"നീ എന്താ ചപ്പാത്തി പരത്തുമ്പോ കൂടെ കൂടെ ജനലിൽ കൂടി ആകാശത്തേക്ക് നോക്കണത്?"
"ആടുജീവിതം കാണാൻ പോകാൻ ഇരിക്കുവല്ലേ.. അതാ "
"അതിനു ആടുജീവിതം ആകാശത്തിൽ ആണോ മരുഭൂമിയിൽ അല്ലേ... പാവം നജീബിന്റെ കഷ്ടജീവിതം.."
"അതൊക്കെ ശരിയാ പക്ഷെ ആകാശം കനിഞ്ഞാൽ അല്ലേ സ്കൂട്ടറിൽ പോകാൻ പറ്റു..വല്ല മഴയും പെയ്താൽ പോക്കായി ചൂട് ആണേലും ഇപ്പൊ .പെയ്യല്ലേ എന്ന് പ്രാർത്ഥിച്ചതാ..."
"അതും നേരാ ആ ചെക്കന്മാര് രണ്ടും നേരത്തെ ഒരുങ്ങി പോക്കറ്റിൽ കയ്യും ഇട്ടു പാന്റിൽ ബെൽറ്റും കെട്ടി ഷൂസും ഇട്ടു മതിലിന്റെ അവിടെ പോയി നിൽക്കുന്നുണ്ട്. നാട്ടാര് കാണും."
"അതിനെന്താ.. കാണേണ്ടത് ഒക്കെ കാണേണ്ടപ്പോ കാണണം.. വയസ്സ് കാലത്ത് ഈ ആരോഗ്യം ഒന്നും ഉണ്ടാകണം എന്നില്ലല്ലോ.അപ്പൊ വടിയും കുത്തി സിനിമ കാണാൻ പോകാൻ പറ്റുവോ.. നല്ലപ്പോ നല്ലോണം ജീവിക്കണം... അതാ ന്റെ ഒരിത്. ഈ ജീവിതം എപ്പോ തീരും എന്ന് ആരറിഞ്ഞു?"
"എന്നാപ്പിന്നെ വേഗം പോകാം വാടാ പിള്ളേരെ കേറിക്കോ..ആ പന്ത് അവിടെ ഇട്ടിട്ടു വാ "
"മുന്നിൽ നിൽക്കുന്നവന് പൊക്കം വെച്ചു വരുവാണല്ലോ..സ്കൂട്ടർ മാറ്റി കാറ് മേടിക്കേണ്ടി വരുവോ ആവോ.."
"വണ്ടി ഒന്ന് നിർത്തിക്കെ.. ഈ മടിയിൽ ഇരിക്കുന്നവന്റെ കയ്യിലെ പന്ത് പോയെന്ന്.. അവന് നടുക്ക് ഇരിക്കണം ന്ന്."
"പന്തും കൊണ്ടാണോ സിനിമക്ക് പോണത്.. പോക്കറ്റിൽ ഇടാൻ മേലാരുന്നോ...പോയെങ്കിൽ വേറെ മേടിക്കാം...നേരാ അവനെ നടുക്ക് ഇരുത്തിക്കോ.അല്ലേൽ നിന്റെ മടിയിൽ നിന്നു എങ്ങാനും ഊർന്നു താഴെ പോയാലോ.. അതാ പറഞ്ഞെ ഒരു കാറ് മേടിക്കാം ന്ന്.."
"നിങ്ങളുടെ ഇഷ്ടം പോലെ .. ഞാൻ ഒരുപാട് നടന്നു ശീലം ഉള്ള കൂട്ടത്തിലാ. കാറും വണ്ടിയും ഒന്നും ന്റെ സ്വപ്നത്തിൽ പോലും ല്ല്യാരുന്നു.. നിക്ക് ദാസേട്ടനെ പോലത്തെ പാട്ട് പാടുന്ന ഒരാളും ഓടിട്ട ഒരു വീടും ലൈൻ ബസ് യാത്രയും ഒക്കെ ആയിരുന്നു സ്വപ്നം. ഒരു ജോലിക്കും പോണം എന്നാരുന്നു നിങ്ങൾ വിടില്ലല്ലോ.."
"ഓ തുടങ്ങി... അവളുടെ ദാസേട്ടൻ പ്രേമം.. എം.ജി.ശ്രീകുമാറിന്റെ ശബ്ദം എവിടെ കേട്ടാലും തിരിച്ചറിയാം നല്ല സൂപ്പർ അല്ലേ.."
"നിങ്ങൾക്ക് കുശുമ്പ് കേറി അല്ലേ..നിങ്ങക്ക് ജയനെ പോലത്തെ നല്ല വടിവുള്ള ശരീരം അല്ലേ.. കുട വയറും ഇല്ല കഷണ്ടിയും ഇല്ല. ബെൽബോട്ടം പാന്റും ഇട്ടു കൂളിംഗ് ഗ്ലാസ്സും വെച്ചു ചിരിച്ചു നിന്നാൽ സൂപ്പർ അല്ലേ. വണ്ടി പതുക്കെ ഓടിക്ക്.."
"അത് ഞാൻ ഷട്ടിൽ ബാഡ്മിന്റൺ ഒക്കെ കളിച്ചു ഭംഗി ആക്കിയ ശരീരമാ...ഞാൻ എനിക്ക് തോന്നിയ പോലെ ചെയ്യും.. അതിനു നിനക്കെന്താ "
ഇത്രേം ആയപ്പോ ഉറക്കത്തിൽ ആയിരുന്ന ഞാൻ ഒരു ശബ്ദം കേട്ടു കണ്ണ് തുറന്നു. സ്വപ്നത്തിൽ അന്ന് 8 വയസ്സുള്ള മൂത്ത മോന്റെ ഇപ്പോൾ താടിയുള്ള മുഖം മൊബൈലിൽ നോക്കി.. 39 വയസ്സ്..കൂടെ ചിന്നുവും അമ്മുവും ദുബൈ ജീവിതം.. ചെറുതിനു 36 കഴിഞ്ഞു കോഴിക്കോട് ജീവിതം... കൂടെ അച്ചുവും ഇന്നയും ഏതായാലും സ്വപ്നം നല്ലതാരുന്നു.വണ്ടി ഓടിച്ച ആൾ ഇപ്പോൾ ഇല്ലെങ്കിലും.
(ഉണ്ടായിരുന്നേൽ ഇപ്പോ പോയേനെ. നല്ല സിനിമ ഒക്കെ തേടി പിടിച്ചു കാണുന്ന ആൾ ആയിരുന്നേ..)
മേശപ്പുറത്തു കേറി എന്റെ നല്ല ഒന്നാന്തരം സ്വപ്നം മുറിച്ച കുലവാലൻ പുലിക്കണ്ടൻ പൂച്ച പറഞ്ഞു അവന്റെ കഥ പൂച്ചജീവിതം എഴുതാൻ...പൂച്ചകൾടെ നല്ല കഥ എഴുതണ പദ്മനാഭൻ സാറിന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാം ന്ന് ഞാൻ പറഞ്ഞു. പോയി കുടുംബാസൂത്രണം ചെയ്യാനും പറഞ്ഞു. പെൺ പൂച്ചകൾ ഒക്കെ പെറ്റു പെറ്റു ചാകാറായി. ഇന്നലെ ഒന്നിനെ പീഡിപ്പിക്കാൻ അവൻ ഓടിച്ചു. അവൾ പെറ്റിട്ടു രണ്ടാഴ്ചയേ ആയുള്ളൂ... ഓടി പുര പുറത്ത് കേറി.അഴിയിൽ തൂങ്ങി കിടന്നു രക്ഷപെട്ടു..അവൾ മിടുക്കിയാ.
അപ്പോൾ ആടുജീവിതം തലയോലപ്പറമ്പിൽ ഉണ്ട്..പിറവത്തും കാണും...കാണണം...കൂടെ പഠിച്ച പെൺകുട്ട്യോൾ കൂട്ടുകാരികൾ 60 കഴിഞ്ഞവർ ഒക്കെ ദൂരെ ആയിപോയി. പിന്നെ കാർ ഉള്ള ആൺകുട്ട്യോൾ (ഇപ്പോൾ എല്ലാർക്കും 60 കഴിഞ്ഞു.)ടെ കൂടെ പോകാം.. എന്നിട്ട് വേണം ദേ "അവൾ ആരുടെയോ കൂടെ കാറിൽ സിൽമക്ക് പോയീ"ന്നും പറഞ്ഞു സംഗതി പിശകാൻ..അപ്പൊ ആടുജീവിതം കണ്ടവർക്കും കാണാൻ ഉള്ളവർക്കും ആശംസകൾ.
കഴിഞ്ഞ ദിവസം പേരക്കുട്ടി മരിച്ചു പോയ നജീബിന്റെ മനസ്സിൽ ഇപ്പോഴും ഈ യഥാർത്ഥ ജീവിതത്തിലും ഒരു മരുഭൂമി എരിയുന്നതിൽ ദുഃഖം മാത്രം... ബെന്യാമിന്റെ വരികളിലെ "നജീബെ മരുഭൂമിയുടെ ദത്തു പുത്രാ" നിങ്ങൾക്കായി പ്രാർത്ഥിക്കാം... നിങ്ങളായി പകർന്നാടിയ പൃഥ്വിക്കും, ബ്ലെസ്സിക്കും മറ്റെല്ലാ അഭിനേതാക്കൾക്കും ആശംസകൾ.. ചിത്രം ഒരു ഗംഭീരവിജയം ആകട്ടെ...
കണ്ടിട്ട് ശേഷം പറയാം .