Image

മദ്യനയ അഴിമതിക്കേസില്‍ പണം ആര്‍ക്ക് കിട്ടിയെന്ന് നാളെ കോടതിയില്‍ വെളിപ്പെടുത്തും:സുനിത കെജ്‌രിവാള്‍

Published on 27 March, 2024
മദ്യനയ അഴിമതിക്കേസില്‍ പണം ആര്‍ക്ക് കിട്ടിയെന്ന് നാളെ കോടതിയില്‍ വെളിപ്പെടുത്തും:സുനിത കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യാഴാഴ്ച കോടതിയില്‍ വെളിപ്പെടുത്തുമെന്ന് ഭാര്യ സുനിത കെജ്‌രിവാള്‍.

അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് കോഴക്കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനിത. ചൊവ്വാഴ്ച വൈകീട്ട് കെജ്‌രിവാളുമായി ഇ.ഡി. ഓഫീസില്‍ വച്ച്‌ സുനിത കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുനിതയുടെ വെളിപ്പെടുത്തല്‍.

രണ്ട് ദിവസം മുമ്ബ് ഡല്‍ഹിയിലെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവ് മന്ത്രി അതിഷിയ്ക്ക് കെജ്‌രിവാള്‍ കൈമാറിയിരുന്നു. ഇക്കാര്യത്തിലും കേന്ദ്രസർക്കാർ കേസെടുത്തിട്ടുണ്ട്. ഡല്‍ഹിയെ നശിപ്പിക്കാനാണോ അവരുടെ ഉദ്ദേശ്യം. ജനങ്ങള്‍ ദുരിതമനുഭവിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടോ. ഇക്കാര്യത്തില്‍ കെജ്‌രിവാള്‍ വളരെ വേദനിക്കുന്നു ,സുനിത പറഞ്ഞു.

മദ്യനയ അഴിമതിയെന്ന് വിളിക്കപ്പെടുന്ന കേസില്‍ ഇ.ഡി. 250-ലധികം റെയ്ഡുകള്‍ നടത്തി. ഈ പണം അധികൃതർ കണ്ടെത്തിയിട്ടില്ല. മാർച്ച്‌ 28-ന് കോടതിയില്‍ അദ്ദേഹം എല്ലാം വെളിപ്പെടുത്തും. മദ്യനയ അഴിമതിയുടെ പണം എവിടെയാണെന്നും അതിനാവശ്യമായ തെളിവുകള്‍ അദ്ദേഹം നല്‍കുമെന്നും അവർ കൂട്ടിച്ചേർത്തു.

കെജ്‌രിവാളിന്റെ അഭാവത്തില്‍ ഡല്‍ഹിയുടെ ചുമതല സുനിത ഏറ്റെടുക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വരുന്നതിനിടെയാണ് വാര്‍ത്താസമ്മേളനം . കെജ്രിവാളിന്റെ ആരോഗ്യനില അത്ര സുഖകരമല്ല ഷുഗറുണ്ട് എന്നും സുനിത കെജ്‌രിവാള്‍ അറിയിച്ചു. തന്റെ ശരീരം മാത്രമാണ് തടവിലായിരിക്കുന്നത്, ആത്മാവ് ഇപ്പോഴും എല്ലാവര്‍ക്കുമൊപ്പമാണ്ഒന്ന് കണ്ണടച്ചാല്‍ മതി തന്നെ തൊട്ടരികില്‍ അനുഭവിക്കാമെന്ന കെജ്രിവാളിന്റെ വൈകാരികമായ വരികളും സുനിത വാര്‍ത്താസമ്മേളനത്തില്‍ വായിച്ചു.

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാർച്ച്‌ 21-ന് രാത്രി അറസ്റ്റിലായ കെജ്‌രിവാളിനെ കോടതി മാർച്ച്‌ 28 വരെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക