കാശു കൊടുത്തു വോട്ട് വാങ്ങുന്നത് എല്ലാ ജനാധിപത്യത്തിലും കുറ്റകരമാണ്. കാശു വാങ്ങി വോട്ട് ചെയ്യുന്നതും കുറ്റകരവും അധാർമികവുമാണ്. ഇന്ത്യ പോലെ ജനസംഘ്യ കൂടുതലുള്ള ജനാധിപത്യത്തിൽ കള്ളും കാശും കൊടുത്ത് വോട്ട് വാങ്ങുന്നു എന്നത് പരസ്യമായ രഹസ്യമാണ്. വോട്ടർമാർ തന്നെ അത് ആവശ്യപ്പെടും എന്നതാണ് സത്യം.
അമേരിക്കയിൽ അത്തരം പ്രവണതകൾ താരതമ്യേന ഇല്ലെന്നു പറയാം. രഹസ്യമായി വല്ലയിടത്തും ഉണ്ടോ എന്ന് വ്യക്തമല്ല.
പക്ഷെ ഫൊക്കാന-ഫോമാ ഇലക്ഷനുകളിൽ വോട്ടു വാങ്ങലും വോട്ട് വിൽക്കലും യാതൊരു മറയുമില്ലാതെ നടക്കുന്നു എന്നത് ആരെയും ലജ്ജിപ്പിക്കും. പ്രബുദ്ധരായ മലയാളികളും സംഘടനാ പ്രവർത്തകരുമാണെങ്കിലും ഇക്കാര്യത്തിൽ യാതൊരു മടിയും ഇല്ല.
ഇരുസംഘടനകളുടെയും ഇലക്ഷൻ കൺ വൻഷനോടനുബന്ധിച്ചുള്ള ജനറൽ ബോഡിയിൽ വച്ച് നടക്കണമെന്ന ചട്ടമാണ് ഇവിടെ വില്ലനാകുന്നത്. ജനറൽ ബോഡിക്കു വരികയും വോട്ട് ചെയ്യുകയും ചെയ്യാം, പകരം കൺവൻഷനു സ്ഥാനാർത്ഥികൾ കാശു കൊടുത്ത് തങ്ങൾക്കു വേണ്ടി രജിസ്റ്റർ ചെയ്യണം, വിമാന ടിക്കറ്റ് എടുത്തു കൊടുക്കണം എന്നിങ്ങനെയാണ് മിനിമം ഡിമാൻഡ്. ഇത്രയും ചെയ്താൽ ഞങ്ങൾ വന്ന് കൺവൻഷനിൽ ഉണ്ടുതാമസിച്ചു വോട്ടും ചെയ്തു പോരാം. എന്തൊരു പ്രബുദ്ധ മലയാളി.
കൺവൻഷൻ നടത്തുന്നവർ അഥവാ നിലവിലുള്ള ഭാരവാഹികൾ എപ്പോഴും ഇലക്ഷനിൽ കടുത്ത മത്സരം ആഗ്രഹിക്കും. മത്സരം മൂക്കുമ്പോൾ സ്ഥാനാർത്ഥികൾ കൂടുതൽ വോട്ടർമാരെ കൊണ്ടുവരും. അങ്ങനെ കൺവൻഷൻ വലിയ അധ്വാനമില്ലാതെ വിജയമാകും എന്നതാണ് കാരണം.
എന്തായാലും ഇതൊരു ധാർമ്മികതയില്ലാത്ത ഏർപ്പാടാണ്. ഇലക്ഷൻ കൺവൻഷനു മുൻപോ പിന്പോ നടത്താവുന്നതേയുള്ളു. സൂമിൽ നടത്തിയാൽ എല്ലാവര്ക്കും വോട്ട് ചെയ്യുകയുമാവാം.
എന്തായാലും ഇലക്ഷനും കൺവൻഷനും തമ്മിൽ കൂട്ടിക്കുഴക്കണോ എന്ന് ചിന്തിക്കേണ്ട സമയമായി. ഇലക്ഷന് വേണ്ടിയാണോ കൺവൻഷൻ. അവിടെ വലിയ മലമറിക്കുന്ന സംഭവം ഒന്നും ഒരിക്കലും ഉണ്ടായിട്ടില്ല എന്നതും മറക്കുന്നില്ല.
അതുപോലെ സ്ഥാനാർത്ഥികളെ സംഘടനകൾ വഹിക്കുന്നതും പതിവാണ്. ഏതെങ്കിലും പരിപാടി അംഗസംഘടനകൾ പ്രഖ്യാപിച്ചാൽ അതിനു സ്ഥാനാർത്ഥികൾ സ്പോൺസർ ആയിക്കൊള്ളണം. അല്ലെങ്കിൽ അതും വോട്ടിനെ ബാധിക്കും. പ്രാദേശിക നേതാക്കൾക്ക് പണം സ്വരൂപിക്കുന്നത് ഒഴിവാക്കാം.
ഫൊക്കാന-ഫോമാ ഭാരവാഹിത്വം എന്നത് പ്രതിഫലം കിട്ടുന്ന സ്ഥങ്ങളല്ല. അപ്പോൾ പിന്നെ പണത്തിന്റെ സ്വാധീനം വരുന്നത് ശരിയല്ല.