Image

ഭ്രമം...(കഥ: നൈന മണ്ണഞ്ചേരി)

Published on 22 March, 2024
ഭ്രമം...(കഥ: നൈന മണ്ണഞ്ചേരി)

പതിവു പോലെ രാവിലെ ഭക്ഷണം കഴിച്ച് ഓടി കുളിമുറിയിൽ കയറി പത്തു മിനിറ്റിനുള്ളിൽ റെഡിയായി ബാഗിൽ വെക്കാനുള്ള കണ്ണടയും പേനയും ഉൾപ്പെടെ എടുത്തു വെച്ചിട്ട് നോക്കുമ്പോഴുണ്ട്  ചോറ് പാത്രം വെച്ചിട്ടില്ല,ഇപ്പോൾ നോക്കിയത് നന്നായി..ചിലപ്പോൾ പ്രിയതമ അങ്ങനെയാണ്,ചോറു പാത്രം അടുക്കളയിൽ റെഡിയാക്കി വെച്ചിട്ടുണ്ടാകും.ബാഗിലേക്ക് എടുത്തു വെക്കില്ല,ചിലപ്പോൾ ട്രെയിനിൽ അല്ലെങ്കിൽ ബസ്സിൽ കയറിയിട്ട് നോക്കുമ്പോഴായിരിക്കും ചോറ് എടുത്തില്ല എന്ന് മനസ്സിലാകുന്നത്..പിന്നെ,എന്തു ചെയ്യാനാണ് ഹോട്ടൽ തന്നെ ശരണം..ഏതായാലും ഇന്ന് പാത്രം പോലും കാണാനില്ല,പ്രിയതമയെയും കാണുന്നില്ല..ഇന്നും ഹോട്ടൽ അല്ലെങ്കിൽ കാന്റീനിൽ നിന്ന് കഴിക്കേണ്ടി വരും..

             
അതും പറഞ്ഞ് വഴക്കിട്ടിട്ട് ഒരു കാര്യവുമില്ല,കാരണം പിന്നെയും ഇങ്ങനെ ഇടയ്ക്ക് സംഭവിക്കും..ബസ്സിനാണെങ്കിൽ സ്റ്റോപ്പിൽ ചെല്ലുമ്പോൾ ഓർത്താൽ തിരിച്ചു വന്ന് എടുക്കാം..ട്രെയിന് പോയ്ക്കൊണ്ടിരുന്ന കാലത്ത് ഇടയ്ക്ക് ഓർത്താലും തിരികെ വരാൻ കഴിയില്ല,വന്നാൽ പിന്നെ ട്രെയിൻ കിട്ടില്ല.ചിലപ്പോൾ നമ്മൾ കൃത്യസമയത്ത് ചെന്ന് റെയിൽവേ സ്റ്റേഷനിൽ കുറെ നേരം ഇരിക്കേണ്ടി വരാം.എങ്കിലും കൃത്യസമയത്ത് സ്റ്റേഷനിൽ എത്തണമെന്ന് അയാൾക്ക് നിർബന്ധമായിരുന്നു..

           
 അല്ലെങ്കിലും ട്രെയിന്റെ സ്വഭാവം തന്നെ ഇങ്ങനെ ആളുകളെ കളിയാക്കലാണല്ലോ?നമ്മൾ നേരത്തെചെന്നാൽ അന്ന് വൈകിയേ വരൂ,നമ്മൾ ഒരു മിനിട്ട് താമസിച്ചാൽ അന്ന് നേരത്തെ പോകുകയും ചെയ്യും!. കോവിഡിനു ശേഷം പിന്നെ ബസ്സിൽ തന്നെയായിരുന്നു യാത്ര,കുറെ നാളത്തേയ്ക്ക് ട്രെയിൻ സർവ്വീസ് ഇല്ലായിരുന്നു.എക്സ്പ്രസ് ട്രെയിനുകളൊക്കെ തുടങ്ങി പിന്നെയും എത്രയോ നാൾ കഴിഞ്ഞാണ് പാസ്സഞ്ചർ തുടങ്ങിയത്..


  എങ്കിലും പിന്നെ അയാൾ റെയിൽവേ സ്റ്റേഷനിലേക്ക് പോയില്ല..ബസ്സിനാണെങ്കിൽ കുറച്ചു വൈകി ഇറങ്ങിയാൽ മതി,പിന്നെ ട്രെയിന്റെ കാര്യത്തിലുള്ള ടെൻഷനും..വല്ലാതെ മടുത്തു..’’റിട്ടയർ ചെയ്യാൻ കുറച്ചു നാളല്ലേയുള്ളൂ..ഇനി ബസ്സിന് പോയാൽ മതി,ബസ്സു കൂലി വേണമെങ്കിൽ ഞാൻ തരാം..’’ പ്രിയതമ പറഞ്ഞു.

            
 ഇറങ്ങാൻ നേരം നോക്കിയിട്ട് ഭാര്യയെ കാണുന്നില്ല,മുകളിൽ തുണി വിരിക്കുകയായിരിക്കും..പതിയെ കതക് ചേർത്ത് അടച്ചിട്ട് അയാൾ പുറത്തേക്കിറങ്ങി,ബസ്സിൽ എന്നത്തേയും പോലെ അന്നും നല്ല  തിരക്കാണ്..ഈ ആൾക്കാർ കോവിഡ് സമയത്ത് വീട്ടിൽ എങ്ങനെ അടങ്ങിയൊതുങ്ങി ഇരുന്നുവെന്ന് അയാൾ അത്ഭുതപ്പെട്ടു.എല്ലാ ബസ്സിലും ഇരിക്കാൻ സീറ്റു പോലും കിട്ടാറില്ല,എന്നിട്ടും നഷ്ടത്തിലാകാൻ കാരണമെന്തെന്ന് അയാൾക്ക് പിടി കിട്ടിയില്ല..

ദൂരെ നിന്ന് ഒരു ബസ്സ് വരുന്നത് കണ്ട് അയാൾ കയറാൻ തയ്യാറായി നിൽക്കുമ്പോഴാണ് ആരോ ഫോണിൽ  വിളിച്ചത്,അല്ലെങ്കിലും ഒന്നുകിൽ ബസ്സിലോ ട്രെയിനിലോ കയറാൻ നേരം,അല്ലെങ്കിൽ ഇറങ്ങാൻ നേരം..അപ്പോഴാവും  ആരെങ്കിലും വിളിക്കുന്നത്.ഫോൺ എടുത്തുനോക്കി..ഭാര്യയാണ്..’’നിങ്ങൾ ബസ്സിൽ കയറിയോ?’’

‘’ഇല്ല,ബസ് വരുന്നുണ്ട്,പെട്ടെന്ന് പറഞ്ഞോ’’

      
  ‘’പെട്ടെന്ന് പറയാനൊന്നുമില്ല,പെട്ടെന്ന് തന്നെ ഇങ്ങോട്ട് തിരിച്ചു വന്നോ’’

 
 ‘’എന്തു പറ്റി? ’’ അയാൾക്ക് ടെൻഷനായി..

 
 ‘’മനുഷ്യാ,ഇന്നലെയല്ലേ ഓഫീസിലുള്ളവർ നിങ്ങളെ വീട്ടിൽ കൊണ്ടു വിട്ടത്.പിന്നെ ഇപ്പോൾ എങ്ങോട്ടാ ബാഗൊക്കെ എടുത്തോണ്ട് പോയത്?’’


 ഒരു നിമിഷം,അയാൾ അന്തിച്ചു നിന്നു, സ്റ്റോപ്പിൽ ബസ്സ് വന്നു നിൽക്കുകയും,സ്ഥിരം കണ്ടക്ടർ അയാളോട് കയറുന്നില്ലേ എന്ന് തിരക്കുകയും ചെയ്തു..പുറകെ വരാം എന്ന് അയാൾ ആംഗ്യം കാട്ടി.  ഭാര്യ പറഞ്ഞത് ശരിയാണല്ലോ, എന്ന് അപ്പോഴാണോർത്തത്..കഴിഞ്ഞ ദിവസം റിട്ടയർമെന്റ്  പാർട്ടിയും കഴിഞ്ഞ് ഓഫീസിലെ സഹപ്രവർത്തകർ ചേർന്ന് വീട്ടിൽ കൊണ്ടാക്കിയ കാര്യം  അപ്പോഴാണ് വീണ്ടും അയാളുടെ ഓർമ്മയിലേക്ക് വന്നത്..എങ്കിലും പത്ത് മുപ്പത് വർഷം ജീവിതത്തോട് ചേർന്നു പോയ ഈ യാത്രയും ഓഫീസു ജീവിതവും മറക്കാൻ അയാൾക്ക് കഴിയില്ല..അങ്ങനെയാണ് രാവിലെ ബാഗുമെടുത്ത് ഇറങ്ങിയത്..      

തിരികെ ഓട്ടോ പിടിച്ചാണ്  പോയത്,അല്ലെങ്കിൽ വഴിയിൽ കാണുന്നവർ ഓരോ ചോദ്യങ്ങളാണ്’’സാറെ ഇന്നു പോയില്ലേ?’’ , ‘’പോയിട്ട് എന്താണ് തിരിച്ചു വന്നത്?’’ ഈശ്വരാ,ഇനി അടുത്ത ദിവസം മുതൽ എന്താണ് അവരോടൊക്കെ  പറയുക എന്നോർത്ത് അയാളുടെ മനസ്സ് വേവലാതിപ്പെട്ടു.ഇനി കുറച്ചു ദിവസം പുറത്തേക്കിറങ്ങണ്ട എന്ന് വെക്കാം..

ഓട്ടോയിൽ നിന്നിറങ്ങി,ഒരു കുറ്റവാളിയെപ്പോലെ അകത്തേക്ക് വരുന്ന ഭർത്താവിനെ കണ്ടപ്പോൾ ഭാര്യയ്ക്ക് സത്യത്തിൽ സങ്കടമാണ് വന്നത്,ജോലിയെ അത്രമാത്രം സ്നേഹിച്ചതു കൊണ്ടാകാം ഇങ്ങനെയൊക്ക സംഭവിച്ചത്,. അയാൾ അകത്തേക്ക് കയറിയ ഉടനെ ഭാര്യ അയാളുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി  അലമാരയിൽ വെച്ച് പൂട്ടി..ഇനി നാളെ രാവിലെ വീണ്ടും ബാഗുമായി അയാൾ ഓഫീസിലേക്ക് ഇറങ്ങിയാലോ എന്ന പേടിയായിരുന്നു അവർക്ക്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക