Image

സൂപ്പർനോവ (കവിത: വേണുനമ്പ്യാർ)

Published on 22 March, 2024
   സൂപ്പർനോവ (കവിത: വേണുനമ്പ്യാർ)

വിചാരങ്ങളും വികാരങ്ങളും
ഖേദങ്ങളും പ്രതീക്ഷകളുമൊക്കെ
ഹൃദയത്തിന്റെ
തമോദ്വാരത്തിൽ കുഴിച്ചു മൂടിയ  ശേഷം
ഞാൻ സ്വകാര്യമായി ഒരു തുലാഭാരം നടത്തി. 

തട്ടൊന്നിൽ ഒരു മയൂരത്തുവലും
മറുതട്ടിൽ  ഞാനും!

തുലാസിന്റെ സൂചി  
ഇളകാതെ നേർക്കു നിൽക്കുന്ന കാഴ്ച
അവിശ്വസനീയമായ
ഒരു ചമത്ക്കാരം!!

ഒരിണക്കാലത്തിനു ശേഷം
ആൺമയിലിന്റെ വാലിൽ നിന്നും
സഹജമായി  പൊഴിയുന്ന
പീലി പോലെ 
എന്റെ മനോശരീരം പൊഴിഞ്ഞു പോയിരിക്കുന്നു.

നിന്റെ കണ്ണിൽ
ഞാനിപ്പോൾ ഒരന്യഗ്രഹജീവിയാകാം.

ഇരുട്ടിൽ പൂർവ്വാപരബന്ധമില്ലാത്ത
ഒരു നിമിഷം
പീലിയുടെ നീലക്കണ്ണ്
എന്റെ കവിളത്ത്
നിന്റെ മൃദുല സ്നേഹം പോലെ.

നനുത്ത തൂവൽസ്പർശം
നാഡികളിൽ വിദ്യുഛക്തി വിതറി
ഒരു പച്ചപ്പളുങ്കൻ നദി
എന്റെ സ്വപ്നത്തിലേക്ക് ഒഴുകി വന്നു.

നിളയാകാം
ഗംഗയാകാം
നൈലാകാം
വോൾഗയാകാം
റൈനാകാം
ഡാന്യൂബാകാം.

അല്ലെങ്കിൽ പേരിലൊതുങ്ങാത്ത
മറ്റൊരു പുഴയാകാം

സഹജമായ പാരതന്ത്ര്യത്തിൽ
എല്ലാ പുഴകളും 
നീലക്കടലിൽ അഭയം തേടണം.

കാമ്പിന്റെ എരിയൽ തീരാത്ത
നക്ഷത്രങ്ങളുടെ പുഴയിൽ
മയിൽപീലികൾ കൊണ്ട്
ഞാനൊരു ചങ്ങാടം കെട്ടി

ഇരുട്ടിന്റെ നദിയിലൂടെ
ജീവിതം ഒഴുകുകയാണ്
സൂപർനോവകളുടെ പ്രതിബിംബങ്ങൾ
എനിക്കൊപ്പം പൊട്ടിത്തെറിക്കാൻ പാകത്തിൽ പതഞ്ഞൊഴുകുന്നു

എന്റെ കൺപീലിത്തുമ്പുകളിൽ
ശൂന്യതയുടെനിറമണികുടങ്ങളായി
അനവധി സൌരയൂഥങ്ങൾ

ഊർജ്ജസ്വലമായ ഉഗ്രൻ
സ്‌ഫോടനത്തിലൂടെ രതിമൂർച്ഛയുടെ
നക്ഷത്രരേണുക്കൾ ചിതറുന്നു
താരാപഥങ്ങളിൽ.

നീ ഇപ്പോൾ ഒരു മാദകസ്വപ്നമാകുന്നു.

അതീവസാന്ദ്രമായ നക്ഷത്രക്കാമ്പിനു ചുറ്റും നിന്റെ മിഴികളൊരുക്കുകയാണ്
അദൃശ്യദീപ്തിരേഖകളുടെ
ദൃശ്യകാന്തിമാനം!

ഈ യാത്ര എന്തിന്?
തുടങ്ങിയത് എവിട്ന്ന്?
എന്നൊടുങ്ങും?
നിർത്തുക നിർത്തണം
എന്നതായിരിക്കുമൊ
ഇതിന്റെയൊക്കെ അർത്ഥം?
ഒടുങ്ങിയാലും നിരർത്ഥകമായി
വീണ്ടും തുടങ്ങില്ലേ?

സ്വപ്നാടകനായ ഞാൻ നിന്നിൽ നിന്നും
അകലുന്ന പോലെ........
ഒരു സൗരയൂഥം മറ്റൊരു സൗരയൂഥത്തിന്റെ അദൃശ്യമായ അതിർത്തി ഭേദിച്ച് വേഗത്തിൽ തെന്നി
അകലുകയാണൊ.....

ചുഴികളിലും മലരികളിലും
ഞാൻ അസംഖ്യം പീലിക്കണ്ണുകൾ
കാണുന്നു.

അവയെല്ലാം  അന്ധനായ
ഒരു മഹാന്റെതാണെന്നു ഞാൻ തെളിവുകളില്ലാതെ തന്നെ വിശ്വസിക്കട്ടെ!

ബോധത്തിനും അബോധത്തിനുമിടയിലെ
പ്രശാന്തവും വെള്ളിവെളിച്ചം
പാളുന്നതുമായ  പുഴ
ഒരിക്കലും എന്നെ ബന്ദിയാക്കില്ല.

പുഴ
എന്റെ ജീവനാഡി
എന്നെയും നിന്നെയും ബന്ധിപ്പിക്കുന്ന
പളുങ്കുപാലം

ജലത്തിന്റെ ധാരാളിത്തത്തിലും
അദമ്യമായ ദാഹത്തോടെ
ഒഴുകുന്നതിന്റെ രഹസ്യം ദുരൂഹമല്ല.

പുഴയെ മാത്രമല്ല  എന്നെയും 
കടൽ  മാടി വിളിക്കുകയാണ്,
സൂപ്പർനോവകളുടെ മുദ്രകൾ
പേറുന്ന ആഴക്കടൽപ്പാറയിൽ
ഇത്തിരി നേരം ഒളിച്ചു പാർക്കാൻ!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക