Image

സ്വർണക്കടത്തും ലൈഫ് മിഷനും മാസപ്പടിയും: കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന ഏജൻസികള്‍ കേരളത്തില്‍ എന്തുകൊണ്ട് നിശബ്ദം?: വി.ഡി സതീശൻ

Published on 22 March, 2024
സ്വർണക്കടത്തും ലൈഫ് മിഷനും മാസപ്പടിയും: കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന ഏജൻസികള്‍ കേരളത്തില്‍ എന്തുകൊണ്ട് നിശബ്ദം?: വി.ഡി സതീശൻ

തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന കേന്ദ്ര ഏജൻസികള്‍ കേരളത്തില്‍ എത്തുമ്ബോള്‍ എന്തുകൊണ്ടാണ് നിശബ്ദമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

സ്വർണക്കള്ളക്കടത്തും ലൈഫ് മിഷനും കരുവന്നൂരും മാസപ്പടിയുമൊക്കെ എവിടെ പോയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചോദിച്ചു.

കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും കേന്ദ്രത്തിലെ സംഘപരിവാർ നേതൃത്വവുമായുള്ള അവിഹിത ബാന്ധവമാണ് ഈ മൃദുസമീപനത്തിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവർത്തിക്കുന്ന ബി.ജെ.പി കേരളത്തില്‍ പിണറായി വിജയനെ പിന്തുണയ്ക്കുകയാണെന്നും പറഞ്ഞു.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും ബി.ജെ.പി കേന്ദ്ര മന്ത്രിയും തമ്മിലുള്ള ബിസിനസ് പാർട്ണർഷിപ്പ് ചോദ്യം ചെയ്യാത്തതിന് കാരണവും ഇതുതന്നെയാണ്. ബി.ജെ.പിയെ ഭയന്നും പേടിച്ചുമാണ് കേരളത്തിലെ ഭരണകൂടം നിലകൊള്ളുന്നത് -വി.ഡി സതീശൻ പോസ്റ്റില്‍ ആരോപിച്ചു.

ലൈഫ് മിഷൻ കോഴയില്‍ പ്രിൻസിപ്പല്‍ സെക്രട്ടറി ജയിലില്‍ പോയിട്ടും മിഷൻ ചെയർമാനായ പിണറായി വിജയനെ ചോദ്യം ചെയ്യുകയോ മൊഴിയെടുക്കാൻ വിളിക്കുകയോ ചെയ്തില്ല. നിയമവിരുദ്ധമായി പണം കൈമാറിയെന്ന് രണ്ട് സ്റ്റാറ്റിയൂട്ടറി അതോറിട്ടികള്‍ കണ്ടെത്തിയിട്ടും മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുക്കാൻ പോലും എസ്.എഫ്.ഐ.ഒ തയാറാകാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിക്കെതിരെയും ഇന്ററിം സെറ്റില്‍മെന്റ് ബോർഡിന്റെ കണ്ടെത്തലുണ്ട് -വി.ഡി സതീശൻ പറഞ്ഞു.

കരുവന്നൂർ ഇ.ഡി കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളെ ചോദ്യം ചെയ്തെങ്കിലും പ്രധാനികളിലേക്ക് കൂടുതല്‍ അന്വേഷണം ഉണ്ടായില്ലെന്നും സി.പി.എം നേതാക്കളെ സമ്മർദ്ദത്തിലാക്കി തൃശൂരില്‍ അവരെ പ്രവർത്തനരഹിതമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്വർണക്കള്ളക്കടത്ത് കേസില്‍ ഇ.ഡിയെ മുഖ്യമന്ത്രി ക്ഷണിച്ച്‌ വരുത്തുകയായിരുന്നുവെന്നും എന്നാല്‍ കൊടകര കുഴല്‍പ്പണ കേസില്‍ ഇതുണ്ടായില്ലല്ലോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കുഴല്‍പ്പണ കേസ് ഇ.ഡിയോ ഇൻകം ടാക്സോ അന്വേഷിക്കുന്നില്ലെന്നും പറഞ്ഞു.

Join WhatsApp News
josecheripuram 2024-03-22 19:53:23
The C M of Delhi is arrested because his last Name is "Arrival" the political symbol of CPM.
Mr Mold 2024-03-22 23:17:41
Because they are from the same mold with fascist mentality.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക