Image

നഗര ജാലകങ്ങൾ: കവിത, സന്ധ്യ

Published on 22 March, 2024
നഗര ജാലകങ്ങൾ: കവിത, സന്ധ്യ
 
        
പരശ്ശതം ശിഖരങ്ങളുള്ള
ഒരു വട വൃക്ഷത്തിൻ്റെ
ഛായയാണ്, രാത്രിയിൽ 
മഹാ നഗരത്തിന്!
 
അംബര ചുംബികളുടെ 
ചില്ലു ജാലകങ്ങളിലൂടെ
മെല്ലെ നുഴഞ്ഞിറങ്ങുന്ന
നീല വെളിച്ചങ്ങളിൽ,അവ 
ദേശാടന പക്ഷികളുടെ 
ഒഴിഞ്ഞ കൂടുകൾ പോലെ
കാണപ്പെട്ടു...
 
ഒരു പാട് സ്വപ്നങ്ങൾക്ക്
മീതേ അടയിരുന്ന
മോഹപ്പക്ഷികളുടെ 
കൂട്.....
 
ഓരോ കൂടും
ഓരോ 
മനസ്സുകളാണ്... 
 
എത്രയേറെ 
മനസ്സുകളുണ്ടോ,
അത്രയേറെ സ്‌നേഹങ്ങളും
ദ്വേഷങ്ങളും സന്ദേഹങ്ങളും
ചേക്കേറുന്ന 
ഒളിവിടങ്ങൾ!
 
ജാലക ഞൊറിയിലൂടെ 
പാതി മറഞ്ഞ ഒരു മുഖം
ചിലപ്പോൾ നിങ്ങളെ 
പാളി നോക്കിയേക്കാം.
പക്ഷേ ആ കണ്ണുകൾ
നിങ്ങളെ കാണണം,
എന്നില്ല.. കാരണം
നഗര വൃക്ഷത്തിൻ്റെ
ചില്ലയിൽ, ഇന്നലെ
ചേക്കേറിയ 
നവോഢയായ 
ഗ്രാമകന്യയാവാമത്...
 
അവളുടെ കണ്ണുകൾ
ഗ്രാമക്ഷേത്രത്തിൻ്റെ
അരയാൽത്തറയിൽ, 
ഉപേക്ഷിച്ചു പോന്ന 
പ്രണയത്തെ സ്വപ്നം 
കാണുകയാവാം....
കുളക്കടവിൽ 
കളഞ്ഞു പോയ
ഒറ്റക്കൊലുസ്സ് തിരയുന്ന
പെൺകുട്ടിയെ പോലെ...
 
രാത്രിയിൽ,
നഗര ജാലകങ്ങൾക്ക് ,
മൂഖപടമിട്ട് ,നിഗൂഢമായ 
സ്വപ്നങ്ങൾ കാണുന്ന 
പെൺകുട്ടിയുടെ 
മനസ്സാണ്.....
 
        
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക