്യനയം പരിഷ്‌ക്കരിച്ചത് അഴിമതിക്കാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പറഞ്ഞു. ലൈസന്‍സ് ഫീയില്‍ നല്‍കിയ വലിയ ഇളവുകള്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് ചീഫ് സെക്രട്ടറി കണ്ടെത്തി. ഡല്‍ഹി എക്‌സൈസ് ചട്ടങ്ങള്‍ പ്രകാരം നയത്തില്‍ വരുത്തുന്ന ഏത് മാറ്റത്തിനും ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ഇത് ഉണ്ടായില്ല. മാത്രമല്ല പുതിയ മദ്യനയം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി മദ്യവ്യവസായി സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബോട്ടിലിന് എന്ന നിലയിലല്ലാതെ ആകെത്തുകയായി വലിയൊരു സംഖ്യ നികുതിയായി ഈടാക്കുന്നത് ചട്ടവിരുദ്ധമെന്ന് ഹര്‍ജി ആരോപിച്ചു. 

ഇത് ചില വന്‍കിട ലോബികളെ സഹായിക്കാനാണെന്നും പറയുന്നു. വിവാദമായതോടെ പുതിയ മദ്യനയം റദ്ദാക്കാന്‍ അരവിന്ദ് കെജ്‍രിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബിആര്‍എസ് നേതാവ് കെ.കവിത തുടങ്ങിയവര്‍ നടത്തിയ ഗൂഢാലോചനയാണ് ഡല്‍ഹി മദ്യനയ അഴിമതിയെന്നാണ് ഇ.ഡിയുടെ ആരോപണം. വ്യവസായികളായ ശരത് റെഡ്ഡി, മഗുന്ദ ശ്രീനിവാസലു റെഡ്ഡി, കെ.കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2021-22ലെ പുതിയ മദ്യനയം അനുസരിച്ച് ആകെയുള്ള 32 സോണുകളില്‍ ഒമ്പിതെണ്ണം ലഭിച്ചു. മൊത്തക്കച്ചവടക്കാര്‍ക്ക് 12 ശതമാനം മാര്‍ജിനും ചെറുകിടക്കാര്‍ക്ക് 185 ശതമാനം ലാഭവും ലഭിക്കുന്ന തരത്തിലായിരുന്നു പുതിയ നയം. ഈ 12 ശതമാനത്തില്‍നിന്ന് 6 ശതമാനം മൊത്തക്കച്ചവടക്കാരില്‍നിന്ന് തിരികെ എഎപി നേതാക്കള്‍ക്കു ലഭിക്കുന്ന തരത്തിലായിരുന്നു സംവിധാനമെന്നാണ് ഇ.ഡിയുടെ ആരോപണം. ഇത്തരത്തില്‍ 100 കോടി രൂപ എഎപിക്കു ലഭിച്ചുവെന്നാണ് ഇ.ഡി. വ്യക്തമാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക