Image

പ്രണയം ; പരമാർത്ഥം : കുമാരി എൻ. കൊട്ടാരം

Published on 26 March, 2024
പ്രണയം ; പരമാർത്ഥം : കുമാരി എൻ. കൊട്ടാരം


എൻ്റെ ഭാർഗ്ഗവീ നിലയത്തിൻ്റെ നിറം പിടിപ്പിക്കൽ അവസാന ഘട്ടത്തിലാണ്.
ഇപ്പോൾ കതകുകളുടേയും ജനൽപ്പാളികളുടേയും മുഖം മിനുക്കൽ പ്രക്രിയയാണ് നടന്നു കൊണ്ടിരിക്കുന്നത്.
ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് പണിക്കാർ വിശ്രമിക്കുമ്പോൾ ഞാനും ഊണു കഴിഞ്ഞ് കട്ടിലിൻ്റെ തലയ്ക്കൽ രണ്ടു തലയണ വച്ച് അതിൽ ചാരിയിരുന്ന് വായിക്കുകയോ വാട്സാപ്പ് നോക്കുകയോ ചെയ്യും. ഇത് വരെ ഒരിടവും പൂർണ്ണമായി ചെയ്തു തീർക്കാത്തതു കൊണ്ട് ഏത് സമയത്തും ബ്രഷും പെയിൻ്റുമായി ഒരാൾ കതകിൽ മുട്ടിയിട്ട് കടന്ന് വരാം.

എല്ലാം വാരിവലിച്ചിട്ടിരിക്കുന്നതിൻ്റെ അസ്വസ്ഥതയെ മറികടക്കാൻ സ്വസ്ഥമായി ഇരുന്നൊന്ന് കണ്ണടച്ച് ഒരുതരം ശാന്തിയിലേക്ക് മനസ്സിൻ്റെ കയ്യും പിടിച്ച് ചിന്തകളെ ആട്ടിപ്പായിച്ച് ഒരു ചുവടുവച്ചതേയുള്ളു
അടഞ്ഞുകിടന്ന ജനൽ പാളി തുറയുന്ന ശബ്ദം.
കാറ്റായിരിക്കും. കണ്ണുതുറന്നില്ല.
അല്പം കഴിഞ്ഞപ്പോൾ ചാരിയിട്ടിരുന്ന വാതിൽ മെല്ലെ തുറക്കുന്ന ശബ്ദം .അങ്ങനെ മിണ്ടാതെ വാതിൽ തുറക്കുന്നത് ലോലിയാണ്.
അമ്മയുടെ അപ്പിടുക്കുടു എന്ന് ഞാൻ കൊഞ്ചിച്ചു വിളിക്കുന്ന ലോലിപ്പൂച്ച.
ഓർമ്മയായ നോനിയുടെ തനിപ്പകർപ്പായ മകൾ .എൻ്റെ ജീവൻ.

പിന്നെയുള്ളത് ഒലിയാണ് അവൻ കുറച്ച് മര്യാദയുള്ള ചെക്കനാ. വാതിൽ തുറന്നു കിടന്നാലേ അകത്ത് കയറൂ. തനിയെ തുറക്കാൻ അറിയില്ല എന്നത് സത്യം.ലോലി കൂളായി തുറന്നിറങ്ങുകയും തുറന്ന് കയറുകയും ചെയ്യുമ്പോൾ ഒലി അമ്മേ ഒന്ന് തുറന്ന് തരൂ പ്ലീസ് എന്ന് പറഞ്ഞങ്ങനെ വാതിൽ നോക്കി അങ്ങോട്ടുമിങ്ങോട്ടും നടക്കും
ഒലിക്ക് വേറൊരു സ്വഭാവമുണ്ട്.ചില അമ്മായിയമ്മമാർ വാതിലിൻ്റെ പുറത്ത്  രഹസ്യം കണ്ട് പിടിക്കാൻ കാത്ത് നില്ക്കുന്ന പോലെ കൈരണ്ടും മൂന്നോട്ട് വച്ച് നിലത്ത് ചേർന്ന് മുറിയുടെ മുന്നിൽ ഒരു കിടപ്പുണ്ട്.
ഞാൻ മുറി തുറന്നു എന്ന് കണ്ടാൽ
ആരോ വിളിച്ചു ആരാ എന്താ എന്ന് ചോദിച്ച് അല്ലെങ്കിൽ ഞാനൊരു വഴിപോക്കൻ എന്ന ഭാവത്തിൽ സ്പീഡിൽ ഒരു പോക്ക് പോകും.
ഞാൻ കുളിക്കാൻ കയറിയാൽ കുളിമുറിയുടെ മുന്നിലും കുത്തിയിരിക്കും. വിശക്കന്നുണ്ടെങ്കിൽ ധർമ്മക്കാരേപ്പോലെ അമ്മാ വല്ലതും തായോ എന്ന് ചോദിച്ചു കൊണ്ടിരിക്കും.
ഒലീ അവിടിരുന്നോ ഞാൻ കുളി കഴിഞ്ഞ് വരട്ടെ ചോറ് തരാം എന്ന് പറഞ്ഞാൽ കരച്ചിൽ നിർത്തും .

നോനിയുടെ അമ്മ കറുത്ത സുന്ദരി പാത്തു വാണെങ്കിൽ തീറ്റ കഴിഞ്ഞാലുടനെ മറ്റാരും വരും മുമ്പ് എൻ്റെ കട്ടിലിൽ സ്ഥാനം പിടിക്കും. കറുമ്പിപ്പാത്തുവിന് എത്ര കാമുകന്മാരാണെന്നോ .എല്ലാരും സുന്ദരക്കുട്ടപ്പൻമാർ .എല്ലാർക്കും പാത്തുവിനോട് ഇഷ്ടം
അവർ തമ്മിൽ പാത്തുവിനു വേണ്ടി കടിപിടിയാണ്.
പൂച്ചകളുടെ കാര്യം പറഞ്ഞാൽ തീരില്ല. ഒരു പൂച്ച നോവൽ എഴുതണമെന്നുണ്ട്. പക്ഷേ ഓർമ്മയായവരേയും കാണാതെ പോയവരേയും കുറിച്ചെഴുതുമ്പോൾ സങ്കടം വരും

ഇപ്പോൾ വാതിൽ മെല്ലെ തുറക്കപ്പെട്ടു എങ്കിലും ആരേയും കണ്ടില്ല.
കാറ്റു വന്നു കള്ളനേപ്പോലെ എന്ന് മൂളിയിട്ട് കണ്ണടച്ചിരുന്നു.
ഫാനിൻ്റെ കാറ്റു കൂടാതെ കുളിർമ്മയുള്ള സുഖമുള്ളൊരു കാറ്റിൻ്റെ തഴുകൽ.
ആരോ മെല്ലെ തൊട്ടു വിളിച്ചതു പോലെ. ആരാ എന്ന് ചോദിച്ച് പൊടുന്നനെ 
കണ്ണുതുറന്നു.
ഞാനാ
ഒരു മൃദുവെങ്കിലും പരിക്ഷീണമായ സ്വരം.
ഒച്ചയുണ്ടാക്കരുതേ ഞാൻ പ്രണയമാണ്.
പ്രണയമോ ഞാൻ പൊട്ടിച്ചിരിച്ചു പോയി.
സത്യായിട്ടും ഞാൻ പ്രണയമാണ്.
ഓ.സമ്മതിച്ചു. നട്ടുച്ചയ്ക്ക് ഈ ഉരുകുന്ന വെയിലിൽ എവിടെ പോയിട്ടു വരുന്നു?
എന്തേ ഇങ്ങോട്ടു കയറി ?
നിനക്ക് പറ്റിയ ആരും ഇവിടില്ലല്ലോ.
എല്ലാം പറയാം ഇത്തിരി തണുത്ത വെള്ളം തരാമോ?
ഓ തരാല്ലോ പണിക്കാർക്ക് വേണ്ടി നാരങ്ങാവെള്ളമുണ്ടാക്കി ഫ്രിഡ്ജിൽ വച്ചിട്ടുണ്ട് മതിയോ? മധുരമല്ല. ഉപ്പിട്ടതാ. പ്രണയത്തിന് ഉപ്പ് പറ്റുമോ?
അല്ലെങ്കിൽ വേണ്ട നല്ല മുന്തിരി ജ്യൂസുണ്ട്.ഓ അത് പക്ഷേ കറുത്ത മുന്തിരിയാ പ്രണയത്തിന് പറ്റുമോ?
ഇങ്ങനെ ചോദിച്ചോണ്ടിരിക്കാതെ എന്തെങ്കിലും കൊണ്ടുവാ.തൊണ്ട വരണ്ടിട്ടു വയ്യ.

മുന്തിരി ജ്യൂസ് ഒറ്റ വലിക്ക് കുടിച്ചു തീർത്ത് ചുണ്ടുതുടച്ചു പ്രണയം.
അല്ല എന്താ കഥ ഈ പൊരിവെയിലത്ത് ഇറങ്ങി നടന്നാൽ കറുത്ത് പോകില്ലേ.ഞാൻ ചോദിച്ചു .
എനിക്കങ്ങനെയൊന്നുമില്ല.സപ്തവർണ്ണവും എന്നിലൊളിഞ്ഞിരിക്കുവല്ലേ?
പക്ഷേ ഞാനിപ്പോൾ പലരുടേയും മുന്നിൽ തോറ്റു പോകുന്നു .
ഇന്ന് തന്നെ ഞാനൊരു  പെൺകുട്ടിയോടൊപ്പമായിരുന്നു.മുഖ പുസ്തകത്തിലൂടെ പരിചയപ്പെട്ട കാമുകനായിട്ട് പ്രമോഷൻ കൊടുത്ത സുഹൃത്തിനെ കാണാൻ പോയതായിരുന്നു.
വൈക്കത്ത് കറുത്ത പ്രതിമയിരിക്കുന്ന കവലയില്ലേ അവിടെ അവൻ നില്ക്കാമെന്നും രണ്ട് പേർക്കും കൂടി ലുലു മാളിൽ പോകാമെന്നും പറഞ്ഞിരുന്നു.
അവളാകട്ടെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ട ദിവസമായിരുന്നെങ്കിലും അതൊഴിവാക്കി അവനെ ഒരു നോക്ക് കാണാനും ലുലുവിൽ കറങ്ങാനും ഓടിയെത്തി.
എന്നിട്ട് ?
തമ്മിൽ കണ്ടില്ലേ?
കണ്ടു. പക്ഷേ കണ്ടില്ല.
എന്ന് വച്ചാൽ
അവൻ അവളെ  കണ്ടില്ല. അവൾ അവനെ കണ്ടു.
എന്നിട്ട് ?

അവൾ എത്തിയെന്ന് പറയാൻ വിളിച്ചതും  അപ്പോൾ സ്റ്റോപ്പിൽ നിർത്തിയ ബസ്സിൽ നിന്നും ദാ ഞാനെത്തി താനെവിടെയാ എന്ന് ചോദിച്ചു കൊണ്ട് അവൻ ഇറങ്ങി ചുറ്റുനോക്കി.
അവനെ കണ്ടതും ഒരു നിമിഷം സ്തബ്ധയായി നിന്നിട്ട്
 ചൂടിയിരുന്ന കുട ചരിച്ചുപിടിച്ച് റോഡ് ക്രോസ്സ് ചെയ്ത് നടന്ന് പോകെ
സോറി. എനിക്ക് വരാൻ കഴിഞ്ഞില്ല അമ്മയോടൊപ്പം ആശുപത്രിയിൽ പോകേണ്ടി വന്നു. എന്ന് പറഞ്ഞ് ഫോൺ കട്ടു ചെയ്തു.
കാരണം?
ഞാൻ ആകാംക്ഷപ്പെട്ടു.
പതിവായി ഉച്ചയ്ക്ക് ചോറ് തിന്നാൻ വരുന്ന കാക്ക ചോറു തീറ്റിയും കഴിഞ്ഞ് പിന്നാമ്പുറത്ത് നിന്ന് എൻ്റെ ജനാലയ്ക്കരുകിൽ വന്നിരിക്കുന്ന സമയമായിരുന്നു.
"അതേ ആ ചെക്കന് എൻ്റെ നിറമായിരുന്നു.
പെണ്ണിന് കുമ്പളങ്ങയുടെ നിറോം " ഇതും പറഞ്ഞ്
കാക്ക കാറിച്ചിരിച്ചു.
ഞാൻ പ്രണയത്തെ നോക്കി.
അല്ല. പ്രണയം പറഞ്ഞു.
പിന്നെ ?
ഫോൺ ഓഫാക്കിയിട്ട് അവളിങ്ങനെ പറഞ്ഞു. രണ്ടാളും ഒരു പോലിരുന്നാൽ  കുട്ടികളും അങ്ങനെയാവില്ലേ.
അപ്പോ അതാണ് കാര്യം.
കറുത്തവൾക്കും വെളുത്തവനെ മതി. ഞാൻ പറഞ്ഞു.
കറുത്തവന് വെളുത്തവളേം. എന്തു ചെയ്യാൻ. പ്രണയം നിരാശപ്പെട്ടു.

പ്രണയിക്കുകയായിരുന്നു
നമ്മൾ ഓരോരോ ജന്മങ്ങളിൽ .....
ഗദ്ഗദകണ്ഠത്തോടെ പാടിക്കൊണ്ട് പ്രണയം പടിയിറങ്ങിപ്പോയി...

അപ്പോൾ റേഡിയോയിൽ
പ്രേമഭിക്ഷുകി ഭിക്ഷുകി
ഭിക്ഷുകി...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക