Image

ഒരാത്മഹത്യയും കുറെ മനുഷ്യരും ഒരു സിനിമയിലെന്നപോലെ (മാത്യു കെ.മാത്യു)

Published on 22 March, 2024
ഒരാത്മഹത്യയും കുറെ മനുഷ്യരും ഒരു സിനിമയിലെന്നപോലെ (മാത്യു കെ.മാത്യു)

 അപ്പോൾ അന്ത്രോച്ചൻ  സിമിത്തേരിയിൽ,പതിവിടമായ പടുതയുടെ അടിയിൽ കിടക്കുക യായിരുന്നു. കൂട്ടിന്, താഴെ കല്ലറകളിൽ ഉറങ്ങു ന്നവരുമുണ്ടായിരുന്നു.  പോലീസ് അന്ത്രോ ച്ചനെ  പോലീസ് ജീപ്പിലേക്ക് കയറ്റുമ്പോൾ, കഞ്ചാവുപുക പുതച്ച  തല  ഉറക്കച്ചടവിലായി രുന്നതുകൊണ്ട്, അതെന്തിനാണെന്ന്  അന്ത്രോച്ചൻ  ചോദിച്ചുമില്ല; പോലീസുകാരൊട്ട് പറഞ്ഞുമില്ല. സ്ഥിരാഭ്യാസമായ കഞ്ചാവ്  പെരുത്ത് വല്ല കശപിശയും ഉണ്ടാക്കിയതായി രിക്കും എന്ന   "സാ "മട്ടിൽ, അന്ത്രോച്ചൻ  പോലീസ് വണ്ടിയിലിരുന്ന്  കണ്ണുകൾ ശ്രമപ്പെട്ടു തുറക്കുകയും അവ  താനേ അടയുകയും ചെയ്തു.

പോലീസ് സ്റ്റേഷൻ, രണ്ടോ മൂന്നോ അവശപ്പോലീസുകാരൊഴികെ വിജന മായിരുന്നു.  അന്ത്രോച്ചനെ  ഒരു സെല്ലിലാക്കി പോലീസ് ജീപ്പ് മടങ്ങിയപ്പോൾ, മെല്ലെ തെളിഞ്ഞു വന്ന  ബോധത്തിൽ കഞ്ചാവ് ചടവുകളൊന്നുമില്ലാതെ, അടുത്തുകണ്ട ഗർഭിണിയായ വനിതാ പോലീസിനോട് അന്ത്രോച്ചൻ  ചോദിച്ചു,"ഈ നേരവ്വെ ളുത്തപ്പഴേ എല്ലാരും എവ്ടെപ്പോയി?". അവർ പറഞ്ഞു,"പ്രമാദമായ ഒരു കേസുണ്ടായിട്ടുണ്ട്. എല്ലാവരും അതിന്റെ പിറകേയാ". "ഓ!  എന്നൊരു  നിസംഗതയിൽ "ഏമാന്മാരൊന്നു വന്നേൽ,  അന്ത്രോച്ചന് പോകായിരുന്നു" എന്ന് അന്ത്രോച്ചൻ  അവരോട് പറഞ്ഞുനിൽക്കു മ്പോൾ, പോലീസ് ജീപ്പ് വീണ്ടും വന്നു. അതിൽ നിന്നിറങ്ങിയ പോലീസുകാരുടെ കൂട്ടത്തിൽ കൊച്ചച്ചനും ഉണ്ടായിരുന്നു.  അപ്പോഴാണ്   അന്ത്രോച്ചൻ   ഓർത്തത് "ഇനി  ജാമ്യത്തിലെറക്കാൻ ഞാമ്പര്യേലാ"ന്ന് പറഞ്ഞ കൊച്ചച്ചൻ ദേണ്ടേ  വന്നേക്കണ്.  ദൈവം തമ്പുരാന്റെ ഓരോരോ കളികളെ" .  മുഖം നിറയെ അപ്പോൾ വിടർന്ന 'ഇപ്പോളെങ്ങനയെന്ന'  ചിരിയുമായി കൊച്ചച്ചനെ നോക്കിയപ്പോഴാണ് അന്ത്രോച്ചൻ ഓർത്തത് കൊച്ചച്ചൻ   പഴയതുപോലെ, തനിയെ, ആ ഒടങ്കൊല്ലി സൈക്കിളിൽ വന്നതല്ലല്ലോ. പോലീസുകാര് , പൊലീസ് ജീപ്പിൽ കൊണ്ടുവന്നതാണല്ലോ. അപ്പോൾ ഒരു ചോദ്യച്ചിഹ്നമായി മാറിപ്പോയ അന്ത്രോച്ചൻ  ആലോചിച്ചുകൊണ്ടിരുന്നു, നല്ലവനായ കൊച്ച ച്ചൻ .... ! എന്തായിത്?  എന്ത് കുറ്റം? പുറത്തെ വെയിലിന് ചൂട് പിടിക്കുന്നതിനൊപ്പം  അന്ത്രോ ച്ചന്റെ ചിന്തകൾക്കും ചൂടേറിക്കൊണ്ടിരുന്നു

 പോലീസ് ജീപ്പ് മൂന്നാമതെത്തിയപ്പോൾ, അതിൽ നിന്നിറങ്ങിയത് കൈക്കാരന്റെ മകൻ ഗ്രിഗറിയായിരുന്നു. അവന്റെ കയ്യിൽ  വിലങ്ങ് ഉണ്ടായിരുന്നു.

മൂന്ന് പേരും  മൂന്ന് സെല്ലുകളിൽ അഴി കളെണ്ണി നിരപരാധികളായി നിന്നു. ഓരോ സെല്ലും പരസ്പരം ചോദിച്ചുകൊണ്ടിരുന്നു, "ആരെ ആദ്യം....?" ആദ്യത്തെ നിലവിളി ഉയർന്നത് ഗ്രിഗറിയുടെ സെല്ലിൽ നിന്നായിരുന്നു. "അയ്യോ..."  മറ്റുരണ്ട് സെല്ലുകളും പരസ്പരം  പറഞ്ഞു, "തുടങ്ങി. നടയടി തുടങ്ങി. നിലവിളിയുടെ   ഒച്ചയിലും മൂർച്ചയിലും നിന്നും "എവിടെ വച്ചെടാ?" എന്ന   ചോദ്യത്തിൽ നിന്നും സെല്ലുകൾ ഉറപ്പിച്ചു; രാജൻ പോലീസാണ്. "ഭ! കഴിവേറി, പറയെടാ. നീഎവിടെ   വച്ചു?"
"എനിക്കറിയില്ല സാറേ."
"നിന്നെക്കൊണ്ട് ഞാൻ പറയിപ്പിക്കും. പോലീസ് നായ് വന്നുനിന്നത് നിന്റെ വീട്ടിൽ. അവിടെ നിന്നും അത് പോയി നിന്നത് നിങ്ങളുടെ ചാണക്കുഴിയിലും. അപ്പോൾ അവിടെ ആണോടാ താത്തിയേക്കണേ?"
നീണ്ട അലർച്ചകൾക്കിടയിൽ അവൻ എന്താണ് പറഞ്ഞതെന്ന് സെല്ലുകൾക്ക് കേൾക്കാനായില്ല.  പിന്നെയെങ്ങും  നീണ്ട നിശബ്ദതയായിരുന്നു

ഒരു സാധാരണ ചോദ്യം ചെയ്യലിന്റെ മട്ടും  മാതിരിയും   അല്ലായിരുന്നു  ആ ചോദ്യം ചെയ്യലിന് . അത് സൗമ്യവും കുമ്പസാരക്കൂ ട്ടിലെ  ഒരുപദേശം പോലെയോ, തിരുത്തൽ പോലെയോ ആണ് തുടങ്ങിയത് . "ഒരു വൈദി കനല്ലേ. ദൈവത്തിന് വേണ്ടി ജീവിക്കുന്നവർ ജനങ്ങൾക്ക് മാതൃക ആകണ്ടേ" . പിന്നെ യൊന്നു നിർത്തി, കൊച്ചച്ചനെ നോക്കി, അദ്ദേഹത്തിന്റെ  മുന്നിൽ ഉപദേശപ്പണി തനിക്കിണങ്ങില്ലെന്ന് തോന്നിയ ആ പോലീസു കാരൻ   നേരിട്ട് ചോദ്യം ചെയ്യലിലേക്കിറങ്ങി.  "അത്  എവിടാ വച്ചേക്കുന്നെന്ന് പറഞ്ഞേര്.    തന്നെയാണോ അതോ കൂട്ടുകൂടിയാണോ? ആണെങ്കിൽ ആരൊക്കെ? .... പറയച്ചോ." എന്നുപറഞ്ഞ് പോലീസുകാരൻ  മറുപടി കാത്തുനിന്നു.
ഉത്തരം ഒരു നിഷേധമായിരുന്നു. "എനിക്കറി യില്ല"
"ശരി. എന്നാൽ അച്ചൻ സത്യം സത്യമായി എന്താ ഉണ്ടായതെന്ന് പറഞ്ഞാൽ മതി".
"എനിക്കറില്ല."
" അച്ചനാ  ളോഹ  ഒന്നൂരി മാറ്റാമോ?  . അതിട്ടിരിക്കുന്ന ഒരാളെ...., മനസ്സങ്ങ്.....".
"ഒരു പരിഗണനയും വേണ്ട. എന്ത് ചെയ്താലും,  ഏത് പോലീസ്  മുറയെടുത്താലും എനിക്കറി വില്ലാത്ത കാര്യം ഞാൻ എങ്ങനെ  പറയും.?"
"എന്നാൽ  ഞങ്ങൾക്ക് പറയിപ്പിക്കേണ്ടി വരും" എന്നു പറഞ്ഞ് , അയാൾ സെല്ലിന് പുറത്തേ ക്കിറങ്ങി

           നടന്നതത്രയും കഞ്ചാവ് പുകയുടെ ഒരു പറട്ടക്കളിയാണെന്നാണ്, അന്ത്രോച്ചൻ നിന ച്ചിരുന്നത്.  ആദ്യത്തെ  ഇടി കാൽമുട്ട് മടക്കി കീഴ് വയറ്റിൽ തന്നെ ആയിരുന്നു.  അന്ത്രോച്ച നപ്പോൾ  മന്ദതയിൽ നിന്നും തൊണ്ടുപൊട്ടി  പുറത്തുവന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടത്, യൂണിഫോമിലല്ലാത്ത പോലീസു കാരനെ ആണ്.  ഒരു സംശയമപ്പോൾ നാവിൻ തുമ്പത്ത് വന്ന് പഞ്ഞിക്കായ്  പോലെ പൊട്ടിച്ചിതറി.
"ഇതെവ്ടാ?"
"നിന്റച്ചി വീട്". ഒരു തെറി പറയുന്ന വീറിൽ അതുപറഞ്ഞ്  ,അടുത്ത  ഇടി കീഴ് വയറ്റിൽ തന്നെ ചെലുത്തിയ കൂട്ടത്തിൽ, അയാൾ  ഒരു ചോദ്യവും കോർത്തിരുന്നു. "എവിടാടാ വച്ചേക്കണേ?"
"എന്നത് ?"
"ഫ ! തായോളീ,  പോലീസുകാരോടാണോടാ നിന്റെ അഭ്യാസം  .?"
"എന്ത് വച്ചേക്കുന്നെന്നാ ചോദിക്കണേ?"
ഇടി മൂറകളുടെ  പല പരീക്ഷണങ്ങൾക്കൊ ടുവിൽ, കൂട്ട ഇടി ഇടിച്ചാലും  ഉദ്ദേശിക്കുന്നൊരു  മറുപടി കിട്ടി ഒന്നും വെളിപ്പെടില്ലെന്നുതോന്നി റൂട്ടൊന്നുമാറ്റി സൗമ്യനായി അയാൾ ചോദിച്ചു
"അതൊക്കെ പോട്ടെ. നീ ഇന്നലെ എവ്ടാ കെടന്നേ?"
"ചിമിത്തേരീല്. ഞാനവ്ടല്ലേ സ്ഥിരം കെടക്കണേ".
"ഇന്നലെ എന്നാതാ നടന്നേ? ഒന്നുപറഞ്ഞേ."
അന്ത്രോച്ചൻ മങ്ങിയ ഓർമ ചികഞ്ഞു  വകഞ്ഞ്  തുടങ്ങി:
ഇന്നലെ ആ കൊച്ചിന്റെ ശവാടക്ക്....എനിക്കത് വല്ലാതെ ഫീല് ചെയ്തു.  ഇത്തിരിക്കായി  പത്ത് പൈസ പോലും കയ്യീല്ലാഞ്ഞകൊണ്ട്, കുരിശും തൊട്ടീരിക്കുമ്പഴാ അലക്സ് വന്നേ. വന്നപാടെ  അവൻ പറഞ്ഞു ,"കേറേടാ വണ്ടീല്" . എവിടേ ക്കേന്ന് ഞാൻ ചോദിച്ചപ്പോ ,  "ബാറിലേ ക്കെന്ന്". ഒരു തുട്ടുപോലും കയ്യീല്ലെടാ. എന്നാ പോകാനാന്നു പറഞ്ഞ്, ഞാൻ മടിച്ചപ്പോ, അവർ പറഞ്ഞു, "നീ വാ".   

          ബാറി വച്ച്  ഞാൻ മതിയെന്ന്  എത്ര പറഞ്ഞിട്ടും  അവൻ  പിന്നെംപിന്നെം മുന്തിയ സാധനം തന്നെ വരുത്തി,  മൂക്കറ്റം   കുടിച്ച്, ഞങ്ങളാ ദുഖം ആഘോഷിച്ചു . കൂടെ നല്ല സൊയമ്പൻ നീലച്ചടയനും. അവന്റെ  ഓട്ടോ യിൽ തിരികെപ്പോരുന്ന  വഴി  ചടയന്റെ പുക എന്റെ  മോത്തേക്കൂതി, മൊകം നെറയെ ചിരിച്ച് അവൻ പറഞ്ഞു," ഇന്ന് അവളെ യൊന്നു കാണണം. ഒന്നുല്ലാതെ. എനിക്കി ന്നവടെ കൂടെ  കെടക്കണെടാ".
"വിദേശീടെ കുത്തലിൽ എവ്ടെങ്കിലും, ആരെങ്കിലും  തപ്പാനുള്ള പ്ളാൻ ആയിരിക്കും എന്നുവിചാരിച്ചും, എനിക്ക് താൽപ്പര്യമില്ലാത്ത കാര്യായതു കൊണ്ടും   ഞാൻ ഒന്നും  മിണ്ടില്ല.   പിന്നെ അവൻ  എന്തൊക്കെയോ പറഞ്ഞു; ഞാനും".
"എന്താ പറഞ്ഞേ?"
ഇത്തിരിനേരം ആലോചിച്ചിരുന്നിട്ട് അന്ത്രോ ച്ചൻ  പറഞ്ഞു ,  എന്താ പറഞ്ഞേന്ന് ഒരു പിടീം കിട്ടണില്ല സാറേ ."
"ങാ അത് വിട് . പിന്നെന്തുണ്ടായി? എന്ന്  പോലീസുകാരൻ  ചോദിച്ചപ്പോൾ,  അന്ത്രോ ച്ചൻ  ഓർമ്മകളുടെ തുണ്ടു കടലാസ്സുകൾ ക്കിടയിലൂടെ പോയി, എഴുത്ത് തെളിയാത്ത വയിൽ നിന്നും തെളിഞ്ഞുകിട്ടിയ ഒന്നെടുത്ത്  "സാറേ" പിന്നെ .... പിന്നെ" എന്നുപറഞ്ഞ്  തുടങ്ങി, " ചടയൻ  വലിച്ചുകിട്ടിയ ഒരുഷാറിൽ ,  എല്ലാരേം  പോലെ ഞാനും ചോദിച്ചിരുന്ന  ആ ചോദ്യം, ഞാനപ്പോളവനോട് ചോദിച്ചു "എന്തിനാടാ  ഫിലോ  ആത്മഹത്യ ചെയ്തേ? എന്തായാലും കഷ്ടായിപ്പോയി. നീ  വല്ലോം അറിഞ്ഞോ?". ഒരാലോചനേമില്ലാതെ  അവൻ പറഞ്ഞു,"അത്  കൊച്ചച്ചനറിയായ്രിക്കും" എന്ന്.  അതെന്താന്ന് ഞാൻ ചോദിച്ചപ്പോ,"അന്നൊരു ദിവസം കൊച്ചച്ചന്റെ മുറീല്..." എന്നുപറഞ്ഞിട്ടവൻ പുറത്തേക്ക് നോക്കി . ഞങ്ങളപ്പോ പള്ളിക്ക് മുമ്പി ലെത്തിയകൊണ്ട് "നാളെപ്പറയാം" എന്നു പറഞ്ഞ്, അവനെന്നെ  ഓട്ടോയീന്നിറക്കി.  പിന്നെ രണ്ട് പൊതി ചടയൻ കൂടി തന്നിട്ടവൻ എന്നെക്കൊണ്ടോയി, ചിമിത്തേരീല്,  ഞാൻ കെടക്കണ  പടുതേടടീ   കെടത്തീതെ   എനി ക്കോർമ്മോള്ളു. പിന്നിപ്പഴാ ബോതം തെളിഞ്ഞു വരുന്നേ.
"ഇതൊക്കെ ഞങ്ങള് വിശ്വസിക്കണം അല്ലേടാ...മോനേ? ഞങ്ങള് തെളിയിക്കൂടാ.  " എന്നുപറഞ്ഞ് അടുത്ത ക്രിയ ചെയ്യാൻ   നിന്നപ്പോൾ   ഒരു  യൂണിഫോംകാരൻ വന്ന്  ഏതോ  വീഡിയോ മീറ്റിങ്ങിന്  കൂട്ടിക്കൊണ്ടു പോയി

          അപ്പോൾ സെന്റ് തോമസ് മൗണ്ട് പള്ളി മുറ്റവും സിമിത്തേരിയിലേക്കുള്ള വഴിയും പള്ളിയിൽ കയറാത്തവർ  പോലും ഉൾപ്പെടുന്ന ഒരു മതേതര  വേദിയായിരുന്നു. ഗെയിറ്റ് പൂട്ടി പോലീസ് കാവൽ നിൽക്കുന്ന, ചുറ്റുമതിലുള്ള സിമിത്തേരിക്ക് മുന്നിൽ നിന്നവർ സിമിത്തേരി യിലേക്ക് എത്തി വലിഞ്ഞു നോക്കി. അപ്പോൾ  പിറകിലുള്ളവർ ചോദിച്ചു "എന്നാ അവിടെ ?"
"ഒരു കല്ലറ തുറന്നുകെടപ്പുണ്ട്."
"ആരുടെയാ ?"
"ഇന്നലെ ശവാടക്കിയ  ഫിലോയുടെ.  നമ്മടെ വക്കപ്പൻ മൊതലാളീടെ മകടെ"
കൂടുതൽക്കൂടുതൽ പോലീസുകാർ മുന്നോട്ട് വന്ന് ജനങ്ങളെ ഓടിച്ചുവിട്ടതുകൊണ്ട്, അവർക്ക് കൂടുതലൊന്നും അറിയാൻ സാധിച്ചില്ല. അപ്പോൾ ഓടിക്കിതച്ചെത്തിയ ഒരാൾ  അടുത്തുകിട്ടിയ ആളോട്  പരവേശപ്പെട്ടുചോദിച്ചു "എന്താ സംഭവം?"
അത് വ്യക്തമാകാതിരുന്നതുകൊണ്ട് അയാൾ പറഞ്ഞു. "ഒന്ന് ശ്വാസമെടുത്തിട്ട്  ചോദിച്ചാൽ മതി. തീർന്നു പോകിയേല"
"എന്താ സംഭവം? എന്നതാ കാര്യം?"
"അത് വക്കപ്പൻ മുതലാളീടെ മകള്  ഫിലോ യുടെ കല്ലറ തുറന്ന്, ശവം പോസ്റ്റ് മോർട്ടത്തിന്  കൊണ്ടുപോയി. അതാണ് "
അടുത്ത് നിന്നിരുന്ന ആൾ അതൊന്നു തിരുത്തി ഒരു  അന്തിച്ചർച്ച  പോലെയാക്കി
"ഏയ് അതല്ല.....അതാണേൽ. എന്തിനാ കൊച്ചച്ചൻ, ഫാ. മാത്യു  തെള്ളിയത്തിനെ അറസ്റ്റ് ചെയ്തത് ? ശവം കാണാനില്ലെന്നാ ണല്ലോ  ചിലരൊക്കെ പറയണത്."
" അതെന്നേ. പോസ്റ്റ് മോർട്ടത്തിന്  കൊണ്ടുപോയാൽ, പിന്നെ അതിവിടെ കാണുമോ?"
അവരോട് കുടിയ നാലാമനപ്പോൾ ചോദിച്ചു "ആ കൊച്ച് ആത്മഹത്യ ചെയ്തതല്ലേ. അപ്പോൾ പോസ്റ്റ് മോർട്ടം നേരത്തെ  നടത്തിക്കാണിയേലേ."
അതിനുത്തരമായി അഞ്ചാമൻ  പറഞ്ഞു,
"അവരൊക്കെ വലിയ മുതലാളിമാരല്ലേ. അതൊക്കെ ഒഴിവാക്കാൻ പണവും സ്വാധീനവും ഉള്ളവർ.".
അതുവരെ ചർച്ചയിൽ പങ്കെടുച്ചാതിരുന്ന ആൾ അപ്പോൾ ഒരു സംശയം ചോദിച്ചു "പിന്നെ ഇപ്പോൾ.....?".
പള്ളിയുമായി കൂടുതൽ അടുപ്പമുള്ള ഒരാളാണതിന് മറുപടി കൊടുത്തത്
"ആ ചട്ടുകാലൻ പരാതി കൊടുത്തിട്ടുണ്ടെന്നാ കേക്കണേ"
"ആര് ?  ലോട്ടറിക്കച്ചവടക്കരൻ , അലക് സാണോ?" എന്നാരോ ചോദിച്ചപ്പോൾ അയാൾ  ഉറപ്പില്ലാതെ പറഞ്ഞു, "അങ്ങനെയൊക്കെയാ  കേക്കണേ

          അധികം വൈകാതെ  പ്ളാക്കാർഡുകൾ ചുറ്റിലും  നാട്ടി,  അലക്സ്   എസ് പി ഓഫീസിന് മുന്നിൽ നിരാഹാര സത്യഗ്രഹത്തിന്റെ ഗാന്ധി യൻ മാർഗ്ഗത്തിലായി.  അതിന്  രുചി കൂട്ടാൻ മൗനവ്രതം ഉപ്പ് വിതറി. ചാനലുകാർ ചോദിച്ച ചോദ്യങ്ങളിൽ "എന്തിനാണ് നിരാഹാരം കിടക്കുന്നതെന്ന" ചോദ്യം പ്രസക്തമെന്ന്  തോന്നുകയാൾ, അലക്സ് ഒരു പളാക്കാർഡ് തിരഞ്ഞെടുത്തുകൊടുത്തു. അതിൽ എഴുതിയിരുന്നു"ഫിലോയുടെ ബോഡി   എവിടെ?"
"അത് കണ്ടെത്തേണ്ടത് പോലീസിന്റെ ഉത്തരവിദിത്ത്വമല്ലേ" എന്ന   ഒരു ചാനലുകാരന്റെ സംശയം കുറിതൊട്ട ചോദ്യത്തിന്   അലക്സിന്റെ കയ്യിലുള്ള ചുവന്ന മഷിയിലെഴുതിയ പ്ളാക്കാർഡ് ഉത്തരം. പറഞ്ഞു , "പോലീസിന്റെയും ഭരണകൂടത്തി ന്റെയും നിസംഗതക്കെതിരെയാണ് ഈ നിരാഹാരം" പിന്നെ കലിച്ചുകേറി മൗനവൃത ത്തിനൊരു താൽക്കിലിക സുല്ലിട്ട് അലക്സ് ചൊടിച്ചു, "ബോഡി പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോയീന്നും പറഞ്ഞ്,പോലീസ് നാട്ടുകാരെ പറ്റിക്കുകയാണ്.അതെങ്ങന്യാ? രാവിലത്തെ കുർബ്ബാന കഴിഞ്ഞ് സിമിത്തേരിയിൽ ഒപ്പീസിന് കൊച്ചച്ചൻ ഫാ. മാത്യു  തെള്ളിയത്തും ഞങ്ങളും കൂടി ചെല്ലുമ്പോഴാണല്ലോ കല്ലറ തുറന്നുകിടക്കു ന്നത് കണ്ടത്  . ആ വിവരം   ഞാനാണല്ലോ പോലീസിനെ  അറിയിച്ചത്. അതുകൊണ്ടല്ലേ പോലീസ്നായ് വന്നത്. അത് ആര്? എന്തിന് ചെയ്തു.? എന്നിട്ടാ ബോഡി എവിടെ?   എന്ന് ചോദിച്ചിട്ട്  അലക്സ് വീണ്ടും മൗനവൃതത്തിന്റെ  ആമത്തോടിലേക്ക്  നൂണ്ടുകേറി. അപ്പോൾ  മറ്റൊരു ചാനലുകാരൻ വ്യക്തി വിവരങ്ങളി ലേക്ക് കത്തിക്കയറി ചോദിച്ചു, "മരിച്ച ആൾ അലക്സിന്റെ ആരാ?"
"എന്റെ ....."എന്ന് ആംഗ്യം കാണിച്ചിട്ട്, അല ക്സ് മൗനവൃതം തെറ്റിച്ച് പ്രതികരിച്ചു "അതല്ല . ഒരു സ്ത്രീയ്ക്ക്,  അതും ഏറ്റവും അപമാനകര മായ അനുഭവമുണ്ടായിട്ടും,  അവർക്ക് നീതി  കിട്ടാൻ വേണ്ടി ശബ്ദിക്കാൻ  ഇവിടെ  ആരു മില്ല. ഒരു സ്ത്രീയുമില്ല;  ഒരു സ്ത്രീ  സംഘടനയു മില്ല. അതുകൊണ്ട് ഞാൻ , ഞാനെന്ന പുരുഷൻ...."
*ഈ കുട്ടി ആത്മഹത്യ ചെയ്തതല്ലേ?"
"കുട്ടിയല്ല. യുവതിയാണ്. എന്തുകൊണ്ട് പോലീസ് അതിന്റെ  കാരണം അന്വേഷിച്ചില്ല.  കണ്ടെത്തിയില്ല"
"അലക്സിന് ആരെയെങ്കിലും സംശയ മുണ്ടോ?"
"കൊച്ചച്ചൻ ,ഫാ.മാത്യു തെള്ളിയത്തിനറിയാം.. അവര് തമ്മിൽ ...."

          മനസ്സ്  ബലപ്പെടുത്തി, വാക്കുകൾക്ക് മൂർച്ചകൂട്ടാൻ തയ്യാറായി എത്തിയെങ്കിലും  കൊച്ചച്ചന്റെ  ളോഹയിലേക്ക് നോക്കിയപ്പോൾ ചോദ്യം ചെയ്യാൻ തിരികെയെത്തിയ പോലീസുകാരന്റെ ചൂട്  വറ്റി,  രക്തം തണുത്ത്  ഒരു സാധാരണക്കാരനായി ചോദിച്ചു , "കൊച്ച ച്ചന്റെ മുറിയിൽ നിന്നും ഡെഡ് ബോഡിയിലെ വസ്ത്രങ്ങൾ കണ്ടെടുത്തല്ലോ. അതെങ്ങനയാ  അവിടെ വന്നത്?"
"അറിയില്ല"
"കൊച്ചച്ചൻ  നാട്ടിൽ പടർന്ന ആ വാർത്ത കേട്ടില്ലല്ലേ. ഞങ്ങൾ കേട്ടു".
"ഏത്  വാർത്ത?"
"ഫിലോയുടെ മരണവുമായി കൊച്ചച്ചനെന്തോ ബന്ധമുണ്ടെന്ന്.  അച്ചനും ഫിലോയും പ്രണയ ത്തിലായിരുന്നോ?"
"ഞാൻ ഒരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളു".
"അതെ. ഫിലോയെ. അതിനീ ളോഹ ഊരീട്ട് കെട്ടിയാൽ പോരായിരുന്നോ?"
"അല്ല. ഞാൻ യേശുവിനെ മാത്രമേ ഇന്നോളം പ്രണയിച്ചിട്ടുള്ളു. ഇനിയും...".
*നല്ല മറുപടി. പക്ഷേ ഫിലോ മരിച്ച ആ ദിവസം, അസമയത്ത്  വല്യച്ചൻ, തടത്തിലച്ചനെ ഒഴി വാക്കി,  നിർബന്ധിച്ച് , കൊച്ചച്ചന്റെ അടുത്ത് കുമ്പസാരിച്ചതായി കേട്ടു.  എന്താ പറഞ്ഞേ?"
"കുമ്പസാരരഹസ്യം പോലീസ് സ്റ്റേഷനിൽ പറയാനുള്ളതല്ല."
"എന്നാൽ ഞാൻ പറയാം.  അച്ചന് ഫിലോയോട്  പ്രണയമായിരുന്നു.  അവളുമായി ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടാകാം. അതിൽ നിന്നും ..." ഇത്തിരി  മൗനത്തിനിടകൊടുത്തിട്ട്  അയാൾ  തുടർന്നു "കൊച്ചച്ചന് മനസ്സിലായി ക്കാണുമല്ലോ   ഞാൻ എന്താ   ഉദ്ദേശിച്ചതെന്ന്"
കൊച്ചച്ചൻ ഒരു വികടച്ചിരിയിൽ ഉത്തരമൊതു ക്കിയപ്പോൾ അയാൾ തുടർന്നു "അച്ചനത് നിഷേധിച്ചു.  അവൾ ആത്മഹത്യ ചെയ്തതു.  ഇനിയുള്ളത്   സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ പോലീസുകാരുടെ ഒരു  സാധ്യതാ ചിന്തയാണ്.  വീണ്ടും ബന്ധപ്പെ ടാനുള്ള ആഗ്രഹത്താൽ  അന്ത്രോച്ചന്റെ സഹാ യത്തോടെ  കല്ലറയിൽ നിന്നും ഡെഡ് ബോഡി യെടുത്ത്  വേണ്ടാത്തത് ചെയ്തു.   അങ്ങനെ ശവത്തിലുണ്ടായിരുന്ന വസ്ത്രത്തിന്റെ കുറെ ഭാഗങ്ങൾ അച്ചന്റെ മുറിയിൽ  വന്നു. ഇനി പറ ഡെഡ് ബോഡി എവിടെയാണ്  ഒളിപ്പിച്ചു വച്ചിരിക്കുന്നത്."
"നല്ല കഥയാണ് . ജിത്തുജോസഫിനെ ഏൽപ്പി ച്ചാൽ രണ്ടുമൂന്ന് തുടർ സിനിമകൾക്കുള്ള വകയുണ്ട്."
"അച്ചൻ നേര് പറയില്ല. ഇത് കുമ്പസാരക്കൂടല്ല. പോലീസ് സ്റ്റേഷനാണ്. അത് കേൾക്കു ന്നുണ്ടോ?  അന്ത്രോച്ചന്റെ  സെല്ലിൽ നിന്നാണ്.  അവൻ അവസാനം പറഞ്ഞു നിർത്തിയത് അച്ചന്റെ പേരാണ്. അതുറപ്പിക്കാനാണ് ഇടിയൻ മോഹനൻ പണി തുടരുന്നത്. ഉറപ്പാ ക്കിയിട്ട്  അവൻ വരും. . പണിയെടൂക്കാതെ തിന്നണ ശരീരമല്ലേ. ഇടിയന്റെ  രണ്ടിടിയിൽ കൂടുതൽ അച്ചൻ പിടിച്ചുനിൽക്കില്ല."

          കഞ്ചാവിന്റെ പുകയോട്ടം പാടെ നിലച്ച്, ഞരമ്പുകൾ  വേനലിലെ പുഞ്ചപ്പാടം പോലെ  വറ്റിവരണ്ട്, വിണ്ടുകീറി,  ദാഹിച്ചുവലഞ്ഞ അന്ത്രോച്ചൻ ഇത്തിരി വെള്ളം  ചോദിച്ചപ്പോൾ ഇടിയൻ  പറഞ്ഞു . "തരാം .പക്ഷേ അതിന് മുമ്പ്  അന്ത്രോച്ചാ, ഡെഡ് ബോഡി എവിടാ വച്ചേക്കണേന്ന് പറ"
"എനിക്കറ് യില്ല"
"എന്നാൽ ഞങ്ങൾ എഫ്ഐആർ എഴുതാൻ പോകുന്നതിന്റെ  ചുരുക്കം പറയാം  . രാത്രി അന്ത്രോച്ചൻ ഡെഡ് ബോഡിയെടുത്ത് കൊച്ച ച്ചന്റെ മുറിയിലെത്തിക്കുന്നു. കാര്യം കഴിഞ്ഞ് അത് അന്ത്രോച്ചൻ തന്നെ കൈക്കാരന്റെ ചാണകക്കുഴിയിൽ ഒരടയാളവും അവശേഷി പ്പിക്കാതെ   താഴ്ത്തുന്നു." അത് കേട്ട് തരിച്ചു പോയ അന്ത്രോച്ചൻ ഒന്നാലോചിച്ചുനിന്നിട്ട് പറഞ്ഞു.  'ശരിയാണ്.. പക്ഷേ ...."
"എന്ത്?"
"കൊച്ചച്ചൻ    നിരപരാധിയാ . ബാറീന്ന് കുടിച്ചുകേറ്റീതും നീലച്ചടയനും കൂടി പെരുക്കിയ കെട്ടിൽ, രാത്രി ഡെഡ് ബോഡി ഞാൻ എടുത്തോണ്ടുപോയി. അത് ശരിയാണ് പിന്നെ സാറ്  പറഞ്ഞ  ആ പണി ചെയ്തിട്ട്  അവളുടെ പിറകെ നടന്നിരുന്ന ഗ്രിഗറിയിലേക്ക് അന്വേഷണമെത്തിക്കാൻ   കൈക്കാരന്റെ ചാണാക്കുഴീലിട്ടു.     നിങ്ങളെ ചുറ്റിക്കാനും  അന്വേഷണം വഴിതെറ്റിക്കാനും  കൊറെ തുണികള് കൊച്ചച്ചന്റെ മുറീലും  ഇട്ടു. ഇതാണ് സത്യം.".  ആ ഒരു മൊഴിയിൽ  ഇടിയൻ ഇടി നിർത്തി  പോയപ്പോൾ , അന്ത്രോച്ചൻ ഉള്ളുലഞ്ഞുള്ളിൽ പറഞ്ഞു, "ഇതെന്റെ കൊച്ചച്ചനുവേണ്ടി .."

ചാനലുകളിൾ നിറഞ്ഞുകവിഞ്ഞുതുളുമ്പി ആ വാർത്ത നാടാകെ  ഒരു കൊറോണയായി . മരിച്ച പെൺകുട്ടി, ഫിലോയുടെ ശവശരീരം കല്ലറയിൽ നിന്നെടുത്ത  കുഴിവെട്ടുകാരൻ അന്ത്രോച്ചൻ, കൈക്കാരൻ ജോയിയുടെ ചാണകക്കുഴിയിൽ താഴ്ത്തിയിട്ടതായാണ് പോലീസിന്റെ നിഗമനം. നമ്മുടെ റിപ്പോർട്ടർ അജിത് അവിടെയുണ്ട്. കൂടുതൽ വിവരങ്ങൾ ക്കായി നമുക്ക് അജിത്തിലേക്ക് പോകാം. "അജിത്. ഹലോ. അജിത്....അജിത്, കേൾ ക്കാമോ?"
അജിത്: ഹലോ ശാലി...
ശാലി:  എന്താണ് അവിടെ നടക്കുന്നത്?
അജിത്.:  അത് ശാലി.... ഡെഡ് ബോഡി  ആ ചാണകക്കുഴിയിലുണ്ടെന്നാണ് പോലീസിന്റെ നിലപാട്. അത് പുറത്തെടുക്കാനുള്ള നടപടികളാണ്  നടക്കുന്നന്നത്.  എന്ന് നിന്നില്ല ഒട്ടുനടന്നുമില്ലാതെ  പറഞ്ഞ് , എല്ലാം വ്യക്തമായി കാണാനും ലൈവിനുമായി പറ്റിയ സ്ഥലം തേടി മറ്റ് ചാനലീച്ചകൾക്കൊപ്പം അവരും  സ്ഥാനം മാറിമാറിക്കൊണ്ടിരുന്നു

          അപ്പോൾ  ഒരുത്സവത്തിനുള്ള ആൾക്കാ രുടെ സാന്നിധ്യത്തിൽ, പോലീസുകാർ അതിരു തിരിച്ച്, അടയാളപ്പെടുത്തിയ ചാണകക്കുഴി യിലെ സംശയം തോന്നിയ ഒരു ഭാഗത്ത് നിന്നും പണിക്കാർ  ചാണകം നീക്കിക്കൊണ്ടിരുന്നു.  അതിനുള്ളിൽ  കണ്ട  വസ്ത്രങ്ങൾ,  ഒരു പണി ക്കാരൻ    വലിച്ചു പുറത്തെടുക്കാൻ തുടങ്ങി. ഒരെണ്ണം തനിയെ  പുറത്തെടുക്കാനാകാതെ,   അയാൾ ഒരു പോലീസുകാരന്റെ  സഹായ ത്തോടെ  വീണ്ടും വീണ്ടും ആഞ്ഞാഞ്ഞു വലിച്ചുകൊണ്ടിരുന്നു. . അതിന്റെ ഭാരം കണ്ടിട്ട്  ഡിവൈഎസ്പി പറഞ്ഞു."അതായിരിക്കാം....". പിന്നെ ഉറപ്പിച്ചു പറഞ്ഞു"അതുതന്നെയാണ്'" അപ്പോൾ കാഴ്ചക്കാരുടെ മുന്നിൽ നിന്നിരുന്ന അലക്സ് അടുത്തുകണ്ട പോലീസുകാരനോട് ചോദിച്ചു, "ഇതെങ്ങനെ, കേടുകൂടാതെ പുറത്തെടുത്ത്, വൃത്തിയാക്കിയെടുക്കും സാറേ. ?". പോലീസുകാരൻ   അലക്സിനെ നോക്കി ചോദിച്ചു, "നിരാഹാരം നിർത്തിയോ?"
"പ്രതിയെ കിട്ടിയല്ലോ.  ഇവിടുന്ന്  ബോഡിയും കിട്ടും. പിന്നെന്ത് നിരാഹാരം?

ചാണകം മൊത്തം  കോരി  ഡെഡ് ബോഡി പുറത്തെടുക്കാം എന്ന പോലീസു കാരുടെ തീരുമാനത്തിൽ, പണിക്കാർ ചാണകം കോരി മാറ്റാൻ തുടങ്ങി. ഓരോ കൊട്ടച്ചാണകവും മുകളിലെത്തുമ്പോൾ, ആൾക്കൂട്ടം ഇത്തിരികൂടി അടുത്തേക്ക് നീങ്ങിനിന്ന്,  കണ്ണുകൾ ചാണകക്കുഴിയിൽ തന്നെയിട്ട്,  ഡെഡ് ബോഡി കാണാൻ കാത്തുനിന്നു. ചാണകക്കുഴിയുടെ അടിത്ത ട്ടോളമെത്താറായപ്പോൽ ഡിവൈഎസ് പി കരയിൽ നിന്ന് "ഡെഡ് ബോഡിയുടെ ചുറ്റിനു മുള്ളത് സൂക്ഷിച്ചുമാറ്റണം.  പണിയായുധങ്ങൾ ബോഡിയിൽ  കൊള്ളരുത്"എന്ന അന്തിമ നിർദ്ദേശം കൊടുത്തു. അപ്പോൾ മുതൽ പണി ക്കാർ  കൈകൾ  കൊണ്ട് ചാണകം   മാറ്റി ഡെഡ് ബോഡിക്ക് ക്ഷമേൽക്കാതിരിക്കാൻ ഏറെ  ശ്രദ്ധിച്ചുകൊണ്ടിരുന്നു.

          ഒരാളുടെ കൈ കട്ടിയുള്ള എന്തിലോ തട്ടിയ വേദനയിൽ അയാൾ കൈ കുടയുന്നതു കണ്ട്, മറ്റുള്ളവർ അതിന് ചുറ്റിനും കൂടി.  അയാൾ  മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു, "സാർ ഇത് ഡെഡ്ബോഡി ആണെന്ന് തോന്നുന്നില്ല."
"എടുത്ത് പുറത്തിടെടാ." എന്ന് ഡിവൈഎസ്പി പറഞ്ഞപ്പോൾ, എല്ലാവരുംകൂടി തുണി യിലും വശങ്ങളിലും   പിടിച്ചുപൊക്കി  അത് പുറത്തേക്കെടുത്തു.  മുകളിൽ നിന്നും വ്യക്ത മായി കാണാൻ പറ്റാതിരുന്നതുകൊണ്ട്
ഡിവൈഎസ്പി വിളിച്ചു ചോദിച്ചു "എന്താടാ അത് ?" അപ്പോൾ പണിക്കാർ  കൂട്ടമായി  "സാർ  ഇതൊരു... "എന്നുപറഞ്ഞു തുടങ്ങി. പിന്നെ അതിലൊരാൾ വ്യക്തമായി പറഞ്ഞു. "സാർ ഒരു കരിങ്കല്ല് . ഫിലോയുടെ ഡെഡ് ബോഡിയിലെ തുണിയിൽ പൊതിഞ്ഞ , നല്ല കനമുള്ള. ഒരാളോളം നീളമുള്ള വേലിക്കല്ല്. അന്നേരം താഴേ കുഴിയിലേക്ക് നോക്കി നിന്ന   ഡി വൈ എസ് പി. എല്ലാവരും കേൾക്കും എന്നോർക്കാതെ   ഒന്നേ പറഞ്ഞുള്ളു " ഛേ. മൈര്!"

          സെല്ലിലേക്ക് കയറി വന്നത് ഇടിയൻ മോഹനനായിരുന്നു. ഒരു മുഖവുരയുമില്ലാതെ മോഹനൻ ഇടി തുടങ്ങി . അതിനിടയിൽ ഇടി യുടെ  ബലത്തിനായി  സിമന്റുചാന്ത് പോലെ പറഞ്ഞു"ഫ! പട്ടിപ്പുലയാടി മോനേ, നീ യെന്നെ  പറ്റിക്കുവായിരുന്നല്ലേ." കഞ്ചാവിന്റെ ആവരണം  ഒന്നുമില്ലാതിരുന്നതുകൊണ്ട്  ഓരോ ഇടിയുടെ ദണ്ഡനവും  അന്ത്രോച്ചന്റെ ദേഹം കൃത്യമായി അറിഞ്ഞുപുളഞ്ഞുകൊണ്ടി രുന്നു.  അവസാനം ശരീരം  പ്രതികരിച്ചത് തളർന്ന് നിലത്തേക്ക് വിണായിരുന്നു. അതിന് കണ്ണുകൾ അടഞ്ഞ് പിന്തുണയുമായി. സെല്ലിന്റെ  തണുത്ത തറ  അന്ത്രോച്ചനപ്പോൾ  സിമിത്തേരിയിലെ പരുപരുത്ത തറ പോലെ യായിരുന്നു . "പണ്ടാരം കണ്ണ്  തുറക്കട്ടെ" എന്നുപറഞ്ഞ്  ഇടിയൻ പോലീസ് പിൻവാങ്ങി യപ്പോൾ, സെല്ലിലെ മൗനം സിമിത്തേരിയിലെ മൗനം പോലെയായി.  ആ ഏകാന്തതയിൽ ആത്മാക്കൾ വരുന്നതും കുശലം ചൊല്ലു ന്നതും  അന്തരീക്ഷമാകെ കുന്തുരുക്കപ്പുകയും മണവും നിറയുന്നതും അന്ത്രോച്ചൻ അറിഞ്ഞു.  അതിനിടയിലൂടെ ദൂരെ നിന്നും വരുന്ന ഒരു കാലൊച്ച അന്ത്രോച്ചൻ  കേട്ടു.  അതുവന്ന് സിമിത്തേരിയിൽ  കയറാൻ  തുടങ്ങിയപ്പോൾ, മുഖത്ത് ഏതോ പോലീസു കാരൻ  തളിച്ച കൈക്കുടന്ന വെള്ളത്തിൽ  കാഴ്ച മുങ്ങി അന്ത്രോച്ചൻ കണ്ണുകൾ തുറന്നു . "ഓ! ഭാഗ്യം ചത്തില്ല." അതുപറഞ്ഞ പോലീസൂ കാരനോട് അന്ത്രോച്ചർ ചോദിച്ചു "സാർ , ഞാനൊരു കാര്യം  പറഞ്ഞാ.....". ഒന്നു നിർത്തി, പിന്നെയാ  പോലീസിന്റെ  തലയാട്ടലിൽ   അന്ത്രോച്ചൻ തുടർന്നു,"സാറേ, അന്നത്തെ ചെല ശബ്ദങ്ങള് എന്റോർമ്മേല് വരണൊണ്ട്. ഒരു പക്ഷേ  അതീന്നും....എനിക്ക്ച്ചിരി നീലച്ചട യൻ തരാമോ. ആ  ഓർമ്മേലേക്ക്  പോകാനാ"

          അന്ത്രോച്ചനപ്പോൾ സ്ഥിരം കിടക്കുന്നി ടത്ത്, പടുതയുടെ  അടിയിൽ.  കിടക്കുകയായി രുന്നു.  മയക്കം കൺപോളകൾ  കൊട്ടി അട യ്ക്കാൻ ധൃതിപ്പെടുമ്പോഴും, അന്ത്രോച്ചൻ   അലക്സ്  കൊടുത്ത അവസാനത്തെ കഞ്ചാവ് ബിഡി വലിച്ചുകൊണ്ടിരുന്നു. പതിയെ ബീഡി ചുണ്ടത്തിരുന്നെരിഞ്ഞെങ്കിലും പുക യെടുക്കാതെ അന്ത്രോച്ചൻ  ഉറക്കത്തിന്റെ  ശൂന്യതയിലേക്ക് ചാഞ്ഞുവീണു. ഒരു കാലൊച്ച അകലേന്നുവന്ന് ഗേറ്റ് തുറന്ന് അകത്ത് കയറു മ്പോൾ, കാലുകൾ വയ്ക്കുന്നതിന്റെ ശബ്ദ വ്യത്യാസം, ചട്ടുകാലൻ നടക്കുന്നത് പോലത്തെ ശബ്ദം.  അന്ത്രോച്ചൻ  മയക്കത്തിനിടയിലും വ്യക്തമായി കേട്ടു.  അത്  ഫിലോയുടെ കല്ലറ യുടെ മുന്നിൽ  വന്ന് നിലച്ചു.  പിന്നെ സർവ്വം മൂകം. നിശബ്ദം .കാലൊച്ചകൾ തുടർന്ന് കേൾക്കാത്തതു കൊണ്ട്    "ആ എനിക്ക്  തോന്നീതാ. അല്ലേ  മരിച്ചോരാരേലും ഉറക്കം കിട്ടാതെ.... "എന്ന്  വിചാരിച്ച്   "ആ..." എന്നു പറഞ്ഞ്  അന്ത്രോച്ചൻ ഉടുത്തതഴിച്ചുമേത്തിട്ട് , തിരിഞ്ഞു കിടന്ന്, ഉറക്കത്തെ   വാരിപ്പുതച്ചു.   വീണ്ടും കാലൊച്ച കൾ  രാത്രിയുടെ മൗന ത്തിനുമേൽ    മുഴങ്ങി അന്ത്രോച്ചനടുത്തെ ത്തിയെങ്കിലും, അന്ത്രോച്ചൻ കണ്ണ് തുറക്കും മുമ്പേ മൂക്ക് എന്തോ  മണക്കുകയാൽ പിന്നൊന്നുമറിയാനാകാത്ത ബോധക്കേടി ലേക്ക് ഒടിഞ്ഞുവീണു.  എങ്കിലും മഴ പെയ്ത് ചെളിഞ്ഞുകിടന്ന മണ്ണിൽ ചവിട്ടി "ഛേ !കാലിൽ ചെളി" എന്ന് അയാൾ പറഞ്ഞത്, അന്ത്രോച്ചൻ അത്ര വ്യക്തമല്ലാതെ കേട്ടിരുന്നു.

          പോലീസുകാർ കൊടുത്ത കഞ്ചാവിന്റെ പുക തീർന്നതിനൊപ്പം കാക്കാലത്തിയുടെ തത്തപോലെ ഓർമ്മകൾ കൂട്ടിൽ കയറു കയാൽ, അന്ത്രോച്ചൻ ഓർമ്മകളുടെ കൂടടച്ച് പോലീസുകാരോട് പറഞ്ഞു "പിന്നെ ഞാനൊന്നുമറിഞ്ഞില്ല സാറേ". കഞ്ചാവ് ബീഡി കുറ്റിയായി,  അന്ത്രോച്ചൻ നിലത്തേക്കിടുന്നത്  കണ്ട്  അടുത്തു നിന്നിരുന്ന പോലീസുകാരനോട് "കൊടുക്ക് .  ചടയൻ രണ്ടെണ്ണം കൂടി" എന്ന് ഡിവൈഎസ്പി പറഞ്ഞു.    പിന്നെ  "ആ ശബ്ദം  ആരൂടേതെന്ന് ഓർത്തെടുക്കാൻ പറ്റുമോ? " എന്ന് അദ്ദഹം  ചോദിച്ചു. അന്ത്രോ ച്ചൻ    ബിഡി  ആഞ്ഞിഞ്ഞു വലിച്ച് ശബ്ദം ഓർത്തെടുക്കാൻ ശ്രമിച്ചിട്ട് നിസ്സഹായനായി  പറഞ്ഞു"കഴ്യണില്ല സാറേ .  ആ കാലുകടെ പാട് ഞാൻ കെടക്കണേ ടത്തൊണ്ടാകും". അപ്പോൾ നേരിട്ടൊരന്വേഷണത്തിന്  ഡിവൈഎസ്പി അടുത്തുനിന്നിരുന്ന
എസ് ഐ അനീഷിനെയും   സംഘത്തെയും സിമിത്തേരിയിലേക്കയച്ചു


ചാനലുകളിലെ ഫ്ളാഷ് ന്യൂസിൽ "ഡെഡ് ബോഡി മിസ്സിങ്ങ് പുതിയ വഴിത്തിരിവിലേക്ക്" എന്ന ടാഗ്  മിന്നിമറഞ്ഞുകൊണ്ടിരുന്നു. ചാനൽ  വാർത്താ വായനക്കാർ  ശബ്ദവ്യതി യാനങ്ങളൊടെ വാർത്താവായന തുടർന്നു കൊണ്ടിരുന്നു. അർദ്ധരാത്രിയിൽ  ചട്ടുള്ള ഒരാൾ സിമിത്തേരിയിൽ വന്നതായും, ചട്ടുള്ള വരുടെ ഒരു പരേഡ് നടത്തിയാൽ  അവർ നടക്കുന്ന ഒച്ചയിൽ നിന്നും , ആളെ തിരിച്ചറിയാ മെന്നും അറസ്റ്റ് ചെയ്യപ്പെട്ട കുഴിവെട്ടുകാരൻ അന്ത്രോച്ചൻ പറഞ്ഞതായി, പോലീസ് സ്ഥിരീകരിച്ചു.  പരേഡിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി നാളെ പരേഡ് നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ  അറിയിച്ചു.

പിറ്റേന്ന് പ്രഭാതത്തിൽ  അന്ത്രോച്ചൻ സിമിത്തേരിയിൽ ,പതിവുസ്ഥലത്ത് ,പടുതയുടെ കീഴിൽ, മറച്ചുകെട്ടിയിടത്ത്,  കിടക്കുകയാ യിരുന്നു.  പള്ളിയൂം പരിസരവും   സിമിത്തേ രിയും  പരിപൂർണ്ണ നിശബ്ദമായിരിക്കാൻ
മീഡിയക്കാരെയും കാഴ്ചക്കാരെയും പള്ളി യുടെ മുന്നിൽ,  റോഡിൽ തടഞ്ഞു .  അടയാളം കൊടുക്കാൻ ഗേറ്റിൽ രണ്ട് പോലീസുകാരും അന്ത്രോച്ചനെ നിരീക്ഷി ക്കാൻ   സിമിത്തേരി യിൽ അന്ത്രോച്ചനടുത്ത്, എസ്  ഐ അനീഷും നിന്നിരുന്നു.  തിരിച്ചറിയൽ പരേഡിനായി  എത്തിയിരുന്ന ചട്ടുകാലുള്ളവരെ പള്ളിയുടെ മുന്നിൽ, സിമിത്തേരിയിലേക്കുള്ള വഴിയിൽ  നിരനിരയായി നിർത്തി.  സജ്ജീകരണങ്ങൾ പൂർത്തിയായപ്പോൾ എസ്  പി പറഞ്ഞു "ഓരോരുത്തരെ ആയി അയയ്ക്കുക". ഓരോരുത്തരും വന്ന് സിമിത്തേരിയിൽ കയറി,  പോയപ്പോൾ എസ് ഐ അനീഷ് ചോദിച്ചു കൊണ്ടിരുന്നു
."അന്ത്രോച്ചാ,  ഇയാളാണോ ?"
"അല്ല"
അന്ത്രോച്ചൻ എല്ലാത്തിനും അല്ല എന്ന് പറഞ്ഞ് പരേഡ് പൂർത്തിയായപ്പോൾ. അനീഷ് കലിച്ച് "പുലയാടി മോനേ നീ ഞങ്ങളെ രണ്ടാം  വട്ടവും പറ്റിക്കുവായിരുന്നോ?" എന്നു ചോദിച്ച പ്പോൾ അന്ത്രോച്ചൻ സിമിത്തേരിയുടെ മതി ലിൽ തൊട്ട് "അല്ല സാറേ,  ഈ ചിമിത്തേ ര്യാണേ   സത്യം. ഞാൻ കേട്ട ഒച്ച ഈ കൂട്ടത്തി ലില്ല" എന്നുപറഞ്ഞു

അന്ത്രോച്ചനെ  പുറത്തേക്കിറക്കുംമുമ്പ് കൂടെയുണ്ടാരിരുന്ന  ഇടിയൻ മോഹനൻ  അവനെ  ഒന്നെ ചവിട്ടിയുള്ളു . നട്ടെല്ലിൽ നിന്നും എത്ര കശേരുക്കൾ ഇളകി, കൂട് വിട്ടെന്ന്  നട്ടെ ല്ലിന് പോലും അറിയില്ലായിരുന്നു. വലിച്ചിഴച്ച് എസ് പി യുടെ മുന്നിലെത്തിക്കുമ്പോൾ എസ് പി ആണെന്ന ചിന്ത  പോലുമില്ലാതെ ഇടിയൻ പറഞ്ഞു "ഈ മൈരൻ നമ്മളെ വിഡ്ഢികളാ ക്കുകയായിരുന്നു. പരേഡിന് വന്നവരിൽ ആരും ഇല്ലെന്ന്". ഇളകിയ നട്ടെല്ല്  ശ്രമപ്പെട്ട് കൂട്ടിക്കെട്ടി,   ആന്റപ്പൻ ഞരങ്ങിപ്പറഞ്ഞു. "അവരാരുമല്ല സാറേ. ഞാൻ പറഞ്ഞായ് രുന്നല്ലോ അത് വലത്തെക്കാലിന്  വലിപ്പ ക്കുറവൊള്ള, ചട്ടൊള്ള ആളാന്ന്. ആ ശബ്ദം ഇപ്പഴും എന്റെ ചെവീലൊണ്ട്. അത്ര തെളി യാത്ത ആ കാൽപ്പാട്   അനീഷ് സാറും കണ്ട തല്ലേ. അതിപ്പഴും അവിടൊണ്ട്. അപ്പോൾ  എസ് പി  ഒരു പോലീസുകാരനോട്പറഞ്ഞു , "അവിടെയുള്ളവരിൽ നിന്നും വലത് കാലിന് വലിപ്പക്കുറവുള്ള, ചട്ടുള്ളവരെ കൂട്ടിക്കൊണ്ടു വാ". അന്നേരം പ്രശ്നപരിഹാരത്തിനൊരു പാധിയായി ഡിവൈഎസ്പി, എസ് പി യോട് പലമരഹസ്യമായി ചോദിച്ചു,"സാർ ഇവന്റെ  താളത്തിന്  തുള്ളി,നമുക്കിത് നീട്ടിക്കൊണ്ടു പോണോ.  ഞങ്ങൾ ഇവന്റെ പേരിൽ എഫ്ഐആർ എഴുതി വച്ചിട്ടുണ്ട്. അവനെ ക്കൊണ്ട് ഒപ്പിടീച്ചാൽ നമ്മുടെ തലവേദന തീരും. കേസും ക്ളോസ് ചെയ്യാം.   "അപ്പോഴും ഡെഡ് ബോഡി കിട്ടണ്ടേ" എന്ന എസ് പിയുടെ സംശയത്തിന് ഡിവൈഎസ്പി ആലോചിച്ചു റപ്പിച്ചിരുന്ന ഒരുത്തരം പറഞ്ഞു "അത് കത്തിച്ചുകളഞ്ഞെന്നാക്കാം."

വലതുകാലിന് വലിപ്പക്കുറവുള്ള, ചട്ടുള്ള ആൾക്കാരെത്തേടിപ്പോയ പോലീസുകാരൻ വന്നിട്ട് "സാർ, അവരിൽ   ആരും ഇല്ല"എന്നു പറഞ്ഞു.  അപ്പോൾ ഒരാലോചനയുടെ ഓലത്തുമ്പ് ഓർമ്മയിൽ കുത്തിയ വെളിവിൽ എസ്  പി ചോദിച്ചു,"എടോ ആ  നിരാഹാരം കിടന്നവൻ.... അവന്റെ  പേരെന്നാ?"
"അലക്സ്"
"വലത് കാലിന് വലിപ്പക്കുറവുള്ള, ചട്ടുള്ളവ നല്ലേ അവൻ?"
"ഓ! അതൊരു പാവമാ സാറേ. ലോട്ടറിക്കച്ച വടം. അവനെക്കൊണ്ട്  ഇതൊന്നും ചെയ്യാൻ  പറ്റില്ല. നമുക്ക് ക്ളോസ് ചെയ്യാം സാറേ" എന്ന് ഡിവൈഎസ്പി പറഞ്ഞപ്പോൾ "എന്നാൽ ഇവനെ വണ്ടിയിൽ കേറ്റിക്കോ. പോകാം. ഒരു പ്രസ് മീറ്റും വിളിക്കാം...".  എന്ന്  എസ് പി പറഞ്ഞ്, എല്ലാവരും വണ്ടിയിൽ കയറാൻ തുടങ്ങിയപ്പോഴാണ്, അവരത് കേട്ടത്. "നിൽക്ക് ". അത് വളരെ മൃദുവായിരുന്നെ ങ്കിലും ദൃഢവും നിശ്ചയദാർഢ്യമുള്ളതു മായിരുന്നു.  അതുവരെ ഒരഭിപ്രായവും പറയാ തിരുന്ന വികാരിയച്ചൻ,തടത്തിലച്ചന്റെ ശബ്ദമായിരുന്നു  അത് "പ്രതിയെ നിങ്ങൾ കണ്ടെത്തിയല്ലോ, അല്ലേ? അന്ത്രോച്ചൻ ! . "
"അതെ"
"അന്ത്രോച്ചാ...."വികാരിയച്ചൻ ഒന്നേ വിളിച്ചുള്ളു.  അതൊരു ചോദ്യം ചെയ്യൽ  പോലെയായിരുന്നു.  ഉത്തരമായി അന്ത്രോച്ചൻ പറഞ്ഞു  "വല്യച്ചാ,  ഞാൻ കേട്ട സൗണ്ടൊ ള്ളാള് വന്നിട്ടില്ല." പിന്നെ അന്ത്രോച്ചൻ ഒരു ബീഡിക്ക് തീ കൊളുത്തി ധൃതിയിൽ വലിച്ചിട്ട്. അതിലും ധൃതിയിൽ   പുക പുറത്തേക്ക് വിട്ടു. അസ്വസ്ഥനായി അച്ചൻ കൈ ആട്ടി  പുക  പറത്തിക്കളയുമ്പോൾ, അന്ത്രോച്ചൻ
ഒരു പുക കൂടി എടുത്ത് വായിൽ നിർത്തി.  പുക ഓർമ്മകളുടെ ഏതൊക്കെയോ വളവു തിരിവു കളിലൂടെയും  ഊടുവഴികളിലൂടെയും ഞെങ്ങി ഞെരുങ്ങിക്കേറി ഇറങ്ങിക്കൊണ്ടിരുന്നു. അപ്പോൾ, ബോധത്തിൽ   ഒരു മിന്നലടിയ്ക്ക യാൽ ധൃതിയിൽ ,  പുക പുറത്തേക്ക് വിടുന്നതി നൊപ്പം അന്ത്രോച്ചൻ ഉറപ്പിച്ചു പറഞ്ഞു "ഞാനാ സൗണ്ട് നേരത്തേം കേട്ടിട്ടൊണ്ട്".  അപ്പോൾ"ആരുടെ സൗണ്ട്? എന്ന് എസ്  പി ചോദിച്ചത് ഉദ്വേഗവും ആശങ്കയും   നിറഞ്ഞതായിരുന്നു."ലോട്ടറിക്കച്ചോടക്കാരൻ അലക്സിന്റെ  നടപ്പിന് അങ്ങനൊരു സൗണ്ടാ" എന്ന്  അന്ത്രോച്ചൻ പറഞ്ഞപ്പോൾ തടത്തി ലച്ചൻ  അതൊന്നുകൂടി വിശദമാക്കി " അല ക്സിന് മുടന്ത് വലത്തെ കാലിനാണ്. അന്ത്രോ ച്ചൻ  പറയുന്നു അവൻ കേട്ട കാലൊച്ചയ്ക്ക് അലക്സിന്റേതുമായി  സാമ്യമുണ്ടെന്ന്.  എനിക്കും ചില സംശയങ്ങളുണ്ട്" . " അച്ചൻ  പറ" എന്നു പറഞ്ഞത് എസ്  പിയും  പോലീസുകാരും സാകൂതം നിന്നപ്പോൾ തടത്തിലച്ചൻ   പറഞ്ഞു:
പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച, ഇത്രയും ദിവസം എല്ലാത്തിനും മുൻപിൽ നിന്നിരുന്ന, നിരാഹാരം കിടന്ന  അലക്സ് എവിടെ? അവനെന്ത്യേ  ഇന്ന്, ഇവിടെ വരാ തിരുന്നത്?. അന്ത്രോച്ചനത് ചെയ്യില്ല. യഥാർത്ഥത്തിലുള്ള പ്രതിയെ കണ്ടുപിടിക്കാ നുള്ള സൂചന അവൻ തന്നില്ലേ?
അപ്പോൾ  എസ്  പി പറഞ്ഞു :
അവൻ ഓരോന്നും പറഞ്ഞ് തടി തപ്പുവാണ്.  ഈ കേസ് ഞങ്ങൾ ക്ലോസ് ചെയ്യുകയാണ് കൊച്ചച്ചനെ രക്ഷപ്പെടുത്തിയാൽ പോരെ.. അത്  ഞങ്ങള് ചെയ്തോളാം. സാഹചര്യ ത്തെളിവുകൾ വച്ച് പ്രതി കുഴിവെട്ടുകാരൻ അന്ത്രോച്ചൻ.  ശവരതിക്ക് ശേഷം അവൻ ഡെഡ് ബോഡി കത്തിച്ചുകളഞ്ഞു.
അപ്പോൾ സഗൗരവം വികാരിയച്ചൻ പറഞ്ഞു:
നിങ്ങൾ കൊച്ചച്ചനെ രക്ഷിക്കണ്ട. വിശുദ്ധ മായി ജീവിക്കുന്ന  അദ്ദേഹം നിരപരാധി യാണെന്നും അന്ത്രോച്ചൻ അത് ചെയ്യില്ലെന്നും എനിക്കറിയാം.
അതിഷ്ടപ്പെടാതെ ഇത്തിരി ശുണ്ടിയിലും കനപ്പെട്ടും ഔദ്യോഗികമായി എസ്  പി പറഞ്ഞു: അച്ചോ,ഞങ്ങൻ ഹൈ പ്രഷറിലാണ്. ഇലക്ഷൻ അടുത്തുവരുന്നതു കൊണ്ട് ഞങ്ങൾക്കിത് ക്ലോസ് ചെയ്യണം...."
വികാരിയച്ചന്റെ അപ്പോഴുള്ള പ്രതികരണം സുദൃഢവും സുചിന്തിതവുമായിരുന്നു. അദ്ദേഹം പറഞ്ഞു:
പ്രതിയെ കണ്ടെത്തി അന്വേഷണം ക്ലോസ് ചെയ്തെന്നും പറഞ്ഞ് നിങ്ങൾ മീഡിയായുടെ മുന്നിലേക്ക് പോയാൽ , അതിന് മുൻപ് ഞാൻ  ഇതുവരെ  റെക്കോഡ് ചെയ്തുകൊണ്ടിരു ന്നത് മുഴുവൻ വൈറലാക്കും". വികാരിയച്ചന്റെ കയ്യിലിരിക്കുന്ന മൊബൈലിലേക്ക് നോക്കി ഇതികർത്തവ്യതാമൂഢനും നിസ്സഹായനു മായിഎസ് പി ചോദിച്ചു : ഞങ്ങൾ എന്ത് ചെയ്യണമെന്നാ അച്ചൻ പറയുന്നത്?
അപ്പോൾ വികാരിയച്ചൻ പറഞ്ഞു: "യഥാർത്ഥ പ്രതിയെ കണ്ടെത്തണം".
അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന പോലെ കലിച്ചുകേറി എസ് പി.  ഡിവൈഎസ്പി യൊടും ടീം അംഗങ്ങളൊടും തട്ടിക്കേറി: അലക്സിനോട് ഇവിടെ വരാൻ നിങ്ങൾ  പറഞ്ഞിരുന്നോ?
"ഉവ്വ്. പറഞ്ഞിരുന്നു"
"വന്നോ ?"
"വന്നില്ല. "
അപ്പോൾ വികാരിയച്ചൻ ചോദിച്ചു: എന്തുകൊണ്ട്? അന്ത്രോച്ചനെ  സംശയി ക്കുന്നതുപോലെ നിങ്ങൾക്ക് അവനെയും സംശയിച്ചുകൂടെ.?
"അവൻ   എവിടെ ആയാലും അവനെ  അറസ്റ്റ് ചെയ്യുക. ഇവനെയും കൂട്ടിക്കോ" എന്ന്  എസ് പി പറഞ്ഞപ്പോൾ,  സല്യൂട്ട് ചെയ്ത് ഡിവൈഎസ്പിയും  സംഘവും ജീപ്പിൽക്കയറി അവനെത്തേടി ഇറങ്ങി

പലയിടത്തും തിരഞ്ഞ് അലക്സിനെ കിട്ടാതെ,  ഡിവൈഎസ്പിയും സംഘവും അവന്റെ  വീട്ടിലെത്തുമ്പോൾ, അമ്മയൊഴികെ വീട് ശൂന്യമായിരുന്നു. "ഛേ!" എന്നുപറഞ്ഞ്  അവർ  മടങ്ങുമ്പോൾ ആഞ്ഞുവലിച്ച നീല ച്ചടയൻ തുറന്ന ഓർമ്മയിൽ അന്ത്രോച്ചൻ പറഞ്ഞു "സാർ, അവനെത്തേടാൻ ഒരിടം കൂട്യൊണ്ട്. കാട്ടില് അവൻ പോയിരിക്കണ, ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടോള്ള  ഒരിടം. " അന്ത്രോച്ചന്റെ നേരെ മുഷ്ടി ചുരുട്ടി ഉയർ ത്തിയ വലത് കൈ ഇടതു കയ്യിലിടിച്ച് ഡി വൈ എസ്പി ചോദിച്ചു : എന്തിന്?
അന്ത്രോച്ചൻ:   അവനവ്ടെപ്പോയ ഒരു ദെവസം  എന്നേം കൂട്ടീരുന്നു. അവ്ടിര്ന്ന് ഞങ്ങളൊന്ന് കൂടീപ്പോ  അവനൊരു പെണ്ണിനെ ഇഷ്ടാണെന്നെന്നോട്  പറഞ്ഞു.  സ്വസ്ഥായി അവളെക്കുറിച്ചോർക്കാൻ ഇടയ്ക്കിടെ അവിടെ വരാരുണ്ടെന്നും,  അവളോടൊത്ത് ജീവിക്കണതും,   വസ്ത്രങ്ങളൊന്നുമില്ലാണ്ട വടെ കൂടെ  കെടക്കണതും സ്വപ്നം കണ്ട്,  മണിക്കൂറുകളും ചെലപ്പോ  ദിവസങ്ങളും അവിടെ തങ്ങുമെന്നും   പറഞ്ഞു
ഡിവൈഎസ്പി  :  ഏത് പെണ്ണ്?
അന്ത്രോച്ചൻ: മരിച്ചുപോയ ഫിലോ. പിന്നെ,സാറേ. അന്ന് ബാറി  വച്ച്....
  ഡിവൈഎസ്പി :  ബാറിൽ വച്ച്....
അന്ത്രോച്ചൻ: ഓർമ്മയങ്ങ് കിട്ട്ണില്ല. സാറേ. ഒരെണ്ണം  പിടിപ്പിച്ചാ...."
പോലീസുകാരിൽ ആരോ കൊടുത്ത കഞ്ചാവ്ബീഡി ആഞ്ഞാഞ്ഞു വലിച്ച് അവൻ പറഞ്ഞു: അന്ന് ബാറീന്നു വരുമ്പോ അലക്സ് പറഞ്ഞായ്രുന്നു, "ഇന്നവളെ ഒന്ന് കാണണം; ഒന്നൂല്ലാതെ .  എനിക്കിന്നവടെ കൂടെ  കെടക്കണെടാ"ന്ന്. അതിനവള് മരിച്ചു പോയില്ലേന്ന് ഞാൻ ചോദിച്ചപ്പോ അവൻ പറഞ്ഞു,  "എനിക്ക് മരിച്ച അവളും മരിക്കാത്ത അവളും ഒരു പോലാന്ന്". അതെന്താ സാറേ, അവനങ്ങ്നെ പറഞ്ഞേ?
ഡിവൈഎസ്പി : എനിക്ക് മനസ്സിലായി. അവൻ എവിടാണേലും  അവനെ പൊക്കണം വണ്ടി വേഗം വിട്.  അതുകേട്ട് ഡ്രൈവർ മഴ പെയ്ത്  പുഴയാകാൻ നോറ്റിരിക്കുന്ന കുണ്ടു കളും  കുഴികളുമുള്ള   വഴികളിലൂടെ വണ്ടി വേഗത്തിലാക്കി.

അപ്പോൾ കാടിന്റെ വിജനതയിൽ നഗ്നനായ അലക്സ് വസ്ത്രങ്ങളില്ലാത്ത അവളെ കയ്യിലെടുത്ത്   നൃത്തം ചെയ്യുക യായിരുന്നു.  അതിന്റെ ഉന്മാദത്തിൽ ചാഞ്ഞ് മെല്ലെ, അവൻ  അവളിലേക്ക് കിടന്നു.  പിന്നെ ,  പതിയെ തളർന്ന് നിലത്തുകിടന്ന അവൻ,
ദൂരെ നിന്നും ഒരു വണ്ടിയുടെ ശബ്ദം കേട്ട പ്പോൾ, അവളുടെ ശരീരത്തിൽ നിന്നും കൈകൾ എടുത്തു.  വാതിൽക്കലെ മുട്ടുകേട്ട് ഒട്ടും ധൃതിയില്ലാതെ ഡ്രസ് ചെയ്ത്, മേശ തുറന്ന്, എന്തോ എടുത്ത് പോക്കറ്റിൽ തിരുകി. അവൻ വാതിൽ തുറക്കാൻ വൈകുന്നതിൽ സംശയിച്ച പോലീസുകാർ വാതിൽ ചവിട്ടി ത്തുറന്ന്   അകത്ത് കയറിയപ്പോൾ, പോലീസു കാരോടവൻ മരണശാന്തതയിൽ ചോദിച്ചു , "എന്തിനാ വാതിൽ ചവിട്ടിപ്പൊളിച്ചത് . ഞാൻ തുറക്കുമായിരുന്നല്ലോ. നിങ്ങള് വരുമെന്നെനി ക്കറിയാമായിരുന്നു. അവൾ ജീവിച്ചിരുന്ന പ്പോൾ പൂർത്തിയാക്കാൻ പറ്റാത്തതൊക്കെ ഞാൻ പൂർത്തിയാക്കി, നിങ്ങൾക്കെന്നെ അറസ്റ്റ് ചെയ്യാം.  പിന്നെ, ഇതൊക്കെ ഞാനെ ങ്ങനെ ചെയ്തു എന്നുകൂടി പറഞ്ഞ്  ഒപ്പിട്ടു തന്നാൽ, എന്റെ ശരീരം കേടാകാതിരിക്കുമ ല്ലോ. ഞാൻ പറയാം. അവനത് പറഞ്ഞു നിർത്തി ഒരു ചെറുചിരിയോടെ പോലീസു കാരെ നോക്കി. അവരുടെ മുഖങ്ങൾ അപ്പോഴും കനപ്പെട്ടു കാണപ്പെട്ടുതുകൊണ്ട് അവൻ പതിയെ, ശബ്ദം കുറച്ച്  ഒരു കുമ്പ സാരം പോലെ തുടങ്ങി: അവൾ മരിച്ചെങ്കിലും അവളുടെ ശരീരത്തോടൊത്ത്  കുറെ നാളു കൾ  ജീവിക്കുക. പിന്നെ  ആ ഓർമ്മകളുമായി  അന്ത്യമോളം ജീവിക്കുക  അതായിരുന്നു എന്റെ പ്ളാൻ.  അതിന് ഞാൻ അവളെ കല്ലറയിൽ നിന്നെടുത്തു. എന്നെ ഇഷ്ടമില്ലെന്ന് ഞാനറിഞ്ഞ അവൾക്ക്, കൊച്ചച്ചൻ  മാത്യു  തെള്ളിയത്തിനോട് ഒടുക്കത്തെ പ്രേമമായി രുന്നു.  ആ കലിപ്പിൽ അവളുടെ ശരീരത്തിലെ കുറെ വസ്ത്രങ്ങൾ കൊച്ചച്ചന്റെ മുറിയിലിട്ടു. അവളുടെ മുന്നിൽ  വച്ച്,അവളുടെ പേരിൽ എന്നെത്തല്ലിയ,അവളെ ഞൊട്ടാൻ നടന്ന ഗ്രിഗറിയോട് പകരം ചോദിക്കുമെന്നു പറഞ്ഞ  വൈരാഗ്യം തീർക്കാനും,അന്വേഷണം വഴി  തെറ്റിക്കാനുമാണ് ചാണകക്കുഴി  പ്ളാൻ ചെയ്ത്.  പക്ഷേ, ആന്റപ്പന്റെ ചെവികൾ  എന്നെ ചതിച്ചു. എനിക്കവളെ  പൂർണ്ണമായും കാണണം. ഒരു ദിവസമെങ്കിൽ ഒരു ദിവസം അവളുടെ കൂടെ കഴിയണം. അതെന്റെ  ജീവിതാഭിലാഷമായിരുന്നു. ജീവനില്ലാതെ അത് നടന്നു. അവളില്ലാത്ത ലോകം എനിക്കും വേണ്ട.  ജീവിതത്തിൽ ഒന്നാകാൻ പറ്റിയില്ല. മരണത്തിലെങ്കിലും.... ഏറ്റവും നല്ല മരണം സയനൈഡ് ആണെന്നാ അവളൊരിക്കൽ  പറഞ്ഞത്.  വേഗന്നങ്ങ് ചെല്ലാമല്ലോ . അതു കൊണ്ട്....  എന്നുപറഞ്ഞ്  പോക്കറ്റിൽ  കരുതി യിരുന്ന സയനൈഡ്  വായിലേക്കിട്ട് , നില ത്തേക്ക് മറിഞ്ഞ്, അവൻ നിശ്ചലനായി.

 ശരീരത്തിലെമ്പാടും പോലീസ് മുറകളുടെ അടയാളങ്ങളുള്ള കൊച്ചച്ചന്റെയും അന്ത്രോ ച്ചന്റെയും ഗ്രിഗറിയുടെയും സാന്നിദ്ധ്യത്തിൽ  എസ് പി മാധ്യമ  പ്രവർത്തകരോട് പറഞ്ഞു , "നമ്മുടെ നാട്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത ഒരു സംഭവമാണ് നടന്നത്. സാഹചര്യത്തെളിവു കൾ വച്ച് കൊച്ചച്ചൻ ഫാ. മാത്യു  തെള്ളിയത്തി നെയും കുഴിവെട്ടുകാരൻ അന്ത്രോച്ചനെയും കൈക്കാരന്റെ മകൻ ഗ്രിഗറിയെയും   അറസ്റ്റ് ചെയ്യേണ്ടി വന്നു. അല്ലറ ചില്ലറ ചോദ്യം ചെയ്യലു കളും വേണ്ടി വന്നു. എല്ലാം ഞങ്ങളുടെ ജോലി യുടെ ഭാഗമല്ലേ.   അവർ നിരപരാധികളാണ്. പിന്നെ കൊച്ചച്ചനെ നോക്കി വികാരാധീനനായി  അദ്ദേഹം പറഞ്ഞു,"വിശുദ്ധമായ ഒരു ജീവിതം നയിക്കുന്ന കൊച്ചച്ചനെ,  അറസ്റ്റ് ചെയ്തതിൽ വലിയ സങ്കടമുണ്ട്". 

അത് കേട്ടപ്പോൾ നിർമ്മമനായി കൊച്ച ച്ചൻ പുറത്തേക്കിറങ്ങി നടന്നു.  അപ്പോൾ മേഘങ്ങളില്ലാത്ത ശുഭ്രാകാശത്ത് ഒരു വെള്ളി മേഘം വന്നു നിന്നു. അത്  കൊച്ചച്ച നോടൊപ്പം  മേലാകാശത്തുകൂടി നടന്ന്  ദൂരെ  വിജനത യിൽ  അദൃശ്യമായി.

 

Join WhatsApp News
Daisy John 2024-04-02 12:06:33
As usual, brilliant story telling! Keep it up Mathew.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക