പ്രണയാർദ്രമായൊരു
നിമിഷം
ഞാൻ മരിച്ചാൽ
ചേട്ടൻ വേറെ കെട്ടുമോയെന്ന
ദാമ്പത്യത്തിലെയാ
ക്ലീഷേ ചോദ്യം
അവളും ചോദിച്ചു..
നൂറ്റാണ്ടുകളുടെ
ക്ലാവും പഴക്കവും
ബാധിച്ച
പൂപ്പൽമണമുള്ള
ആ ചോദ്യത്തെ
അപ്പോഴിറുത്തെടുത്ത
പുത്തൻപൂവെന്ന മട്ടിൽ
കൗതുകത്തോടെ നോക്കി.
പ്രണയഭരിതമായൊരു
ഉത്തരം..
ഇല്ലെന്നോ
ഒരിക്കലുമില്ലെന്നോ
പറഞ്ഞാലതിനു ശരിയായ
മറുപടിയാവില്ല ..
നീ മരിക്കരുത്
നീയൊരിക്കലും മരിക്കില്ല...
പ്രണയമൂതിയൂതി
നിൻ്റെ പ്രാണനെ ഞാൻ
കെടാതെ കാക്കും....
അവളാകെ തുടുത്തു
ചുമന്നുപോകുമെന്നും
മുറുകെപ്പുണരുമെന്നും
മോഹിച്ചത്
വെറുതെയായി..
തമാശകളഞ്ഞിട്ട്
ഉത്തരം പറയൂ..
യേസ് ഓർ നോ ..
അവൾക്കും
അവളുടെ ചോദ്യത്തിനും
മൂർച്ചയേറി വന്നു..
ഇടറിയ ഒച്ചയിൽ
മറുപടി പറഞ്ഞു
വിറപൂണ്ടത്
വിവശമായത്..
ഇല്ല പൊന്നേ
ഒരിക്കലുമില്ല.
നിൻ്റെയോർമ്മയിൽ
ഞാനുരുകിയുരുകി ...
കണ്ണീരുറഞ്ഞു
ശബ്ദം നിലച്ചു.....
അവൾക്കതു മതിയാവും.
പക്ഷേ
പെറ്റ പൂച്ചയെപ്പോലെ
അവൾ ചീറി.
കെട്ടാതിരുന്നാൽ
നിനക്കാരു
ബ്രഷിൽ പേസ്റ്റെടുത്തു തരും?
നിനക്കാരുണ്ട്
തുണിയലക്കി
തേച്ചുതരാൻ
നേരാനേരം
വെച്ചുവിളമ്പാൻ
മുട്ട പൊരിച്ചതും ചേർത്തു
പൊതികെട്ടാൻ
വിരിക്കാൻ
കിടക്കാൻ
കിടന്നു തരാൻ...
കാലുതിരുമ്മാൻ ..
മാസാവസാനം
കാശു തീരുമ്പോൾ
ആഭരണപ്പെട്ടി
തുറന്നുതരാൻ....
അവളുടെ ഒച്ച കൂർത്തു.
പട്ടികയുടെ നീളം
പിന്നെയും
കൂടുന്നെന്നു കണ്ടപ്പോൾ
അരുതെന്നു
വിലക്കി.
ചിലപ്പോൾ കെട്ടേണ്ടിവരും
അവളില്ലെങ്കിൽ
അപ്പോൾ പെറ്റിട്ട
കുഞ്ഞിനെപ്പോലെ
നിസ്സഹായനായ
പാവം ഞാനെങ്ങനെ
അതിജീവിക്കാനാണ് !
മറുചോദ്യം കൊണ്ടു
വായടപ്പിക്കാൻ
അതേ ക്ലീഷേചോദ്യം
തിരിച്ചു ചോദിച്ചു..
ഞാനില്ലാതായാൽ
നീ വേറെ
കെട്ടുമോന്നാദ്യം പറ!
അവൾ ചിരിച്ചു..
എന്നാത്തിന്?
അറിഞ്ഞോണ്ടു
പിന്നേം
ചൂടുവെള്ളത്തിൽ വീഴാനോ.?
അത്രയ്ക്കു മണ്ടിയാണു
ഞാനെന്നു
കരുതിക്കളഞ്ഞോ?