ദിക്ക് നാലിലും ഭൂമിയിൽ
ചില താമസികർ
ഇരുട്ടിനെയൂട്ടിപ്പോറ്റുന്നു
സ്വന്തം മക്കളെപ്പോൽ!
വെട്ടത്തിനാകില്ല
വാറെടുത്തു യേശുവെപ്പോൽ തിരുദേവാലയാങ്കണത്തിലെ
വണിക്കുകളെയാട്ടിയോടിപ്പാൻ!
ഇരുട്ടിനാവില്ലയാട്ടി
പ്പായിക്കുവാനിരുട്ടിനെ-
യതിനാലാകണമല്ലോ
മക്കൾ ചില വീട്ടിൽ
കൊളുത്തുന്നു വിളക്കു
ത്രിസന്ധ്യയ്ക്ക്!
കയ്പാൽ ഇനിമയാൽ
ചവർപ്പാലേറെ വാക്- ദൂഷ്യ
പാരുഷ്യത്താലെരിവാൽ
തളർന്നൊരു
നാക്കിനെയടക്കിയരനാഴിക-
യെങ്കിലരനാഴികനേരം ശരി,
ദയാപരന്റെ നാമങ്ങളജപാ-
ജപത്തിലുരുക്കഴിച്ചീടുകിൽ
വന്നണയും ഗൃഹത്തിൽ
മനോദേഹശാന്തിതൻ സ്നേഹദൂതൻ
ആദിമൌനത്തിൻ പുണ്യനിർവൃതി!!
ഇരുട്ടും വെട്ടവും
പരസ്പരപൂരകം
വ്യത്യസ്തമല്ലവ
യുൾക്കണ്ണിന്റെ
നറുംവെളിച്ചത്തിൽ!
വെട്ടം വരുമ്പോൾ
ജയ പാടണം വെട്ടത്തിന്;
ഉള്ളഴിഞ്ഞു സ്തുതിക്കുകയിരുട്ടിനെ
സുഖദമാം ഇരുൾ പരക്കവെ.
അമ്മയെപ്പോൽ താരാട്ടു പാടിയുറക്കുമാ,തമസ്സ് ദു:ഖമല്ലുണ്ണീ!
കണ്ണിൽ കുത്തും വെളിച്ചവും
സുഖമല്ലുണ്ണീ!
കേവലമാനന്ദപ്രദമവ നാം കാണേണമൊരൊറ്റപ്പൊൻ-
ത്രാസിന്റെ ദ്വൈതമാം തട്ടായ്!