കലയുടെ മഹത്വം അറിയാത്തവർ അത് കൈകാര്യം ചെയ്യുമ്പോൾ വിഡ്‌ഢിത്തങ്ങൾ പറയുക സ്വാഭാവികമാണ്. ഒരു പ്രശസ്ത നർത്തകനായ ഡോ.ആർ.എൽ.വി രാമകൃഷ്ണനെതിരെ സത്യഭാമയെന്ന ഒരുസ്‌ത്രീ വർണ്ണാധിക്ഷേപങ്ങൾ നടത്തിയ സംഭവവും ഇതിന്റെ ഉദാഹരണം തന്നെ.
ഏതു വിഭാഗത്തിനാണ് ഇത്തരത്തിൽ പറയുവാൻ കഴിയുക എന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. കലയെയും സാഹിത്യത്തെയും അതിന്റെ അന്തസ്സത്ത മനസ്സിലാക്കാതെ വർണ്ണവെറിയേയും സവർണ്ണ മേതാവിത്വ ചിന്തകളെയും എപ്പോഴും മനസ്സിലിട്ടു താലോലിച്ചു നടക്കുന്ന ഒരു പ്രത്യേകവിഭാഗം ഇവിടെ എന്നുമുണ്ട്.
കലാസാഹിത്യ രംഗത്തും അവർ നിരന്തരം നുഴഞ്ഞു കയറുകയും ഒരവസരം കിട്ടുമ്പോൾ അവരുടെ ഉള്ളിൽ അന്തർലീനമായി കിടന്നിരുന്ന വര്ഗഗീയവിഷം സടകുടഞ്ഞെണീക്കുകയും അങ്ങേയറ്റം ശക്തിയോടെ ആ വിഷം സമൂഹത്തിലേക്ക് തുപ്പുകയും ചെയ്യും.
മനുഷ്യ സംസ്കാരങ്ങളെ അവന്റെ മതങ്ങളെ കൂട്ടിയിണക്കി പൗരാണിക കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുവാനുള്ള പരിശ്രമങ്ങൾ വളരെക്കാലമായി നമ്മുടെ രാജ്യത്തും നിരന്തരമായി നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ചില കോണുകളിൽ നിന്നും ഉയരുന്ന ഇത്തരം ആക്ഷേപങ്ങളും ജല്പനങ്ങളും. വർണ്ണത്തിന്റെയും ജാതിയുടെ പേരിലും മനുഷ്യരെ വേർതിരിച്ചു നിർത്തുക, മോഹിനിയാട്ടം പോലുള്ള കലകളിൽ നിന്നും പുരുഷന്മാരെ മാറ്റി നിർത്തുക,ജനകീയമായി മാറിയ കലകളിൽ നിന്നും അവർണ്ണരെ മാറ്റിനിർത്തി തങ്ങളുടെ സവര്ണ്ണ ആധിപത്യം പുനഃസ്ഥാപിക്കുക ഇതൊക്കെ ഇവയുടെ ലക്ഷ്യങ്ങളായി കാണാവുന്നതാണ്.
ഒരുകാലത്ത് ക്ഷേത്രങ്ങളോട് ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ ദേവദാസി സമ്പ്രദായവും അതിനെ തുടർന്ന് നിർമ്മിക്കപ്പെട്ട കൂത്തമ്പലങ്ങളുമായി ബന്ധപ്പെട്ടാണ് മോഹിനിയാട്ടം രൂപപ്പെട്ടത്.
ക്ഷേത്രങ്ങളിലെ അടിച്ചുവാരലും പൂജയ്ക്കാവശ്യമായ പൂക്കൾ ഒരുക്കുന്നതുമായ തൊഴിലിൽ ഏർപ്പെടുമ്പോഴും ക്ഷേത്രങ്ങളുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന 'ജീവനുള്ള ദേവന്മാരുടെ' ; അതായത് പ്രമാണികളായ തമ്പുരാക്കന്മാരുടെയും രാജാവിന്റേയും മറ്റും ദാസികളായും അവർ നിലകൊണ്ടിരുന്നു.
ഇത്തരം ‘വിശുദ്ധ ദേഹങ്ങളുടെ’ കാമ പൂർത്തീകരണത്തിനായി ക്ഷേത്രങ്ങളോട് ചേർന്ന് നിലനിർത്തിപ്പോന്നിരുന്ന സ്ത്രീകൾ അതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് കൂത്തമ്പലങ്ങളിൽ നൃത്തവും കളിച്ചിരുന്നു.
ആദ്യകാലങ്ങളിൽ ഇത്തരം നൃത്തം ‘കൂത്തിച്ചിയാട്ടം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്; അതായത് തേവടിശ്ശി നൃത്തം.
അതുകൊണ്ടുതന്നെ അഭിമാനം പേറുന്ന കുടുംബത്തിലെ സ്ത്രീകളാരും അക്കാലങ്ങളിൽ മോഹിനിയാട്ടം കളിച്ചിരുന്നില്ല.
കാലം മാറി, സഭ്യമല്ലെന്ന് കരുതിയിരുന്ന കൂത്തിച്ചിയാട്ടത്തെ മോഹിനിയാട്ടമെന്ന പേരിൽ ജനങ്ങൾ സ്വീകരിക്കാൻ തുടങ്ങിയതോടെ കൂടുതൽ സ്ത്രീകൾ ആ മേഖലയിലേക്ക് കടന്നുവന്നു.
കൂത്തമ്പലങ്ങളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വേളയിൽ മോഹിനിയാട്ടത്തെ എങ്ങിനെയാണോ സമൂഹം കണക്കാക്കിയിരുന്നത് അതിന് വിപരീതമായി സമൂഹം ചിന്തിക്കാൻ തുടങ്ങിയതോടെയാണ് മോഹിനിയാട്ടം ഇന്നത്തെ ഈ നില കൈവരിച്ചത്.
ജനങ്ങൾ വിശാലമായി ചിന്തിക്കാൻ തുടങ്ങി. എന്നാൽ അതിനിടയിലും ചിലരെങ്കിലും കൂത്തിച്ചിയാട്ടക്കാരായി തുടരാൻ ഇന്നും ആഗ്രഹിച്ച് അതിനുള്ള ഒരു ഉപാധിയായി മോഹിനിയാട്ടത്തെ ഉപയോഗിക്കാമെന്ന് കരുതുന്നുണ്ട്.
ഡോ. പാർത്ഥസാരഥിയുടെ വാക്കുകൾ കടമെടുത്തു പറയട്ടെ,
ഒരു കല എന്നതിലുപരിയായി മോഹിനിയാട്ടം ദർശിക്കുന്ന കാണികളിൽ കാമം ജനിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് സത്യഭാമയെപ്പോലുള്ളവർ. അത്തരക്കാർക്ക് മാത്രമെ ഇതുപോലുള്ള അഭിപ്രായങ്ങൾ മോഹിനിയാട്ടത്തെക്കുറിച്ച് പറയാൻ കഴിയൂ.
ഇത്തരം ജ്വഡികമായ ആക്ഷേപങ്ങൾ ഉയരുമ്പോൾ അതോടൊപ്പം ചില ന്യായമായ ചോദ്യങ്ങളും ഉയർന്നു വരുന്നു.
ആരും അറിയപെടാതെ എവിടെയോ കിടന്നിരുന്ന ഒരു സത്യഭാമയാണോ കലയുടെയും മോഹിനിയാട്ടത്തിന്റെയും മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നത്.
മോഹിനിമാർക്ക് മാത്രമുള്ളതോ മോഹിനിയാട്ടം!!
നിറമാണോ കലയുടെ അടിസ്ഥാനം!!
ദേവന്മാരെപ്പോലും മോഹിപ്പിച്ച വിഷ്ണു ഭഗവാൻ യഥാർത്ഥത്തിൽ മോഹിനി ആയിരുന്നോ,(ഒരു പുരുഷനല്ലേ).