Image

അയല്‍ക്കാരന്‍ (ചെറുകഥ: സാംസി കൊടുമണ്‍)

Published on 23 March, 2024
അയല്‍ക്കാരന്‍ (ചെറുകഥ: സാംസി കൊടുമണ്‍)

യാഖുബും അബുവും സ്‌നേഹിതരും അയല്‍ക്കാരും ആയിരിക്കുമ്പോള്‍ തന്നെ അവരുടെ ദൈവങ്ങള്‍ രണ്ടായിരുന്നു എന്നുള്ളത് അവരുടെ ഇടയില്‍ നാളിതുവരെ ഒരു പ്രശ്‌നമായി അവര്‍ക്കു തോന്നിയിട്ടില്ല. അവരുടെ പരസ്പര സ്‌നേഹവും ബഹുമാനവും അവര്‍ക്കു ചുറ്റുമുള്ള മറ്റു താമസ്സക്കാര്‍ക്കിടയില്‍ പലപ്പോഴും സംസാര വിഷയം ആകാറുണ്ട്. രണ്ടു ദൈവങ്ങളുടെആരാധകരായ അവര്‍ക്കിടയിലെ ഈ മൈത്രി എങ്ങനെ സാധ്യമാകും എന്നുള്ളതായിരുന്നു മറ്റുള്ളവരെ അലട്ടിക്കൊണ്ടിരുന്നത്. അല്ലെങ്കില്‍ അവര്‍ ആരുടെ ചേരിയില്‍ എന്നുള്ള ചോദ്യത്താല്‍ എല്ലാവരും പരസ്പരം നോക്കുന്നതു കാണുമ്പോള്‍ അവര്‍ രണ്ടാളും തമ്മില്‍ തമ്മില്‍ നോക്കി ചിരിച്ച് തങ്ങളുടെ ദൈവങ്ങളെ അവരവരുടെ അതിരിനുള്ളില്‍ കുടിയിരുത്തും. ദൈവങ്ങള്‍ക്ക് അതിരുവിട്ട് പുറത്തുപോകാന്‍ അനുവാദം ഇല്ലായിരുന്നു. അതിനു കാരണം കയറൂരിവിട്ട ദൈവങ്ങളാണ് ഭൂമിയിലെ എല്ലാ സമാധാനക്കേടുകള്‍ക്കും കാരണമെന്ന് അവര്‍ രണ്ടുപേരും അനുഭവങ്ങളില്‍ നിന്നും പഠിച്ചവരായതിനാലാണ്. യാഖൂബ് യഹോവയായ യഹൂദഗോത്ര ദൈവത്തിന്റെ പിന്‍മുറക്കാരന്‍ ആണെങ്കിലും ഒരു സന്ദേഹിയായിരുന്നു. യഹോവ ജനിക്കുന്നതിനു മുമ്പ് ഈ ഭൂമിയുടെ ദൈവം ആരായിരുന്നു എന്ന ചോദ്യത്തിനൊപ്പം എങ്ങനെ പുത്രനായ ഇമ്മാനുവേല്‍ സര്‍വ്വശക്തനായ ദൈവമായി മാറി...?

യാഖൂബ് ഒരിക്കലും ദൈവങ്ങളുടെ നിലനില്പിനെക്കുറിച്ചോ അവരുടെ അധികാര പരിധിയെക്കുറിച്ചോ വിമ്മിഷ്ടപ്പെടാറില്ല എന്നുവരികിലും തന്റെ പൂര്‍വ്വികര്‍,ജര്‍മ്മന്‍ ഉയര്‍ത്തിവിട്ട വംശിയകലാപത്തിന്റെ ഇരകള്‍ ആണല്ലൊ എന്ന ചിന്തയാല്‍ ഹൃദയത്തില്‍ ഒരു വിങ്ങല്‍ അനുഭവിക്കാറുണ്ട്. അതെ വിങ്ങലിനാല്‍ ഇപ്പോള്‍ യാഖുബിന്റെ ഹൃദയം വീണ്ടും തുടിക്കുന്നു. ഗാസയില്‍ വീഴുന്ന ഒരോ ബോബും കൊല്ലുന്ന നിരപരാധികളായ കുട്ടികളുടെ കരച്ചില്‍ അയാളെ അസ്വസ്ഥനാക്കുന്നു. അന്നു വംശഹത്യ എന്നു വിലപിച്ചവരുടെ പിന്‍ത്തലമുറക്കാര്‍ ചെയ്യുന്ന ഈ ക്രുരതയുടെ പേരെന്താണ്.

ആയിരമായിരങ്ങളുടെ ഗ്യാസ് ചേംമ്പറില്‍ കിടന്നുള്ള പിടച്ചിലിന്റെയും, ഇവിടെ നടന്നുകൊണ്ടിരിയ്ക്കന്ന ഉന്മൂലന പ്രക്രിയയുടേയും, അടിസ്ഥാന കാരണം ഒന്നുതന്നെ അല്ലെ എന്നുള്ള ചോദ്യംഉണര്‍ത്തുന്ന പരിഹാസച്ചിരിയെ ചിലപ്പോഴൊന്നും നിയന്ത്രിക്കാന്‍ കഴിയാറില്ല. തന്റെ ചിരിയുടെ പൊരുള്‍ തിരിച്ചറിയാത്തവര്‍ തന്നെ ഭ്രാന്തന്‍ എന്ന് ചാപ്പകുത്തുന്നു. പക്ഷേ തന്റെ ചിരികണ്ട് അന്തം വിട്ടു നില്‍ക്കുന്ന അബുവിനോട് ഒരിക്കല്‍ ചോദിച്ചു:

''അബു എന്തിനാണിവര്‍ ഇങ്ങനെ ചെയ്യുന്നതെന്നു നിനക്കറിയാമോ...? ചോദ്യത്തിന്റെ അര്‍ത്ഥം തിരിച്ചറിയാതെഅബു യാഖൂബിനെ നോക്കിയതേയുള്ളു. അപ്പോള്‍ യാഖൂബ് ആരോടെന്നില്ലാതെ പറഞ്ഞു:

“ഒരേ ഗോത്രപിതാവില്‍ നിന്നും ജനിച്ച മൂന്നു മതങ്ങള്‍! യഹൂദന്റെ ഗോത്ര ദൈവമായ യഹോവയുടെ പാരമ്പര്യത്തിന്റെ നേരവകാശി ആയി സ്വയം അവരോധിച്ച അബ്രഹാം പിതാവിന്റെ ആദ്യജാതനായ യിസ്മായേലില്‍ നിന്നും പിറന്ന നിന്റെ വംശവും എന്റെ വംശവും നിത്യ കലഹത്തിലാണല്ലോ അബു!” യാഖൂബ് പറഞ്ഞതൊന്നും മനസ്സിലാകാത്തവനെപ്പോലെ അബു ആകാശത്തിലെവിടെയോ നോട്ടം ഉറപ്പിച്ചിരുന്നതെയുള്ളു.

യാഖൂബ് കഥ തുടരുകയാണ്. “യഹോവയുടെ പുത്രന്‍ എന്നവകാശപ്പെടുന്ന ഇമ്മാനുവേലിന്റെ ജനനം അബ്രഹാം പിതാവിന്റെ പരമ്പരയിലെ ദാവീദിന്റെ ഗോത്രത്തില്‍ ഉറപ്പിച്ച്, പിതാവാം ദൈവത്തില്‍ നിന്നും പുത്രനാം ദൈവത്തെ വേര്‍പെടുത്തി, പിതാവിനു മീതെ പുത്രനെ പ്രതിഷ്ഠിച്ച അധികാര അട്ടിമറിയുടെ പിന്നാമ്പുറകഥകളില്‍ പുത്രനെ ബലിയാക്കി. അതു റോമാക്കാരുടെ രാഷ്ട്രിയക്കളിയായിരുന്നു. എന്നിട്ട് ആ പുത്രന്റെ പേരില്‍ അവര്‍ സ്വര്‍ഗ്ഗരാജ്യംസ്ഥാപിച്ച് പിതാവിനെ തടവിലാക്കി. എന്നാല്‍ പിതാവു ജീവിച്ചിരിക്കെ ഇമ്മാനുവേല്‍ എന്ന പുത്രന്‍ എങ്ങനെ സര്‍വ്വശക്തനായ ദൈവം ആയി. വേണമെങ്കില്‍ ഒരു പ്രവാചകന്‍ എന്ന പദവി കൊടുക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍. ഒന്നുമല്ലെങ്കില്‍ യഹോവയുടെ പുത്രന്‍ എന്ന പരിഗണന അര്‍ഹിക്കുന്നുണ്ടല്ലോ... അതില്‍ കൂടുതല്‍ ഒന്നും പറ്റില്ല എന്ന ഉറച്ച നിലപാടിലായിരുന്നവര്‍ക്കു വേണ്ടി അവര്‍ ഗാസ് കെണി ഒരുക്കി.”

“പക്ഷേ പുത്രന്‍ ദൈവം അതിനു കൂട്ടു നിന്നല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കെന്തോ ഒരു ഇത്. പിതാവായ ദൈവത്തിനും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയില്‍ ഞാനെത്തുന്ന നിഗമനം ദൈവങ്ങള്‍ക്ക് പൊതുവെ ഒറ്റക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ്.” താന്‍ എന്തു പറയുന്നു എന്ന മട്ടില്‍ യാഖൂബ് അബുവിനെ നോക്കി. അവര്‍ക്കിടയില്‍ ഇത്തരം സംവദങ്ങള്‍ ഇടക്കിടെ ഉണ്ടാകാറുള്ളതാണ്.

അബു യാഖൂബിനെ നോക്കി ഒന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും ആ ചിരി വിരിഞ്ഞ് പുറത്തേക്കു വന്നില്ല. കാരണം യാഖൂബിന്റെ സന്ദേഹത്തിനെന്തേ ഉത്തരം എന്ന ആലോചനയില്‍,ഭൂമിയിലെ രാജാക്കന്മാരുടെ പടയോട്ടങ്ങളുടേയും, യുദ്ധങ്ങളുടേയും കഥകളില്‍ ഇത്തരം പിടിച്ചടക്കലിന്റെ കഥകള്‍ കേട്ടിട്ടില്ലെ എന്ന് ഉള്ളിലിരുന്നാരോ പെരുമ്പറകൊട്ടിയതിനാലാണ്..സാമ്രാട്ടുകളായിരുന്ന പല പിതാക്കന്മാരേയും തടവിലാക്കി സ്വയം സാമ്രാട്ടുകളായ പുത്രന്മാരുടെ കഥകള്‍ ചരിത്രത്തിന്റെ ഏടുകളില്‍ ഉണ്ടല്ലോ എന്ന ചിന്ത യാഖൂബിനോടു പങ്കുവെച്ച് കാലത്തിനിതൊന്നും പുതുമയല്ലെന്നു പറയണം എന്നു നിരൂപിച്ചപ്പോഴാണ് മറ്റൊരു ചിന്ത ഉള്ളില്‍ ഉണര്‍ന്നത്.

ഇസ്ലാമിന്റെ ദൈവം ആരാണ്. അള്ളാഹുവോ, നബിയോ...? ആരോടു ചോദിക്കും? ഒരിസ്ലാം ആയിരിക്കുമ്പോള്‍ തന്നെ അതിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലാത്തവന്റെ ചോദ്യത്തെ യാഖുബുമായി പങ്കുവെച്ചാല്‍ ആ നല്ല അയല്‍ക്കാരന്‍ എന്തായിരിക്കും പറയുക.

യാഖൂബ് ചിരിച്ചുകൊണ്ടു പറയുമായിരിക്കും;‘നമ്മുടെ രണ്ടു കൂട്ടരുടേയും ദൈവത്തിന് രൂപമില്ല എന്ന സമാനതയാണ് നമ്മുടെ പൊതുവായ പൊരുത്തം. കൂടാതെ നമ്മള്‍ രണ്ടാളും അഗ്രചര്‍മ്മം ഛേദിച്ചവര്‍ ആയിരിക്കെ നമ്മളെ പരസ്പരം അകറ്റുന്ന ഘടകം എന്താണന്നെനിക്കറിയില്ല.’ യാഖൂബ് അങ്ങനെ തന്നെ ആയിരിക്കും പറയുക.

അബുവിന്റെ ചിന്തയില്‍ മറ്റെന്തോ രൂപപ്പെടുകയായിരുന്നു. യഹോവ ജനിച്ച്, പുത്രനായ ഇമ്മാനുവേല്‍ പിതാവില്‍ നിന്നും പിരിഞ്ഞ് രക്ഷകനായ ജീസസ് ആയതിനു ശേഷമേ അള്ളാഹു അവതരിക്കുന്നുള്ളുവല്ലോ എന്ന ചിന്ത ഒരു കീറാമുട്ടിയായി തിളയ്ക്കവേ, അതുവരെ യിസ്മായേലിന്റെ ദൈവം ആരായിരുന്നു എന്നാരോടെങ്കിലും ചോദിച്ചാല്‍ പിന്നെ ഒരു കലാപത്തിന് മറ്റൊരു കാരണം വെണ്ടിവരില്ലല്ലോ എന്ന വീണ്ടു വിചാരത്തില്‍ അബു യാഖൂബിന്റെ തിണ്ണയിലേക്കു നോക്കി. ‘ഹമാസ്’ തുടങ്ങിവെച്ച കലാപം മറുഭാഗം ബോംബുകള്‍ വിതച്ചാഘോഷിക്കുന്നു. ഇനി മറുവിലയായി പ്രതികാരത്തിന്റെ ദൈവങ്ങള്‍ എത്ര ജീവന്‍ ആവശ്യപ്പെടും എന്നോര്‍ത്ത് അബു നെടുവീര്‍പ്പിട്ടു.

യാഖുബ് ജീവിതത്തില്‍ ഒത്തിരി അനുഭവിച്ചവനാ. ജര്‍മ്മനി ഒരുക്കിയ ഗാസ് ചേംബറില്‍ നിന്നും, ഒരു ജര്‍മ്മന്‍ പട്ടാളക്കാരന്റെ ദയയാല്‍ രക്ഷപെട്ട യാഖൂബിന്റെ മുത്തച്ഛി പലവഴികളിലൂടെ പോളണ്ടില്‍ എത്തി. അവിടെ ജീവിതം വേരുറപ്പിച്ചുവരുമ്പോഴാണ്, മറ്റൊരു കലാപത്തില്‍ യാഖൂബൊഴിച്ച് മറ്റെല്ലാവരും മരിച്ചത്. പത്തുപന്ത്രണ്ടു വയസ്സുള്ള യാഖൂബ് പോളണ്ടിന്റെ ഉള്ളിലേക്ക് ആശ്രയം അന്വേഷിച്ചു നടന്നു. ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ മുറ്റത്ത് ദാഹവും വിശപ്പും സഹിക്കവയ്യാതെ മരത്തണല്‍ തേടിയവനു നേരെ കരുണയുടെ ഭാഹജലവും ഒരു കോണ്‍ബ്രഡും നീട്ടിയത് ഒരു പന്ത്രണ്ടുകാരിയായിരുന്നു. അതു കൃഷിക്കാരുടെ ഗ്രാമമായിരുന്നു. ലോകത്തെല്ലയിടവുംഗ്രാമങ്ങള്‍ എന്നും നന്മയുടെ ഇടത്താവളങ്ങളാണല്ലോ. യാഖൂബ് എത്തിയത് ഗ്രാമത്തിലെ ഭേദപ്പെട്ട ഒരു കര്‍ഷകന്റെ വീട്ടില്‍ ആയിരുന്നു. അയാളുടെ ആടുകളെ മേയിക്കാന്‍ നിയോഗിക്കപ്പെട്ടവന്‍ എങ്ങനെ അയാളുടെ മകളുടേയും ഇടയനായെന്നു ചോദിച്ചാല്‍ യാഖൂബ് ചിരിക്കുകമാത്രം ചെയ്യും. ആ ചിരിയിലെ ആത്മാര്‍ത്ഥതയും, നിഷ്‌കളങ്കതയുമായിരിക്കാം എല്ലാവരേയും അയാളിലേക്കാകര്‍ഷിച്ചത്. ജീവിതത്തിലെ ഏറെ സന്തോഷമുള്ള കാലം അതായിരുന്നുവെന്ന് യാഖൂബ് എപ്പോഴും പറയും. പക്ഷേ പിന്നെ എന്തിന് അവിടെനിന്നും ഒളിച്ചോടി എന്നു ചോദിച്ചാല്‍, നഷ്ടമായ ആ പ്രേമത്തിന്റെ എല്ലാ മധുരവും നുണഞ്ഞിട്ടെന്നപോലെ ഒന്നു നെടുവീര്‍പ്പിട്ട് ദൂരത്തെവിടെയോ നോക്കിയിരിക്കും.

ഏറെ നേരത്തെ മൗനത്തിനു ശേഷം യാഖൂബ് പറഞ്ഞു;''അന്ന് ഞങ്ങളുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ക്കായി അവളുടെ പിതാവ്, ഇടവകപ്പള്ളില്‍ ചെന്നപ്പോഴാണ് വികാരി ഒരു വംശീയ പ്രശ്‌നം അവതരിപ്പിച്ചത്.ഒരു യഹൂദന് എങ്ങനെ ക്രിസ്ത്യാനിയായ മകളെ കൊടുക്കും. അവളുടെ പിതാവ് വളരെ പ്രയാസമുള്ളവനായി കാണപ്പെട്ടു. അപ്പോള്‍ അവളാണു പറഞ്ഞത് ഗ്രാമം വിഷയം ഏറ്റെടുക്കുന്നതിനു മുമ്പ് എങ്ങോട്ടെങ്കിലും ഓടിപ്പോകാന്‍. എഴുത്തും വായനയും അറിയാവുന്നവളാണ്, യഹൂദനുവേണ്ടിയുള്ള ഈ രാജ്യത്തെക്കുറിച്ച് പറഞ്ഞത്. യാത്രയാകുന്ന ആ രാത്രിയില്‍ അവള്‍ പറഞ്ഞു; ഞാന്‍ നിന്റെ മകനെ പ്രസവിക്കും. എന്റെ നെഞ്ചാകെ കലങ്ങിപ്പോയി. അന്നു ഞാന്‍ ഭൂമിയിലെ എല്ലാ മതങ്ങളേയും ശപിച്ചു. പോരാടാമെന്നു അവളോടു പറഞ്ഞു. അവള്‍ പറഞ്ഞു; ഒരു കലാപത്തിനു നമ്മള്‍ കാരണക്കാരാകരുതെന്ന്. അവളിലെ നന്മ തിരിച്ചറിഞ്ഞ് അവിടെ നിന്നും യാത്രയായി.''

യാഖൂബിനെ എന്നും ദുരന്തങ്ങള്‍ പിന്തുടരുകയായിരിക്കാം.അല്ലെങ്കില്‍ അയാളെന്തിനീ കലാപ ഭൂമിയില്‍ത്തന്നെ വന്നു. യഹൂദനുവേണ്ടി പിറന്ന ഈ രാജ്യത്ത് ഒരിയ്ക്കലും സമാധാനം പിറന്നിട്ടില്ലല്ലോ എന്ന് അബു ഓര്‍ത്തു.

അയാളെ ആദ്യം കണ്ടപ്പോള്‍ത്തന്നെ ഒരു നന്മയുള്ള മനുഷ്യന്‍ എന്ന തിരിച്ചറിവ് ഹൃദയത്തില്‍ മുളച്ചു. അതു തിരുത്തേണ്ടി വന്നിട്ടില്ല.താന്‍ പണിയെടുക്കുന്ന സൈക്കിള്‍ കടയുടെ മുന്നില്‍ മുഷിഞ്ഞു കീറിയ കുപ്പായവും ഇട്ട് വിശന്നവനായി നിന്ന യാഖൂബിനെ വിളിച്ച് അടുത്തിരുത്തി കഴിക്കാനുള്ള ആഹാരത്തില്‍ നിന്നും പകുതി പകുത്തു കൊടുക്കുമ്പോള്‍ അയാളുടെ ദൈവം ഏതെന്നു ചിന്തിച്ചില്ല. പകരം വിശപ്പുമാറിയവന്റെ കണ്ണില്‍ വിരിഞ്ഞ സന്തോഷത്തിന് ഭൂമിയിലെ എല്ലാ ദൈവങ്ങളുടേയും മുഖമുണ്ടായിരുന്നു. തന്റെ ജോലി കഴിയുന്നതുവരേയും യാഖൂബ് എങ്ങും പോകാനില്ലാത്തവനായി അവിടെത്തന്നെ നിന്നു. വൈകിട്ട് കൂടെപ്പോരുന്നോ എന്നു ചോദിച്ചപ്പോള്‍ ആ മുഖത്ത് വിരിഞ്ഞ ചിരി ഒരിക്കലും മറക്കില്ല. യാഖൂബിനെ തന്റെ സന്തോഷങ്ങളിലേക്ക് കൂട്ടുമ്പോള്‍ തന്റെ ഭാര്യ രണ്ടാമതും ഗര്‍ഭിണിയായിരുന്നു. അന്നയാള്‍ അവളെ ദീദി എന്നു വിളിച്ചു. പിന്നീട് ആ വിളി ഒരിയ്ക്കലും മാറ്റിയിട്ടില്ല. അവള്‍ക്കും അതിഷ്ടമായിരുന്നു. ഒരു സഹോദരനെപ്പോലെ അവള്‍ അയാളെ സ്‌നേഹിച്ചു. തന്റെ വീട് അത്ര വലിയ വീടൊന്നുമല്ലെങ്കിലും ആ വരാന്തയില്‍ യാഖൂബ് കുറെക്കാലം വിരിവെച്ചു. അയല്‍ക്കാര്‍ അയാള്‍ ആരെന്ന് അന്വേഷിച്ചെങ്കിലും, ഭാര്യയുടെ ബന്ധു എന്നു പറഞ്ഞൊഴിഞ്ഞു. ഒരെഹൂദനു വിരിവെയ്ക്കാന്‍ ഇടം കൊടുത്തു എന്നറിഞ്ഞാല്‍ എന്തൊക്കയാകുമോ പുകില്‍.

അതിര്‍ത്തി രാജ്യത്തെ യെഹൂദനായിരുന്നു തന്റെ തൊഴില്‍ ദാദാവ്. അയല്‍ രാജ്യം എന്നു പറഞ്ഞാല്‍ നമുക്ക് കയ്യെത്തി തൊടാവുന്ന ദൂരമേയുള്ളു. പക്ഷേ മുള്ളുവേലിയാല്‍ വഴിയടച്ചിരുനതിനാല്‍ പരസ്പരം ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. അബുവിന്റെ ചെറുപ്പകാലത്ത് വളരെ അകലെയായിരുന്നു അതിരും വീടുകളും. ഒരോ യാങ്കിപ്പൂര്‍ ഉത്സവം കഴിയുന്തോറും പുതിയ വീടുകള്‍ അതിരുകളിലേക്ക് ഇറങ്ങി വരാന്‍ തുടങ്ങി. വേലി ഒരു കാതം കൂടി ഇപ്പുറത്തേക്കിറങ്ങും. പുതിയ പാര്‍പ്പിടങ്ങള്‍ ഉയരുന്നതില്‍ അബുവിനു പരാതിയൊന്നും ഇല്ലായിരുന്നു. ഈ ഭൂമിയില്‍ എല്ലാവര്‍ക്കും ഇടം വേണ്ടേ എന്ന ഒരു നിലപാടിലായിരുന്നു അബു. എന്നാല്‍ അതിരുമാന്തി പുതിയ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്നവര്‍ ഒരുനാള്‍ തങ്ങളെ മൊത്തമായി കുടിയൊഴിപ്പിക്കും എന്ന ചിന്ത ഒരുകൂട്ടം തദ്ദേശിയരില്‍ വളരവെ അവരെ സഹായിക്കാന്‍ രാഷ്ട്രിയക്കാരും മുന്നോട്ടു വന്നു. ആയുധമില്ലാത്ത കുട്ടികള്‍, തങ്ങള്‍ക്ക് ചുറ്റും സുലഭമായ ഉരുളന്‍ കല്ലുകള്‍ വേലിക്കുള്ളിലേക്കെറിഞ്ഞ് പ്രതിഷേധിക്കുമ്പോള്‍, സായുധരായവര്‍ വെടിയുണ്ടകളാല്‍ അവരെ എന്നേക്കുമായി നിശബ്ദരാക്കുന്നു. മതത്തിനും രാഷ്ട്രിയത്തിനും വേണ്ടത് ചാവേറുകളെ!. കബറുകളിലേക്കെടുക്കുന്ന ഒരോ കുട്ടികള്‍ക്കുമായി പുതിയ ചാവേറുകള്‍ ജനിക്കുന്നു. ഭൂമിയിലെ എല്ലാ കലാപങ്ങളുടെയും മൂലകാരണം മണ്ണും, പെണ്ണും, മതവും ആണല്ലോ എന്ന ചിന്ത അബുവിന്റെ തൊണ്ടയില്‍ ഉടക്കി.

അബുവിന്റെ അയല്‍ക്കാരനായി വന്ന പുതിയ കുടിയേറ്റക്കാരന്‍ വൃദ്ധനാണ് വേലിക്കപ്പുറത്തു നിന്നുകൊണ്ട് അബുവിനോടു ജോലിക്കുവരാമോ എന്നു ചോദിച്ചത്. ഇപ്പോള്‍ യാഖുബിനും അവിടൊരു ജോലി തരപ്പെടുത്താം എന്ന് അബു കണക്കു കൂട്ടി. യാഖൂബിന്റെ കഥകളൊക്കെ അറിഞ്ഞ് അയാളെ അവിടെ ജോലിക്കെടുക്കുമ്പോള്‍ വൃദ്ധന്‍ മറ്റൊരു കണക്കുകൂട്ടലില്‍ ആയിരുന്നു. അള്ളാഹുവിന്റെ മക്കളും, യഹോവയുടെ മക്കളും തമ്മില്‍ ഉണ്ടായ ഒരു കലാപത്തില്‍ വൃദ്ധനും, കൊച്ചുമകളും ഒഴിച്ചെല്ലാവരും കളം ഒഴിഞ്ഞിരുന്നു. വൃദ്ധന്‍ സര്‍ക്കാര്‍ കെട്ടിക്കൊടുത്ത പുതിയവീട്ടിലേക്ക് കൊച്ചുമകളുമായി താമസം തുടങ്ങി മുറുവുകളെ ഉണക്കി. ഇപ്പോള്‍ ഒരെഹൂദനെ കൊച്ചുമകള്‍ക്കുവേണ്ടി അന്വേഷിക്കുന്ന കാലം. അങ്ങനെ യാഖൂബ് കല്ല്യാണം കഴിച്ച് തന്റെ അയല്‍ക്കാരനും മുതലാളിയും ആയി എങ്കിലും അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ വേലി തടസമായിരുന്നു. എന്നാലും വേലിയുടെ കമ്പി വളച്ച് അവര്‍ ഉത്സവദിവസങ്ങളിലെ മധുരം അങ്ങോട്ടും ഇങ്ങോട്ടും കൈമാറി. വൃദ്ധന്‍ മരിച്ചതിനുശേഷം യാഖൂബ് ആദ്യം ചെയ്തത് തങ്ങളുടെ വീടുകളെ വേര്‍തിരിക്കൂന്ന കമ്പിവേലിമുറിച്ച് തുറക്കാവുന്ന രീതിയില്‍ ഒരു വാതില്‍ ആക്കി. ആരു കണ്ടാലും അവിടെ ഒരു വാതില്‍ ഉണ്ടെന്ന് പറയില്ല. ഞങ്ങളും മക്കളും ആ വാതില്‍ വഴി പരസ്പരം സഹകരിച്ചു.

യാഖൂബിന്റെ തിണ്ണ ഒഴിഞ്ഞുകിടക്കുന്നു. ആളും അനക്കവും ഇല്ലാത്ത ആ വീടിന്റെ ഒട്ടുമിക്കവാറും ഭാഗങ്ങള്‍ കൈബോംബിനാല്‍ തകര്‍ന്നപ്പോള്‍ അതിലുണ്ടായിരുന്ന നാലുപേരും ഇനി തിരിച്ചറിയാന്‍ വയ്യാത്ത വിധം കരിഞ്ഞുപോയി. അത് യാഖൂബിന്റെ ഭാര്യയും മൂന്നു കുട്ടികളുമായിരുന്നു. യാഖൂബ് അപ്പോള്‍ വെളിയില്‍ എവിടെയോ തന്റെ കൗമാരം വിട്ടിട്ടില്ലാത്ത കുട്ടികള്‍ക്ക് റൊട്ടിവാങ്ങാന്‍ പോയിരിക്കയായയിരുന്നു. കത്തിയെരിയുന്ന വീടിനുള്ളിലേക്ക് എടുത്തുചാടാന്‍ തുടങ്ങിയ യാഖുബിനെ തന്റെ ഭാര്യ കൈപിടിച്ച് പുറകിലേക്ക് വലിച്ച് നെഞ്ചോടു ചേര്‍ത്തത് അബു ഓര്‍ത്തു. അപ്പോള്‍ യാഖൂബ് പറയുന്നുണ്ടായിരുന്നു. എന്റെ കുട്ടികള്‍ വിശന്നു കരയുന്നത് കേള്‍ക്കുന്നില്ലെ ദീദി..... അയാളോട് ഒന്നും പറയാന്‍ കഴിയാതെ എന്റെ ഭാര്യയുടെ വിരലുകള്‍ അയാളെ തലോടി. കരച്ചില്‍ ഒന്നടങ്ങിയപ്പോള്‍ കയ്യിലുണ്ടായിരുന്ന റൊട്ടി എരിയുന്ന തീയ്യിലേക്ക് അയാള്‍ നിവേദിച്ചു. യാഖൂബ് തനിക്കു ചുറ്റിനും എരിയുന്ന വീടുകളില്‍ നിന്നും ഉയരുന്ന നിലവിളിയില്‍ മനസ്സു നൊന്തവനായി സ്വയം ശപിച്ചു. എന്തിനു ജനിച്ചു!

ഉള്ളില്‍ മരൂഭൂമി പടരാന്‍ തുടങ്ങിയപ്പോള്‍ യാഖൂബും അബുവും രണ്ടു വീടുകള്‍ക്കു നടുവിലായുള്ള നടകല്ലില്‍ ഇരുന്നു. അബുവിന്റെ ഭാര്യ അയല്‍ക്കാരനൊരു ചായക്കായി അകത്തേക്കു പോയി. അപ്പോഴും കത്തിത്തീരാത്ത ജഡങ്ങളില്‍ നിന്നും പുക ഉയരുന്നു. ഒരു വലിയ നെടുവീര്‍പ്പിനൊടുവിലായി യാഖുബ് പറഞ്ഞു: ''അബു ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യസ്‌നേഹത്തിന്റെ മുഖമാണ്. ഇതാരു ചെയ്തു എന്നു ഞാന്‍ ചോദിക്കുന്നില്ല. ഹമാസിന്റെ ജിഹാതുകള്‍ക്കും, നെതന്യാഹുവിന്റെ പട്ടാളത്തിനും ഇടയില്‍ നമ്മുടെ ജീവിതം ഇങ്ങനെയാണ്. നമ്മളെപ്പോലെയുള്ള ആയിരങ്ങളുടെ ജീവിതം ഇതിനോടകം ബലിയായില്ലെ.... ഇനിയും സൂക്ഷിക്കണം ഒന്നിന് ആയിരം എന്നതായിരിക്കും പട്ടാളത്തിന്റെ പ്രതികാരത്തിന്റെ അളവെന്നോര്‍ത്തോണം.''

നിര്‍വികാരതയുടെ താടിരോമങ്ങളും തടവി ആകാശത്തിലേക്കു നോക്കിയിരിക്കുന്ന യാഖൂബിനോടായി അബു പറഞ്ഞു: ''സഹോദരാ… ഇതാരു ചെയ്തു എന്നു പറയേണ്ടതുണ്ടോ...? ഇതു വംശഹത്യയുടെ ഭാഗമാണ്. എനിക്കും കുറ്റബോധമുണ്ട്. എന്റെ മൂന്നുമക്കളെ അവര്‍ കൊണ്ടുപോയില്ലേ... ഇരുപതിനും പതിനാറിനും ഇടയിലുള്ളവര്‍. ഭൂമിക്കടില്‍ എവിടെയോ ഉള്ള ടണലില്‍ പൂര്‍ണ്ണ ജിഹാതിനുള്ള പരിശീലനത്തിലാണ്. അവരും നിന്റെ കുടുംബത്തോടു കാട്ടിയ ഈ ക്രൂരതയില്‍ പങ്കാളികളാണോ എന്നെനിക്കറിയില്ല. പക്ഷേ അവരങ്ങനെ ചെയ്യുമോ...? നിനക്കവര്‍ മക്കളെപ്പോലെയായിരുന്നില്ലെ....ഞാനും എന്റെ ഭാര്യയും നിനക്കുവേണ്ടി വിലപിക്കുന്നു. ഞങ്ങളെ വെറുക്കരുത്.”

''അബു നീയെങ്ങനെ കുറ്റക്കാരനാകും. യഹോവയുടെ പട്ടാളം അല്ലാഹുവിന്റെ മക്കളോട് ഏറെ ചെയ്തില്ലെ…? ഹമാസ് നിന്റെ കുട്ടികളെ ബന്ദികളാക്കിയപ്പോള്‍ അവരെ നീ ചെറുക്കാന്‍ ശ്രമിച്ചില്ലെ.... നിനക്ക് നിന്റെ ഇടതു കണ്ണ് നഷ്ടമായില്ലെ... നിന്റെ നാലമത്തെ മകന്റെ നട്ടെല്ലവര്‍ തകര്‍ത്ത് നിത്യ രോഗിയാക്കിയില്ലെ. അവനെ നീ ആശുപത്രിയില്‍ പോയി കണ്ടിരുന്നുവോ...?'' പുകഞ്ഞു നീറുന്ന പ്രീയപ്പെട്ടവരെ മറന്നവനെപ്പോലെ യാഖൂബ് ചോദിച്ചു.

“ഞങ്ങള്‍ പോകാനിറങ്ങുമ്പോഴാണു നിന്റെ വീടു കത്തിയത്... വരു നമുക്ക് നിന്റെ പ്രീയപ്പെട്ടവരെ അടക്കം ചെയ്യാം.” അബു പറഞ്ഞു.

“അവിടെ അടക്കം ചെയ്യാനായി ഒന്നും മിച്ചമില്ല.” യാഖൂബ് തേങ്ങലടക്കി ആരോടെന്നില്ലാതെ പറഞ്ഞ് എരിഞ്ഞടങ്ങുന്ന സൂര്യനെ നോക്കി.

അപ്പോള്‍ ആകാശത്ത് പോര്‍വിമാനങ്ങളുടെ നെട്ടോട്ടം ആരംഭിക്കുകയും, ആകാശത്തിലേക്ക് തീഗോളങ്ങള്‍ ഉയരുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടി യാഖൂബ് പറഞ്ഞു: “വരു നമുക്ക് നിന്റെ മകനെപ്പോയി കാണാം. ആശുപത്രിയുടെ ഭാഗത്തെവിടെയോ ആണ് ആ തീഗോളങ്ങള്‍ ഉയരുന്നത്” അബുവും യാഖൂബും തത്രപ്പെട്ടെഴുനേല്‍ക്കാന്‍ ശ്രമിക്കവേ ഒരു പോര്‍വിമാനം അവര്‍ക്കുമുകളിലൂടെ മരണത്തിന്റെ നിലവിളിയുമായി കടന്നുപോയപ്പോള്‍ തഴെ ഒരു വലിയ ഒച്ചയോട് അവിടെയുള്ള വീടുകളാകെ കത്തി. അബുവിന്റെ വീട്ടില്‍ നിന്നും കയ്യില്‍ ചായക്കോപ്പയുമായി അബുവിന്റെ ഭാര്യ അവര്‍ക്കുമുന്നിലേക്കു വന്നു വീണു. അരയ്ക്കു താഴ്‌വശം കത്തുന്നുണ്ടായിരുന്നു. അവരുടെ കയ്യില്‍ മുറുകെ പിടിച്ചിരുന്ന ചായക്കോപ്പയില്‍ നിന്നും ചായ അവിടകെ ചിതറി. അവരുടെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല. ചുറ്റിനും കത്തിയെരിയുന്ന വീടുകളും കരച്ചിലും അബുവിനേയും, യാഖൂബിനേയും തെല്ലിട മരവിപ്പിച്ചു. അബുവിന്റെ തോളില്‍ തട്ടി യാഖൂബ് പറഞ്ഞു:

''സഹോദര രണ്ടു ദൈവങ്ങളുടെ പരസ്പര സ്‌നേഹാലിംഗനത്തിനിടയില്‍ പെട്ടുപോയ നമുക്ക് ഒളിച്ചോടാന്‍ ഇനി ഇടമില്ല. കരയാന്‍ നേരവും ഇല്ല. അല്ലെങ്കില്‍ മനുഷത്വം നഷ്ടപ്പെട്ടവരുടെ മുന്നില്‍ കരഞ്ഞിട്ടെന്തു കാര്യം. വരു നമുക്ക് വിലാപം കഴിച്ച് അവരെ കബറടക്കാം. നിനക്ക് കബറടക്കാന്‍ പകുതി ഉടലെങ്കിലും കിട്ടിയല്ലോ..'' യാഖൂബ് പാറകള്‍ക്കിടയിലെ പൂഴി തുരന്ന് കബറുണ്ടാക്കി. അബു എല്ലാ മത ചിഹ്നങ്ങളും ഭാര്യയില്‍ നിന്നും ഊരിമാറ്റി അവരെ ഒരു മനുഷ്യ സ്ത്രിയാക്കി പൂഴിക്കു കൊടുത്തു.

''അബു ഇനി നിനക്കും എനിക്കും സ്വന്തം എന്നു പറയാന്‍നിന്റെ മകനല്ലേയുള്ളു.നീ ഈ നടകല്ലില്‍ തന്നെ ഇരിയ്ക്കു അവനെ ഞാന്‍ കൂട്ടിക്കൊണ്ടു വരാം.'' യാഖൂബ് അബുവിന്റെ മറുപടിക്ക് കാക്കാതെ ആശുപത്രിയെ ലക്ഷ്യമാക്കി. അല്പം മുമ്പുവരെ തിരക്കുകളുടെ നഗരമായിരുന്നിടം കല്ലും മണ്ണുമായി തീര്‍ന്നിരിക്കുന്നു. കല്ലുകള്‍ക്കിടയില്‍ ആയിരങ്ങളുടെ നിലവിളി ഉയരുന്നു. ഒരു വൃദ്ധന്‍ കല്ലുകള്‍ വകഞ്ഞുമാറ്റി തന്റെ പേരക്കുട്ടിയുടെ അറ്റുപോയ തല കയ്യിലെടുത്ത് തളര്‍ന്നിരുന്ന് ആരോടെന്നില്ലാതെ ചോദിക്കുന്നു; “ഇവന്‍ ചെയ്ത തെറ്റെന്താണ്.” ആകാശത്തില്‍ പറന്നു നടക്കുന്ന പ്രതികാരത്തിന്റെ ദൈവം അതു കേട്ടോ എന്തോ…? വെളിച്ചവും, വെള്ളവും, ആഹാരവും ഇല്ലാതെ ശേഷിച്ച ജനം ആകശത്തേക്കു നോക്കുന്നു. ആശുപത്രി മരുന്നും, ഓക്‌സിജനും ഇല്ലാതെ കത്തുന്നു. ഇതാണു പരമകാരുണ്യവാന്റെ സ്‌നേഹം. ലോകം മുഴുവന്‍ കാണുന്ന സ്‌നേഹം. യാഖൂബ് അബുവിന്റെ മകനേയും തിരഞ്ഞ് കത്തുന്ന ആശുപത്രിയിലെക്ക് നടന്നു കയറി.

അബു നടകല്ലില്‍ അവരുടെ വരവും കാത്തിരുന്നു.

Join WhatsApp News
Sudhir Panikkaveetil 2024-03-24 06:58:23
മതത്തെയും അത് സൃഷ്ടിച്ച ദൈവത്തെയും കഥാകൃത്ത് കണക്കിന് കൊടുക്കുന്നുണ്ട് ഈ കഥയിൽ. കഥയിലെ ഒരു വരി " ആശുപത്രി മരുന്നും ഓക്സിജനുമില്ലാതെ കത്തുന്നു. ഇതാണ് പരമകാരുണ്യവാന്റെ സ്നേഹം" എല്ലാ മതചിഹ്നങ്ങളും ഊരിമാറ്റി അവരെ ഒരു മനുഷ്യസ്ത്രീയാക്കി പൂഴിക്ക് കൊടുത്തുവെന്നും പറയുന്നുണ്ട്. മനുഷ്യന്റെ വിശ്വാസങ്ങളെ കഥാകൃത്ത് കാര്യകാരണസഹിതം ചോദ്യം ചെയ്യുന്നുണ്ട്. "പിതാവായ ദൈവത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയിൽ ഏന്തുന്ന ഇതിലെ ഒരു കഥാപാത്രം പറയുന്നു ദൈവങ്ങൾക്ക് പൊതുവേ ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഹേ മനുഷ്യ നീ സൃഷ്ടിച്ച ദൈവത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കഥകൃത്ത് സുധീരം പ്രഖ്യാപിക്കുന്നു. നീയ്‌ക്കെ എന്തെഴുതിയാലും അതൊന്നും ആരും വായിക്കാൻ പോകുന്നില്ല ഞാൻ തന്നെ ദൈവം എന്ന് മനുഷ്യസൃഷ്ടിയായ ദൈവം അഹങ്കരിക്കുന്നത് ബാക്കി. അഭിനന്ദനം ശ്രീ സാംസി താങ്കളുടെ ധീരതക്ക്.
Abdulpunnayurkulam 2024-03-25 16:16:27
Ever since human being existed, there is harmony. Samcy is sketching about the harmony, as it should be.
SUDHEESH 2024-03-25 16:37:26
മനുഷ്യൻ സ്വയം സൃഷ്ടിക്കുന്ന അനര്ഥങ്ങൾക്ക് ദൈവത്തെ പഴിച്ചിട്ട് എന്തുകാര്യം.ഒന്നുകിൽ ദൈവത്തെ അനുസരിച്ചു ജീവിക്കുക അല്ലെങ്കിൽ സ്വന്തം ഇഷ്ടപ്രകാരം സ്വാർത്ഥരായി ജീവിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ സ്വയം ഏറ്റെടുക്കുകയും ദൈവത്തെ കുറ്റപ്പെടുത്താതിരിക്കുകകയും ചെയ്യുക.മനുഷ്യന്റെ സ്വാർത്ഥതയും അഹങ്കാരവുമാണ് സകല പ്രശ്നങ്ങൾക്കും അടിസ്ഥാനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക