"ഞങ്ങളുടെ കറികളൊന്നും ശിവാനി കഴിച്ചിട്ടില്ലല്ലോ. അവയ്ക്കൊക്കെ ഒരു ഭൂമിശാസ്ത്രമുണ്ട്. എന്റെ ഗ്രാമത്തിലെ തൂതപ്പുഴയിൽ കരിമീൻ കിട്ടും. പിന്നെയും വടക്കോട്ട് ചെന്നാൽ ധർമ്മടംതുരുത്തിൽ കല്ലിന്മേൽക്കായ വിളയുന്നു. ശിവാനി കല്ലിന്മേൽകായ കഴിച്ചിട്ടുണ്ടോ?"
" ഇല്ല "
"കൽക്കത്തയിൽ കിട്ടില്ലേ?"
"അറിഞ്ഞുകൂടാ. അമ്മ ഈശ്വര ഭക്തയാണ്. ഹിത്സ മാത്രമേ പാകം ചെയ്യൂ."
"നിങ്ങൾ ബംഗാളികൾ പ്രാകൃതരാണ് . ഹിത്സയെപ്പോലെ മുള്ളുള്ള മത്സ്യം ആരെങ്കിലും കഴിക്കുമോ? അതുപോലെതന്നെ അസഹ്യനായ ആ പാട്ടുകാരൻ, ആരെങ്കിലും അയാളെ ഇങ്ങനെ തലയിലേറ്റി എഴുന്നള്ളിയ്ക്കുമോ? എനിക്ക് അയാളുടെ പേര് മറന്നുപോയി -- ?"
"സലിൽ ചൗധുരിയോ"?
"അല്ല , രവി ഠാക്കൂർ."
ശിവാനി കുഞ്ഞുണ്ണിയെ പ്രാകി. ഇംഗ്ലീഷിലായിരുന്ന സംഭാഷണത്തിന്റെ ഏകദേശരൂപം മനസ്സിലാക്കിക്കൊണ്ട് ശ്യാംനന്ദൻ സിംഗ് ശിവാനിയോട് പറഞ്ഞു, "മേംസാബ് ഇപ്പോൾ കേട്ടില്ലേ? എന്നും ഇതുതന്നെയാണ്. ഹിത്സയേയും രവി ഠാക്കൂറിനേയും കുറ്റം പറയുന്നതുപോലെ ദോഗ്ര റെജിമെന്റിനെയും ഞങ്ങളുടെയും കേണൽ സാബിനേയും കുറ്റം പറയും. കേണൽ സാബ് ഇന്നൊരു സന്യാസിയാണ്, മേം സാബ്. എല്ലാവർക്കും സംഭവിക്കുന്ന പരിവർത്തനം അല്ല അത് . റെജിമെൻ്റിൻ്റെ പരദേവതയായ ജ്വാലാമുഖി അനുഗ്രഹിച്ചതാണ്."
"ഞാൻ ശ്യാംനന്ദൻ സിംഗിന്റെ ഭാഗത്താണ്," ശിവാനി പറഞ്ഞു. റെജിമെൻ്റൽ മെസ്സിലെന്നപോലെ ശ്യാം നന്ദൻസിംഗ് തലകുനിച്ച് നന്ദി കുറിച്ചു. ഊണു കഴിഞ്ഞ് ചെറിയ കോപ്പകളിൽ കരിങ്കാപ്പി കുടിച്ച് സ്വല്പം സംഗീതവും കേട്ടുകഴിഞ്ഞപ്പോൾ കുഞ്ഞുണ്ണി ശിവാനിയുടെ കൈപ്പടം തഴുകി അവളോട് പറഞ്ഞു, "ശരിയാണ് ശ്യാംനന്ദൻ്റെ ഭാഗത്ത് ആരുണ്ട്? പാവം അയാൾ തനിച്ച്! അടുക്കളയിൽ തനിച്ചു നിന്നുകൊണ്ട് എന്റെ തുച്ഛമായ ശമ്പളം ദോഗ്രാ റെജിമെൻ്റിൻ്റെ പാചകധർമ്മത്തിന് വേണ്ടി മുടിക്കുന്നു. ശ്യാംനന്ദൻ്റെ ഭാഗം പിടിക്കാൻ ശിവാനി ഇവിടെ താമസിക്കാമോ?"
സംഗീതം അവസാനിച്ചപ്പോൾ നിശബ്ദത കനത്തു നിന്നു. രാത്രി ഒരുപാട് ചെന്നിരുന്നു, ശിവാനി പതുക്കെ പറഞ്ഞു, "താമസിക്കാം"
ശിവാലിക് പർവ്വതനിരകളുടെ സന്തതിയായ ആ കിഴവനും ശിവാനിയും താനും ഇന്ന് തങ്ങളുടെ വേഷങ്ങൾ ചുറ്റഴിച്ച് ഫലിത പ്രസാദത്തിന്റെ മുഖംമൂടികൾ ഇറക്കിമാറ്റിക്കഴിഞ്ഞിരുന്നു.... റാണാഘട്ടിലും ബോൺഗാവിലും പെറ്റ്റപോളിലും നിരനിരയായി കെട്ടിയിട്ട പനമ്പ് വീടുകളിൽ പൂർവ്വ പാക്കിസ്ഥാനിൽ നിന്നും പലായനം ചെയ്തെത്തിയ അഭയാർത്ഥികൾ താമസിക്കുന്നു.
ആ പാളയങ്ങളിലേക്ക് താൻ പോവുകയാണ്. 25 കൊല്ലം മുമ്പ് ഇവൻ തുരുത്തിയൊടിച്ച ഹിന്ദുക്കൾ ഇപ്പോഴും സിയാൽദാ തീവണ്ടിയാപ്പീസിന് ചുറ്റും തമ്പടിച്ച് കഴിയുന്നു. തിരക്ക് പിമ്പേതിരയായി പൂർവ്വ പാക്കിസ്ഥാനിൽ നിന്ന് അഭയാർത്ഥികൾ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. പെണ്ണുങ്ങൾ; പടയോട്ടത്തിന്റെ ചോരയും ബീജവും തങ്ങളുടെ ഇരുളുകളിൽ ഏറ്റുവാങ്ങി, പാബ്നയിൽ നിന്നും ടങ്കെയിൽ നിന്നും അങ്ങനെ മാന്ത്രികങ്ങകളായ പേരുകളുള്ള മറ്റേതെല്ലാമോ ചതിപ്പുകളിൽ നിന്നും ഇങ്ങോള മെത്തി എന്തിനെന്നില്ലാതെ കാത്തിരുന്നു."
(ഗുരുസാഗരം. ഒ.വി. വിജയൻ)
ഉപരിസൂചിത വരികൾ മലയാളത്തിൻറെ തൂലികരൻ ഒ.വി വിജയൻ്റേതാണ്. ആ സംഭാഷണ ശകലത്തിൽ സാംസ്ക്കാരിക ഭൂമിശാസ്ത്ര വൈജാത്യത്തിൻ്റെ വ്യത്യസ്ഥ രീതികൾ കാണാനാകും. അത് ഭക്ഷണകാര്യങ്ങളിലും പെരുമാറ്റ രീതികളിലും ജീവിതത്തിൻ്റെ വ്യത്യസ്ഥ മേഘലകളിൽ അല്ലങ്കിൽ നിഖില മേഘലകളിലും ഈ സംസ്കാരിക വൈജാത്യം ദൃശ്യമാണ്. അതിൻറെ പേരിൽ തമ്മിൽ തല്ലാതെ ഉൾക്കൊള്ളലിൻ്റെ മനോഹാരിതയെ സ്വീകരിക്കുന്നതാണ് ഉത്തമ സമൂഹങ്ങൾക്ക് നല്ലത്.
ആദിമ മനുഷ്യനായ ആദം നബിയെ സൃഷ്ടിച്ചത് മണ്ണ് കൊണ്ടാണ്.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മണ്ണുകൾ ശേഖരിച്ച് അതുകൊണ്ടാണ് സൃഷ്ടിക്കപ്പെട്ടത്. അതിനാൽ തന്നെ ആദമിൽ നിന്നുണ്ടാകുന്ന സന്തതികൾ വ്യത്യസ്ത സ്വഭാവക്കാരും വർണ്ണക്കാരും സംസ്കാരക്കാരുമെല്ലാമായിരിക്കും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വ്യത്യസ്ത മണ്ണിൻറെ സ്വഭാവത്തിന്റെ ഗുണം കൂടിയാണത്. നിറത്തിന്റെയും വർണ്ണത്തിന്റെയും സംസ്കാരത്തിന്റെയും സർവ്വ വൈജാത്യങ്ങളുടെയും പേരിൽ മനുഷ്യൻ തമ്മിൽ തല്ലാൻ നിന്നാൽ ഭൂമിയിൽ സ്വസ്ഥമായ ഒരു ജീവിതം മനുഷ്യർക്ക് അസാധ്യമായി വരും.
പരസ്പര സഹകരണവും ആശ്രയത്വവും ഇല്ലാതെ ആധുനിക സമൂഹത്തിൽ ഒരു സമൂഹത്തിന് സുഗമമായി ജീവിക്കാൻ സാധ്യമല്ല എന്ന് പ്രമുഖ ഫ്രഞ്ച് ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞൻ എമിലെ ദുർഖൈം (1858 - 1917) എഴുതിയ ഡിവിഷൻ ഓഫ് ലേബർ എന്ന തിയറി ഒരാവർത്തി വായിച്ചാൽ മനസ്സിലാക്കാൻ സാധിക്കും. ഇസ്ലാം ഓരോ നാടിൻ്റെയും സംസ്കാരങ്ങളെ മാനിക്കുന്നുണ്ട്. നാട്ടുനടപ്പുകൾ ദീനിൻ്റെ ഭാഗമായി ഗണിക്കുന്നത് അതുകൊണ്ടാണ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാൻ പെരുമാൾ മസ്ജിദിന്റെ രൂപം നോക്കൂ. തച്ചുശാസ്ത്രം അറിയുന്ന നമ്മുടെ നാട്ടിലെ മനുഷ്യർ ഭാരതീയ ശൈലിയിൽ പണിതതാണത്.
പ്രമുഖ സ്വഹാബിയായ തമീം അൻസാരിയുടെ ഖബർ കോഴിക്കോട് ജില്ലയിലെ പാറപ്പള്ളിയിലാണെന്ന് പറയുന്നുണ്ട്. നമ്മുടെ നാട്ടിലെ ഓണാഘോഷത്തിൻ്റെ ഭാഗമായി പഴയ കാലത്ത് അവിടെ കുരുത്തോല കൊണ്ട് അലങ്കരിക്കുകയും ഭംഗിയാക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇന്ത്യയിലെ ഇസ്ലാമിന് ഭാരതീയ സംസ്ക്കാരവുമായി കൂടുതൽ ബന്ധമുണ്ടാവുമെന്ന് ഇന്ത്യൻ സാമൂഹിക ശാസ്ത്രം പഠിച്ചവർക്ക് കൃത്യമായി മനസ്സിലാക്കാനാകും. അവയെയെല്ലാം ഉൾക്കൊള്ളാൻ കഴിയണമെങ്കിൽ മതവിദ്യാഭ്യാസത്തിൻ്റെ ചിന്തകൂടി അനിവാര്യമാണ്.
വിശുദ്ധ റമളാൻ മാസത്തിന് ശേഷം നാം കൊടുക്കുന്ന ഫിത്വറ് സഖാത്ത് നാം നിൽക്കുന്ന നാട്ടിൽ വ്യാപകമായി ഭക്ഷിക്കപ്പെടുന്ന ഭക്ഷ്യധാന്യമോ മറ്റോ ആണ് കൊടുക്കേണ്ടത് എന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധ വചനങ്ങളിൽ കാണാൻ കഴിയുന്ന ഒന്നുണ്ട് മനുഷ്യനെ വ്യത്യസ്ത വർഗ്ഗങ്ങളിലും ഗോത്രങ്ങളിലും വിഭാഗങ്ങളിലും രൂപങ്ങളിലും ആയി സൃഷ്ടിച്ചിരിക്കുന്നത് അവരെ പരസ്പരം മനസ്സിലാക്കാൻ വേണ്ടി തിരിച്ചറിയപ്പെടാൻ വേണ്ടിയാണ്. വെളുത്തവനെ കറുത്തവനെക്കാളോ കറുത്തവന് വെളുത്തവനെക്കാളും അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ യാതൊരു ശ്രേഷ്ഠതയും ഇല്ല. നിങ്ങളിൽ ഏറ്റവും കൂടുതൽ ദൈവഭക്തി ഉള്ളവരാണ് നിങ്ങളിൽ ഏറ്റവും മുന്തിയവർ.
കേരളത്തിലെ മുസ്ലീങ്ങൾക്കിടയിൽ പോലും ഈ സാംസ്കാരിക വ്യത്യാസത്തിന്റെ പേരിലുള്ളഅനിഷ്ടങ്ങളും പരസ്പര കളിയാക്കലുകളും ഉണ്ടെന്നതിനെ നമുക്ക് കാണാൻ കഴിയും. എന്നാൽ ഇസ്ലാമിക ദൃഷ്ട്യാ അതെല്ലാം ഏറ്റവും മോശമായ കാര്യമാണ്. തെക്കന്മാർക്ക് ഇസ്ലാമിനെ കുറിച്ച് അത്ര വലിയ ജ്ഞാനം ഇല്ലെന്നും എന്നാൽ മലബാറുകാരാണ് അവരെക്കാളും ഇസ്ലാമിന്റെ ആളുകൾ എന്ന രീതിയിൽ ഉള്ള പെരുമാറ്റവും അതുപോലുള്ള പലതും തികച്ചും അനിസ്ലാമികവും തിരുത്തപ്പെടേണ്ടതുമാണെന്ന് പ്രവാചക അധ്യാപനങ്ങളെ പഠനവിധേയമാക്കുമ്പോൾനമുക്ക് ഗ്രഹിക്കാൻ കഴിയും.
മക്കസാമ്രാജ്യം കീഴ്പ്പെടുത്തിയതിന് ശേഷം അത് വിളംബരം ചെയ്യാൻ കഅബയിൽ കയറി ബാങ്കൊലി മുഴക്കാൻ പ്രവാചകൻ പറഞ്ഞത് കറുത്ത നീഗ്രോ അടിമയായിരുന്ന ബിലാൽ(റ) അവർകളോടായിരുന്നു. കഅബയ്ക്ക് മുകളിൽ കയറാൻ ബിലാൽ ശ്രമിക്കുമ്പോൾ വെളുവെളുത്ത ഉന്നത ഖുറൈശി ഗോത്രക്കാരനായ നബി തങ്ങൾ തൻ്റെ ദേഹത്തിലൂടെ /മുതുകിലൂടെ ചവിട്ടിക്കയറൂ ബിലാൽ എന്ന് കൽപിച്ച് തിരുമേനി റസൂൽ സ്വന്തം പുണ്യമേനി വെച്ചു കൊടുത്താണ് കറുത്ത ബിലാലിനെ കഅബയുടെ മുകളിൽ കയറ്റി ബാങ്കുവിളിപ്പിച്ചത്. എല്ലാ മനുഷ്യരും തുല്ല്യരാണ്. അവൻ ആരുടേയും താഴെയോ മുകളിലോ അല്ല. അവൻ്റെ യജമാനൻ അള്ളാഹു മാത്രമാണ്. അവൻ്റെ മുമ്പിൽ മാത്രമെ മനുഷ്യൻ നമ്രശിരസ്ക്കനാവേണ്ടതുള്ളൂ എന്ന പാഠം സുവ്യക്തമായി മനുഷ്യനെ പഠിപ്പിക്കുന്നുണ്ട് തിരുവചനങ്ങൾ. ഒരു മഹിത മാനവ സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ പ്രവാചകാധ്യാപനങ്ങളെ നാം ഉൾക്കൊള്ളണം.