കഴുതക്കുട്ടിപ്പുറത്തേറിവരുന്ന ആർക്കാണവർ
കുരുത്തോലയിട്ടു വീഥിയൊരുക്കിയാർക്കുന്നത്?
ആചാരാനുസരണമാണീ നവരാജാസനസ്ഥൻ
നാടുകാണാനിറങ്ങിയതും! അവനുചുറ്റുമുണ്ടതാ
തന്റെ സചിവർ, വൈറ്റ് കാറ്റ്സ്--പന്തിരുവരും.
സാമന്തസേവിത മഹാരാജാക്കളെത്രയോയുണ്ട്
‘പഴയനിയമ’ത്തിൽത്തന്നെ! ഇപ്പോൾ തുരുതുരാ
രക്ഷകരും! ഇവിടിനി വല്ലതുമൊക്കെ നടക്കും.
ഞാൻ നോക്കുന്നത് മിശിഹായെ ചുമക്കുന്നയാ
പാവത്തെയാണ്. അതിനാണ് ഏറ്റവുമുത്സാഹം;
ഇപ്പൊഴാണ് അതിന്റെ തലയൊന്നുയർന്നതും!
അപശകുനമാമാ മുദ്രയുണ്ടതിന്റെയും മേൽ! *1
ശാന്തം പാപം! കൂട്ടിച്ചേർക്കപ്പെട്ട കഴുതക്കിടാവേ,*2
അവർ നിന്നെ വിടില്ല-- നീ ഓടി രക്ഷപ്പെടുക!
*1 കഴുതയുടെ തോൾഭാഗത്തെ രോമം
കുരിശ്ശാകൃതിയിൽ ഇരുണ്ടിരിക്കുന്നു.
*2 വർത്തമാന മലയാളം: അടിച്ചുമാറ്റിയ.
‘സുവിശേഷങ്ങ’ളിൽ വായിക്കുക.