Image

ഞാൻ അതീവ ദുഃഖിതനായിരിക്കുന്നു ; മരണത്തോളം : മിനി ബാബു

Published on 29 March, 2024
ഞാൻ അതീവ ദുഃഖിതനായിരിക്കുന്നു ; മരണത്തോളം : മിനി ബാബു

അവർ യേശുവിനെ വാക്കുകളാൽ കുടുക്കാൻ നോക്കി. സ്വർഗ്ഗത്തെക്കുറിച്ചും ഭൂമിയെ കുറിച്ചും ഒക്കെ ചോദിച്ചു കൊണ്ട്, അവൻ അത് മനസ്സിലാക്കി ഉത്തരം പറഞ്ഞു. അവനും അവരോട് തിരിച്ചു ചോദ്യങ്ങൾ ചോദിച്ചു,

'ക്രിസ്തുവിനെ കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു ? അവൻ ആരുടെ പുത്രൻ" എന്ന് ചോദിച്ചു. 

"ദാവീദിന്റെതെന്നവർ." 

"എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവ് എന്ന് വിളിക്കുന്നത് എങ്ങനെ" അവൻ വീണ്ടും ചോദിച്ചു.

ഉത്തരം പറയാൻ ഒക്കായത് കൊണ്ട് അന്നുമുതൽ അവർ അവനോട് ചോദ്യങ്ങൾ ചോദിച്ചില്ല.

പിന്നീട് അവൻ  പുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും പരീശന്മാർക്കും എതിരെ സംസാരിച്ചു തുടങ്ങി.

 പ്രാർത്ഥിക്കാനായി അവൻ ജതസേമനെ തോട്ടത്തിലേക്ക് പോയി.

കൂടെ കൂട്ടിയ സ്നേഹിതരോട് അവൻ പറഞ്ഞു, "ഞാൻ അതീവ ദുഃഖിതനായിരിക്കുന്നു മരണത്തോളം."

 കുറച്ചു മുന്നിലേക്ക് പോയി അവൻ നിലത്ത് വീണ് പ്രാർത്ഥിച്ചു "കഴിയുമെങ്കിൽ ഇത് എന്നിൽ നിന്ന് ഒഴിവാക്കണം. എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം പോലെ ആകട്ടെ." 

ഏതാണ്ട് അപ്പോൾ തന്നെ യൂദാസ് ഒരുകൂട്ടം ജനവുമായി അവന്റെ അടുത്തു വന്നു. ഗുരു എന്ന് വിളിച്ചു അവനെ ചുംബിച്ചു കാട്ടിക്കൊടുത്തു. കൂടെ ഉണ്ടായിരുന്ന സ്നേഹിതർ ശിഷ്യന്മാർ അവനെ വിട്ടിട്ട് ഓടി അകന്നു. 

അവൻ അരമന തോറും മാറിമാറി കൊണ്ട് നടക്കപ്പെട്ടു. 

ഇതിനിടെ പത്രോസ് അവനെ, രണ്ട് സമയത്ത് രണ്ട് പെൺകുട്ടികളുടെ മുന്നിൽ, "എനിക്ക് അവനെ അറിയില്ല" എന്ന് പറഞ്ഞു. 

കോഴി കൂവി. പത്രോസ് തെറ്റ് മനസ്സിലാക്കി പൊട്ടിക്കരഞ്ഞു. യൂദാസ് ആകട്ടെ തൂങ്ങിമരിച്ചു. 

 പീലാത്തോസ് കൈകൾ കഴുകി. 

യേശുവിനെ ക്രൂശിക്കാനായി ഏൽപ്പിച്ചു. 
അതിനുമുമ്പ് അവൻ അടിക്കപ്പെട്ടു. അവന്റെ വസ്ത്രങ്ങൾ അഴിച്ചു ഒരു ചുമന്ന മേലങ്കി ധരിപ്പിച്ചു. മുള്ളുകൾ കൊണ്ട് ഒരു കിരീടം ഉണ്ടാക്കി അവന്റെ തലയിൽ വെച്ചു. വലം കയ്യിൽ ഒരു കോലും കൊടുത്തു. അവന്റെ മുന്നിൽ മുട്ടുകുത്തി "യഹൂദരുടെ രാജാവേ" എന്ന് വിളിച്ചു പരിഹസിച്ചു. പിന്നീട് ചുമന്ന വസ്ത്രം മാറ്റി അവന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു.  കുരിശു വച്ചുകൊടുത്തു. കുരിശുമായവൻ മുന്നോട്ടു നടന്നു. കയറ്റം കേറി. കുന്നിൻ മുകളിൽ എത്തണം. 

ദൂരത്ത് ആയിട്ട്കുറെ സ്ത്രീകൾ അവനെ അനുഗമിച്ചിരുന്നു. അവന്റെ അമ്മയുണ്ടായിരുന്നെന്നും പറയപ്പെടുന്നു. അവർ തമ്മിലുള്ള കൂടിക്കാഴ്ച വാക്കുകൾക്കപ്പുറമാണ്. അത് എങ്ങനെ വിവരിക്കാൻ പറ്റും. ഒരുപക്ഷേ അവൻ നടന്നു നീങ്ങുന്ന വഴികളിലൊക്കെ, എപ്പോഴൊക്കെയോ അറിയുന്നവർ ഉണ്ടോ എന്ന് നോക്കിക്കാണും. അറിയുന്നവരൊക്കെ അവന്റെ കണ്ണുകൾ എത്തുന്നതിനു മുൻപേ മാറിക്കാണും. കുറച്ചു പേരെങ്കിലും അവനെ നോക്കാൻ ധൈര്യവും കാണിച്ചു കാണും. 

കാഴ്ച കാണാനായി കൂടെ കൂടിയ വരും, എന്നാൽ കാൽവരിയോളം എത്തിയവരും കുറച്ചുപേർ മാത്രമായിരിക്കും. ഒരാൾ കുരിശു ചുമക്കുന്നുവെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അത് കാണാൻ ഒരുപാട് പേര് കാണും. എന്നാൽ അവൻ വഴിയിൽ കുരിശ് ഉപേക്ഷിച്ച് പിന്മാറുന്നില്ല എന്ന് കാണുമ്പോൾ അവസാനം വരെ നോക്കി കാണാതെ മടുത്ത പിന്മാറുന്നവരും ഉണ്ട്. അവൻ മരണത്തോളം എത്തുന്നത് കാണാൻ വളരെ ചുരുക്കം പേരും മാത്രം. രണ്ടുമൂന്ന് സ്ത്രീകൾ. അവനെ ഇഷ്ടപ്പെട്ടിരുന്നു ഒരാൾ ശരീരം ഏറ്റുവാങ്ങുന്നു. ഇയാൾ അവന്റെ അടുത്ത സ്നേഹിതൻ അല്ല. അടുത്ത സ്നേഹിതരോ പരിചയക്കാരോ അവിടെ എങ്ങും ഇല്ല. 

യേശു രണ്ട് കള്ളന്മാരുടെ നടുവിലായി ക്രൂശിക്കപ്പെട്ടു. 
അവസാനമായി അവൻ സ്വർഗത്തിലേക്ക് നോക്കി ചോദിച്ചു.
"എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു"

ക്രൂശ് ചുമക്കുന്നവനെ മനുഷ്യർ ഉപേക്ഷിക്കും നിശ്ചയം. ദൈവം കൂടി അവനെ ഉപേക്ഷിച്ചുവെന്ന് ആകാശേ കുരിശിലാടുന്ന സമയത്ത് അവന് തോന്നി കാണും.
അങ്ങനെ അത് നല്ല വെള്ളിയായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക